Tuesday, October 9, 2012

നക്ഷത്രങ്ങളുടെ കവിത


വിശ്വസിനീയമാം
മുഖപടങ്ങൾ തുന്നിയ മുഖം

അവിശ്വസിനീതയുടെ
തീർത്തെഴുത്തുമായ്
നടന്നുനീങ്ങിയനാളിൽ
മഷിതുള്ളികൾ തീർത്തു
ചില്ലുതരികളാലൊരു
മുള്ളുവേലി

എഴുത്തക്ഷരങ്ങളിൽ
അമൃതൊഴുകുമ്പോൾ
പകയുടെ പുകയിൽ
നിഴലെഴുതിയ
അധികപർവം

ഉണർവിനുഷസ്സിൽ
വർത്തമാനകാലത്തിനൊതുകല്ലുകളിലൂടെ
മെല്ലെ മുന്നോട്ടുനീങ്ങുമ്പോൾ
മനുഷ്യത്വത്തിനു ചില്ലുകൂടുപണിത
ഒരു ശിരോപടത്തെയുപേക്ഷിച്ചു
മനസ്സ്..

വിരലിൽ തുളുമ്പിയ
കടലിൽ തീർഥയാത്രയ്ക്കൊരുങ്ങിയ
മുനമ്പിനരികിൽ
ലോകം ചുരുങ്ങിയൊരു
മണൽത്തരിയായി

കടൽചിപ്പികളിൽ കടലെഴുതിയ
കവിതകൾ തീരമേറിയ സന്ധ്യയിൽ
മൺ വിളക്കുകളുടയ്ക്കാൻ
കൽക്കെട്ടിനുപിന്നിൽ
കാത്തുനിന്നതാരോ

യുഗം തീർത്ത ഹോമകുണ്ഡത്തിൽ
പലതും കത്തിതീരുമ്പോൾ
അഗ്നിസ്ഫുലിംഗങ്ങളിലൂടെ,
വിരൽതുമ്പിലൂടെ
ഹൃദ്സ്പന്ദനങ്ങളിലേയ്ക്കൊഴുകി
നക്ഷത്രങ്ങളുടെ കവിത....

Saturday, June 23, 2012

മഴതുള്ളികൾ.

അനേകമനേകം വാക്കുകൾ
കാവ്യഭാവമായ്
മഴക്കാലത്തിനിതളിൽ
വിരിയുമ്പോൾ
അലങ്കോലമായൊരതിരിൽ
ഏതു രാജ്യമാണാവോ
അരാജകമുദ്രകൾ
രൂപപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത്

കാണാനാവാത്തത്രയും
ദൂരമൊഴുകും സമുദ്രമേ
അതിരളന്നാൾക്കൂട്ടം നീങ്ങിയവഴിയിൽ
കവിതയുറങ്ങും എത്രയോ
ശംഖുകൾ നീയെനിക്കായ്
ഭദ്രമായ് സൂക്ഷിച്ചുവച്ചു

പ്രകാശത്തിനൊരിതൾ
സായാഹ്നമടർത്തിയൊരു
സന്ധ്യാദിപത്തിലേയ്ക്കാവഹിക്കവേ
കൈവിരൽതുമ്പിലൊരു
കനലാട്ടം

നിറഞ്ഞേറിയ മഴയിലൂടെ
നടന്നതിതിരുകൾ മാഞ്ഞ സമുദ്രത്തിലൂടെ
യാത്രയാവുന്നുവോ ചക്രവാളത്തിൻ
സങ്കല്പങ്ങൾ
കരിങ്കൽ പാകിയ വഴിയിൽ
ചില്ലുകൂടുടയുമ്പോൾ
മനസ്സിലൊഴുകിയതക്ഷരങ്ങൾ,

മഴതുള്ളികൾ.....

Thursday, June 21, 2012


മൊഴി


വഴിയേറെ നടന്നെത്തിയ
മഴക്കാലത്തിനൊരു സ്വരം
മുന്നിൽ  നിഴൽച്ചില്ലയിൽ
ഇഴതെറ്റിയ 
പുരാണത്തിനിതൾമുനയൊടിഞ്ഞ, മഷിയുണങ്ങിയ
പേനതുമ്പിലുറയും
നോവ്


ചില്ലുതരികൾ നിറം പൂശിയ
പ്രകോപനപർവത്തിലും
പ്രഭാതത്തിൽ കടലേറ്റും
കാവ്യകൗതുകം


ജാലകവാതിലിനിടയിലേറും
ആകാശത്തിനരികിൽ
മുകിൽശീലിൻ
കണ്ടുതീർന്ന ഋണം


മഴതുള്ളിയിലൊരു
സന്ധയുടെ നക്ഷത്രതിളക്കം
വിരൽതുമ്പിലൊഴുകും
കടലിനൊരമൃതവർഷിണി

Tuesday, June 19, 2012


ഹൃദ്സപ്ന്ദനങ്ങൾ


സായാഹ്നമെഴുതും
അനുസ്വരങ്ങൾക്കപ്പുറം
മിഴിയിലൊഴുകിയ
കടലിൽ കവിതയുമായ്
ഒരു ശംഖ്


നീർത്തിയിട്ട 
അസ്തമയമെഴുതിയ
പുസ്തകത്താളിൽ 
പടർന്ന  ചായക്കൂട്ടിൽ 
പ്രഭാതത്തിൻ സ്വാഭാവികചാരുത
നഷ്ടമാക്കും വിഫലശ്രമത്തിൻ
അധികനിറങ്ങൾ


ഭൂമിയുടെ രോഷം
തീപടർത്തിയ  ശരത്ക്കാലമെഴുതിയ
കവിതയിൽ കനലുകൾ 


കടം തീർന്ന  കല്പനകൾ
ശബ്ദരഹിതം
കടമായിട്ട ചില്ലുകൂടിനു
കൊടുത്തുതീർക്കാനാവാത്ത
ഋണപാത്രം


തീർപ്പെഴുതും
വിധിന്യായത്തിനൊരു
അന്യായത്തിനധികഭാരം
എഴുതിതൂത്തെഴുതിയ
പുസ്തകത്തിനസ്വഭാവികത്വം


പെയ്തുതോരാത്ത
മഴയ്ക്കൊരു പുണ്യാഹക്കലശം
പാടത്തിനിരുവശവും ചിതറിവീഴും
ചിന്താമുദ്രകൾക്കൊരു സർഗം

Saturday, June 16, 2012മുദ്ര


എഴുതുവാനാവാതെ
വിങ്ങിയ വാക്കുകൾ
വീണ്ടുമുണരുന്നു..


അരികിൽ നിലമുഴുതു
നീങ്ങിയ   പഴേ ചില്ലുകൾ
നിണമൊഴുക്കുന്നു


പകതിന്നു തീർന്ന
രാജ്യത്തിനൊരുകോണിലിരുന്നു
പുകയിടുന്നു വർത്തമാനത്തിന്റെ
ഒരിതൾ..


