Saturday, December 31, 2011


ജനുവരി.
സന്ധ്യാവിളക്കിനരികിൽ
ദിനാന്ത്യത്തിനൊരു 
തന്ത്രിവാദ്യസ്വരം...
താളിയോലകളിൽ
നിശ്ചലമുറങ്ങും
പ്രാചീനപുരാണങ്ങൾ..
പ്രഭാതമൊരു പ്രതിശ്രുതി..
ചിത്രകമാനങ്ങളിൽ
അകൃത്രിമമാമൊരു 
രേഖാചിത്രമെഴുതും
തിളങ്ങും ഓട്ടുവിളക്കിൻ
പ്രകാശം..
തടുത്തുകൂട്ടിയ ചില്ലുകളിലൊരു
പ്രതിരൂപം
പ്രപഞ്ചം...
ഗ്രഹകാലങ്ങളുടക്കിക്കീറിയ
ഒരാലില..
പുസ്തകത്താളിൽ
നിന്നിറ്റുവീണ മഷിതുള്ളി
വയൽ വരമ്പിലൂടെ നടുമുറ്റവും
കടന്ന് മാമ്പൂക്കളുലച്ച് 
വഴിതെറ്റിവന്നൊരു നിഴൽ...
തൂവൽതൂലികയിൽ നിന്നടർന്നൊരു
കൽച്ചീളിലുരസി മുറിഞ്ഞ വ്യഞ്ജനങ്ങൾ
മുദ്രചിഹ്നങ്ങളിൽ, മുഖാവരണങ്ങളിൽ
മാഞ്ഞുമാഞ്ഞില്ലാതെയാവും മഞ്ഞുകാലം...
പാതികൊഴിഞ്ഞപൂവുകൾക്കരികിൽ
ഹോമപ്പുക...
മന്ത്രങ്ങളുടെ ജപമാലയിൽ
പന്ത്രണ്ടുമുത്തുകൾ മൊഴിയിൽ
 തിരിഞ്ഞുതീർന്നൊരു
സംവൽസരം..
മിഴിയ്ക്കരികിൽ തീർഥം തൂവി
വീണ്ടുമൊരു പ്രഭാതം
ജനുവരി...

Friday, December 30, 2011


മൊഴി
ആത്മാവിന്റെയക്ഷരകാലത്തിൽ
പതാകയുടെ അശോകപ്പൂവർണ്ണം
അഗ്നിനിറം...
വിലയിട്ടെടുക്കും തൂലികൾക്ക്
വേറൊരു വർണ്ണം
അതിലൊരധികകൃത്രിമത്വം
മഷിചെപ്പിൻ  മേഘദൈന്യം...
ഈറനാർന്നൊരു പ്രഭാതത്തിൽ
ത്രിവർണപതാക താഴ്ത്തിനിൽക്കേണ്ടിവരും
സ്വാതന്ത്ര്യത്തിൻ മിഴിനീർ...
മഹത്വമെഴുതിയുണ്ടാക്കും
സിന്ധുനദീതീരം...
ശംഖിൽ നിന്നൊഴുകും കടലിൽ
ത്രികാലങ്ങളുടെ സാക്ഷ്യം...
കാറ്റിന്റെ മർമ്മരം..
ഒളിച്ചും മറച്ചും 
പാടിയാവർത്തനവിരസതയിൽ
നിറം മാഞ്ഞുനിൽക്കും ഒന്നാം കാലം
ഒരു വർണം..
അതിനരികിലോ
സ്ഫുടം ചെയ്ത മനസ്സിലെ
കീർത്തനസ്വരമായ്
ഹരിതാഭമാം പ്രപഞ്ചം...
ഇടറിവീണതൊരു നിമിഷകാലം
മൺ തരികളിൽ നിന്നുണരുന്നത്
പ്രഭാതത്തിന്റെ നനുത്ത കവിത
അക്ഷരങ്ങളുടെയകക്കാമ്പിൽ
അക്ഷയപാത്രം..
ഒരില..
ഒരു സ്വപ്നം..
മൊഴിതൊട്ടുണരും കവിത...


ഡിസംബ.....

