Sunday, January 8, 2012


മഴ
മഴയെന്നിലെഴുതി
കവിത
പഴയ നൗകകളിൽ
പായ്ക്കപ്പലുകളിൽ
പെയ്തൊഴിയും മഴയിലൂടെ
തിളങ്ങും ശരത്ക്കാലം
നെയ്യുമക്ഷരങ്ങളിലൂടെ
ഒരു യാത്ര..
പിന്നിലരയാൽ തണലുണ്ടാവാം
അതിൻ നിഴലുമുണ്ടാവാം
രാവിൻ മറക്കുടയേന്തിവരും
അശ്വത്വാത്മാവിനനുയായികളുണ്ടാവാം..
വിലപേശും ന്യായവിധികളുണ്ടാവാം
അറിവിലഞ്ജതതൂവും
അലങ്കാരങ്ങളുണ്ടാവാം
അകമ്പടിയ്ക്കംഗരക്ഷകരുണ്ടാവാം...
പ്രപഞ്ചമേ ഹരിതാഭമാം
വനങ്ങളിൽ, മരച്ചില്ലകളിൽ 
തൂങ്ങിയാടിയേക്കാം
അനധികൃതയധിനിവേശത്തിൻ
അരുളപ്പാടുകൾ...
അതിലുണർന്നൊരത്ഭുതചിഹ്നങ്ങൾ
ഘോഷയാത്രയുടെയാരവത്തിലമിതവർണ്ണപ്പകിട്ടിൽ
കടലാസുതാളുകൾ
തൂത്തുമായ്ച്ചിരിക്കുന്നു...
മഴയെന്നിലെഴുതി കവിത
പഴയ നൗകകളിൽ
പായ്ക്കപ്പലുകളിൽ
പെയ്തൊഴിയും മഴ
ഒരു സ്വപ്നം..
തുളുമ്പിവീഴുമൊരക്ഷരം
ഒരു കവിത...

No comments:

Post a Comment