Sunday, January 29, 2012



മൊഴി


കൽക്കെട്ടിനരികിലിരുന്ന്
കണ്ട ഗ്രാമത്തിനരികിൽ
ഒരു ലോകം..
സോപാനത്തിലെയിടയ്ക്കയുടെ
ശ്രുതിയിലുണരും കവിത
ഹൃദ്സ്പന്ദനങ്ങൾ....


നിമിഷങ്ങളുടെ പുസ്തകത്തിൽ
ദിശതെറ്റി അങ്ങോട്ടുമിങ്ങോട്ടുമാടും
ഘടികാരപെൻഡുലങ്ങൾ...


ഭ്രമണപഥത്തിലടർന്ന
മൺ തരിയിൽ,
മാറും ഋതുക്കളിൽ
സത്യം തേടും പ്രപഞ്ചം...


ഗോപുരങ്ങളിൽ 
വർഷോത്സവപ്പെരുമയുടെ 
പ്രാചീനതയുമായ് 
നിശ്ചലം നിൽക്കും 
തേരുകൾ...
ഉടഞ്ഞ ചില്ലുകൂടിനരികിൽ
കണ്ട സമുദ്രതീരത്ത് 
ദിശ തെറ്റിയ മഹായാനങ്ങൾ..


മിഴിതുറക്കുമ്പോൾ മുന്നിൽ
സംവൽസരങ്ങൾ ചിതയിലേറ്റിയ
സങ്കീർണ്ണമാമൊരു 
പുകയും ഭാരം


ജപമാലകളിലിറ്റുവീഴും
മന്ത്രാക്ഷരങ്ങൾ
അതിനരികിൽ
ആധുനികയന്ത്രങ്ങളുടെ
ഗതിവേഗം


ഘനീഭവിക്കാനാവാതെ
വിരൽതുമ്പിലൊഴുകും
ഉൾക്കടലിനരികിൽ
തിരയേറ്റത്തിലുലയും തീരം..



പ്രഭാതത്തിലെ തണുത്ത
കാറ്റിൻ മർമ്മരം
ഇലച്ചീന്തിലിറ്റുവീഴും
ചന്ദനസുഗന്ധം
ഓട്ടുവിളക്കിൽ ഗ്രാമമെഴുതും
നുറുങ്ങു വെട്ടം..



No comments:

Post a Comment