ദൃശ്യമാം മഴ
ധനുമാസഗാനം...
എഴുതി മായാതെ
ഇടനാഴിയി നിമിഷങ്ങൾ...
പുകമഞ്ഞ് മൂടിയ ദിനാന്ത്യം
വിശിഷ്ടസഭകളുടെയാവരണം..
ശബ്ദരേഖയിലൊതുങ്ങാതെ
നിരതെറ്റിവീഴും വിളംബകാലം..
ഭൂമിയുടെ സാക്ഷ്യമാകാശം..
വിരലി മായാതെയൊരുസ്വരം
അനന്യമാമൊരു സഗം...
മഴ തണുപ്പിക്കുമൊരു
സായന്തനം..
അറിവിന്നെഴുത്തുപുരയി
മിഴിയേറ്റിനിക്കുമൊരുതരിവെട്ടം..
തിരശ്ശീലകക്ക് മുന്നി
കരിന്തിരികത്തും കപ്പനകൾ..
അറിഞ്ഞതുമറിയാത്തതും
തട്ടിവീണുടഞ്ഞ ദപ്പണത്തിനൊരുചില്ലി
നിന്നുണരുമരയാലിലകൾ..
ഋജുരേഖകളിനിന്നകലും
പ്രകൃതി..
വിരലി വിസ്മയം പോലെ
മായുന്നു പലതും
പശ്ചാത്തലങ്ങ...
ഋതുക്ക..
ദിനങ്ങ...
ഇടവേളക...
അതിനിടയി
ഒരുടഞ്ഞ നിമിഷത്തി
നിന്നടന്നടന്നുതീരും
ഡിസംബ.....

Thursday, December 29, 2011


മൊഴി
ഒഴുകും മണൽതരിപോൽ
ദിനങ്ങൾ
സംവൽസരങ്ങളുടെയോർമ്മചെപ്പ്
കടൽചിപ്പികളുടയാതെയതിലൊരു
കവിതയെഴുതും കടൽ
തീരങ്ങളുടെയരികിൽ
തിരയേറ്റം
പ്രഭാതത്തിനൊരു നീർക്കുടം
ചരമഗീതങ്ങളെഴുതും 
കൽശിലകൾക്കരികിൽ
ഡിസംബറിലെ മഴ
പ്രഭാതത്തിനൊരമൃതുതുള്ളി
വിരലിലുരുമ്മുമൊരു 
രാഗമാലികയിലെ സ്വരം
ഇടറിവീണ പകലിനും
നിഴലിനുമിടയിൽ
അശോകപ്പൂവുകൾ
കൊരുക്കും സന്ധ്യ
മൺ വിളക്കുകളിൽ
നിന്നുണരുപൂർവപ്രകാശം
നിലയ്ക്കാത്ത സർഗം
എഴുതിതുടങ്ങും ഭൂമൺതരികൾ
വെൺചുമരിലെ കവിത
ഒരിടവേള 
വർത്തമാനകാലം
നടന്നുനീങ്ങുമൊരു ഋതു 
ശൈത്യം..
അരയാലിലതുമ്പിലൊരു
ആകാശസ്വപ്നം
ഒരു നക്ഷത്രം
വെളിച്ചം മായ്ക്കാതെസൂക്ഷിക്കും
ശരറാന്തൽതിരി
വിരൽതുമ്പിലൂടെയൊഴുകിനീങ്ങും
പ്രപഞ്ചം
കമനീയമായൊരു ചിത്രം...

സ്വരം
പകലെരിയും ദിനാന്ത്യത്തിലൊരു
മഴക്കാറിൻ തീരം
ആകാശത്തിനുമനന്തകോടി
നക്ഷത്രങ്ങൾക്കുമരികിലോ
ഒരു പദം..
മെല്ലെയാത്മാവിൽ വിരിയും
സ്വരം..
ചിലമ്പിലുടഞ്ഞുതീർന്നൊരു
മുത്ത്
പകലിൻ വെൺചുമരുകളിൽ
വെളിച്ചത്താലൊരു
മറുകുറിപ്പെഴുതിയാലതിലേയ്ക്ക്
കാഞ്ഞിരകയ്പൊഴുക്കും കുലം
എഴുതാനൊരുവിരൽതുമ്പിൽ
വിതുമ്പിനിൽക്കുമൊരു
തൂവൽസ്പർശം
അകലെയറിഞ്ഞുതീർന്ന
വിപ്ലവം
മുൾക്കമ്പിപോലെ ഹൃദയം കോറിയ
മുഖാവരണങ്ങൾ
ഇന്നലെയുടെയക്ഷരകാലം തെറ്റിയ
ഋതുക്കൾ
പയറ്റിതെളിഞ്ഞൊരു സഭാതലത്തിൻ
മേളവാദ്യങ്ങൾ
ജനൽ വിരികളിൽ തുന്നിയിട്ട
പൂക്കളിലൂടെ നടന്നുനീങ്ങും സായന്തനം
എഴുതിമുറിവേൽപ്പിച്ച നിഴൽതുള്ളികളുടെ
ന്യായരേഖകൾ
വെൺചുമരുകളിൽ നക്ഷത്രവെളിച്ചം
മിഴിയിലോ ലോകത്തിൻ മൺദീപങ്ങൾ
സ്വയരക്ഷതേടിയൊടുവിൽ 
സ്വസ്തികമുദ്രയിൽ ചുരുങ്ങിയ യുഗം
കടലേറുന്നുവോ വീണ്ടും 
മഴതുള്ളികളിൽ....

