Thursday, February 23, 2012

മൊഴി


ചുറ്റുവലയങ്ങളാൽ
പരിമിതമാം
ദർപ്പണത്തിനരികിൽ
വേറിട്ടുനിന്നു
ആദിവിദ്യയുടെയക്ഷരചിന്തുകൾ


ശിരോരേഖയിലെ
കറുപ്പുപാടുകളിൽ ചുരുങ്ങിയ 
ലോകമെഴുതിമായ്ച്ചു 
സങ്കല്പങ്ങൾ


കരിന്തിരികത്തിയ
നിലവറയിലെ
ചങ്ങലവലയങ്ങളിറുത്ത്
ആകാശത്തിനരികിലേയ്ക്ക്
യാത്രപോയ മനസ്സിൽ
വിടർന്നു ആകാശനക്ഷത്രങ്ങൾ


ഒരോ ദിനത്തിന്റെയും
പുരോഗമനത്തിൻ താളിൽ
പതാകയിലെ വർണ്ണങ്ങൾ
മായിക്കും സ്വാർഥരാജകലകൾ


അക്ഷരതെറ്റുവീണ 
ഹൃദ്സ്പന്ദനങ്ങൾക്കരികിൽ
ഫാൽഗുനപ്രഭാതം


വിരലിലൊരു വിസ്മയം പോലെ
വിടരും പ്രപഞ്ചത്തിനരരികിൽ
ലോകം പണിതിടുന്നു
പല രൂപത്തിൽ,പലേ ഭാവത്തിൽ
പലേ വർണ്ണത്തിൽ മുദ്രകൾ



അറിയാതെവിട്ടുപോയൊരക്ഷരപ്പിഴവ്
നീർത്തിയതിലൊരു മഹാമേരുവുയുർത്തി
അപായചങ്ങലയിൽചുറ്റി 
ആൾക്കൂട്ടം നടന്നുപോയ വഴിയിലൊരു
ഭൂമൺ തരിയിൽ വിടർന്ന
പവിഴമല്ലിപ്പൂവുകൾ
മൃദുവാം തളിരിലകൾക്കിടയിലൂടെ
ഹൃദ്സ്പന്ദനങ്ങളിൽ തൂവി
നക്ഷത്രവെളിച്ചം...



No comments:

Post a Comment