Thursday, January 26, 2012


ഹൃദ്സ്പന്ദനങ്ങൾ


ഒരിക്കൽ വിരൽതുമ്പിലൂടെയൊഴുകി
ഹൃദ്സ്പന്ദനങ്ങളിലലിഞ്ഞൊരക്ഷരങ്ങൾ
പല ഋതുക്കളും വർണ്ണം മാറിയ വഴിയിലും
ഹൃദയത്തോടു ചേർന്നിരുന്നു


ആവരണങ്ങളിലൊഴുകി
തീരത്തെത്തിയത്
അനശ്ചിതത്വത്തിൻ
തിരപ്പൊട്ടുകൾ


കുപ്പിവളകൾ പോലെയുടഞ്ഞ
സ്വരങ്ങളുരുക്കിയ
രാഗമാലികയിൽ
നിന്നൊഴുകി ഭൂമിയുടെ
ഹൃദ്സ്പന്ദനം


എഴുതിതീർന്നെന്നുകരുതിയ
ഛായാപടങ്ങൾക്കരികിൽ
മേഘങ്ങളൊഴുക്കീ  
ഇത്തിരി മഷി... 


ഇന്നലെയുടെ തിരശ്ശീലയ്ക്കരികിൽ
കരിന്തിരി കത്തിയ വിളക്ക്
തേച്ചുമിനുക്കി ഭൂമിയതിലൊരു
സന്ധ്യാദീപം തെളിയിച്ചു..


ആൾക്കൂട്ടത്തിനാരവത്തിനിടയിൽ
കടലുമൊഴുകി
നിർത്തുള്ളികളിലുപ്പു നീറ്റി
ശംഖിലൊരിരമ്പമായി..


ആകാശത്തിനരികിലെ
പ്രകമ്പനലയം മാഞ്ഞ
തുലാവർഷത്തിനിപ്പുറം
ഭൂവർണം ചുറ്റിയ 
ശരത്ക്കാലത്തിനരികിൽ
പതാകയേന്തിയ
വിപ്ലവത്തിനുടുക്ക്പാട്ടുമുയർന്നു...


ശാന്തിനികേതനത്തിനരികിൽ
അശാന്തമായ വിവർത്തനം
പോലെയൊഴുകി
മാതൃരാജ്യഭൂവിൻ 
പകർത്തെഴുത്തുകൾ..


മുനമ്പിലെ സന്ധ്യയ്ക്കരികിൽ
ജപമാലയുമായിരുന്നു
യഥാർഥ വിവേകം
ഹൃദയതന്ത്രികളിൽ സമുദ്രം
സിന്ധുഭൈരവിയെഴുതി..


No comments:

Post a Comment