Wednesday, June 29, 2011

അറിഞ്ഞുതുടങ്ങുമ്പോഴേയ്ക്കും...

ഒന്നും സൂക്ഷിക്കാതെ നടന്നുനീങ്ങും
ഋതുക്കൾക്കൊരു ഭംഗിയുണ്ടാവും
ആകാശവിതാനങ്ങൾക്കരികിലൂടെ
ലോകാലോകപർവതമേറിയിറങ്ങി
ഭൂമിയിലെ

മനുഷ്യകുലത്തെയറിയാനോടിയ
നിമിഷങ്ങളും നിഴലുകളും
നിലം പൊത്തിവീണ
തണൽമരത്തിനരികിലെ
സിമിന്റുബഞ്ചിലിരുന്നുകണ്ട
മഴതുള്ളികളിലൂടെയൊഴുകിമായും
കൊഴിയുമിലകളും പൂവുകളുമൊരു
തനിയാവർത്തനത്തിലെഴുതിയതിങ്ങനെയോ
ഒന്നുമറിയേണ്ടതായിട്ടില്ല..
ഒന്നും തേടിനടക്കേണ്ടതുമില്ല..
അറിവുകളുടെയക്ഷരകാലം തെറ്റിയ
അന്യലയങ്ങളിലെയോരോപദസ്പർശത്തിലും

നനഞ്ഞ മണ്ണിന്റെ സ്വാന്തനം
എല്ലാറ്റിനുമൊരവസാനമുണ്ടാവും...
ഋതുഭേദങ്ങളുടെ വർണവൈവിദ്ധ്യം പോലെ...
അറിഞ്ഞുതുടങ്ങുമ്പോഴേയ്ക്കും
പലേ വർണങ്ങളും മാഞ്ഞുകൊണ്ടേയുമിരിക്കും..

Tuesday, June 28, 2011

ചെത്തിമിനുക്കിയ വാക്ക്

സനാതനമായതെന്തോ
തേടിയമനസ്സിലെ
ചില്ലുഗോളകങ്ങളിൽ കണ്ടത്
പലതുണ്ടുകളായി ചിതറിയ
ഒരു ഹൃദയം...
അതിൽ നിന്നിറ്റിയ രക്തം
വീണ മണ്ണിൽ
ഊഷരകാലത്തിൻ മെയ്യളവുകൾ
പുലർകാലങ്ങളുടെ ഹൃദ്യരാഗങ്ങളോ
നേർത്തില്ലാതായിരിക്കുന്നു
വെൺകല്ലുകളിലുറങ്ങുമൊരേകാന്ത
ശരത്ക്കാലത്തിൻ തീക്ഷ്ണവർണം
സായാഹ്നം തൊട്ടെടുക്കുമ്പോൾ
മൗനം മൂടിയ ഒരു ഋതു ഭൂമിയുടെ
സംഭരണികളിൽ തേടുന്നു
ചെത്തിമിനുക്കിയ ഒരു വാക്ക്...
പ്രണയകാലങ്ങളുടെ ഓർമ്മക്കേടുകൾ
സൂക്ഷിക്കാനുമാവുമത്...
പൂർണകലശങ്ങളിൽ അമൃതുതുള്ളിയുമായ്
മഴയുണരുമ്പോൾ
പിന്നോട്ട് നടന്നൊരു
പ്രഭാസതീർഥത്തിന്നശാന്തിയെയും
കണ്ടു മടങ്ങിയാലും...

കല്ലുകളിലുരഞ്ഞുരഞ്ഞ് മിനുസം
നഷ്ടമായ വാക്കുകളനേകം മുന്നിലുണ്ട്..

എങ്കിലും ചിരിമായും മിഴിയിലും
ചിലനേരങ്ങളിൽ നക്ഷത്രങ്ങൾ
വിടരുന്നതെത്രയോ അതിശയകരം...
ഒരിലതുമ്പിൽ
കഥയിലെ നേർരേഖയിൽ
ജീവനുണരുമ്പേഴേയ്ക്കുമതൊരു
നിർജ്ജീവബിന്ദുവായ്
രൂപാന്തരപ്പെടുന്നുവോ?
കൊഴിയും നേരം പൂവിൻദലങ്ങളിൽ
വിടരും കവിതയോ ശോകം..
സന്ധ്യയുടെ ചേലാഞ്ചലത്തിൽ
നക്ഷത്രങ്ങൾ മിന്നുമ്പോൾ
മിഴിയിലുണരും തിളക്കമോ

ഒരു സ്വപ്നം....
മഴനീർതുള്ളിയാൽ നിറഞ്ഞ
നെൽപ്പാടത്തിനരികിലൂടെ
നടന്നുനീങ്ങും ഗ്രാമമേ!
നിനക്കീനഗരത്തിന്റെയേതുമുഖത്തെയറിയും
അറിയുമക്ഷരങ്ങളിലെയറിവില്ലായ്മ
മഹായാനങ്ങളിലൂടെ, മഹാദ്വീപങ്ങളിലൂടെ
ഭൂമി ചുറ്റുമ്പോൾ
നിലയില്ലാക്കയങ്ങളിലൂടെയൊഴുകിവന്ന

ഒരിലതുമ്പിൽ വിടർന്നുവന്നുവോ
പുനർജനിമന്ത്രം....

Monday, June 27, 2011

പ്രഭാതത്തിനരികിലൂടെ
അനേകമനേകം
ഗ്രഹങ്ങളൊഴുകുമാകാശത്തിനുമപ്പുറം
ഏതുഗ്രഹമിഴിയിലാണാവോ
ഭൂമിയുടെയുപഗ്രഹവലയമെന്നോലിച്ചിരുന്നു
ഒരിയ്ക്കൽ..
അനവദ്യമായൊരുണർവുപോലെ
പ്രഭാതമുണരുമ്പോഴും
കത്തിയെരിയും നക്ഷത്രങ്ങളുടെ
തമോഗർത്തങ്ങളെ
പ്രദക്ഷിണവഴിയിൽ കാണുമ്പോഴും
ഉപഗ്രഹചിമിഴിൽ
നിന്നൊഴുകി മാഞ്ഞിരുന്നുവോ
നിലാവിന്നവസാനബിന്ദുക്കളും
ഒരു ചെറിയ വിളക്കും കൈയിലേന്തി
നിൽക്കും പ്രഭാതത്തിനരികിലൂടെ
യന്ത്രച്ചുരുളും നീർത്തിയൊരു
മൂന്നാം തൃക്കണ്ണുമായ്
നടന്നുനീങ്ങിയോരുന്മത്തമൗനത്തിലോ
വർത്തമാനകാലത്തിൻ പ്രതീകാത്മമാം
പകലുണർന്നത്...

Sunday, June 26, 2011

മുദ്ര..