Wednesday, December 28, 2011


മൊഴി
വാതിലുകളടയട്ടെ
ശബ്ദങ്ങളാരവമായുയരും 
വീഥികളിൽ നിന്നകലെയാകാശവാതിൽ
തുറന്നെത്തുമളകനന്ദ പോലൊരു
സ്വർഗഗാനമുണരട്ടെ മനസ്സിൽ..
അടച്ചുപൂട്ടപ്പെട്ട കാരാഗൃഹങ്ങളിൽ
നിന്നുണരുമാത്മാവിൻ സർഗം.
മുത്തുകൾ ചിതറും പോൽ
ചുറ്റുമുണരുമക്ഷരങ്ങളുണരുമ്പോൾ
നെരിപ്പോടുകൾക്കരികിലൊരു
സ്വർണ്ണത്തരിപോലെയുണരും
സ്വരം..
പ്രപഞ്ചമേ നീയേതു
വാതിലടച്ചുതഴുതിടും
വൃക്ഷങ്ങളെ നിങ്ങളേതു
നിലവറയിലടച്ചു തഴുതിടും
മധുരതലഫലങ്ങൾ..
സ്വാർഥം ചിന്തിക്കുമൊരു കുലം
അവിടെയടയും വാതിലുകൾ
അടയട്ടെയവയൊക്കെയും..
ജാലകവാതിലൊന്നു
വിടവു ചേർത്തടയ്ക്കാനൊരു
പുകമഞ്ഞെങ്കിലുമിരിക്കട്ടെ
പുലർ കാലമേ ഉണർവിലെഴുതിയാലും
ഒരു നിസ്വാർഥഗാനം....


മൊഴി
മഹാകാലമൊരു നിമിഷം 
തെറ്റിവീണ ചതുരംഗക്കളം
ഒരു ഋതുവിന്റെ ശൈത്യം
നടന്നുനീങ്ങുന്നതുമൊരു കാലം
വെറുതെ തൂവിയ നീർത്തുള്ളികൾ
ലോകത്തിനിടവഴിയിലാരവം
നഷ്ടപ്പെട്ട പ്രാഭവത്തിനൊരു
വിലതേടിയലയും 
സാമ്രാജ്യത്തിനുടഞ്ഞ
ഒരു സിംഹാസനം
മനുഷ്യത്വത്തെ വിലപേശിവിൽക്കും 
മൗനം..
അകലെ നിറം മങ്ങിത്താഴുമൊരസ്തമയം...
തീയാളും കടൽ..
വഴിമൂടിനിൽക്കും
ദു:സ്വപ്നങ്ങളെയൊരിലയിലൊഴുക്കാം...
തീരത്തടിയും കടൽശംഖിനുള്ളിലെ
കവിത മാത്രമെടുത്തുസൂക്ഷിക്കാം
മനസ്സിൽ..

Tuesday, December 27, 2011


സ്വരം
മനസ്സൊരു നീർത്തുള്ളിയിൽ
തൊട്ടുണരും സ്വരം
കടലോ ഒരാത്മരോഷം
അരികിൽ മൺതരിയിലുടയും
അനേകകോടിജന്മ ദൈന്യം..
മൂടിക്കെട്ടിയൊരു 
കടലാസുതുണ്ടിലൊതുങ്ങും
ജനരേഖ..
ഇടനാഴിയിൽ പ്രാതിനിധ്യം
നഷ്ടമാം സഭയുടെയാരവം..
അതിനപ്പുറം
ഉപവസിക്കുമൊരുൽക്കടദൈന്യം
അതിനരികിലൊളിപാർക്കും
ചാതുർവർണ്ണ്യം...
കാൽപ്പദങ്ങളിലുടക്കിവീഴും
കൽത്തരികൾ
തണുപ്പാർന്നൊരു കവിത
പ്രഭാതത്തിനൊരുടുക്ക്
ശിവജടയിലെ രുദ്രാക്ഷം
തീരങ്ങൾക്കകലെ
ചക്രവാളത്തിലുറക്കം മറന്ന
ഒരു നക്ഷത്രക്കവിത...

