Sunday, January 8, 2012


മൊഴി
അകവും പുറവും മൂടിയ
അയഥാർഥ്യമരികിൽ..
ആകാശത്തിനരികുകൾ
കൽച്ചീളിലുടക്കികീറുന്നു
ജീവൻ തേടിയലയുന്നു
ജന്മഗ്രഹങ്ങൾ....
ഭൂമി സ്വപ്നാടനത്തിൽ 
നിന്നുണർന്നെഴുതുന്നു
പദം..
ഗദ്യം..
കാവ്യം..
നടന്നുതീരാത്തൊരു
വ്യാഴപഥം പോലെ
ഇളകിവീണകൽക്കെട്ടിൻ
മൺതരി പോലെ
മഷിതുള്ളികൾ 
കഥ തേടുന്നു,
കഥ മെനയുന്നു,
കഥയുടെയാത്മാംശത്തെയടർത്തിയൊരു
മേഘധൂളിയായ് മായ്ക്കുന്നു
ധൂപപാത്രങ്ങളിൽ നിറക്കാമല്പം
കനൽ..
പിന്നെയങ്ങിങ്ങു ചിതറിയ
ലോകത്തിന്റെയൊരുതുണ്ടിലെഴുതിയിടാം
കാണാനായ ലോകമേ
ഇത്രയ്ക്ക് വന്യമാമൊരുയുള്ളറയെ
എത്ര വിദഗ്ധമായ് ആവരണങ്ങളിൽ
നീയൊളിപ്പിച്ചു...
സംവൽസരങ്ങളിൽ
മേഘചിറ്റുകളിൽ
മഴതുള്ളികളിൽ
എവിടെ മായ്ക്കും
ഉടഞ്ഞ ലോകത്തിനറ്റുപോയ
കണികൾ..
ഒഴുകട്ടെ കടൽ മുന്നിൽ
തിരയേറി മാഞ്ഞ തീരങ്ങളിൽ
കഥകകൾ നിറയട്ടെ...
ചില്ലുചഷകങ്ങളിലുറഞ്ഞ
ലോകത്തെ കണ്ടുകണ്ടതിശയഭാവം
നഷ്ടമായ മനസ്സിൽ നിറയട്ടെ
മഴക്കാലസായാഹ്നത്തിൻ
തളിരിലയിൽ തുളുമ്പുമൊരു
കവിത...

No comments:

Post a Comment