ഉടയുമക്ഷരങ്ങളെയുലയിലുരുക്കി
ഉളിയാൽരാകിയൊരാത്മമുദ്രയുണർത്താമിനി
വിരലിലെ ശംഖചക്രമുദ്രകളെക്കാൾ
സൂക്ഷ്മായതൊന്ന്
മിഴികൾക്കദൃശ്യവും,
മൊഴികളിലൊഴുകിയാലും മായാത്തതും
നിഴൽപ്പാടുപോലെയലിഞ്ഞുതീരാത്തതുമായ
ഒരു മുദ്ര...
ആകാശത്തിലെയനന്തകോടി
നക്ഷത്രങ്ങളെപോലെണ്ണിയാലൊടുങ്ങാത്ത
ദിനരാത്രങ്ങളിലും മാഞ്ഞുപോകാതെ
ഹൃദയത്തിന്റെ ഭാഷപോൽ
അമർഥ്യതയിലൊഴുകുമമൃതുപോൽ
മനസ്സിനെയാകെയുയർത്തി
തിളങ്ങുമൊരു മുദ്ര..
അതിസൂക്ഷ്മവും....
അനന്യവുമായ ഒരു മുദ്ര....

Saturday, June 25, 2011

ആകാശത്തിനരികിലെ അനുപമസായന്തനമേ
കാണാതായൊതൊരു
നെൽക്കതിർ
ഉണങ്ങിക്കരിഞ്ഞൊരു
നെൽപ്പാടത്തിനരികിൽ...
പിന്നെയൊരോ പാടും പാട്ടിന്നീണം..
അതൊരാഷാഢശോകഗാനം
പോലെ തോന്നിയതെന്തേ?
കരിഞ്ഞുണങ്ങിയടർന്ന
നെൽപ്പാടങ്ങളിലൂടെ
നടന്നു നീങ്ങിയ നിമിഷങ്ങളും
നിസംഗമായിരുന്നുവോ?
മഴതുള്ളികൾ നൃത്തം ചെയ്യും
മുറ്റത്തിനരികിൽ നിശബ്ദമിരുന്നുവോ
പ്രാർഥനാനിർഭരമായ സന്ധ്യകൾ
ജപമാല പോലെ തിരിയും
ഭൂമിയുടെ ചുറ്റുവിളക്കിനരികിൽ
പുൽനാമ്പുകളിൽ ഗ്രാമമുറക്കും
കണ്ണീർതുള്ളികൾ
ആകാശത്തിനരികിലെ
അനുപമസായന്തനമേ
നിന്നിലോ കവിതയുറങ്ങുന്നത്???

Friday, June 24, 2011

ഒരു പക്ഷെ....

അയഥാർഥങ്ങളുടെ
ആത്മകഥയൊന്നെഴുതാൻ

കുറെയേറെ സംവൽസരങ്ങളുണർത്തിയ
ഋതുക്കളുടെ ചെപ്പിലോ എന്റെ സ്വപ്നങ്ങൾ
മുത്തുമണികൾ പോലെയുലഞ്ഞത്
ദക്ഷിണധ്രുവത്തിലെയുറഞ്ഞ
മഞ്ഞുപാളിയ്ക്കടിയിലൊരു
പേടകത്തിലൊളിപ്പിക്കാനാവാതെ
ഒരഗ്നിപർവതമെന്നെപോലെയോ
ഞാൻ കാവ്യങ്ങളെ സ്നേഹിച്ചുപോയത്
ഏകാന്തമായൊരുണർത്തുപാട്ടിനിടയിലുയർന്ന
തന്ത്രിവാദ്യങ്ങളിലോ
ഞാനെന്നെ മറന്നുപോയത്....
ഒരു പക്ഷെ
പരമോന്നതരാഷ്ട്രങ്ങളിൽ
ഭരണനൈപുണ്യമെന്ന
മേൽക്കോയ്മയറിയാതെ
ഒരു തൂവലിൽ മഷിമുക്കിയെഴുതും
പുണ്യപ്രാചീനതയോ
ഞാൻ തേടിയിരുന്നത്
ആകാശത്തിലെ
നക്ഷത്രരാജ്യങ്ങളിൽ നിന്നടർന്നു
വീഴും പ്രകാശമേ
നിന്നെയെടുത്തു സൂക്ഷിക്കാൻ
ഈ മിഴിയെങ്കിലുമുള്ളതെത്രയോ
ആശ്വാസകരം..

Thursday, June 23, 2011

അകലെയൊരു ഗ്രാമത്തിൽ

അകലെയൊരു
ഗ്രാമം നികത്തിയ
നെയ്യാമ്പൽ കുളത്തിലെ
കൽപ്പടവുകളിൽ
നിശബ്ദമിരുന്ന പരിഭവങ്ങൾ
മഴയിലലിഞ്ഞു തീർന്നിരുന്നുവോ
തിരിഞ്ഞു നടക്കുമ്പോൾ
കൽപ്പടവിലെ നിഴലും
മാഞ്ഞു തുടങ്ങിയിരുന്നുവോ
ആഷാഢതീരത്തിൽ
പ്രഭാതത്തിന്റെ പുഞ്ചിരി
മായ്ച്ച ചക്രവാളത്തിലോ
വീണ്ടും സൂര്യനുദിക്കാൻ
കാത്തിരുന്നത്.....
അലങ്കോലപ്പെട്ട
മേഘങ്ങളാലാരതിയുഴിയും
ഉഷസ്സിന്റെയരികിൽ
കടൽ തേടിയിരുന്നുവോ
ഒരു തളിർ
നിമിഷങ്ങളുടെ പൂക്കൂടയിലെ
വാടിയ നെയ്യാമ്പലുകൾ
പറഞ്ഞുവോ ഒരു കഥ
അകലെയൊരു ഗ്രാമത്തിൽ

മേൽക്കൂരതകർന്ന
നാലുകെട്ടിലൂടെ
കണ്ട ഒരാകാശത്തിന്റെ
കഥ..

Tuesday, June 21, 2011

മഴക്കാലപ്പൂവ്

 ബ്രാഹ്മമുഹൂർത്തിൽ
നിറഞ്ഞു കണ്ട സ്വപ്നമേ!
നിന്റെ ഉടഞ്ഞ ചില്ലുകളിൽ
നിന്നുയിർകൊണ്ടുവോ
എന്നിലലിഞ്ഞഒരു സ്വരം
ഗ്രാമത്തിലെ ഒറ്റയടിപ്പാതയിലൂടെ
നടക്കുമേകാന്തതയിലിന്നീ
മിഴിയിലുണരുന്നൊതൊരു
മഴക്കാലപ്പൂവ്........

അതിലേയ്ക്കൊഴുകുന്നതൊരു
മഴതുള്ളിമാത്രം
നഗരമേ! നീലമേഘങ്ങളിലേറി
ദൂരെയെവിടെയെങ്കിലുമൊരു
നിഴൽപ്പാടത്തിലേയ്ക്ക് നടന്നാലും
സഹായിക്കാനും
ഇല്ലായ്മചെയ്യാനും
നികുതിവേണ്ടാത്ത ദിക്കിലേയ്ക്ക്..
കനം തൂങ്ങിയ മിഴികളിൽ
നിന്നും സ്വപ്നമുടഞ്ഞ
ചില്ലുകളിൽപലതായി  

കാണാനായ മുഖമാരുടേതെന്ന്
ഇന്നറിയാനുമായിരിക്കുന്നു ...
അതായിരുന്നുവോ
മിഴിയിലുടഞ്ഞുതീർന്ന

അവസാനത്തെ സ്വപ്നം....