Sunday, December 25, 2011


പ്രതിഫലനം
പുസ്തകങ്ങളിലുടക്കിയ കവിത...
ചില്ലുകൂടുകളിൽ നിന്നും
പുനർജനി മന്ത്രം ചൊല്ലിയുണരും
പ്രഭാതമുദ്രാമൊഴി...
ശൂന്യം പകലെന്നെഴുതിനീങ്ങുമൊരു
തൂലിക..

പകലിനായപരാഹ്നമൊരുക്കിയ
പ്രദോഷസന്ധ്യ...
രുദ്രാക്ഷമുത്തുകളാൽ തീർത്ത
ജപമാല.....
ശൂന്യതയിലൊരുണർവ്
ഒരു സ്വരമായൊരുവരിക്കവിതയായുണരും
ഹൃദ്യ ധ്വനി.
വൈരുദ്ധ്യങ്ങളുടെ വിഷമകാലം
ആൾക്കൂട്ടത്തിനധികസ്വരങ്ങൾ
തീരത്തിനകലെയൊരു ജപമണ്ഡപം
കടൽ ശംഖിലെയൊരുസ്വരം..
അതിസങ്കീർണ്ണമാമാവരണങ്ങളില്ലാതെ
അരികിൽ ഡിസംബർ...
ശൂന്യതയുടെയുടയും ചിത്രം
ഒരോ തുണ്ടിലുമൊരക്ഷരം
ഒരിലയനക്കം
മഞ്ഞുതരിവീണ പ്രഭാതം
മനസ്സിന്റെയുണർവ്...
ശൂന്യതയ്ക്കുമൊരു ഭംഗി
ഉൾക്കടൽ പോലെ....
ചുറ്റും പ്രതിദർപ്പണങ്ങൾ...
പ്രതിഫലനമോ
ഉടഞ്ഞസ്വരങ്ങളിൽനിന്നുയിർക്കൊള്ളും
രാഗമാലിക....

Saturday, December 24, 2011


ഡിസംബർ
ലോകം കൈയിലെയൊരിലയെന്ന്
പറയുവാനോ വന്നു നീ...
ആകാശമെൻ മിഴിയിൽ 
നിറയുമൊരത്ഭുതമെന്നേ 
എനിയ്ക്കെഴുതാനാവൂ...
പ്രപഞ്ചമുലച്ചൊടുവിൽ
മൺ തരികൾക്കിടയിൽ
നഷ്ടമായ വിവേകം തേടി
തമോഗർത്തങ്ങൾക്കൊരു സാക്ഷ്യം..
യുഗാന്ത്യങ്ങളിങ്ങനെയെന്നെഴുതിയിടാൻ
രാജ്യവീഥികൾ...
വിലങ്ങിലെയോരോചങ്ങലക്കണ്ണിയുമെഴുതിയ
കവിത തലോടിയ വിരലിൽ
നിന്നിറ്റുവീണ മഞ്ഞിൽ കുളിർന്ന
പ്രഭാതത്തിലും നീയൊഴുക്കുന്നുവോ
ആത്മാംശം നഷ്ടമായൊരരാജകകഭാവം...
തുന്നിക്കൂട്ടിയ പോരായ്മകളുടെ
ധാരാളിത്വവും മഹനീയമെന്ന്
പറയുവാനോ വന്നു നീ..
അളന്നുതൂക്കി ചുമരുകളിൽ
നീയെഴുതിയതൊക്കെയും
ശരിയുമായിരുന്നില്ല..
അരികിലോ
അരങ്ങിൽ മിനുക്കി തൂക്കിയ
ചിത്രങ്ങൾക്കടിയിൽ മൂടിയിടാനാവാതെ
മുഖം കാണിക്കും മുഖാവരണങ്ങൾ
അകലങ്ങളുടെയാപേക്ഷികതയിൽ,
നിറഞ്ഞ തണുപ്പിൽ മൂടിയ പകൽ
പ്രകാശമൊരു ദീപജ്വാല...
മിഴിയിൽ കത്തും സന്ധ്യ..
എഴുതും വിരലിൽ പടരും കനൽ...
കല്ലിലുരസി മിനുപ്പ് 
നഷ്ടമായൊരുൽകൃഷ്ടകൃതി...
മൂടൽ മഞ്ഞുതൂവും ശൈത്യം
ധനുമാസമെഴുതും സർഗം..
ഒരിക്കൽ മഷിതുള്ളിയിറ്റിയ
പ്രഭാതപാത്രത്തിൽ
മരചില്ലകളുടെ ഹരിതവർണ്ണം
മൃദുസംഗീതത്തിനീരടികൾ
മാഞ്ഞ സ്മൃതി..
എഴുതിയിട്ടുമെഴുതിയിട്ടും
തീരാത്തൊരു പുസ്തകം 
ഡിസംബർ....മൊഴി


