Saturday, February 18, 2012


മൊഴി


ചുമരുകൾക്കരികിൽ
ചങ്ങലകിലുക്കം
പഴയൊരോർമ്മയുടെ
മുഴങ്ങും നടുക്കവും


ദൂരെക്കാഴ്ചയിൽ
പലവട്ടം
ചുറ്റിയോടിയ ഒരു മുദ്ര
എത്രമുറിപ്പാടുകൾ
ഒരോ വലയത്തിലും


അവസാനത്തെ
അദ്ധ്യായം മനോഹരമാക്കാൻ
കീറിയെറിഞ്ഞ
ആകാശത്തിന്റെയിതളുകളിൽ
നിന്നൊഴുകി
നക്ഷത്രങ്ങൾ


ശിരോരേഖയിൽ
മരവിക്കുന്നതോർമ്മകളോ
ഋതുക്കളോ


സമാന്തരങ്ങളിലെ
രംഗമണ്ഡപത്തിലിരുന്നു
കാണാനായത്
തരംഗം തീർത്ത
മായാവിഭ്രമം
മനസ്സിൽ നിറയുതനന്തകോടി
യുഗങ്ങളിലൊഴുകിയ
പുരാതനവേദസർഗം


ചില്ലുതരികളിലുടക്കിമുറിഞ്ഞ
വിരലിൽ നിന്നൊഴുകിയ
അക്ഷരങ്ങളിൽ
ശരത്ക്കാലത്തിനഗ്നി


മൃദുവായ സ്വരങ്ങളിൽ
നിന്നറിയാതെയതിദ്രുതത്തിലെത്തിയ
സമുദ്രം


ആകാശം തൂവിയ 
മഴതുള്ളികൾ സൂക്ഷിക്കാനൊരു
കടൽ ശംഖ്

No comments:

Post a Comment