Monday, June 20, 2011

പ്രദക്ഷിണവഴിയിൽ
ചുമരുകളിൽ
എന്തോ കേൾക്കാനെന്നപോൽ
കാതോർത്തിരിക്കുന്നുവോ
ചിന്തേരിൽ മൂടിയ മണ്ണിഷ്ടികകൾ..
നിശ്ചേഷ്ടമായൊരുഗാനത്തെയുണർത്താനോ
ആകാശവാതിലിൽ
നിന്നൊരനുപമസ്വരമുണരുന്നത്.
ശിലയിലുറഞ്ഞൊരു
ഹൃദയമുണർത്താനോ
മഴമേഘങ്ങൾ ദാരുവർണമാലപിക്കുന്നത്..
പുൽമേടുകളിൽ നിന്നൊഴുകിമാഞ്ഞ
നീർച്ചാലുകൾക്കിടയിലൂടെ
നിമിഷങ്ങളെണ്ണിയൊടുങ്ങിയ
ദിനത്തിനോർമ്മിക്കാനോ
ഒരു നാലുമണിപ്പൂവുണരുന്നത്..
പിന്നെയീ നീണ്ടപാതയിലൂടെ
നടന്നുനീങ്ങും നേരമോ
ഉലയിലെരിഞ്ഞ സ്വർണതരികൾ
വെയിൽനാളങ്ങളെ പോൽ
വിരലുകളിൽ നിർമമം തുള്ളിയാടുന്നത്...

മിഴിയേറ്റാനാവാതെ വളർന്നുയരുന്നുവോ
അക്ഷരങ്ങളുമക്ഷരപ്പിശകുകളും
എങ്കിലുമീമനസ്സിലെയുദ്യാനങ്ങളിൽ
വിടരുന്നുവല്ലോ ദേവദാരുപ്പൂവുകൾ
ചുമരുകളിൽ നിന്നും
ചുമരുകളിലേക്കുള്ള ദൂരമായിരിക്കുമോ
മനസ്സിന്റെ പ്രദക്ഷിണവഴി...

Sunday, June 19, 2011

മഴപെയ്തുകൊണ്ടേയിരിക്കട്ടെ...

മഴപെയ്തുകൊണ്ടേയിരിക്കട്ടെ
മനസ്സുകുളിരും വരെയും.
മദ്ധ്യരേഖയുടെയിരുവശവും
മഹാദ്വീപുകളിലും
മഹാസമുദ്രങ്ങളിലും
പെയ്തുകൊണ്ടേയിരിക്കട്ടെ
നിറയെപെയ്തൊഴുകിയൊരു
പ്രളയത്തിലെന്നപോലൊഴുകട്ടെയീ ഭൂമി

എനിക്കറിയുമൊരുപ്രളയത്തെ
പതിയെപതിയെൻവിരലിൽ
കൂടുകൂടിയൊരുവരിക്കവിതയിലൊഴുകി
മാഞ്ഞഭൂതകാലത്തെ
നിറയെ മഞ്ഞും
നിറയെ തുളസിപ്പൂവും വീണ
ഇലപൊഴിയും കാലത്തെ..
ചതുർയുഗങ്ങളുടെ
ദശാസന്ധികളെ..
പിന്നെയേതോ നിമിഷത്തിന്റെ
തുടിയിൽ മറയും
ഹൃദ്സ്പന്ദങ്ങളെ...
ഓർമ്മിക്കേണ്ടതില്ല
ഈ വർത്തമാനകാലത്തെയും...
ഒരു ദിനമൊടുങ്ങുമ്പോൾ
അതുമൊരു പോയകാലമാവും
നാളേയ്ക്കായി സ്വരൂപിക്കാം
ഇന്നുണരും മൊഴി
മഴയിൽതുളുമ്പും മൊഴി....

Saturday, June 18, 2011

മൊഴിതേടി

മൊഴിതേടി വന്നതൊരു ഋതു..
മൊഴിയൊതുക്കാനാശിച്ചതുമതേ ഋതു...

എഴുതാനാശിച്ചതൊരു കടൽ
ശംഖിലുടഞ്ഞുതീർന്നതോ ഹൃദയം.

പകലിന്നരികിൽ
സാന്ത്വനമായ് വന്നതൊരു മഴ
മിഴിയിലൊഴുകിയതാകാശം
പ്രണയത്തെയൊടുക്കിയതൊരു
മുഖപടം, ഒരു പരിച...
നേർക്ക്നേരൊഴുകാൻ
മറന്നതൊരു പുഴ..
മനസ്സു പണിഞ്ഞതൊരു
തീർഥക്കുളം..
കാണാൻ മറന്നതോ
ദ്വയാർഥങ്ങൾ...
ഇടറിവീണതോ ആത്മാവ്..
ശിരസ്സുയർത്തി നിന്നതഭിമാനം..
പടിയിറങ്ങിപ്പോയതോ
പ്രശാന്തി...
ഉപസംഹാരത്തിലുണർന്നതോ
നിസംഗമാം പൂവുകൾ...


അവസാനത്തെയൊരിതൾപ്പൂവ്

ഒരുപുസ്തകത്തിലെഴുതിയേറ്റിയാൽ
തീരുമോ ജീവന്റെയാദിമധ്യാന്തം
എഴുതാനൊരുപാടിവിടെയുമുണ്ട്
എഴുതിതീർക്കാനാവാത്തത്രയും...

അവസാനത്തെയൊരിതൾപ്പൂവ്
അതായിരുന്നു കവിതയെനിക്ക്
പ്രപഞ്ചത്തിലേയ്ക്കൊഴുകി
നീങ്ങുമൊരു സ്വപ്നം..
അതിനടിവേരിലോട്ട്
നീ കോരിയൊഴിച്ചു ഇരുൾമഷി..
പലരോടും ചെയ്തിരിക്കും നീയത്
പക്ഷെ എല്ലാവരെയും
പോലെയായിരുന്നില്ല ഭൂമി...
സഹനത്തിനാഴക്കടലിൽ
ഒരുപാടുണ്ടായിരുന്നു..
പക്ഷെയായൊരുവരിക്കവിത
അതിന്റെ വില നിനക്കറിയില്ല
നീയെഴുതും വിശ്വസാഹിത്യത്തിനെക്കാളേറെ
സമുദ്രത്തിനു പ്രിയവുമതായിരുന്നു..
അതിലേയ്ക്കിരുൾതുള്ളി വീഴ്ത്താൻ
നിന്നെ ഞാനനുവദിക്കണമായിരുന്നുവോ?
അതിൽ നിനക്കുള്ള അപ്രീതിയുടെ
പ്രതിധ്വനി കേട്ടുകൊണ്ടേയിരിക്കുന്നു

ആ പ്രതിധ്വനിയോടെനിക്ക്
പ്രത്യേക ബഹുമാനവുമില്ലെയെന്നറിഞ്ഞാലും..
ആയിരം യുഗങ്ങളിലെയക്ഷൗഹണി
ചേർത്തുവന്നാലും...
ഋതുക്കളുടെയിലയിതളിലീ ഭൂമിക്കായ്
ഉണർന്നുവന്നേക്കാം 

വീണ്ടുമൊരുശരത്ക്കാലം...
മഴയിലൂടെ...