കാണാകുന്ന  ദിക്കിലെ 
പ്രകൃതി കാവ്യത്തിനൊരു
ഭാവമാവുന്നു


ഇരുണ്ടു തുടങ്ങിയ  മനസ്സുകൾ
സന്ധ്യാദീപങ്ങളെയുലയ്ക്കാൻ
ശ്രമിക്കുന്നു..


ഭൂമിയുടെയുൾക്കടൽ
പ്രശാന്തമോയെന്നറിയാൻ
തിരയേറിവരും മുദ്രപ്പതിപ്പുകൾ


വാരാന്ത്യങ്ങളെഴുതിയ
വ്യഞ്ജനക്കൂട്ടിൽ
നനഞ്ഞുകുതിർന്ന  മണ്ണ്
ഒരിലച്ചീല്ല, മഴ

Friday, June 15, 2012


നക്ഷത്രകാവ്യം 


ചുറ്റിലുമുണ്ടായിരുന്നു ഒരു ലോകം..
ആ   ലോകത്തിലെയാവൃതരുപങ്ങൾ
പലതും പറഞ്ഞുകൊണ്ടേയിരുന്നു
കേൾക്കാനിമ്പമുള്ളവയും
അപ്രിയമായതും, 
സത്യവും, മിഥ്യയും 
രണ്ടും കൂടികലർന്ന്
ആകർഷകമെന്നോ അനാകർഷകമെന്നോ
പറയാനാവാത്തവിധം 
ചിന്താതലങ്ങളെയുലയ്ക്കും
പലേ വിധ സങ്കല്പങ്ങൾ.....
ഇന്നലെ വായിച്ചു
ഒരെഴുത്തുകെട്ട്
തുന്നിക്കെട്ടിയ  പുസ്തകത്താളിൽ
കരിഞ്ഞുണങ്ങിയ
ഇലപോലെ വന്നുവീണൊരു
കല്പിതകഥ........
നീട്ടിയും, കുറുക്കിയും
നിഴൽച്ചിത്രമൊട്ടിച്ചും 
പ്രകോപനത്തിൻ തരികൾ തൂവി
ആരെയോ ഓടിച്ചുവിട്ടുവെന്ന്
അഭിമാനിക്കുന്ന  വന്യലോകത്തിന്റെ
ആഘോഷം പോലെ തോന്നിക്കും
കഥ...


ആകാശവാതിലിലെ ദൈവവും
അരികിൽ കഥപറഞ്ഞുകൊണ്ടേയിരുന്നു
തുളുമ്പും മഴ  പോൽ
നിഴൽപ്പാടില്ലാതെ, ചില്ലുകൂടുകളില്ലാതെ
മിന്നും  നക്ഷത്രങ്ങൾ പോൽ
കണ്ടുനിൽക്കാനെന്നും കൗതുകം തോന്നും
സമുദ്രം പോൽ
വായിക്കാനിമ്പമുള്ള   കവിത  പോൽ
പ്രദക്ഷിണ  വഴിയിലെ ചന്ദനസുഗന്ധം പോൽ
പ്രഭാതത്തി സങ്കല്പങ്ങൾ പോൽ
ഈറൻ തുടുപ്പാർന്ന  പാരിജാതങ്ങൾ പോൽ
മനോഹരമായിരുന്നു ദൈവം പറഞ്ഞ   കഥകൾദൈവം പറഞ്ഞുകൊണ്ടിരുന്ന കഥകൾ
കേട്ടെഴുതുമ്പോൾ  അലോസരമുണ്ടാക്കിയ
ചുറ്റിലെ ചെറിയ  ലോകം 
നിഴൽ പോലെ തുള്ളിയാടുകയും
അശോകപ്പൂനിറമുള്ള  സന്ധ്യയിൽ
മാഞ്ഞുതീരുകയും ചെയ്തു.....
ആകാശം നിറയെയും 
അന്നു നക്ഷത്രങ്ങൾ വിരിയുകയും
ആ  തിളക്കത്തിൽ ഭൂമിയൊരു
നക്ഷത്രകാവ്യം രചിക്കുകയും ചെയ്തു
Monday, April 9, 2012


മൊഴി


ഡയറിക്കുറിപ്പുകളിൽ 
കാലമെഴുതിയിട്ടിരുന്നു..
പലതും... 
കലഹത്തിനായുള്ള   കൽപ്പനകൾ,
സത്യങ്ങൾ, അസത്യങ്ങൾ
അദൃശ്യദൃശങ്ങൾ, 
യാഥാർഥ്യങ്ങൾ, അയഥാർഥ്യങ്ങൾ
പിന്നെയിടക്കിടെ ചിലേ
ഓർമ്മപ്പെടുത്തലുകളും...
അവനൊരു ദുഷ്ടനും നികൃഷ്ടനും
സ്വാർഥനുമായിരുന്നില്ലെന്ന്
ശരിയായിരിക്കാം....
പക്ഷെ അവന്റെ ചില  പ്രവർത്തികൾ
ദുഷ്ടന്മാരെക്കാളും നികൃഷ്രടമായിരുന്നു..
അറിഞ്ഞുകൊണ്ടുചെയ്ത,
ഉൽകൃഷ്രടയുടെയവസാനത്തെയക്ഷരവും
മായ്ക്കുവാൻ പോന്ന  നികൃഷ്ടകൃത്യങ്ങൾ..
അതങ്ങനെയല്ലയെന്ന്
മഷിതുള്ളികൾ പറയാൻ ശ്രമിക്കുന്നു,
പരാജയപ്പെടുന്നു...


സാഹചര്യങ്ങളുടെയതിഗൂഢഗതിയിൽ
എഴുതിതള്ളിയ മഷിപ്പാടുകളിൽ
നിറങ്ങളിലൊഴുകി മാഞ്ഞ
ഋതുക്കളിൽ നിറഞ്ഞേക്കാം
ഒരു പദം തെറ്റിയ  നിഴൽപ്പോരിൻ
പുകഞ്ഞ  സർഗസ്വരത്തിൻ
ചില്ലുതരികൾ..
സമുദ്രത്തിനറിയാം അടിയൊഴുക്കുകൾ
പുറമേ കാണും തിരയായിരിക്കില്ല
സമുദ്രം
അതിനാലാവും തീരങ്ങളിലെ
അസത്യത്തിൻ മണലെഴുത്തുകൾ
മാഞ്ഞുമാഞ്ഞില്ലാതെയാവുന്നത്..
ശംഖുടഞ്ഞുതീരുമ്പോൾ
അതിലെ കടലിരമ്പം
കേൾക്കാനുമാവില്ല..


