Monday, April 2, 2012


മൊഴി 


കവിതവിരിയും
പവിഴമല്ലികളിൽ
മഴ വീണുടയുമ്പോൾ
ഹൃദ്സ്പന്ദനത്തിലൊരു
തുടിയിട്ടു പ്രപഞ്ചം


തുന്നിക്കെട്ടിയ ദിനങ്ങളിൽ
നിന്നിറ്റുവീണ
മുത്തുകൾ ചുറ്റിയരികിലൊരു
കാവ്യമായുണരും ഗ്രാമമേ
ആകാശത്തിന്റെയടർന്ന തുണ്ടിലോ
അരയാലുകൾ 
നിഴൽ നെയ്തെടുത്തത്


കരിഞ്ഞ മുറിവിലിറ്റിക്കും
മഷിതുള്ളികൾ
ഒരു നാളുണർത്തിയ
ആരവമിന്നൊരു
ദയനീയദൈന്യമായ്
മാഞ്ഞുതീരുന്നുവോ


അകത്തളത്തിൽ
തുളസീമന്ത്രം ചൊല്ലി
വിളക്ക് തെളിയിക്കും
സന്ധ്യയിൽ
ജപമാലയിലുടഞ്ഞ
മുത്തിൻ തരികൾ  
വിരലിൽ 
നോവുണർത്തിയിരുന്നുവോനീർത്തിയിട്ട സന്ധ്യയുടെ
പുൽപ്പായയിലൊരുനാളിലെഴുതിയ
കവിതയിലൂടെ  പടിപ്പുരയിലിരുന്നു
കണ്ടലോകമേ
വിരലിലെയക്ഷരങ്ങളിൽ
നക്ഷത്രങ്ങൾ വിരിയുന്നത്
സന്ധ്യാവിളക്കിൽ പ്രകാശത്തിൽ
കാണാനാവുന്നു
No comments:

Post a Comment