കുറെയേറെ നാൾ
സത്യത്തെ തേടിനടന്നിരുന്നുവോ
മനസ്സ്..
അന്ന് അശോകചക്രങ്ങളിലാഖേനം
ചെയ്തോരുപനിഷദ് വാക്യം
മുന്നിൽ വിരിഞ്ഞുവോ..
പിന്നെയും തേടി
കുറേയേറെ നാൾ..
ശിരോവസ്ത്രത്തിനുള്ളിൽ
നിന്നൂർന്നിറങ്ങിയപ്പോഴേക്കും
അതസത്യമായി മാറിയിരുന്നു...
ദു:ഖത്തെ തേടി
അധികം നടക്കേണ്ടി വന്നില്ല
മിഴിപോകുന്നിടത്തെല്ലാം
അതുണ്ടായിരുന്നു...
ഇടയിലൊരാരവം...
കൈയിലേറ്റും
ചെറിയ ലോകമഹത്വം
ഉച്ചത്തിലെഴുതിവായിക്കുന്നുവോ
ആ ശബ്ദവീചികൾ...
കേട്ടിരിക്കുന്നു
കർണപുടങ്ങളിൽ കുറെയേറെനാൾ
മുഴങ്ങുകയും ചെയ്തിരിക്കുന്നു
ഒരെതിർമൊഴിയെ
നീറ്റാനെത്രയോ ചൂളകൾ..
സത്യം മരിച്ചിരിക്കുന്നു....
വിരലുകളിൽ കൂടുപണിയും
അസ്ഥിരതകൾ മെല്ലെമെല്ലെ

മൊഴിയുന്നുവോ
മഴയിലൂടെ നടന്നാലും
ഒഴുകിയാലുമൊരുവരിക്കവിതയിൽ....
ഒരിലപോൽ

ഒരിടവേളയുടെ
ആദ്യക്ഷരങ്ങളിൽ
നിന്നൊരിലപോലെ
കൊഴിഞ്ഞുവീണിരിക്കുന്നു
ഒരു ഋതുവിൻ
വർണതുണ്ടുകൾ...
മഴതുള്ളിയിലൊഴുകിയൊഴുകി
അവയുടെ നിറങ്ങളും
മാഞ്ഞുതുടങ്ങിയിരിക്കുന്നുവോ
മഹായാനങ്ങൾ
സുമാത്രയുടെ വിലങ്ങിൽ
അതിരുകളോ
ആത്മപരികർമ്മജപത്തിൽ
വിലങ്ങുവീഴാത്ത മനസ്സേ!
നിനക്കുമിട്ടേക്കാം
ഒരു ചുറ്റുവലയം

അതിനരികിലും സമുദ്രമേ
ശംഖുകൾ സൂക്ഷിച്ചാലും

ഇനിയുമുണരേണ്ട
മൃദുവാം മൊഴികൾക്കായ്

ഒരിലപോലിനിയുമുണരേണ്ട
മഴക്കാലക്കുളിരിനായ്.....


 

Friday, June 17, 2011

എഴുതിയിട്ടുമെഴുതിയിട്ടുമൊഴിയാതെ!
ഭൂമിയുടെ
കമനീയവിതാനങ്ങൾക്കരികിൽ
മൃദുവായപൂവുകളിൽ മൂടിയിടും
ആത്മീയതയോ അഹംബോധം.
മിഴിയിൽ ജ്വലനനാളങ്ങളായ്
പടർന്നുമാഞ്ഞതോ രോഷം..
തണുത്തുറയും ശൈത്യമോ
നിസംഗത..
ചുറ്റിലുമുലഞ്ഞുതുള്ളും മഴയോ
ആത്മാവിന്റെയക്ഷരകാലങ്ങൾ.
അനന്തകാലത്തിന്റെയുരുൾചക്രങ്ങളിൽ
തേഞ്ഞുമാഞ്ഞില്ലാതായ
മഷിപ്പാടുകളോ സ്മൃതി...

എഴുതിയിട്ടുമെഴുതിയിട്ടുമൊഴിയാതെ
ആശ്ചര്യകരമായതെന്തോ കണ്ടു
സ്പന്ദിക്കും വിസ്മയചെപ്പോ
ഹൃദയം..

Thursday, June 16, 2011

മഴതുള്ളി പോലെ

നിമിഷങ്ങൾ മറന്നിട്ടതൊരു
പട്ടുനൂൽ
അതിൽ ഭൂമി തുന്നി
ഒരു ശരതക്കാലപ്പൂവ്..
സങ്കടങ്ങളുറഞ്ഞ ചിപ്പിയിലുണർന്നു
ഒരു മുത്ത്...
മേഘങ്ങൾ തന്നു
ഇത്തിരി കാർനിറം...
കൃഷ്ണപക്ഷമോ
 മായ്ച്ചു നിലാവിൻതുണ്ടുകൾ...
സ്മൃതിവിസ്മൃതിയുടെ
അനേകദലങ്ങളിലുലഞ്ഞ
ഒരു ഋതു മനസ്സിലെഴുതി
മഴതുള്ളി പോലൊരു
കുളിർന്ന  കവിത...
ആകാശസന്ധ്യയ്ക്കരികിൽ






മിനുക്കിതേച്ചൊരു
വെള്ളോടിൻ പാത്രത്തിൽ
നിവേദ്യമേറ്റി നടന്നുനീങ്ങിയ
വൈശാഖമേ!
നീയെന്റെയിരുകൈയിലുമേകി
സന്ധ്യയുടെനിറമാർന്ന 
ചെമ്പകപ്പൂവുകൾ....
പണ്ടും കൽപ്പെട്ടികളിൽ
സുഗന്ധമായൊഴുകാൻ
ചെമ്പകപ്പൂവുകളുണക്കി
സൂക്ഷിച്ചിരുന്നു
വിരൽതൊടുമ്പോളുണരും
മൃദുസ്വപ്നനങ്ങളിലേയ്ക്ക്
പെയ്യുമപരാഹ്നക്കനലുകൾക്കപ്പുറം
ചിത്രാംബരങ്ങളിൽ
തുന്നിയ നക്ഷത്രപ്പൊട്ടുകളാൽ
സ്വർണവർണമാർന്ന
സമുദ്രതീരം നീർത്തിയിടും
മുനമ്പിലേക്ക് നടന്നുനീങ്ങും
ആകാശസന്ധ്യയ്ക്കരികിൽ
ഉടഞ്ഞ മുത്തുചിപ്പിയിലെ
സ്വരങ്ങൾ തിരയേറി മായുമ്പോൾ
ശംഖുകളിൽസമുദ്രം
ഭദ്രമായൊളിച്ചു സൂക്ഷിച്ചുവോ 
നിഗൂഢമാം ഒരു രാഗമാലിക
ഉണങ്ങിയ 
ചെമ്പകപ്പൂവിന്നിതളുകളിലൂടെ
ഹൃദയത്തിലേയ്ക്കൊഴുകുന്നുവോ
മഞ്ഞുകണം പോൽ മൃദുലമാമൊരു
കവിത....
സന്ധ്യാദീപങ്ങൾക്കരികിൽ
ഉടഞ്ഞതൊരു മൺതരിയോ
അനശ്വരതയുടെ ആദ്യക്ഷരമോ?