കല്പിതകഥകളുടെ
പ്രബന്ധത്തിലെയവസാനമുദ്രയും 
കണ്ടുണർന്ന  മഴക്കാലത്തിലൊന്നിൽ
അതിലുണ്ടായിരുന്നയിത്തിരി
സത്യം മായിക്കുവാൻ 
പണിപ്പെടും ചരിത്രത്തെയും
കാണാനായി..
അതിനാലാവും ചരിത്രപുസ്തകത്തിൻ
ഒരിതൾ മഴതുള്ളിവീണു നനഞ്ഞു മാഞ്ഞതും
അതു തുടച്ചെഴുതിയ ഡയറിക്കുറിപ്പുകളിൽ    
തുരുമ്പാണികളുടെ 
തുരുമ്പുതരികളിറ്റിക്കാൻ
കാലം പണിപ്പെട്ടതും,
തിരയേറ്റത്തിൽ 
ശംഖുകളുടയുമ്പോൾ
കടലുയർന്ന തീരത്തിൽ
ഭൂമിയുടെ ഹൃദ്സ്പന്ദനങ്ങൾ
ഇലത്താളത്തിലെയതിദ്രുതമായ്
മാറിയതും ....Wednesday, April 4, 2012


മൊഴി


ഭൂകാവ്യങ്ങളുടെ
നിശബ്ദത  തേടിയോർ
വാതിൽപ്പാളികളിൽ
ആരവമുയർത്തിയതിനാലാവും
ഭൂഹൃദ്സ്പന്ദങ്ങൾ
മൗനത്തെയൊരു
കല്ലിലുടച്ച തും 
അതിൻ തരികൾ
കടലിൻ
സ്വരങ്ങളായ്  മാറ്റിയതും


ആയിരം പനിനീർപ്പൂവുകളെക്കാൾ
മനോഹരം ആത്മാർഥമായൊരു
വാക്ക്..


ഗോപുരങ്ങൾ 
പണിതുയർത്തിയ
ആരൂഢശിലയിൽ നിന്നും
ആത്മാർഥത
അകന്നുനീങ്ങിയതന്തേ?കൈതട്ടിവീണ
കനൽപ്പാത്രത്തിലൂടെയൊഴുകിയ
തീയിൽ കത്തിയ 
രാജവീഥികളിൽ
ശ്രേഷ്ടശിലാരൂപങ്ങൾ
മിഴിപൂട്ടി നിൽക്കുന്നുവോനക്ഷത്രങ്ങളുറങ്ങിയ 
മിഴിയിൽ ശേഷിച്ചു
യാഥാർഥ്യത്തിൻ
ഇത്തിരി നടുക്കം,
ഇത്തിരി പ്രകാശം..

Tuesday, April 3, 2012


സന്ധ്യാരാഗം

എഴുതിതീരാത്തൊരു
പുസ്തകത്തിനിടയിൽ
ലോകം തിരഞ്ഞു
ഭൂമൺ തരികൾ,
മഴതുള്ളി,
മൊഴി...


ഹൃദ്സ്പന്ദനങ്ങളിൽ
അതിദ്രുതമേറ്റാൻ
ചായമൊഴുക്കും
മഷിതുള്ളികൾ
മനസ്സിലുണർത്തുന്നു
ഒരു മന്ദഹാസം


വീണുടഞ്ഞ
ഒരു നിമിഷത്തിനുള്ളിൽ
പലമുഖങ്ങളുടെയും
ഉലഞ്ഞ 
ആവരണങ്ങൾ


വാക്കിനുള്ളിൽ
പൂക്കാലമായ്
വേനൽ മഴതുള്ളികൾ


തപോവനങ്ങളിൽ
തപസ്സിലായ
സങ്കീർത്തനമന്ത്രം
വിരൽ തുമ്പിലെ
ചിന്മുദ്രയിലലിഞ്ഞു


ആകാശം
മിഴിയിൽ നിറഞ്ഞൊഴുകിയ
കടൽത്തീരത്തിൽ
ഹൃദ്യമായൊരു
സന്ധ്യാരാഗമെഴുതിനീങ്ങി
സായാഹ്നം...

മൊഴിമഴവീണു നനുത്ത
പ്രഭാതത്തിൽ
പരീക്ഷണത്തിലുലഞ്ഞു
പാതികരിഞ്ഞ 
ഹൃദയത്തിൽ
മഹാസമുദ്രമൊരു
കാവ്യസ്പന്ദനമായി..ചരിത്രം കോറിയിട്ട
ഋജുരേഖകളിൽ
നിന്നകന്നുനീങ്ങിയ
മനസ്സിൽ
പ്രപഞ്ചം നീർത്തിയിട്ടു
മനോഹരമാമൊരു
സങ്കല്പം


രാജ്യപതാകയുടെ
മങ്ങിയ
വർണ്ണങ്ങൾക്കരികിൽ
മുഖം താഴ്ത്തിനിന്നു
വിജയരഥത്തിൻ
സ്വാർഥം...കൃത്രിമപകിട്ടുചാർത്തിയ
ലോകമുഖത്തിനൊരു
നേർക്കുറിപ്പെഴുതിയ
വാക്കിനരികിൽ

കുരുങ്ങിചുരുങ്ങിയ 
മനസ്സുകൾ

ചങ്ങലകൾ പണിതിട്ടു


ഹൃദയത്തിനായ്
ചില്ലുകൂടുകൾ
പണിതുനീങ്ങിയ
ചരിത്രതാളിൽ നിറഞ്ഞു
ഉടഞ്ഞ ഗോപുരത്തിൻ 
മൺ തരികൾ...
Monday, April 2, 2012


മൊഴി 


കവിതവിരിയും
പവിഴമല്ലികളിൽ
മഴ വീണുടയുമ്പോൾ
ഹൃദ്സ്പന്ദനത്തിലൊരു
തുടിയിട്ടു പ്രപഞ്ചം


തുന്നിക്കെട്ടിയ ദിനങ്ങളിൽ
നിന്നിറ്റുവീണ
മുത്തുകൾ ചുറ്റിയരികിലൊരു
കാവ്യമായുണരും ഗ്രാമമേ
ആകാശത്തിന്റെയടർന്ന തുണ്ടിലോ
അരയാലുകൾ 
നിഴൽ നെയ്തെടുത്തത്


കരിഞ്ഞ മുറിവിലിറ്റിക്കും
മഷിതുള്ളികൾ
ഒരു നാളുണർത്തിയ
ആരവമിന്നൊരു
ദയനീയദൈന്യമായ്
മാഞ്ഞുതീരുന്നുവോ


അകത്തളത്തിൽ
തുളസീമന്ത്രം ചൊല്ലി
വിളക്ക് തെളിയിക്കും
സന്ധ്യയിൽ
ജപമാലയിലുടഞ്ഞ
മുത്തിൻ തരികൾ  
വിരലിൽ 
നോവുണർത്തിയിരുന്നുവോനീർത്തിയിട്ട സന്ധ്യയുടെ
പുൽപ്പായയിലൊരുനാളിലെഴുതിയ
കവിതയിലൂടെ  പടിപ്പുരയിലിരുന്നു
കണ്ടലോകമേ
വിരലിലെയക്ഷരങ്ങളിൽ
നക്ഷത്രങ്ങൾ വിരിയുന്നത്
സന്ധ്യാവിളക്കിൽ പ്രകാശത്തിൽ
കാണാനാവുന്നു
Sunday, April 1, 2012


