Monday, December 30, 2013

പളുങ്കുമണിപോലൊരു
പ്രകാശസ്വപ്നം



പുലർമഴയിൽ
പാതിയുറങ്ങിയ
പുൽനാമ്പിലൂടെ
തീർഥമുറയും ശംഖിൽ
ഒരീറൻ ചുറ്റിയ പൂവ്
ഹോമാഗ്നിയെരിയും
വിഘ്നമന്ത്രങ്ങളിൽ
തണുത്തുറഞ്ഞുവീഴും
സംവൽസരം
രഥമോടിയ മൺപാടിൽ
അദൃശ്യത
മുളംകാടുകൾ
നിഗൂഢഗാനമാകും
ഗ്രാമലിപികളിൽ
അക്ഷരമുദ്ര
ആകാശശുഭ്രതയിൽ
ചക്രവാളത്തിനൊരിതളിൽ
 ഉറങ്ങാൻ മറന്നൊരു നക്ഷത്രം
പൂർവ്വദീപ്തിയിൽ
പവിഴമല്ലിയിൽ
പളുങ്കുമണിപോലൊരു
പ്രകാശസ്വപ്നം
മൊഴിയിലേയ്ക്കൊഴുകും
കവിത...




കാറ്റുലയുന്നു
കടവും, കാല്പനികതയും
കദനകുതൂഹലവും
കടമിട്ട തീരമണലിൽ
കടൽച്ചിപ്പിയിൽ
കടലിരമ്പം
കടൽപ്പാലങ്ങളിൽ
കടൽ കണ്ടു നിന്ന
കൗതുകം
കോകിലപ്രിയയായ്
കൈവിരൽതുമ്പിലേറി
കവിതയായ്
കാവിചുറ്റി
കടൽ മുനമ്പിൽ
കനകമയദീപങ്ങളിൽ
കനലാകുമ്പോൾ
കാവൽഗ്രഹങ്ങൾ
കടും തുടി കൊട്ടും
കവിടിശംഖിൽ
കനകാംബരസന്ധ്യയുടെ
കനലെഴുത്തുകൾ
കമണ്ഡലുവിൽ
കടലൊഴുക്ക്
കൈവിരലിൽ പവിത്രം,
കാവ്യസ്പന്ദം...

Sunday, December 29, 2013

ഓർമ്മയാവുന്നു ഒരു  സംവൽസരത്തിൽ
 
പ്രണവം പ്രതിധ്വനിയാകും
ഹൃദയസ്പന്ദം
വിളംബകാലലയം
മറന്നൊരു ശുദ്ധസംഗീതമായ്
ശ്രുതിതെറ്റിയ വിരലിൽ
അനുസ്വരങ്ങൾ..
ഗണിതഭാഗങ്ങളുടെ
ആധാരശിലകളിൽ അക്ഷതം...
അരിക്കോലങ്ങൾ പുരാണമെഴുതും
ശുഭ്രപ്രഭാതത്തിൽ
ഈർപ്പാമാർന്ന പുൽനാമ്പുകളിൽ
പ്രകാശമുദ്രകൾ..
അടർക്കളങ്ങൾ വാതിൽചുറ്റിയോടിയ
മദ്ധ്യാഹ്നവേനലിൽ കരിഞ്ഞുണങ്ങിയ
തളിരിലകളിൽ, മൊഴിയിൽ
ആകാശം തൂവിയ അമൃതവർഷിണി...
ഇന്ദ്രധനുസ്സുകൾ മിന്നലടരുകളായ്
ദിനാന്ത്യം മായ്ക്കുമ്പോൾ
ഓർമ്മയാവുന്നു ഒരു സംവൽസരം
ചിത്രത്തൂണുകളിൽ ചില്ലുതരികളാൽ
വാക്കുകളാൽ ഒരു കവിത....







ഗോപുരങ്ങളുയരുകയും
തകരുകയും,
ശീതകാലനെരിപ്പോടിലെരിയുകയും
അസ്വസ്ഥഗാനസ്വരങ്ങൾ
ഹൃദയമുലയ്ക്കുകയും ചെയ്യുമ്പോൾ
വിരൽതുമ്പിലേറും ദൈവതമേ
അശാന്തിയുടെ വിലാപങ്ങൾ, 
അഴലുകൾ മാഞ്ഞുതീരും
സായന്തനജപമോ
ഒരു ദിനാന്ത്യം
മിഴിയിലുറയും മാർഗഴിയിൽ
സംഗീതം
ഗ്രഹപാളികളിൽ ചുറ്റുവിളക്കുകൾ
മൂടിക്കെട്ടിയ മൂവന്തിയിൽ
ഓട്ടുവിളക്കണച്ചുറങ്ങും
ഒരു കവിത..