Wednesday, June 15, 2011

പ്രഭാതത്തിനപ്പുറം

പ്രഭാതത്തിനപ്പുറം
കത്തിയെരിയും മദ്ധ്യാഹ്നവും കണ്ട

വൃക്ഷശിഖരങ്ങളുമറിഞ്ഞിട്ടുണ്ടാവും
അഗ്നിയുടെയനേകരൂപങ്ങളെ
മനസ്സിലെ സമുദ്രവുമങ്ങനെതന്നെ
അതൊഴുകിക്കൊണ്ടേയിരിക്കും
പ്രഭാതമദ്ധ്യാഹ്നസായാഹങ്ങളിലൂടെ....
സന്ധ്യയുടെയിതളിലും
ഉത്ഭവങ്ങളുടെ ഉറവതേടിയ സ്വപ്നങ്ങൾ

നക്ഷത്രങ്ങളായ് ആകാശത്തിൽ
മിന്നുമ്പോൾ
നിമിഷങ്ങൾ ശംഖിൽ നിന്നൊഴുകുന്നു...
കാണാകുന്നു മാറ്റങ്ങളുടെ
ഋതുക്കളെ...
മഴപെയ്തൊഴുകിയൊരു
ശരത്ക്കാലചെപ്പിൽ

കുറെയേറെ നാൾ ഭൂമി
മയങ്ങിയേക്കാം
പ്രദക്ഷിണവഴിയിൽ വീണ
കൊഴിഞ്ഞപൂവുകളുടെ
കരിഞ്ഞ സ്മൃതിയുമൊരു
കാവ്യമായും തീർന്നേക്കാം...

Tuesday, June 14, 2011

ഉൾക്കടൽ

നിസംഗമോ
പ്രകാശമാനമായ പ്രഭാതങ്ങൾ
എഴുതുമാത്മാവിൻ ശരത്ക്കാലഭൂമീ
മഴയോരങ്ങളിൽ നിന്നിറ്റിയ
മണിമുത്തുകളൊരു സമുദ്രചിപ്പിയിൽ
സൂക്ഷിക്കുന്നുവോ നീ
നീണ്ടപാതയോരങ്ങളിൽ
നിന്നിഴതെറ്റിയ ഒരു സ്വർണനൂലിൽ
ശരത്ക്കാലമേ നീ നെയ്യുന്നുവോ
ഒരു ചെറിയ ലോകം
മിഴികൾക്കരികിലൂടെ നീങ്ങും
അനേകമനേകം ദൈന്യത്തിൻ
ചിന്തേരിട്ട പടിപ്പുരകൾ
ആകാശത്തിനെ മായ്ക്കുന്നുവോ
യാത്രാവഞ്ചിയിലൊരു
സമുദ്രമേറുമ്പോളിത്രയേറെ
ഭയാനകമീതിരയേറ്റമെന്നറിയാനുമായില്ല
ഉൾക്കടലിന്റെ സൗമ്യമാം
ലയവിന്യാസത്തിലും
തുരുത്തുകളിലേയ്ക്കുള്ള ദൂരം
എത്രയോ മനോഹരം.....

നിസംഗമായ പ്രഭാതങ്ങളേ
ശുദ്ധമാം പ്രകാശദീപങ്ങൾ
തെളിയിച്ചാലും....
സന്ധ്യയുടെ പ്രകാശദീപം

നീർക്കുടങ്ങളേ
മഴതുള്ളികളേറി
വന്നാലും
എന്റെയീ വിരലുകളിൽ
പ്രപഞ്ചമൊരു
ചൈതന്യധാരയായൊഴുകട്ടെ
ചുറ്റിലുമതൃപ്തം
അപര്യാപ്തിയെ
പര്യാപ്തമാക്കാനുഴറും
കാഴ്ച്ചക്കെട്ടുകൾ
എന്റെയീ തുടിയിൽ
നിശ്ചലമാകാതെയൊഴുകും
താരകങ്ങളെ
വിൺചെപ്പുതുറന്നാലും
എന്റെയീ മിഴിയിൽ തെളിച്ചാലും
സ്വാഭാവികപ്രകാശം
മറ്റേതോ പരിണാമത്തിൽ
യുഗചലനത്തിൽ
ഭ്രമണതാലമുലയാത്ത ഭൂമി നീയെന്റെയരികിലിരുന്നാലും
നീർക്കുടങ്ങളേ
പെയ്താലുമൊഴുകിയാലും
മനസ്സേ!
അശാന്തിയുടെ ആന്തലുകൾ
തിരിയണയ്ക്കാനൊരുങ്ങിയേക്കാം
അണയാതിരിക്കാൻ
ഈ പ്രകാശചിന്തുകളെ
അറയിലെ വിളക്കിലേക്കാവാഹിക്കാം
പെയ്യും മഴയിലും നിറയട്ടെ

സന്ധ്യയുടെ പ്രകാശദീപം....

Monday, June 13, 2011

മഴനീർക്കണം

ഒരോ മഴതുള്ളിയിലും
നഷ്ടങ്ങളുണ്ടായേക്കാം
മഞ്ഞുപോലെ നനുത്ത

കവിതയുമുണർന്നുവെന്നും വരാം
ഋതുക്കളുടെ ചിമിഴിലെന്നും
അത്ഭുതകരമായ, മഹനീയമായ
പലേ നിമിഷങ്ങളുമുണ്ടാവാം
മനസ്സിലെയൊരു ചില്ലയിൽ
ഹൃദയത്തിന്റെയൊയൊരിതൾ
പോലെ
വിരിയാൻ കൊതിക്കും
കാവ്യസർഗങ്ങളെ
ഉളിമുനയേറ്റാനാരുശ്രമിച്ചാലും
അതിനെയതിർക്കാനൊരുടവാളുമായ്
വന്നേക്കാമൊരു ശരത്ക്കാലം
അഗ്നിപ്പൂവുകളായിരം വിടരും
ആൽവിളക്കിൽ
മന്ത്രം പോൽ സന്ധ്യയുണരുമ്പോൾ
വഴിയിൽ കൊഴിഞ്ഞേക്കാമൊരായിരം
അശോകപ്പൂവുകൾ
കൊഴിയും പൂമൊഴിയിലും
കണ്ടേക്കാമൊരു
മഴനീർക്കണം..
വിരിയും കവിതയിലോ
ആകാശവാതിൽ തുറന്നെത്തും
മന്ത്രനാദവമുണർന്നേക്കാം...

Saturday, June 11, 2011

തീർഥം

എത്രയോമുകളിലായാണാകാശം
താഴ്വാരങ്ങളിലെ മങ്ങിയ
ചായം പുതച്ച്
പ്രാർഥനാഗീതങ്ങളുടെ
നൈർമ്മല്യവും തീറെഴുതും
യുഗപരിണാമമേ
ഉൽബോധനങ്ങളുടെ
തീർഥമെത്രയോ
നുകർന്നിരിക്കുനു
ഈ പുണ്യഭൂമി
തണുത്ത ശീതകാലങ്ങളുടെ
തകരപ്പാത്രങ്ങളിൽവീണ
തുരുമ്പുതുണ്ടുകളിൽ
അനേകശതവർഷങ്ങളുടെ
അന്തസത്തയെ
വിൽക്കും കമ്പോളമേ
നിനവിന്റെ നക്ഷത്രങ്ങളുടെ
തിളക്കത്തിനരികിൽ
പരവതാനിയേറുന്ന
ആധികാരികമുഖങ്ങൾ
കണ്ടുനിൽക്കുന്നുമുണ്ട്
ചക്രവാളം