ഹൃദ്സപന്ദനങ്ങൾ


സംവൽസരങ്ങളുടെ
അകന്നുനീങ്ങിയ
ആവരണങ്ങളിൽ
തട്ടിയുടഞ്ഞ 
ചില്ലുകണ്ണാടിയിൽ
പ്രതിഫലിക്കുന്നുവോ
ലോകത്തിനുള്ളറകളിൽ
മറഞ്ഞിരിക്കും
നിസ്സഹായപ്രതിച്ഛായകൾ


മിഴിയിലൊരു
നേർ രേഖയുടഞ്ഞതിലിറ്റിയ
നീർത്തുള്ളിയിൽ
രഥപതാകയിലെ
മുദ്രകൾ മാഞ്ഞുതീരുന്നുവോ


അകലെയൊരാരവം
തീർത്തതിലുടഞ്ഞ
ശംഖുകൾക്കരികിൽ
സമുദ്രമെഴുതുന്നുവോ
ഒതുക്കാനാവാത്തൊരുൾക്കടലിൻ
അടിയൊഴുക്കുകൾ


ചന്ദനഗന്ധമൊഴുകും
പ്രഭാതത്തിലൊരു
പ്രദക്ഷിണവഴിയിൽ
നിന്നെത്രയോ ദൂരം
നടന്നെത്തിയ
ലോകത്തിൻ
നെടുകയും കുറുകെയും
കോറിയ മുറിപ്പാടുകൾക്കിടയിലും
തണുത്ത ചങ്ങലകൾക്കിടയിലും
സ്വരങ്ങളാലൊരു സങ്കീർത്തനമുണർത്തിയ 
സമുദ്രമേ നീയെൻ കവിത
മൊഴിമഴതുള്ളികളിൽ
തുളുമ്പിയ
പ്രഭാതത്തിനപ്പുറം
കമ്പിനൂലുകളാൽ
തുന്നിയ യന്ത്രങ്ങൾ
വാതിലനരികിൽ
ഹൃദ്സ്പന്ദനങ്ങളെ
അളന്നുതൂക്കിയുലക്കും
ദിനങ്ങളിൽ
പ്രദക്ഷിണവഴിയിൽ
തളിരിട്ട സ്വരങ്ങളിൽ
 മനസ്സ് നെയ്തു 
ഒരുണർവിൻ കാവ്യം


അശോകപ്പൂവിൻ നിറമാർന്ന
സാന്ധ്യാകാശത്തിനരികിൽ
ചക്രവാളമേലാപ്പിൽ
അനേകമനേകം നക്ഷത്രങ്ങൾ
ലോകമുണർത്തും
ചിത്രകമാനങ്ങൾക്കരികിലിരുന്നെഴുതി
തിരികല്ലിലുടഞ്ഞ 
അക്ഷരങ്ങളുടെ
സങ്കല്പങ്ങൾ


മൺപാത്രങ്ങളിൽ
സമുദ്രം തൂവിയ
കാവ്യങ്ങൾ
ശംഖിലൊഴുകിയ
മഴക്കാലത്തിൽ
മുൾവേലിയിലുടക്കിയ
മനസ്സിനൊരിതളിൽ
നിന്നുണർന്നുവന്നു
ജപമാലയിലെയൊരു
തുളസിമുത്ത്


മിഴിയിലുടക്കിയ
പകലിനിഴയിൽ
നിന്നിറ്റുവീണ സായാഹ്നത്തിൽ
അക്ഷയപാത്രത്തിലെന്നപോൽ
നിറഞ്ഞൊഴുകി
സ്വരങ്ങൾ..... 

Friday, March 30, 2012


മൊഴി


ഭൂമൺതരികളിലലിഞ്ഞ്
വിരൽതുമ്പിൽ
കൂടുകൂട്ടി
അക്ഷരങ്ങൾ...


ലോകത്തിലുടക്കിയ
ഒരക്ഷരതെറ്റുപോലെ
അതിരുകളിൽ
മുൾവേലിചുറ്റിയ
കാവലാളുകളുടച്ച
സ്വരങ്ങൾ
ഒരപൂർവരാഗമായ്
പ്രഭാതത്തിലുണർന്നു


മഴതൂവിയ നനവിൽ
നിന്നേറിയ മദ്ധ്യാഹ്നത്തിൻ
കൂടയിൽ കനൽപ്പൂവുകൾ
വിരിഞ്ഞു


നിഴലിനപ്പുറം
സായാഹ്നം തൂവിയ
ചില്ലക്ഷരങ്ങളിൽ
ദൃശ്യമായി
എഴുതിയുറക്കാനാവാത്ത
അനിത്യത...


പകൽക്കിനാവുകളിൽ 

മിഴിയിലുറങ്ങിയ

നക്ഷത്രങ്ങൾ 
ഉണർന്നുവന്ന
സായന്തനമൊരു
കവിതയായി..

Thursday, March 29, 2012


മൊഴി


ദിനാന്ത്യങ്ങൾ
പണിതീർത്ത
സായാഹ്നത്തിൻ
തളികയിലെഴുതിയിടാൻ
ഒരു സ്വരം 
ഹൃദ്സ്പന്ദനത്തിൽ
നിന്നുണർന്നു


കരിഞ്ഞുണങ്ങിയ
പുൽനാമ്പുകളിൽ
അമൃതുതുള്ളിയായ്
അക്ഷരങ്ങളൊഴുകി


കീറിതുന്നിയ
രാജ്യപതാകയിൽ
മുദ്രയിടും
അസമത്വം


അദ്വൈതം
നടന്നുനീങ്ങിയ
ആദിവിദ്യയുടെ
അനുസ്വരങ്ങൾ
ചിലങ്കയിൽ
മന്ത്രസ്വരമെഴുതി


ഹോമപാത്രത്തിൽ
തണലെരിഞ്ഞ 
കനൽപ്പൊട്ടുകളുടെ
മിന്നായം..


ചന്ദനമരങ്ങൾക്കരികിൽ
ജപമാലകളിൽ
ചുറ്റിതിരിയും
ഭൂഹൃദ്സ്പന്ദനലയം


നിഴൽപ്പാടങ്ങളിലുടക്കി
മുറിഞ്ഞ
ആകാശത്തിൻ
ജാലകവിരിമാറ്റിയെത്തിയ
നക്ഷത്രങ്ങളിൽ
ഒരായിരം
മൺ വിളക്കുകളിലെ
പ്രകാശം..