ഡിസംബറിങ്ങനെയുമാവാം
ഒരു സർഗം..
പ്രഭാതത്തിനൊരു തുടം മഞ്ഞ്
അകലെയോട്ടുമണികൾ
മുഴക്കും വർത്തമാനകാലം
എഴുതി ദിശതെറ്റിയ
മേഘശകലങ്ങൾ..
ശേഷിപ്പുകളിൽ തീർപ്പെഴുതിയിടും
പുകയുമൊരു നെരിപ്പോട്
ഉടച്ചുലച്ചൊരക്ഷരങ്ങളെ
ചേർത്തെഴുതും ഡിസംബർ
തണുപ്പാർന്നൊരു മൊഴി
അപാരാഹ്നമുദ്രയിലെരിയാതെ
നിന്ന ഒരു ദിനം
മായുന്നതിൻ മുൻപേ
പകലെഴുതിയുറക്കിയ
സായന്തനം..
പതിയെയുണരും
നക്ഷത്രങ്ങൾ..
നെരിപ്പോടിനരികിലെ
ഡിസംബറിങ്ങനെയുമാവും..

Friday, December 23, 2011


മുദ്ര
സംവൽസരങ്ങളുടെ ചെപ്പിൽ
അദ്വൈതത്തിനമൂർത്തഭാവം
വഴിയിലൊരു മഷിചെപ്പിൽ
തുളുമ്പിവീണൊരച്ചടിപ്പിശകുകൾ
അകാശത്തിനൊരു തുണ്ടടർന്ന
ഹോമപാത്രം..
തിരക്കിട്ടോടിയ ഗ്രഹപ്പകർച്ചകൾ
തട്ടിയുടഞ്ഞു ചിതറിയ
വ്യോമവീഥിയിലെ 
രാശിതെറ്റിയ പ്രമാണമുദ്രകൾ..
രാജ്യമൊരു രേഖാചിത്രം..
പകർത്തെഴുതും 
പുരാണങ്ങളിലൊരിലപോലെ
പല ശാഖകളുപകഥകൾ,
ഉപാഖ്യാനങ്ങൾ..
ഇടവേളയിലുടഞ്ഞ
ചില്ലക്ഷരങ്ങളുരകല്ലിലുരരസി 
മിനുപ്പാക്കിയ പ്രഭാതം..
തടുത്തുകൂട്ടിയ മൺതരിയിലിറ്റുവീഴും
പുലർകാലപ്രകാശം
ഒരു കവിത..

നക്ഷത്രങ്ങൾക്കായൊരു
കവിത

ഒരിലചീന്തിൽ 
ചന്ദനസുഗന്ധവുമായരികിൽ
ഗ്രാമം..
നഗരമൊരു പുറം ചട്ടയിട്ട
പുസ്തകത്തിലൊതുക്കാനാവാതെ
വളർന്നൊരു പൊയ്മുഖം....
രണ്ടിനുമിടയിലെവിടെയോ
ഉടഞ്ഞുതീരും ദിനങ്ങൾ
ചിറകെട്ടി പൂട്ടിയൊരു 
സംഖ്യാചിത്രത്തിലുതിർന്നുവീഴും
സംവൽസരങ്ങൾ.....
കൈതട്ടിവീണൊരു ചില്ലക്ഷരം
കാൽപ്പദങ്ങളിലൊഴുകിയ
നീർച്ചോല...
ഉപവസിക്കുമുണ്മ തിടമ്പേറ്റിയ
വിപ്ലവശീലുകളിൽ നിന്നകന്നുനീങ്ങും
നേരിന്റെയൊരുതരിവെട്ടം
ചിതറിയ രാജ്യത്തിനിളകുമാരൂഢശില..
അനക്കമറ്റൊരാൽത്തറയിൽ
തപസ്സിലോ സായന്തനം?
കൽപ്പടവിൽ കാൽതെറ്റിവീണൊരസ്തമയം
കായലോളങ്ങളിൽ തീയേറ്റുമ്പോൾ
ഡിസംബർ മൺദീപങ്ങൾതെളിയിച്ച്
നക്ഷത്രങ്ങൾക്കായൊരു 
കവിതയെഴുതുന്നു...