അല്പത്വത്തിന്റെ
പ്രദർശനപ്പുരയിലെ
വൈഭവമേ
ഒരിക്കലുമൊരിക്കലും
ആകാശമതിനുമുന്നിൽ
ശിരസ്സു നമിക്കുന്നുമില്ലല്ലോ
അമാനുഷികമായതെന്തോ
കൈതൊട്ടുവിളിക്കുന്നു

തീർഥം പോലെയൊഴുകുന്നുവോ
ഹൃദയത്തിൽ മഴ...
ദൈന്യം

പടിപ്പുരകളിൽ
പലകാലങ്ങളിൽ
പറഞ്ഞുകേട്ട മിഥ്യയോ ആ പുഴ
കാൽപദങ്ങളെ തൊട്ടൊഴുകി
മാഞ്ഞ നീലനദി
മഷിതുള്ളി വീണു കറുപ്പാർന്നു
പിന്നെ രക്തം വീണു പുളഞ്ഞനിള
മണൽതുള്ളിയ തുലനത്രാസിൽ
തുളുമ്പാനാവാതെ ചുരുങ്ങിയ
ജലകണം
രൂപരേഖകളിലുന്മത്തദൈന്യം
മറക്കും രാജാധാനിയിലെ
ദ്യൂതമണ്ഡപങ്ങളിൽ
മരവിച്ച മനസ്സിനൊരു
പുതിയകുപ്പായം തുന്നിയണിഞ്ഞു
മുന്നോട്ടു നീങ്ങും
നീയോ ആ പഴയ നിള

Friday, June 10, 2011

മഴ

കാറ്റിനരികിൽ
ചന്ദനസുഗന്ധമായിരുന്നു
അനിഷ്ടങ്ങളുടെ
ആവരണങ്ങൾക്കിടയിലും
പിച്ചകപ്പൂവുകൾ മനസ്സിൽ
സുഗന്ധതൈലങ്ങളിറ്റിച്ചിരുന്നു
ഇടയ്ക്കെങ്ങോ
ആധിപെരുത്ത ചുരം തീർത്ത

പുകഞ്ഞ നെരിപ്പോടിനരികിൽ
ഒരു ഋതു കൊഴിഞ്ഞ പൂവുകളുടെ
ശവകുടീരത്തിലൂടെ

ഘോഷയാത്ര ചെയ്തു
പൊൻചായം പൂശാനോടിയ
നിലാവിൽ നിന്നുതിർന്ന
കരിഞ്ഞ ദലങ്ങളുടെ
കാഴ്ച്ചപ്പാടിനരികിൽ
കാർമേഘാവൃതമായ ആകാശത്തുനിന്നും
മഴ പെയതുകൊണ്ടേയിരുന്നു
മഴയ്ക്കോ മുഖപടങ്ങളില്ലായിരുന്നു..

Thursday, June 9, 2011

ഭിന്നം

നീർത്തുള്ളികൾ
മിഴിക്കോണിൽ
മഴയായ് പെയ്യുമ്പോൾ
ഒരു മഴക്കാലമേഘനിഴൽ
തണൽമരച്ചോട്ടിൽ മായുന്നു
ആട്ടക്കളരിയിൽ
അരങ്ങേറ്റം മറന്ന
മൗനമൊരരയാൽചുവട്ടിൽ
തപസ്സിൽ
രൗദ്രകൈലാസങ്ങൾ
ശാന്തം
വാനപ്രസ്ഥത്തിലെ
അജ്ഞാതവാസമെന്നേ
കഴിഞ്ഞിരിക്കുന്നു
മുഖം മിനുക്കിയൊരു
ശിരോപടമണിഞ്ഞ
സായാഹ്നം
കുളിർസന്ധ്യകളുടെ
പടിവാതിൽക്കൽ കത്തിയ
മൺവിളക്കൂതിയാറ്റുമ്പോൾ
ശരറാന്തലുമായ് വന്ന
നക്ഷത്രങ്ങളുടെ മിഴിയിൽ
അത്ഭതും വളപ്പൊട്ടുകളായ്
മിന്നുമ്പോൾ
ആരാണാവോ അകലെയൊരു
തുരുത്തിൽ അയനികടയുന്നത്
അഗ്നിയ്ക്കെത്രരൂപം
ആത്മാവിനുമാത്രമെന്തേ
ഒരേയൊരു രൂപം??
ചുമർചിത്രങ്ങൾ

ചുമരിൽ നിന്നൂർന്നുവീഴുന്നു
അനേകമനേകം
ഛായാപടങ്ങൾ
ഏറിക്കുറഞ്ഞ ഇലച്ചായങ്ങളിലെ
പഴയ ചിത്രങ്ങൾ
പുനരുദ്ധരിക്കാൻ
ശ്രമപ്പെടുന്ന
അസ്വാഭാവികമാം
വർണച്ചിന്തുകൾ
ചുറ്റമ്പലത്തിലൂടെ
പദം വച്ചെത്തുന്ന തുളസീഗന്ധം..
ജപമാലകളേ
ആൽമരത്തണലിലിരുന്നാലും
പ്രഭാതച്ചിമിഴിലെ
നിസംഗമാം മൃദുത്വം
മദ്ധ്യാഹ്നാഗ്നിയിലൂടെ
നടന്നുനീങ്ങിയ

പകലേകിയതായിരിക്കാം
അസംഖ്യം പുരത്തൂണുകളിൽ
അനേകജന്മകഥയെഴുതും
ആദിമധ്യാന്തകൗതുകമേ
നിറയ്ക്കേണ്ടതേതു കലശം?
അറിവിന്റെയോ
അറിവില്ലായ്മയുടേയോ

Wednesday, June 8, 2011



അപരാഹ്നത്തിന്റെ
എഴുത്തോലയിൽ
നിറഞ്ഞത്
പഴയകാലലിപികൾ
മഞ്ഞുറഞ്ഞവഴിയിലൂടെ
നടന്നുനീങ്ങിയ ഋതു
മറന്നുവച്ചതൊരു നെരിപ്പോട്
മണ്ണിഷ്ടികളിൽ
കുടിൽ പണിതതാജന്മദുരിതം
ആരുഢശിലതടുത്തുമാറ്റിയ
അടിസ്ഥാനങ്ങൾ
ദേശപ്പെരുമയുടെ
അർദ്ധവൃത്തങ്ങളിൽ
ആകൃതിനഷ്ടമായ
സംപൂർണരാഗമാലിക
പിൻകാലജന്മങ്ങളുടെ
കുടിശ്ശികയെഴുതി നീട്ടും
പ്രഭാതങ്ങൾ
നീർത്താമരയിലയിൽ
നിറഞ്ഞുതുളുമ്പും മഴ..
തുടർക്കഥയുടെയവസാനതാളുകളിൽ
വിരലുകളിൽ മുദ്രകുത്തിയ
ചോദ്യചിഹ്നങ്ങളെ
കടന്നെത്തും വിധിയുടെ
മഴതുള്ളികളിലൊഴുകിമാഞ്ഞില്ലാതെയായ
വിസ്മയചിഹ്നങ്ങൾ...