മൺതരികളുടെ കാവ്യംതണുത്ത സായാഹ്നത്തിന്റെ
കദനങ്ങളിൽ
നിന്നകന്നു നീങ്ങിയ
കണ്ണുനീർത്തുള്ളികൾ
മായ്ച്ചു
ഒരിടവേളയുടെ
അളവുകോലുകൾ


അതിരുകളിൽ
സായാഹ്നത്തോടൊപ്പം
പൊഴിഞ്ഞ 
ആലിലകളിലുണർന്നു
മൺതരികളുടെ കാവ്യം


പുസ്തകതാളുകളിലൊതുക്കാനാവാതെ
പ്രപഞ്ചമുണർത്തിയ
വിസ്മയലോകത്തിൽ
നക്ഷത്രവിളക്കുകൾ മിന്നി


ഉൾബോധത്തിനുറവിടത്തിൽ
ഉറുമിയുടക്കിയ മുറിപ്പാടുകളിൽ
ചന്ദനം തൂവും മനസ്സിൽ
പ്രദക്ഷിണവഴിയിലെ
കരിഞ്ഞ പുൽനാമ്പുകളുടെ
ദൈന്യക്കൂടും കാണാനായി


ഗോപുരവാതിലിനരികിൽ
കാണാനായ 
ആകാശത്തിനരികിൽ
ചിദംബരസന്ധ്യയെഴുതി
രുദ്രാക്ഷമന്ത്രം..

Tuesday, March 27, 2012


മൊഴി


പ്രഭാതസ്വരങ്ങളിൽ 
നിന്നുണർന്നു
ഉൾക്കടൽ


എണ്ണിതീരാത്തത്രയും
മണൽത്തരികളിൽ,
അനന്തചക്രവാളത്തിൽ
ആദിമധ്യാന്തം
തേടിയൊടുവിൽ
ആത്മാക്കൾ
നടന്നുനീങ്ങിയ വഴിയിൽ
മാറ്റങ്ങളുടെയക്ഷരലിപികൾ
ഋതുക്കൾ
ഇലക്കീറ്റിൽ നിവേദിച്ചു


ഹോമപാത്രത്തിൽ
കരിഞ്ഞുണങ്ങിയ
അഗ്നികണങ്ങളിൽ ശേഷിച്ചു 
ലോകത്തൊനൊരു മുഖം


വിരൽതുമ്പിലൂറിയ
അക്ഷരസ്വരങ്ങളിൽ
നിന്നുണർന്നു
ഒരു രാഗമാലിക


അരയാൽത്തറയിലന്യോന്യം
പക തീർത്ത നിഴലുകൾക്കരികിൽ
മതിലുകൾക്കരികിൽ
ഭൂമിയെഴുതി
ഒരു മഴതുള്ളിക്കവിത.. 


മിഴിയിലേക്കറിയാതെയൊഴുകിവന്ന
ദൃശ്യലോകത്തിനപ്പുറം
അക്ഷരങ്ങളുടെ കാവ്യസങ്കല്പമായ്
മുന്നിലുയരുന്നു
കടൽ

Monday, March 26, 2012ഹൃദ്സ്പന്ദനങ്ങൾ...വാതിൽപ്പാളികളിൽ
മറഞ്ഞുനിന്നു
മനസ്സാക്ഷി നഷ്ടമായ
മുദ്രകൾ  ശിരസ്സിലേറ്റിയോർ..


പ്രഭാതത്തിനാർദ്രഭാവം
വിരൽതുമ്പിൽ
നിന്നൊരു ചിതയിൽ
കരിയാൻ തപസ്സിരുന്നു
വേനൽ...


തുള്ളിതൂവിയ
നിഴൽചിന്തുകളിൽ
കാൽതെറ്റിവീണ
കാവ്യഭാവം
അപരാഹ്നത്തിൻ
കൽക്കെട്ടിലിരുന്നെഴുതിയ
കഥയിലുടക്കി
ഹൃദ്സ്പന്ദനങ്ങൾ..


മിഴിയിലേക്കൊഴുകിയ
കടലിനപ്പുറം
മഷിപ്പാത്രങ്ങളിൽ നിറഞ്ഞു
മുഖാവരണങ്ങൾ ഭദ്രമായ്
സൂക്ഷിച്ച ഋണപ്പൊട്ടുകൾ..


മുറിവുകൾ
കരിയാത്ത മനസ്സുകൾ
മുനമ്പിൽതൂവി
ഉടഞ്ഞ നക്ഷത്രങ്ങളുടെ
ചില്ലുകൾ...Tuesday, March 20, 2012


മൊഴി


തളിരിലപോലെ വിരിഞ്ഞ
കാവ്യഭാവമെരിഞ്ഞ
ഹോമപാത്രത്തിൽ
നിന്നുണർന്നുവന്നു
പവിഴമല്ലിപ്പൂവുകൾ


മുദ്രപതിയാത്തൊരു
തപാൽ കടലാസിൽ
എഴുതിതീരാത്തത്രയും
അക്ഷരങ്ങൾ


നിറം ചേർക്കാനാവാതെ
മഴയൊഴുകിയ
കടലിൽ
പ്രഭാതമെഴുതിയിടും
സങ്കീർത്തനം


ജപമാലകളിൽ
നിന്നടർന്നുവീണ
ഉപഗ്രഹമിഴിയിൽ
രാജ്യഭൂവിൻ
നടുക്കം


പണിതീരാത്ത
കുടീരങ്ങളിൽ
ഋതുക്കൾ നിവേദിച്ച
അകൃത്രിമാം
അസ്ഥിരഭാവം..


പ്രഭാതതീരത്തിനരികിൽ
കൗതുകഭാവം
മാഞ്ഞുതീർന്ന
ചോദ്യചിഹ്നം..

Saturday, March 17, 2012

മൊഴിഅരുളപ്പാടുകളിൽ
ഋണം തീർത്തുനീങ്ങും
കുലം മെനഞ്ഞ
ഓലപ്പുരകൾ
കരിഞ്ഞുണങ്ങിയ
അഗ്നികുണ്ഡങ്ങൾക്കരികിൽ
മഴയിലുണരും
പുൽനാമ്പിൻ കവിത


ലോകത്തിനതിരുകളിൽ
ചങ്ങലകിലുക്കീനീങ്ങും
ആൾക്കൂട്ടം തട്ടിതൂവും
ആരവത്തിനരികിൽ
മുഖാവരണം നഷ്ടമായൊരു
യുഗത്തിൻ കാൽപ്പാടുകൾ


ലോകം ചുരുങ്ങും
രാജ്യവീഥിയിൽ
ഗാന്ധിമണ്ഡപത്തിനരികി
രാജചിഹ്നങ്ങൾക്കായ്

വിലപേശുന്നു 
കുലീനകുലത്തിൻ
അറിവില്ലായ്മ..പ്രപഞ്ചമതിൻ
നിറമാല്യങ്ങളിൽ
നിന്നെന്നേതൂത്തുമായ്ച്ചിരിക്കുന്നു
കൃത്രിമക്കൂട്ടൂകൾ..

