Tuesday, May 31, 2011

വിടവുകൾ

രാശിപ്രമാണം തെറ്റിയ
ശ്രീകോവിലിന്റെ പശ്ചിമദിക്കിൽ
വറ്റിയ പുഴയുടെ മണ്ണിൽകുതിർന്ന
നീർച്ചാലുകളൊഴുകുമ്പോൾ
സാമ്രാജ്യത്തിന്റെ പൊൻതുണ്ടുകളാൽ
പകുത്ത ആകാശത്തിന്റെ വിടവിലൂടെ
ഗംഗയൊഴുകുന്നുണ്ടായിരുന്നു
ശിലാതൈലങ്ങളിലെ
അഗ്നിയുമായ് വന്ന ആകസ്മികത
നക്ഷത്രങ്ങളുടെ പ്രദീപ്തമിഴികൾക്കരികിൽ
സ്ഥാനം തെറ്റി വീണപ്പോൾ
പർവതഗുഹയിൽ വചനം മറന്ന മൗനം
നിഷിപ്തഭാണ്ഡങ്ങളുടെ കലവറയിൽ
നിന്നും വീണ്ടുമൊരു വിശ്വസിനീയമായ
മൂടുപടമെടുത്തണിഞ്ഞു
ആകാശത്തിന്റെ വിടവുകളിലെ
ഗംഗയപ്പോഴേയ്ക്കുമുറഞ്ഞുമാഞ്ഞിരുന്നു
പ്രായശ്ചിത്തങ്ങളില്ലാത്ത തെറ്റുകൾ
പുഴയുടെയോളങ്ങളിലൊഴുകിനീങ്ങി...

No comments:

Post a Comment