Thursday, December 22, 2011


മൊഴി
ഉണർന്നെണീക്കും 
പ്രഭാതങ്ങൾ മുങ്ങിയുണരും
കവിതയുടെയൊരുതരിമഞ്ഞ്...
ഒരിക്കലെവിടെയോ മറന്നിട്ടൊരു
കടലാസിലെയെഴുത്തുപാടുകൾ...
പണിഞ്ഞ പറുദീസയുടെ
നേരില്ലായ്മ മറയ്ക്കാനാവാതെയുലയും 
യുഗദൈന്യം....
ഇരമ്പും കടലിനെ ശംഖിലെയൊരു
ഹൃദ്യസ്വരമാക്കാൻ ശ്രമിക്കും ഭൂമി..
ഇടവഴിയുടെയിടുങ്ങിയ ചിന്തകൾ പോലെ
കാലത്തിന്റെ തെറ്റിയ നിമിഷങ്ങൾ പോലെ
ലോകത്തിന്റെയുലഞ്ഞ ഭൂപടം പോലെ
തൂവിമുഷിഞ്ഞ വർണം പോലെ
വർത്തമാനകാലം..
ഉറഞ്ഞ ഹൃദയമൊരു നേർത്ത സ്വരം
മൃദംഗവുമിലത്താളവും തട്ടിതൂവിയ
തിമിർപ്പിനിടയിലെ ഇടയ്ക്കയുടെ
ഹൃദ്യലയം..
മൊഴിയിലൊഴുകും ഗാനം...മൊഴി


ചില്ലുതരിപോൽ ചിതറിവീഴും
സഭാതലങ്ങൾ
മുന്നിലൊരു സമതലസങ്കീർണ്ണതിയിലുടഞ്ഞ
രുദ്രാക്ഷമുത്തുകൾ
കോണികയറിയൊരു 
മട്ടുപ്പാവിലിരുന്നു നോക്കിയാൽ
കാണുമനന്തതയുടെയാദിവർണം
അലങ്കോലപ്പെട്ട സ്വരങ്ങളിൽ
നിന്നുണർന്നുവന്നൊരാലാപനം
ഉൾക്കടലിൻ സംഗീതം
പകൽ നീർത്തിയിട്ട
പ്രകാശമുത്തുകൾ
മായ്ക്കൊനാവാതെമിഴിയിൽ
നിറഞ്ഞ പ്രപഞ്ചം
ഇടവേളയിൽ പല്ലവിയുടെയൊരു
സ്വരമുറങ്ങിപ്പോയ മൂലസ്ഥാനം
ചിലമ്പിൻ നാദം മയങ്ങിയൊരാദിപീഠം
ചില്ലുതരിപോലക്ഷരങ്ങൾ
മുറിവുകൾ മരുന്നുപുരട്ടിയുണക്കിയ
വ്യഞ്ജനങ്ങൾ
ലഘൂകരിക്കാനാവാത്ത ഭാരങ്ങൾ
തൂങ്ങിയാടും ജാലകവാതിലിനരികിലെ
മരച്ചില്ലകൾ..
കടലാസ്പട്ടങ്ങളിലൊഴുകിയ
ചിന്തകളുടെ തൂക്കം തെറ്റിയ തുലാസ്
ഇടയിലൊരു ചന്ദനസുഗന്ധമാർന്ന
മണ്ഡപം..
കല്ലിൽ കൊത്തിയ കവിത.
വിരൽ തൊടുമ്പോളുണരും സംഗീതം..