മഴതൂവും ഈറൻപ്രഭാതങ്ങളിൽ
വയലേലയിലോടിയ
കാറ്റിൻ തുമ്പിൽ
ചന്ദനക്കാപ്പിൻ സുഗന്ധം..Friday, March 16, 2012

മനസ്സിലെ കടൽ 


ചുമരുകളിൽ തൂവിയ
ചായങ്ങൾക്കപ്പുറം
ഭൂവർണ്ണങ്ങളിൽ
നെയ്തെടുക്കാനായ
കാവ്യചിന്തുകൾക്കെന്തു
ഭംഗി


ആകാശമൊരുണർവായി
പ്രഭാതത്തിൻ മൃദുസ്വരമായ്
പടിവാതിലിലെത്തിയപ്പോൾ
ജാലകവാതിലിനരികിലെ
വലയങ്ങൾ തീർത്ത
തുടർക്കഥകളിൽ
നിഴലേറ്റിയ തുരുമ്പുപാടുകൾ


ദർപ്പണങ്ങൾക്കരികിൽ
നഷ്ടമായ മന്ദസ്മിതം
തേടിനടക്കും ദിനങ്ങൾ
മനസ്സിൽ നിന്ന്
മാഞ്ഞുതീർന്നിരിക്കുന്നു


കടും കെട്ടുകളുടെ
കല്പനകൾക്കരികിൽ
കൂടുപണിതിരിക്കുന്നു
നിർമ്മമായൊരു
നിശ്ചലത..


മുനമ്പിലെ തീർഥപാത്രത്തിൽ
മഴപെയ്തൊഴിയുമ്പോൾ
ചക്രവാളം അനന്തതയുടെ
കോട്ട പണിയുമ്പോൾ
ആധിതീരാത്ത ഉടവാളുകൾ
രാജ്യത്തിനതിരുകളേറിയുലക്കുന്നു
പതാകയുടെ പവിത്രഭാവം


ഇമയനങ്ങും നേരം
ഹൃദ്സ്പന്ദങ്ങളിലൊഴുകിയ
ജീവസ്വരങ്ങളാൽ
സ്ഫുടം ചെയ്ത സായന്തനത്തിനരികിൽ
എഴുതിതീരാത്തൊരു കവിത പോലെ
മനസ്സിലെ കടൽ..

Thursday, March 15, 2012

ഹൃദ്സ്പന്ദനങ്ങൾ 


ഗോപുരങ്ങൾക്കപ്പുറം
ആകാശമേ
നറും തിരികളിലൂടെ
മനോഹരമാമൊരു
പ്രപഞ്ചത്തിൻ 
അകൃത്രിമമാം
പ്രകാശം നിറച്ചാലും
ഹൃദയത്തിനറകളിൽ..


അഗ്നിക്കനലുകളെരിയും
ഹോമപാത്രങ്ങളിൽ
കറുകനാമ്പുകൾ
കരിഞ്ഞുതീരും നേരം
വേനൽ മഴതുള്ളിയിൽ
കുളിരും മൺതരിപോലെ
ഉണർന്നുവരട്ടെ
കാവ്യക്ഷരങ്ങൾ


രംഗോലിനിറങ്ങളിൽ മുങ്ങി
തെയ്യങ്ങൾ തുള്ളിയ
കുരുതിക്കളങ്ങളിലൂടെ
നടന്നുനീങ്ങിയ
ഋതുക്കളുടെ പുസ്തകത്തിൽ
ഭൂമിയെഴുതിനിറക്കട്ടെ
നക്ഷത്രക്കവിതകൾ


ദിനങ്ങളുലച്ച
ദിക്കാലങ്ങളുടെ ചലനഗതിയിൽ
മാഞ്ഞുപോയ ഒരിടവേളയുടെ
അവസാനപദമെഴുതുമ്പോൾ
അശോകപ്പൂവിൻ നിറമാർന്ന
സന്ധ്യ തെളിയിക്കട്ടെ
മൺചിരാതുകൾ...

Wednesday, March 14, 2012

ശംഖ് 

മേഘമാർഗവും 
കടന്നാകാശത്തിലേയ്ക്കുയർന്ന
ഒരു കാവ്യഭാവത്തിലേയ്ക്കൊഴുകി
ആകാശഗംഗ..


യുഗപരിണാമങ്ങളുടെ
പ്രളയത്തിലുമൊഴുകി
അരയാലിലയനക്കം
പോലെയൊരു
പദം..


ഓട്ടുവിളക്കുകൾ
തിളങ്ങിനിന്ന
പ്രകാശത്തിനരികിൽ
കറുപ്പാർന്ന
നിഴൽക്കൂട്ടുമായിരുന്നു
ഒരു കുലം..


ആധുനികതയുടെ
കുടീരങ്ങളിൽ
കൃത്രിമപ്പുതപ്പുമായ്
മനസ്സാക്ഷിനഷ്ടമായ
പുരോഗമനം
തിരക്കിട്ടോടി


പുസ്തകതാളിലുറങ്ങിയ
സ്വപ്നങ്ങൾ
നെയ്തെടുത്ത
കസവുനൂലിനുള്ളിൽ
നക്ഷത്രങ്ങൾ കവിതയെഴുതി


ഓർമ്മകളെ ചിറകെട്ടിയ
കൽക്കെട്ടുടഞ്ഞ വിടവിലൂടെ
സമുദ്രമുയർന്നപ്പോൾ
കൈയിലേക്കൊഴുകി
ഒരു ശംഖ്
മഴതുള്ളി ചിത്രതാഴിട്ടുപൂട്ടിയ
വാതിലുടച്ച കുലം
അന്യായപത്രികയിലെഴുതിയ
മഹത്വം
ഭൂമിയുടെ സമുദ്രങ്ങളിൽ
പൊങ്ങുതടിപോലെയൊഴുകി


രാജ്യം മൺകുടം 
പോലെയുടയുമ്പോൾ
ചുറ്റുവലയങ്ങൾ
കുരുതിപ്പാത്രങ്ങളൊരുക്കി
മണ്ഡപത്തിൽ
കാത്തിരിക്കുമ്പോൾ
ഹൃദ്സ്പന്ദനങ്ങൾ
ഒരക്ഷരകാവ്യം തേടി
ശരത്ക്കാലത്തിനരികിലൂടെ
ഉൾക്കടലിലേക്കൊഴുകി.


ഉലച്ചുടച്ച വാതിലടക്കാതെ
പോയ കുലത്തിൻ
ശിരോപടങ്ങളിലേയ്ക്ക്
ആകാശം തൂവി
അഗ്നിചിറ്റുകൾ..നക്ഷത്രകാവ്യങ്ങളുടെ
ഭംഗി സൂക്ഷിക്കാനാവാതെ
മനസ്സു നൊമ്പരപ്പെടുമ്പോൾ
വിരൽതുമ്പിൽ വന്നിരുന്നു
ഒരു മഴതുള്ളി..

Tuesday, March 13, 2012

മൊഴി കല്പാന്തങ്ങളുടെ
 കഥയിലൊരക്ഷരകാലം പോലെ, 
സ്വരം പോലെ 
സംവൽസരങ്ങളിൽ
 ദിനങ്ങൾ തുന്നിചേർത്ത 
അരയാലിലതുമ്പിലൂയലാടി മാഞ്ഞ
 ഋതുക്കളുടെ കാവ്യഭംഗി. വലയങ്ങളുടെ വിഭ്രാന്തമാം
 ദ്രുതവിദ്രുതങ്ങളിൽ 
ചില്ലുപൊട്ടുകൾ പൊടിയും 
വിരൽതുമ്പിലെ നോവിൽ
 ചന്ദനമരങ്ങളിലെ 
സുഗന്ധമിറ്റിക്കും പ്രഭാതം...