അശാന്തിപർവം

ആരവങ്ങൾക്കൊടുവിലെ
അന്തിമശാന്തിയിലൊരക്ഷരം
തെറ്റിയ മൗനമേ
ഉദയസൂര്യന്റെ,
അഗ്നിപർവതങ്ങളുടെ,
ഭൂഖണ്ഡചെരിവിലുലഞ്ഞ
അസ്വസ്ഥനിമിഷങ്ങളെ
എത്ര വേഗം മറന്നിരിക്കുന്നു
ഈ ചെറിയ വലിയ ലോകം.
ഉപവസിക്കും
തപോവനങ്ങളെ
ഇന്നു കാണ്മാനേയില്ല...

അതൃപ്തർ രാജ്ഘട്ടങ്ങളേറുന്നു,
രാജസിംഹാസനങ്ങളുടെ
ഇളകുന്ന താൽക്കാലിക

വസതികളാകുലപ്പെടുന്നു....
നേർമ്മയേറിയ വൽക്കലവുമായ്
സത്യമെന്നേ വാനപ്രസ്ഥം
ചെയ്തിരിക്കുന്നു...
അന്യായങ്ങളുടെ അഴിക്കൂടുകൾക്കരികിൽ
അശാന്തിപർവങ്ങൾക്കരികിൽ
നീതിതേടി
ഉപവസിക്കുന്നുവോ ഈ ലോകം??
വൈദ്യുതദീപങ്ങൾക്കരികിൽ
മൺവിളക്കുമായ് നീങ്ങുന്നുവോ
പുതിയ യുഗം...

Tuesday, June 7, 2011

 പകലിന്റെ പടിവാതിൽക്കൽ

വീക്ഷണകോണിലെ
ഒരു ബാഷ്പകണമോ
ജലം
നിലമുഴും കൈയിലെ
തരിശോ ഗോപുരമുകളിലെ
വിവേകം
യശസ്സ് നഷ്ടപ്പെടുത്തും
നിലനില്പിലേയ്ക്കുള്ള
കുതിപ്പോ സമൃദ്ധി
ഇഴപിരിയും കസവുനൂലുകളിലെ
കത്തുന്ന ഗന്ധമോ മാറ്റ്
ശിരസ്സുയർത്തി നിൽക്കും
അന്തരംഗമോ അഹം
പണിതുയർത്തിയ
കൽസ്തൂപങ്ങൾക്കിടയിൽ

കോടി പുതച്ചുറങ്ങും
അവസാനശ്വാസമോ
നിത്യനിദ്ര....

വന്യമാം നിഴലുകൾ
പകുത്തുടയ്ക്കും ലോകമേ!
പകലിന്റെ പടിവാതിൽക്കൽ
വിളക്കുമായ് നിൽക്കുന്നതെന്തിനായ്??

Monday, June 6, 2011

പെയ്തൊഴിയും വരെ

ദുർഗമമീ മാർഗം..
പ്രകാശത്തിന്റെ ഒരംശം
കൈയിലെ മൺവിളക്കിൽ
സുരക്ഷിതത്വം തേടുമ്പോൾ
നക്ഷത്രങ്ങളെ നിങ്ങൾ വരുവിൻ
ചുറ്റുവിളക്കുകൾ തെളിക്കുവിൻ
വിലങ്ങുകൾക്കതീതമായ
ആകാശമേ!
വാതിലുകളിലുടക്കിക്കിടക്കും
ഒളിമിഴികളെ നീയും കാണുന്നുവല്ലോ
സ്വർഗസന്ധ്യയുടെ നീൾമിഴിയിലെ
ഒരുതുള്ളി മഴനീർക്കണമുടഞ്ഞുയർന്ന
സമുദ്രം കാണാകുന്നുവല്ലോ മുന്നിൽ
ദുർഗമമീ മാർഗമെങ്കിലും
കൈതുഴയേറ്റും മനസ്സിനൊരു
ലഘുത്വം.....
നിയന്ത്രണാതീതമായതെന്തോ
ആകർഷീണയമായ
ആന്ദോളനങ്ങളിൽ സ്വരങ്ങളായ്,
അമൃതവർഷിണിയായ് പെയ്യുന്നുവല്ലോ
കൃഷ്ണപക്ഷത്തിലെ അഴിമുഖത്തിലൂടെ
അനേകകാതം നടന്നു തളർന്ന
മനസ്സേ!
നക്ഷത്രങ്ങൾ മിന്നുമീ സന്ധ്യയിൽ
കണ്ടുകൊണ്ടേയിരിക്കാം
സ്മൃതിവിസ്മൃതികളുറയും
കാർമേഘാവൃതമായ ആകാശത്തെ..

ദുർഗമമീ മാർഗം
പെയ്തൊഴിയും വരെ...
സ്വപ്നങ്ങൾക്കരികിലൂടെ


നിലാവിൻ പൂഴിമണലിലൂടെ
സ്വപ്നങ്ങൾക്കരികിലൂടെ
നടന്നുപോയ ശിരോപടമൂർന്നുവീണ
യുഗമേ!
ഇന്നിപ്പോൾ
തൂവൽസ്പർശമായ്
സ്വപ്നലോകത്തിലേയ്ക്ക്

മനോഹരമായ ഒരു കാവ്യസർഗം
മെല്ലെ മെല്ലെ പദം വച്ചുവരുന്നുവല്ലോ
അതിന്റെയോരോയിതളിലും
ദേവദാരുക്കളുടെ
സുഗന്ധവും, നിർമമമായ
തപോവനശാന്തിയും.
സ്വപ്നങ്ങളുടെ രൂപവും ഭാവവും

തിരിക്കില്ലാതെ, തീരാവ്യഥയില്ലാതെ
നേർത്തൊരു കസവുനേരിയതായി
ഹൃദയത്തെ ആവരണം ചെയ്യുമ്പോൾ
വാതിൽപ്പാളികൾക്കരികിൽ
മുഖം കുനിച്ചു നിൽക്കും

മൂടുപടമിട്ട മുഖമേ
നിങ്ങളാരെങ്കിലുമാവട്ടെ
ആകർഷിണീയമായ ഭൂമിയുടെ
കാവ്യസ്വപ്നങ്ങൾക്ക്

നിങ്ങളിനിയും
ചെയ്യാനിരിക്കുന്ന
നിഴൽയുദ്ധങ്ങളെ
അറിയണമെന്നൊരാഗ്രഹവും
ഇല്ലാതായിതീർന്നുവല്ലോ..

Sunday, June 5, 2011

സായന്തനം
ഭയലേശമില്ലാതെ
അപരാഹ്നത്തിൽ വിരിയും
പൂവുകൾ ഉഷ:സന്ധ്യയുടെ
അനിഷേധ്യതയ്ക്കൊരു
മറുകുറിപ്പെഴുതിയിട്ടു
കുലീനസന്ധ്യയുടെ
മൺവിളക്കിനരികിൽ
മഴകാത്തിരുന്നു ഗ്രാമം
നിറുകയിൽ നിത്യപൂജയുടെ
തുളസീതീർഥം തൂവി
പുറത്തേയ്ക്കുവരും
ശീവേലിവിളക്കുകൾ
കുളിർകാറ്റിനോടൊപ്പം
ചാഞ്ചാടിക്കൊണ്ടേയിരുന്നു
മുറജപമണ്ഡപവും കടന്നു
നടന്നുനീങ്ങിയ
ഭൂമിയുടെയരികിൽ
സന്ധ്യാപൂജയ്ക്കൊരുപിടി
പൂചോദിച്ചുനിന്നു ദേവഗണം
ഗ്രീഷ്മകാലമേഘങ്ങൾ
മാഞ്ഞുപോയ തീരങ്ങളിൽ
മഴതുള്ളികളോടൊപ്പം
ഞാറ്റുവേലക്കിളികൾ
പാടാനാരംഭിച്ചു....

