Thursday, January 12, 2012


മാപ്പുസാക്ഷികൾ


മാപ്പേകണമെന്ന ആവശ്യവുമായ്
ഒരു മുഖമരികിൽ 
ആ മുഖത്തിൻ  മുഖാവരണത്തിനാവശ്യം
ശരശയ്യയിലേയ്ക്കൊരസ്ത്രം..
സ്വയമെയ്താലാൾക്കൂട്ടമറിയും
അതിനാലുദ്ധ്യാനവാതിലേറിയിറ്റിക്കുന്നു
അലോരസം..
കണ്ടുമടുത്തൊരിതിഹാസത്തിൻ
ആവർത്തനകാണ്ഡം...


മാപ്പേകേണ്ടതെന്തിനെന്ന്  പറഞ്ഞാലും...
സംവൽസരങ്ങളുടെ ദൈന്യത്തോടോ,
സങ്കീർത്തനത്തിലിറ്റിച്ച
അയഥാർഥത്തോടോ,
ആൾക്കൂട്ടത്തിലേയ്ക്കെറിഞ്ഞ
ഭൂമിയുടെയാത്മാവിനോടോ,
നിളയിൽ തുടങ്ങി എബ്രോയിലൊടുക്കിയ
പ്രതികാരത്തോടോ,
സൂത്രധാരന്മാരുടെയനശ്വരകാവ്യങ്ങളോടോ,
ഉൽകൃഷ്ടതയിലെയക്ഷരതെറ്റുകളോടോ,
തിരിഞ്ഞുനടന്ന ഋതുക്കളെ
പിന്നാലെയത്തിയുലച്ചാഹ്ലാദിച്ച
മഷിതുള്ളികളോടോ,
ഉദ്യാനങ്ങളിലെ പൂവുകൾക്കരികിലും
വാദ്യോപകരണങ്ങൾക്കരികിലും
മനസ്സിന്റെ കറുപ്പാൽ പൊതിഞ്ഞ
മുഖാവരണങ്ങളുമായ് വന്ന് 
ദുസ്വപ്നനത്തിൻ ലോകം വരച്ചിട്ട
മനുഷ്യത്വത്തിനധ:കൃത
ഭാവവിശേഷങ്ങളോടോ


ശരിതന്നെ
ഇവിടെ നിയമങ്ങൾക്കും
ചാതുർവർണ്യം…
പണപ്പെട്ടിയിൽ മുങ്ങിയ ചേലയ്ക്കെന്തു
പകിട്ട്....
അന്ധരും ബധിരരും നിറയട്ടെയീലോകത്തിൽ
പിന്നെയവർക്കൊരു രാജാവും..
കിരീടം സൂക്ഷിച്ചാലും…
പടനായകരെയും കണ്ടിരിക്കുന്നു
അവരുടെ ശൈലിയുമിന്നറിയാം..
മുഖത്തിലൊരു പൂവ്..
മുഖാവരണത്തിലൊരസ്ത്രം..
അതറിയാനല്പം വൈകി..
അതിനുമിരിക്കട്ടെ
ഒരു മാപ്പുസാക്ഷി..


ചോദിക്കുന്നു ഒരിക്കൽ കൂടി
മാപ്പേകേണ്ടതെന്തിനെന്ന് 
പറഞ്ഞാലും

No comments:

Post a Comment