രാശിപ്രമാണങ്ങൾ തെറ്റിയ 
ചതുരചെപ്പിലൂടെ 
കവടിശംഖിലൂടെ തിളക്കം 
തേടിപ്പോയ പ്രാചീനപുരാണങ്ങൾ
 മായ്ക്കാനൊരുങ്ങിയ
 സമുദ്രസ്വരങ്ങളെ
 പ്രദിക്ഷണവഴിയിലുണർത്തും 
ഭൂമി..നിലതെറ്റിയോടിയ  നിഴലുകളിൽ 
കല്ലുടഞ്ഞ കൽത്തേരുകളിൽ
എണ്ണച്ചായാചിത്രങ്ങളിൽ 
ആകാശത്തിന്റെ കമാനങ്ങളിൽ 
എഴുതിമുഴുമിക്കാനാവാതെ 
എണ്ണിത്തീരാത്തത്രയും 
നക്ഷത്രമിഴികൾ...മൊഴി


ഇടവേളയുടെ
മാഞ്ഞുതുടങ്ങിയ
ശൂന്യമണ്ഡലത്തിൽ
ആകാശം തെളിയിച്ചു
നക്ഷത്രദീപങ്ങൾ...


പടയേറ്റിവന്ന
അക്ഷൗഹണികൾക്കരികിൽ
വ്യതിചലനമില്ലാതെയൊഴുകി
ഭൂമിയുടെ
ഹൃദ്സ്പന്ദങ്ങൾ...


വലയങ്ങളുടെ
മുൾപ്പാടിലുടക്കിക്കീറിയ
ഉപഗ്രഹമിഴിയിൽ
നിന്നൊഴുകി അമാവാസിയുടെ
അധികക്കറുപ്പ്..


ചിപ്പികളിൽ
സമുദ്രമെഴുതിയ കവിതയും
കാറ്റിൻ ശ്രുതിയും നിറയും
പ്രഭാതത്തിൽ
തിരയേറ്റിയ
മൺ തരിയിൽ ഒഴുകിമാഞ്ഞ
ഋതുക്കളുടെ ദൈന്യം തേടി 
കുലം...


ചിറകെട്ടാനാവാതെ
കടലൊഴുകിയ മഴയിൽ,
കാറ്റാടിമരങ്ങൾക്കരികിൽ,
ദർപ്പണങ്ങളുടഞ്ഞ്
പ്രതിബിംബങ്ങൾ മാഞ്ഞ
പ്രദിക്ഷണവഴിയിൽ
അക്ഷരങ്ങളുടെ
സ്വയം പ്രകാശിതമാം 
പ്രദീപ്തദീപങ്ങളുണർന്നു....

Monday, March 12, 2012


മൊഴി


മിഴിയിലുണരും
നിസംഗമാം
പ്രഭാതവും
ഒരു കാവ്യക്ഷരം..


അടർന്നുവീണ
ഇഷ്ടികതുണ്ടിൽ
താഴികക്കുടത്തിന്റെയൊരു
സ്വർണ്ണചിറ്റിൽ
തുളുമ്പി മഴ..


കാറ്റൊഴുകിയ
ചന്ദനക്കൂട്ടിൽ
ഹൃദ്സ്പന്ദനമൊരു
നിർണ്ണയമെഴുതി...


ദീപസതംഭങ്ങൾക്കകലെ
മൺ വിളക്കുമായ്
കടൽത്തീരത്തിലൂടെ
ആകാശത്തിലെ
നക്ഷത്രകവിതകൾ
തേടി നടന്നു സന്ധ്യ..

Saturday, March 10, 2012


മൊഴി


ചുറ്റുവലയങ്ങളിൽ
വീണുടഞ്ഞ
ഒരു ചില്ലുതുണ്ടിൽ
തിളങ്ങി
പ്രഭാതത്തിൻ 
ചന്ദനസുഗന്ധമോലും
ഒരു കാവ്യം


തടുത്തുകൂട്ടിയെടുത്ത
മൺതരിയ്ക്കിടയിലൂടെ
നടന്നുവന്ന കടലിൽ
ശംഖുകളെഴുതി
ആഴക്കടലിനിരമ്പം


അനേകമനേകം 
ജന്മദൈന്യങ്ങളെരിഞ്ഞ
ചിതയിൽ മാഞ്ഞുതീർന്നു
ഒരോർമ്മ


കളം വരച്ചനേകം
നിറം തൂവിയ
മൺ തുണ്ടുകളിൽ
മഴ തൂവി മനോഹരമാം
ഒരു കാവ്യഭാവം


ചുമരെഴുത്തുകൾക്കൊടുവിൽ
ചരിത്രനാടകങ്ങൾക്കൊടുവിൽ
ഹൃദ്സ്പന്ദനലയത്തിലലിഞ്ഞു
അക്ഷരങ്ങളുടെ മന്ത്രംThursday, March 8, 2012മൊഴി


ഇമയനങ്ങും നേരം 
കണ്ട ലോകം
സംവൽസരങ്ങളിലേറി
മാഞ്ഞുതീർന്നപ്പോൾ
അവശേഷിച്ചു
പരിമിതികൾക്കതീതമാം
മൺവിളക്കിലെ
പ്രകാശം...


ഒരോർമ്മതെറ്റിനനുബന്ധമായ്
ഒഴുകി നീങ്ങിയ
ദിനങ്ങൾക്കൊടുവിൽ
കാണാനായി
കീറിതുന്നിയ മനസ്സാക്ഷിയുടെ
ഉൾവിളി


മുൾവേലികളിലുടക്കിയ
മനസ്സിനെ തിരികെയെടുത്തപ്പോൾ
ചില്ലുപാത്രം പോലെ
താഴേയ്ക്ക് വീണുടഞ്ഞു
ദയ...


ആകാശമുടഞ്ഞവിടവിൽ
കാണാനായി ഇന്ദ്രധനുസ്സ്..
എയ്തുതീർന്ന
ആവനാഴിയും...


ഋതുക്കൾ 
ചിതയിലേക്കിട്ട
പുസ്തകത്താളുകൾ
പുകഞ്ഞ വഴിയിലൊരു
മഴകാത്തിരുന്നു ഭൂമി

Tuesday, March 6, 2012


ഹൃദ്സ്പന്ദനങ്ങൾ


കരിനിഴലുകളാൽ
ചുരുങ്ങിയ ലോകത്തെ
ആകാശത്തിനിന്ന്
അറിയാതെയായിരിക്കുന്നു
അതങ്ങനെയങ്ങ്
മാഞ്ഞുതീരട്ടെ


വിരൽതുമ്പിലേയ്ക്കൊഴുകട്ടെ
ശുഭ്രമാമക്ഷരങ്ങൾ
അഹമെന്നഴുതിയ
അരുളപ്പാടുകളുടെ
മുഴക്കമിനിയും
കേൾക്കാതെയുമിരിക്കട്ടെ


മനസ്സിലെ നന്മയില്ലാതെയാക്കൻ
കഠിനപരിശ്രമം ചെയ്ത
കുലത്തോടെന്തിനൊരു
പരിചയഭാവം


ഒരിക്കലെങ്ങോ
വിരലിൽ തുളുമ്പിയ
ഒരക്ഷരത്തിനരികിൽ
നിന്നൊഴുകിയ കടലേ
ശ്രുതിചേർത്താലും
ഹൃദ്സപന്ദനങ്ങളിൽ


ഓർമ്മതെറ്റുകളുടെ
പ്രളയമകന്നിരിക്കുന്നു
ഇവിടെയീതീരമണലിൽ
തിളങ്ങും സന്ധ്യയുടെ
വിളക്കിനരികിലിരുന്നു 
കാണും മഹാസമുദ്രം
ഒരു കാവ്യം...

