Thursday, January 5, 2012


കാലം തെറ്റിയോടിയ ഒരു ഋതുവിൽ
ഒരിക്കൽ കരുതി
ഓർമ്മകൾ മഞ്ഞിലുറഞ്ഞുതീരുമെന്ന്..
ഉറഞ്ഞുമാഞ്ഞുതീരും 
മുൻപേയാചില്ലയിലക്കൂട്ടുകൾ
ജാലകവാതിലിൻ വിടവിലിറ്റിച്ചുവോ 
മേഘമുറിവുകൾ
കാലം തെറ്റിയോടിയ ഒരു ഋതുവിൽ
നിഴൽപ്പൊട്ടുകളിലുടക്കി
നീർത്തിയിട്ട ചരിത്രതിളക്കം
മങ്ങിയിരിക്കുന്നു..
നിലാവുമങ്ങിയ ഗ്രീക്ഷ്മപക്ഷത്തിനരികിൽ
മഴക്കാടിൻ മഴതുള്ളികളെ മായ്ക്കാൻ
അസ്ത്രങ്ങളുമായിരുന്നൊരാവനാഴികൾ
അതിനരികിലനശ്ചിതത്വത്തിനരുളപ്പാടുമായ്
സമയം തെറ്റിയോടിയ പെൻഡുലങ്ങൾ..


എഴുതിതൂത്തുതൂത്തുവീണ്ടുമെഴുതും
വെൺചുമരുകളിൽ വീണ്ടും പതിയുന്നു
മുദ്രകൾ..
ഓർമ്മപ്പെടുത്തലുകൾ...
മേൽവിലാസം തെറ്റിയ വഴിയിൽ
ജാലകവിടവിലൂടെയാരോയെഴുതിയിടുന്നു
തപാൽ മുദ്രപതിയാത്ത
ഓർമ്മപ്പെടുത്തലുകൾ..
മറക്കേണ്ടതെന്താണാവോ??
മൗനത്തിന്റെ ഭാഷതെറ്റിയ
മഹാകാവ്യങ്ങൾ...
മുറിവിലിറ്റിച്ച മരുന്നുതുള്ളികൾ..
മുൾവേലികൾ..
വിരലിലുരുമ്മമക്ഷരങ്ങൾ..
വാതിലിനരികിലിന്നുമിരിക്കും
പ്രതിനിധരാജ്യത്തിനരാജകഭാവം...


ആരാണോർമ്മകളെ തട്ടിതൂവി
മുന്നിലേയ്ക്കെറിയുന്നത്
ആവനാഴിയിലിനിയുമെത്രയസ്ത്രങ്ങൾ..
എണ്ണിയെണ്ണിതീർന്നവ ശരശയ്യയിൽ..
മുറിഞ്ഞ ചില്ലകളുടെ മുറിവുറഞ്ഞ
മഞ്ഞുപുകയിൽ
സംവൽസരങ്ങൾക്കെഴുതാനൊരു
ഭാവനാതീതമാം സങ്കല്പം..
എത്രമനോഹരമീയെഴുത്തുപുരകൾ
പതിഞ്ഞകൊലുസിൻ ധ്വനിപോലെ
ഹൃദ്സപന്ദനങ്ങളിലക്ഷരങ്ങളുടെ
ചില്ലുകൂടുമുടയുന്നുവോ.....

No comments:

Post a Comment