Tuesday, December 20, 2011


മുദ്ര
എഴുതാനിരുന്ന സോപാനം
അരയാലിലയുലയും സംഗീതം...
കളിവിളക്കിനരികിൽ മുദ്രയേറ്റിയ കാലം
അതിനരികിലോ നിളയുടെ വഴികൾ
പുഴയൊഴുകും വഴിയങ്ങനെ
നേർരേഖയതിലന്യം
പലവഴിയിലോളങ്ങൾ തട്ടിയുടയും ലയം..
ചന്ദനം പോലെ കുളിർന്ന ഗ്രാമം
ഉഷസ്സുകൾ നെയ്തതൊരു
സ്വപ്നം..
കൽമണ്ഡപത്തിൽ കൈതെറ്റിവീണ
കലശക്കുടം...
ഒഴുകിമാഞ്ഞതൊരു തുളസീപത്രം
തീർഥക്കിണറിലെ ജലം
കവികളെങ്ങെനെയെന്നറിയാൻ
പുകയ്ക്കേണ്ടതില്ല 
നെരിപ്പോടുകൾ...
ഇമയനക്കത്തിലൊരിലയനക്കത്തിൽ നോക്കൂ 
കാണാനാവും മൃദുവാമൊരക്ഷരം...
സ്വരങ്ങളാൽ
മൺചിറകെട്ടിയ കായലോളങ്ങൾ..
എഴുതിതീരാത്ത സർഗങ്ങൾ...
കടൽ ശംഖുടഞ്ഞ തീരം..
യാത്രപോകുന്നവരുടെ ന്യായപത്രിക..
അതിലെപ്പോഴുമൊരക്ഷരകാലം തെറ്റിയ
അന്യായക്കുടുക്ക്..


നിറം മങ്ങിയോരിടങ്ങളിൽ
തൂലികകൾ കടം കൊണ്ട്
വർണം തൂവി പൊലിപ്പിക്കാൻ
നിന്നെപ്പോലെ
ഭൂമി ശ്രമിക്കുന്നുമില്ലല്ലോ ..അപരാഹ്നത്തിനരികിൽ


നിറഞ്ഞുകത്തും ദീപങ്ങൾക്കരികിൽ
പ്രകാശം തേടിയോടുമാൾക്കൂട്ടം
മനസ്സിലെ സർഗങ്ങളറിയാതെ
ഗ്രന്ഥശാലയിൽ
വിശ്വവിജ്ഞാനങ്ങൾ തേടും
അറിവിന്റെയപ്രമേയമായ
അറിവില്ലായ്മ..
അതൊരു കുറിമാനത്തിൻ
ചുരുക്കക്ഷരങ്ങളിലൊതുക്കി
പ്രത്യേകമായ് തപാൽ ചെപ്പിലേറ്റുന്നവർ..
മറുകുറിയെഴുതിനോവും പ്രഭാതങ്ങൾ
ഇടവിട്ടിടവിട്ടാദിതത്വങ്ങളുടെയക്ഷരലിപി
മായ്ക്കും  തീരം...
വിലയിട്ടെടുക്കാനാവും
രാജ്യവീഥിയിലുപരിപ്ലവവിപ്ലവം
തീപുകയാത്തൊരടുപ്പുകല്ലിനരികിൽ
ദരിദ്രരേഖയുടെ ദൈർഘ്യം..
സ്വാതന്ത്ര്യം ഒരു കുളിർന്ന സ്വപ്നം...
നക്ഷത്രക്കവിത...
നിറഞ്ഞുകത്തും ദീപങ്ങൾക്കരികിൽ
പ്രകാശം തേടിയോടുമുപരിപ്ലവവിപ്ലവം
എത്ര ദീപങ്ങളുടഞ്ഞു മുന്നിൽ??
എത്ര പ്രകാശകിരണങ്ങൾ മാഞ്ഞു??
അപരാഹ്നത്തിനരികിൽ
പകലും മായുന്നുവോ...

Monday, December 19, 2011 മുദ്ര..