Sunday, March 4, 2012


ഹൃദ്സ്പന്ദനങ്ങൾവഴിയോരത്തൊരു
നിഴലുടഞ്ഞതിൽ മാഞ്ഞ
പ്രകാശം വീണ്ടുമുണർന്നു
ഒരു മൺ വിളക്കിൽ..


ആൾക്കൂട്ടം തിരക്കിട്ടോടിയ
വീഥികളിൽ നഷ്ടമായ കാവ്യഭാവം
വീണ്ടുമുണർന്നു
മഴക്കാടുകളിൽ...


ഭൂരാഗമാലികയിലുടഞ്ഞ 
മൺ തരികളിൽ
ലോകം പലതായിയുടഞ്ഞു
മാഞ്ഞുപോയി...


എഴുത്തുൽസവങ്ങളിൽ
ഒരു വിഭാഗം നീർത്തിയിട്ടു
കാൽതുട്ടിനെഴുതിക്കും
പ്രദർശനസാഹിത്യം..


കൽ വരിക്കെട്ടിനരികിൽ
പുരോഗമനം കാണിക്കയിട്ടു
മുഖപടങ്ങൾ..


മഞ്ഞടർന്നുനീങ്ങിയ
വിള്ളൽപ്പാടിൽ കാണാനായി
മനസ്സുകളൊളിപ്പച്ച
കറുത്ത പാടുകൾ


കത്തിയാളും വേനലിലും
ചുറ്റുവലയങ്ങളേറ്റിയ
നിഴൽതുള്ളിയേറ്റ് മരവിക്കും
മനസ്സ്..


ഒരോർമ്മതെറ്റിനപ്പുറമൊഴുകിയെത്തും
അക്ഷരങ്ങൾ
ഒരു സ്വാന്തനം...

Saturday, March 3, 2012

മൊഴി


തിരികല്ലിൽ തിരിഞ്ഞ
ദൈന്യങ്ങൾ ദിശതെറ്റി,
ദിക്കുതെറ്റി 
മാഞ്ഞുപോയനാളിൽ ശേഷിച്ചു
നിർമ്മമാമൊരു
ഹൃദ്സ്പന്ദനം


അരങ്ങളിലുരഞ്ഞുതീപാറി
ഇലകൾ കരിഞ്ഞ
വൃക്ഷശിഖരങ്ങളിൽ
അമൃതുതുള്ളികളിറ്റിച്ചു
ഒരു മഴക്കാലം


ഋതുക്കളുടെ കുടമാറ്റം
അകൃത്രിമം
മനുഷ്യരുടേത് 
കൃത്രിമച്ചായക്കൂടുകൾ


മിഴിയോരത്തൊരു കടലേറ്റം
സന്ധ്യകൾക്കപ്പുറം
സ്വരങ്ങൾക്കപ്പുറം
എഴുതിതീരാത്ത കാവ്യഭാവം
നക്ഷത്രങ്ങൾ...

Friday, March 2, 2012

ഹൃദ്സ്പന്ദനങ്ങൾപ്രഭാതമുകുളങ്ങളിൽ
നിന്നും മാഞ്ഞുപോയിരിക്കുന്നു
മഞ്ഞുനീർക്കണങ്ങൾ 
പോലെയുണർന്ന
പഴയ കവിതകൾ...


കാവ്യഭാവങ്ങളെ
നിഴൽ കുത്തിമായ്ക്കാനൊരുങ്ങിയ
യുഗത്തിനൊരുപകാരസ്മരണയേകി
ആദരിക്കാൻ
ആകാശവാതിലിലെ ദൈവം
ഭൂമിയോടാവാശ്യപ്പെടാത്തതെന്തേ?

നാലുമടക്കിൽ പൊതിഞ്ഞ്
മറന്നിട്ടതോർമ്മിപ്പിക്കും
മഷിതുള്ളികൾക്കരികിൽ
കടൽ തീർത്തു
ശംഖുകളാലൊരു ഗാനം..


ആകാശം പണിഞ്ഞ 
ചിത്രകമാനത്തിൽ
കവിതയെഴുതി
നക്ഷത്രങ്ങൾ....

മൊഴി


ഗ്രീഷ്മത്തിൽ കരിഞ്ഞ
മരച്ചില്ലകൾക്കിടയിലും
വസന്തകോകിലം 
ഉടയാതെ സൂക്ഷിച്ചു
സ്വരങ്ങൾ..


ഗ്രന്ഥശാലയിലെ
പൊടിപുരണ്ട പുസ്തകങ്ങളിൽ
തർജ്ജിമയെഴുത്തുകാരൻ തേടി 
അയാളുടെ
പൊടിപുരണ്ട മനസ്സ്..


വിരലുകളിലെയാർദ്രഭാവമാർന്ന
കാവ്യവും
കടലിനിരമ്പവും
ഹൃദ്സ്പന്ദനങ്ങളിലേറുന്നു..


കൽസ്തൂപത്തിനരികിൽ
സന്ധ്യാവിളക്കുകൾക്കരികിൽ
കൃഷ്ണപക്ഷം ക്ലാവുനിറഞ്ഞ
ഈയക്കുടങ്ങളിലൊളിച്ചുസൂക്ഷിച്ചു
മഷിതുള്ളികൾ..


ഭൂമിയുടഞ്ഞ വിടവിലൂടെ
മാഞ്ഞുപോയി
ഇതിഹാസത്തിനൊരിതൾ..


മുന്നിൽ നീർത്തിയിട്ട
ലോകത്തിനസ്ഥാസ്ഥ്യങ്ങളിലൂടെ
നീങ്ങിക്കൊണ്ടേയിരുന്നു
ദിവസങ്ങൾ..


കാലക്കണക്ക് തെറ്റിയ
ഗണിതപ്പട്ടികയിലവശേഷിച്ചു
രഥങ്ങളിൽ നിന്നിളകിയ
ചക്രങ്ങൾ...


ഓർമ്മയിലെ 
അതികഠിനഭാവങ്ങളിലഗ്നിയിറ്റുമ്പോഴും
ആകാശത്തിനരികിലെ
കാവ്യം തൂവുന്നു
അമൃതുതുള്ളികൾ...