Saturday, July 2, 2011

അപരാഹ്നത്തിലെ മഴ

ചില്ലുകൂട്ടിനുള്ളിൽ
സ്വരസ്ഥാനം തെറ്റിയുലഞ്ഞ
അസ്വസ്ഥതയിലോ
അശാന്തി കുടികിടപ്പവകാശമേറ്റിവന്നത്
ഓഹരികളുടെയൊപ്പുകടലാസിലോ
പുതുമ പൂവുകൾവിരിയിക്കുന്നത്
മിഴിയിൽ വറ്റിയ നീർത്തുള്ളിയോ
മഴയായി വീണ്ടും പെയ്യുന്നത്
കുളിർന്ന പ്രഭാതമേ
പുണ്യാഹമിറ്റിക്കും ദർഭനാളങ്ങൾക്കെങ്ങനെ
വിപ്ലവഗാനമാലപിക്കാനാവും
അരയാലിൻതറയിലിരുന്നാദിമകാവ്യം
വായിക്കും പ്രാചീനചിന്തുകൾ
തൊട്ടെടുത്തുവോ
കത്തിയെരിയും മദ്ധ്യാഹ്നത്തിൻ കനലുകൾ..
വെയിൽനാളങ്ങളിൽ തുള്ളിയോടിമാഞ്ഞ
നിഴൽപ്പാടങ്ങൾ കൊയ്തെടുത്തുവോ
മണ്ണിന്റെ മധുരിമ..
അപരാഹ്നത്തിൻ മഴയിലൊഴുകി മായുന്നുവോ
മനസ്സിലെ ദൈന്യക്കൂടുകൾ....

No comments:

Post a Comment