Saturday, December 28, 2013

 വ്യഥിതകല്പങ്ങളിൽ



ആഥൻസിലെ പ്രാചീനപുരാണം പോലെ
കൽശിലാലിപിപോലെ വലയങ്ങൾ..
മുൾവാകകൾ കടമേകിയ നിഴൽക്കാടുകൾ
ചോലവനങ്ങൾ കരിയിച്ച് വളർന്നേറുന്നു
നിമിഷത്തിൻ പുസ്ത്കത്തിൽ
നീരദാർണ്ണവം വിപിനം...
ഗഗനവാദ്യങ്ങളിൽ
മറഞ്ഞുതീരാത്ത ഗാന്ധാരങ്ങളിൽ
അന്തരശ്രുതി...
ആത്മാവിന്റെയൊരിതളിൽ
മാർഗശീർഷസന്ധ്യ...
മിഴാവുകൾ ലയമാകും
വ്യഥിതകല്പങ്ങളിൽ
വിസ്മൃതം ഉണർത്തുപാട്ടുകൾ...
ഉറങ്ങിയുണരും മിഴികളിൽ
ഒരു ദീർഘചതുരം,
ഋതുക്കളുടെ കുടീരം,
ഓർമ്മകളുടെ നിറം മങ്ങിയടരും
ഇലകൾ....
നക്ഷത്രങ്ങളുറങ്ങിയ സ്വപ്നങ്ങളിൽ


നിഗൂഢമാം
നിശ്ശബ്ദതയിലുറഞ്ഞുതീരാതെ
ദേവദാരുപ്പൂക്കളാകും കവിത
പ്രഭാതമൊരുണർവാകുമ്പോൾ
മിഴിയിൽ കടലൊഴുകുമ്പോൾ
രാശിക്രമം തെറ്റിയ
ചതുരക്കോളങ്ങളിൽ
വെൺശംഖുകളാകും കവിത
കസവിഴയിൽ കനകം തൂവി
പുലർദീപകവിത
അടർന്ന ദിക്കുകളിൽ
അതിരിടും സന്ധ്യയിൽ
ചന്ദനവർണ്ണമാർന്നിലച്ചീന്തിലൊരു
കവിത
നക്ഷത്രങ്ങളുറങ്ങിയ
സ്വപ്നങ്ങളിൽ
അഴിമുഖങ്ങൾ കടന്നുപദ്വീപിലൊരു
മുനമ്പിൽ സമാധിയാർന്ന
കവിത...

Monday, December 23, 2013

തേൻ കനി പ്രണയമേ,

ക്രിസ്തുദാസ് എന്ന നാസ്തികന്റെ മകൾ
തേൻ കനി ക്രിസ്തു ക്ലാസിലിരുന്ന് ശബ്ദമുയർത്തുന്നു..
ഒരു വശം തൂങ്ങും തുലാസിലിരുന്ന്
ശബ്ദമുയർത്തുന്നവരെ ഗായത്രിയ്ക്ക് പണ്ടേ ഇഷ്ടമില്ല

ക്രിസ്തുവിനെയും വെറുതെ വിടില്ല..
ആ തേൻ പ്രണയക്കാരിയെഴുതിയത് വായിച്ച്
കുരിശിൽ കിടന്ന യഥാർഥ ക്രിസ്തുപോലും
വേദനകൾക്കിടയിലും ചിരിച്ചുപോയിട്ടുണ്ടാവും..

ഗായത്രി പലപ്പോഴും വായിച്ചിട്ടുണ്ട്
തേൻ പ്രണയക്കാരിയുടെ അക്ഷരക്കുടുക്കുകൾ..
ആത്മാർഥതയുടെ ഒരക്ഷരം പോലും
അതിലില്ലയെന്ന് വായിക്കുമ്പോഴേ അറിയാം
ആർക്കോ വേണ്ടി എഴുതും പോലെ
ശബ്ദമുയർത്തുന്ന തേൻ പ്രണയമേ,
എഴുതുന്നത് ആത്മാവിന്റെ ഭാഷയാവണം
ആരുടെയൊക്കെയോ തുലാസുകളെ
പ്രീതിപ്പെടുത്താനെഴുതിയാൽ
അതിൽ പ്രണയമുണ്ടാവില്ല,
സ്നേഹത്തിന്റെ നറും തേനും ഉണ്ടാവില്ല.
പലരും വാശിതീർക്കാൻ ചുറ്റി നടക്കും
ചുമന്ന ചേല പോലെ
ഒരു അരോചകത്വം അതിനുമുണ്ടാവും..

ക്രിസ്തുദാസ് എന്ന നാസ്തികന്റെ മകൾ
തേൻ കനി ക്രിസ്തു ക്ലാസിലിരുന്ന്
ഒരു വശം താഴും തുലാസിലിരുന്ന്
വീണ്ടും വീണ്ടും വീണ്ടും ശബ്ദമുയർത്തുന്നു..
പുൽക്കൂടിലെ ദൈവശിശു ഉറങ്ങുകയാണു സ്ത്രീയേ,
അല്പം സമാധാനം കൊടുക്കുക...