Sunday, November 20, 2011

വൈരുദ്ധ്യം
ആയിരമായിരം
നക്ഷത്രങ്ങളാലലംകൃതമാകാശം
അവിടെയോ മഷിയിറ്റിക്കും
അച്ചടിക്കൂടുകളിലൂടെ നടന്നുനീങ്ങും
അക്ഷരലിപികളുടെയധിനിവാസം
എഴുതിയിടുന്നതെന്തെന്നറിയാതെ
വന്നുനിറയുന്നവ..
ഒന്നിൽ നിന്നടുത്തതിലേയ്ക്ക്
തലങ്ങും വിലങ്ങുമോടും
അനന്തകോടി ജന്മവൈരുദ്ധ്യങ്ങൾ
തണുപ്പാർന്നൊരാഗ്രഹായനത്തിൽ
സായാഹ്നമെഴുതിയൊരടിക്കുറിപ്പിനരികിലൂടെ
ജയചിഹ്നങ്ങൾ ചൂടി
പരാജിതനെപ്പോലെ നടന്നുനീങ്ങിയത്
നീയായിരുന്നുവോ?
ആകാശവാതിലിനരികിലെ
ദൈവമേകിയ രഹസ്യത്തിലും
ആ  ധ്വനിയായിരുന്നുവല്ലോ?


ശരത്ക്കാലമേ!
മൽസരങ്ങളുടെയിലത്താളമുലയുന്നു
എത്ര ശബ്ദഘോഷമാണവിടെയെന്നുമറിയുക
അതിനിടയിലെത്ര നാൾ
നമുക്കീ വീണയിൽ 
മന്ത്രസ്വരമുണർത്താനാവും..

No comments:

Post a Comment