Tuesday, March 13, 2012


മൊഴി


ഇടവേളയുടെ
മാഞ്ഞുതുടങ്ങിയ
ശൂന്യമണ്ഡലത്തിൽ
ആകാശം തെളിയിച്ചു
നക്ഷത്രദീപങ്ങൾ...


പടയേറ്റിവന്ന
അക്ഷൗഹണികൾക്കരികിൽ
വ്യതിചലനമില്ലാതെയൊഴുകി
ഭൂമിയുടെ
ഹൃദ്സ്പന്ദങ്ങൾ...


വലയങ്ങളുടെ
മുൾപ്പാടിലുടക്കിക്കീറിയ
ഉപഗ്രഹമിഴിയിൽ
നിന്നൊഴുകി അമാവാസിയുടെ
അധികക്കറുപ്പ്..


ചിപ്പികളിൽ
സമുദ്രമെഴുതിയ കവിതയും
കാറ്റിൻ ശ്രുതിയും നിറയും
പ്രഭാതത്തിൽ
തിരയേറ്റിയ
മൺ തരിയിൽ ഒഴുകിമാഞ്ഞ
ഋതുക്കളുടെ ദൈന്യം തേടി 
കുലം...


ചിറകെട്ടാനാവാതെ
കടലൊഴുകിയ മഴയിൽ,
കാറ്റാടിമരങ്ങൾക്കരികിൽ,
ദർപ്പണങ്ങളുടഞ്ഞ്
പ്രതിബിംബങ്ങൾ മാഞ്ഞ
പ്രദിക്ഷണവഴിയിൽ
അക്ഷരങ്ങളുടെ
സ്വയം പ്രകാശിതമാം 
പ്രദീപ്തദീപങ്ങളുണർന്നു....

No comments:

Post a Comment