Sunday, February 12, 2012


മൊഴി

ഉണർന്നുവരും
പൂർവാഹ്നത്തിൻ
ഊഞ്ഞാൽപ്പടിയിലിരുന്നെഴുതിയ
പദങ്ങളായിരുന്നു
ആദ്യകവിത
തിനരികി
വെങ്കലത്തിൽതീർത്ത
പൂട്ടുകൾക്ക് ത്രിശൂലത്തിൻ
ആകൃതി..


മിന്നാമിനുങ്ങുകൾ വിളക്കണച്ച
പകലിനരികിലൂടെ
പാടവരമ്പും കടന്നുനീങ്ങി
നഗരത്തിലേയ്ക്കുള്ള പാത..


കടവുകളിലൂടെ വഞ്ചിതുഴഞ്ഞ്
കായലിലെത്തിയ
നെയ്യാമ്പൽപ്പൂവെഴുതി
ആകാശത്തിനൊരു
കവിത..


ശിശിരമെഴുതിനീങ്ങിയ
പുസ്തകത്താളിൽ
കുടുങ്ങിക്കിടന്നു
ചില്ലുകൂടുതുറക്കാൻ
വൈമനസ്യവുമായൊരു
താക്കോൽക്കൂട്ടം


പാതികരിഞ്ഞയിലകൾപോലെ
അഗ്നിയിറ്റുവീഴും
ഇൻഡസ് ദീപിലെയെരിയും
മൺതരിപോലെ
ശേഷിക്കുന്നു
ആയർ രേഖയുടെ
അനുഭവക്കുറിപ്പുകൾ..


പ്രഭാതങ്ങളിലൂടെ
വെയിൽ നാളമായ് മാറും
ദിനങ്ങളിൽ
നിന്നിത്തിരിയകലെ
കടലുകളുടെ
സംഗമഗാനം
മുനമ്പിനരികിലിരുന്നെഴുതും
ചക്രവാളം..









No comments:

Post a Comment