Friday, June 3, 2011

മഴക്കാലരാഗം

ചായം പൂശിയ പുതിയ
ചുമരിനപ്പുറം
അനന്തമായ കടലായിരുന്നു
അകലെ ദേവലോകം
ദേവദുന്ദുഭിയിലുണരുമ്പോൾ
വീണയിലെ തന്ത്രികളും
മെല്ലെ ചലിക്കുവാൻ തുടങ്ങി
നിഴൽഘടികാരങ്ങൾ
മുകിൽതുടിയിലുലഞ്ഞ നേരം
അക്ഷരകാലം തെറ്റിയ ഒരു സ്വരം
ലയം തേടിയരികിലേയ്ക്കു വന്നു

ചരൽക്കൂനകളിലെ
മൺതരികൾക്കിടയിൽ
കാലം തിരഞ്ഞു
ഒരിത്തിരി ദൈന്യം,
ഒരു തുടം കണ്ണുനീർ
സ്മൃതിയിലൊരു
വിസ്മയതുമ്പിലേറി
ചിത്രശലഭങ്ങൾ
ചിറകുനീർത്തിയെത്തും
പിച്ചകപ്പൂവുകൾക്കരികിൽ
മഴ പെയ്തൊഴിയുമ്പോൾ
മനസ്സിലുണർന്നു
ഒരു മഴക്കാലരാഗം...

Thursday, June 2, 2011

മഴക്കാലം

മഴപെയ്യും നേരമോ
എന്റെ മനസ്സും ശാന്തമാകുന്നത്
ആരവങ്ങളിലലങ്കോലപ്പെട്ട
ഭൂമണ്ഡപങ്ങളെയൊന്നു
ശുദ്ധിചെയ്യാൻ
ഞാനീ മഴയെ കാത്തിരിക്കുന്നു
വ്യോമമുടിയിൽ നിന്നും
മുത്തുപോലെയൊഴുകും മഴതുള്ളികൾ
തളിരിലതുമ്പിലൂടെ കൈയിലേറ്റി
നെയ്യാമ്പൽക്കുളങ്ങൾക്കരികിലിരുന്ന്
കാണും ഗ്രാമഭൂമിയുടെ
ശിരസ്സിൽ തണലേറ്റും
അരയാൽത്തറയിൽ
പണ്ടെങ്ങോ വിസ്മൃതിയിൽ
നിന്നുണർന്നുവന്ന
ഒരു ഗാനം കേൾക്കുന്നു
അതിനരികിലായിരുന്നുവോ
ഞാനുണർവിന്റെ മഴക്കാലങ്ങൾ
കണ്ടത്....
അഭിനയപ്പുരകൾ

അനിവാര്യമായ
ഒന്നായിരുന്നില്ല
അതിർലംഘനം
എങ്കിലും നീയതു ചെയ്തു
ആക്രമണശൈലിയിൽ..
ചുവന്നതടാകങ്ങളിൽ മുങ്ങി
ശ്വാസനിശ്വാസം നഷ്ടമായ
നിനക്ക് മഷിപ്പാടിന്റെ
അതീവദയാവായ്പിൽ
ശിരസ്സുയർത്താനായി
എന്നിട്ടും പ്രദർശനപ്പുരകളേറി
നീയഭിനയിക്കുന്നതു കാണുമ്പോൾ
അതീവമായ അതിശയമനുഭവപ്പെടുന്നു.

മിഥ്യയുടെ ആവരണമേ!
ലോകം നിനക്ക് ഒരഭിനയപ്പുര..
മുഖത്തെ ചായം തുടച്ചുമാറ്റുമ്പോൾ
നിന്റെയുള്ളിലെ മനുഷ്യൻ നിന്നോടു
ചോദിച്ചേയ്ക്കും
ഇന്നത്തെ അഭിനയം എങ്ങനെ??
'അതിശയകരം'
ചിരിച്ചു കൊണ്ടു നീയും മറുപടി
പറഞ്ഞേക്കാം..

Wednesday, June 1, 2011

നേർമൊഴികൾ
 ആകാശമേ!
വ്യാപ്തമായ നിന്റെ അസ്പർശതയിൽ
അനന്തകോടി ജന്മനെടുവീർപ്പുകൾ
വിസ്മൃതിയുടെ ദൃശ്യകാവ്യങ്ങളായ്
താഴെ മുകിലുകൾ..
അടച്ചുപൂട്ടിയ താഴുകളിലുടക്കി
വലിക്കുന്ന അക്ഷരലിപികൾ.
മേൽക്കോയ്മ തേടും
അസംസ്കൃതരൂപങ്ങളിലൊഴുകിമായും
യഥാർഥ മഹത്വം.
പിഞ്ഞിക്കീറിയ ശിരോവസ്ത്രം
തുന്നിക്കൂട്ടി പ്രദർശനത്തിനിരിക്കും
പതാകകൾ.
അഥിതിമുറിയിൽ കുലീനതയഭിനയിക്കുന്ന
സ്നേഹത്തെ മുതൽക്കൂട്ടുന്ന
വിനിമയചാതുര്യം.
കാരാഗൃഹങ്ങൾക്കുള്ളിലും
നേരിനെ സ്നേഹിക്കുന്ന

നിർഭയത്വം.
ആകാശമേ!
അനന്യമായ നിന്റെ അസ്പർശ്യതയിൽ
ഭൂമിപണിതിടട്ടെ
സുരക്ഷിതമായ ഒരു മേൽക്കൂര
സാഗരങ്ങൾ ശ്രുതിയിടുമ്പോൾ
ആ മേൽക്കൂരയിൽ മുഴങ്ങട്ടെ
സംഗീതം....
ശരത്ക്കാലവർണങ്ങൾ

സഹസ്രകവചങ്ങളും
സഹസ്രജന്മദുരിതവും
രണ്ടുകൈയിലുമേന്തിയാണവൻ
വന്നത്
രണ്ടും ഭൂമിയുടെ ശിരസ്സിലേയ്ക്കെറിഞ്ഞ്
പുഴയും കടന്നുനീങ്ങുമ്പോൾ
മേഘസന്ദേശങ്ങളിൽ
ശാന്തിഗീതങ്ങളുണ്ടായിരുന്നുമില്ല
പകച്ചുരുളുകൾ പോലെ
പുകയുയർന്ന
പ്രഭാതങ്ങളിൽ വിരലുകളിലെ
വാക്കുകൾ ഗർജ്ജിക്കുന്നുണ്ടായിരുന്നു
തണുത്ത ശൈത്യക്കൂടിലെ
മഞ്ഞിൽ പോലും
അഗ്നിവീണിരുന്നു
പാതകൾക്കിരുവശവും വീണ
തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കായില്ല
പ്രശാന്തമായ ഒരു വസന്തത്തെയുണർത്താൻ
അപ്പോഴേയ്ക്കും ആയുഷ്ക്കാലത്തിന്റെ
അവസാനമിടിപ്പിൽ

 ശരത്ക്കാലവർണങ്ങൾ
പടർന്നിരുന്നു....