Thursday, February 2, 2012

മൊഴി


പർവതങ്ങൾ
അതിനൊരു പൂവിതളിനെ
പോലും ചലിപ്പിക്കാനാവില്ല
അതിലൊരുതുണ്ടടർന്നുവീണാൽ
പൂവിതളുകൾക്കൊരു കുടീരം
പണിയാനേയതിനാവൂ
മഴയിലെയമൃതുതുള്ളികൾ
വീണ്ടും മൺ തരിയിൽ
പുനർജനിമന്ത്രമാകുമ്പോൾ
വീണ്ടുമാപൂക്കളുണരും
വിടരുമിതളുകളിലൊരു
കാവ്യഭാവവുമായ്...


ഭൂമിയൊരു 
വസന്തകോകിലശ്രുതിയിൽ
ഉണരുമ്പോൾ
പ്രദക്ഷിണവഴിയിൽ നിന്നും
ശൈത്യം മാഞ്ഞുപോയിരുന്നു..


വിരലിലിത്തിരിയഗ്നിയിട്ടതാരോ
മനസ്സിലെ ശാന്തിയിലുമശാന്തിയുടെ
ചിലനേരങ്ങളിലെ മുഴക്കം
കാപ്പിതോട്ടങ്ങളിലെ
പൂവുകളുടെ സുഗന്ധത്തിൽ
പ്രഭാതമെഴുതിയിടും
ആകാശത്തിനുലഞ്ഞതുണ്ടുകളിലെ
അക്ഷരങ്ങൾ


ആദ്യശ്രുതിതെറ്റി
മദ്ധ്യശ്രുതിയിടറി
അനന്തകാലദൈന്യം
സായാഹ്നനിഴൽപ്പാടങ്ങളിൽ


സന്ധ്യയൊരു 
മൺ വിളക്കിൽ തൂവും
നക്ഷത്രങ്ങളുടെ കഥ
അതൊലൊരു നക്ഷത്രം
മിഴിയിലെഴുതിയിടുന്നു
അശോകപ്പൂവിൻ കവിത


ഋണങ്ങൾ തൂവും
ശീവേലിക്കല്ലുകൾക്കരികിൽ
ദ്വാരപാലകർ
അവരും ശിലാരൂപികൾ
എല്ലാമറിയും കൽശിലകൾ..

No comments:

Post a Comment