Wednesday, January 25, 2012


ചന്ദനമരത്തണലിൽ


ചന്ദനമരത്തണലിൽ
ഒരു നക്ഷത്രക്കവിതയുടെ
സ്വപ്നവുമായിരുന്നപ്പോഴായിരുന്നു
പുഴയോരത്തവൻ പൂക്കൾ 
തൂവിയത്
പതിഞ്ഞ കാലടികളാൽ
ശബ്ദമുണ്ടാക്കാതെ
ആവരണങ്ങളുടെ 
കനത്ത മറക്കുടയാൽ
ആത്മാവിനെയും മൂടി
നിറഞ്ഞ പൂവുകൾ
ഉണങ്ങുകയും കരിയുകയും
പുഴയോരത്ത് നിറയുകയും ചെയ്തിരിക്കാം
അന്നും ചന്ദനമരത്തണലിൽ
അക്ഷരങ്ങളുരുക്കിയൊരു
സ്വപ്നം നെയ്യുകയായിരുന്നു
ഭൂമി..


ഋതുക്കൾ നീങ്ങിയ വഴിയിൽ 
പുഴയോരത്തെയാരവം കേട്ട്
മെല്ലെ ശിരസ്സുയർത്തിയപ്പോഴാവും
ദു:സ്പനങ്ങളുടെ ഭാണ്ഡവുമായ്
മുന്നിലവനെ കാണാനായത്
ഒരോ ദു:സ്വപ്നവും വീണുടയും
ശബ്ദം കേൾക്കാനെന്നപോൽ
അവനോരോന്നായി
കൽക്കെട്ടിലേയ്ക്കെറിയുന്നതു കണ്ടു..
എന്തേയിങ്ങെനെയെന്നാലോചിച്ച്
മിഴിയിലെ നക്ഷത്രങ്ങളുമന്നസ്വസ്ഥമായിരിക്കും
പിന്നെയതൊരു കരുതിക്കൂട്ടിചെയ്യും
കോലാഹലം പോലെ തോന്നി


ചന്ദനമരത്തണലിൽ 
നിന്നെഴുനേറ്റുനോൽക്കുമ്പോൾ
ഉണങ്ങിക്കരിഞ്ഞ പൂവുകളുടെയരികിൽ
ഉറഞ്ഞുതുള്ളും ദു:സ്വപനങ്ങളുമുണ്ടായിരുന്നു
പിന്നെയതൊരു ദൈനംദിന നാടകശീലുപോലെ
മഷിതുള്ളികളിലിഞ്ഞു പുഴയോരത്തോടിക്കളിച്ചു
ഭൂമിയോരോ ദിനാന്ത്യത്തിലും
ചന്ദനസുഗന്ധവുമായെരിഞ്ഞ 
സ്വപ്നങ്ങളെയൊരു ശംഖിലൊതുക്കി,
ദു:സ്വപ്നങ്ങളുടെ കൂടുകൾ
മൺ തരികളിൽ മൂടി..


ഒടുവിലൊടുവിൽ ചന്ദനമരവും കത്തിയെരിഞ്ഞപ്പോൾ
അവൻ സമാധാനത്തോടെ തിരികെപ്പോയി..
സ്വപ്നസർഗങ്ങളെ ഭൂമിയിരുകൈയിലുമെടുത്ത്
ഒരു ശംഖിലെ കടലിന്റെ കവിതയിൽ
ലയിപ്പിച്ചു...




No comments:

Post a Comment