അന്വേഷണത്തിനൊടുവിൽ
കാണാനായി
തകർന്ന സാമ്രാജ്യമുദ്രയാർന്നൊരു മുഖം
ഉലഞ്ഞനഗരങ്ങൾക്കപ്പുറം
ഈറൻപ്രഭാതം 
ഗ്രാമം...
വാനപ്രസ്ഥം ഹസ്തിനപുരസ്വാർഥം
ഒരു രാജകിരീടത്തിനധിമോഹം
അവിടെയും പടിയിറങ്ങി
സ്വന്തമെന്നപദവർണ്ണം
ആരോ രാജാവിന്റെകഥയെഴുതുന്നു
അശോകനെപ്പോലെയതിരുകൾ
കവർന്നൊരു രാജാവുമാവാം..
സ്വകുലത്തെ വാനപ്രസ്ഥത്തിലേയ്ക്കയച്ച
രാജാവുമാകാം..
അതിമോഹത്തിൻ നിധിയറയിലെയാർഭാടത്തിനരികിൽ
ദൈവമുണ്ടാവില്ല
ദൈവങ്ങളെപ്പോലെ വേഷമിട്ടവരുണ്ടാവും...
തർജിമകളാൽ സ്തുതിക്കപ്പെടുന്നവർ
ആൾക്കൂട്ടത്തിനിടയിലൂടെയകമ്പടിതേടി
നടക്കുന്നവർ..
അരികുചെത്തിയാത്മാവിന്
അഴി പണിയുന്നവർ...
ശരിതന്നെ
അവരുടെയരികിലൂടെ
നടന്നാലെരിഞ്ഞുതീരും പലതും....
ഹസ്തിനപുരം മോടിയേറിയ
രാജധാനി..
അവിടെയും രാജാവുണ്ടായിരുന്നു
കിരീടവും, സിംഹാസനവും
അകമ്പടിക്കാരും
രാജസേവകരും
പുകഴ്ത്തിപ്പാടും കവികളും..
ദൈവത്തിനു പ്രിയം കുചേലത്താൽ
മറച്ചൊരവിൽ..
അറിയാമവർക്കും കഥകൾ..
എങ്കിലുമറിയില്ലെയന്നഭിനയിക്കുന്നവർ
അങ്ങനെയല്ലാതായാൽ
പിന്നെയെങ്ങെനെയാകാശത്തെയുലയ്ക്കാനാവും
ശരത്ക്കാലത്തെയുടച്ചുതിർക്കാനാവും..
വിവേകമെന്നതവരറിയും മാത്രമക്ഷരമെന്നായിരുന്നല്ലോ
ആവനാഴിയിലമ്പൊടുങ്ങും വരെയുമവരുടെ വിശ്വാസം..
ചുരുൾനിവർന്നൊരന്വേഷണത്തിൻ
ഭാഗധേയം...
ശംഖിനുള്ളിലുറങ്ങിപ്പോയ ഒരു കാവ്യം
ഭൂമൺതരികളുടെയുലഞ്ഞ മുദ്ര..
സ്മൃതി
ഒരിലച്ചീന്തിൽ ലോകം..
നടുമുറ്റത്തൊരു തുളസി..
ഇടവഴിയിടറിയെത്തിയ
ചത്വരങ്ങളിൽ നീങ്ങും നിഴൽ
ഒരു മഴക്കാലം നെയ്ത
പൂവിതൾ പോലൊരു കാവ്യഭാവത്തിൽ
മുഖം പൂഴ്ത്തിയിരിക്കും പകൽ
ചിന്നിചിതറിയ മണൽപ്പൊട്ടിനരികിൽ
തിരയോടിയ തീരം..
നനവാർന്നൊരു സ്വരം..
അമൃതുതൂവുമൊരു രാഗമാലിക...
ചക്രവാളം മിഴിയിലേറ്റും 
ധനുമാസചിരാതുകൾ
ഉണർന്നിരിക്കും ഭൂമി
ഒരോർമ്മ വീണുടഞ്ഞ പൂമുഖം
നടുത്തളങ്ങളിൽ തളരാതെയിരിക്കും
താളിയോലകൾ
എഴുതിയെഴുതി ബലിക്കല്പുരയിലുറങ്ങിയ
കൽക്കെട്ടുകൾ
പ്രദക്ഷിണവഴിയിൽ ധനുമാസഗാനം..
കത്തിയെരിയും സുഗന്ധധൂപം
എത്ര ദിനങ്ങളെയുറക്കി
സംവൽസരം..
സമതലങ്ങളിൽ വിള്ളൽ
നിദ്രയിൽ നിന്നുണർന്ന
മഞ്ഞുതുള്ളിയിറ്റുവീഴും 
പ്രഭാതത്തിനൊരുപൂവ്
ഉറഞ്ഞ ശൈത്യാവർത്തനം...
ഇടവേളയുടെയൊരു ശ്വാസവേഗം..

Sunday, December 18, 2011


മഴതുള്ളി....
മൗനമുടഞ്ഞൊരു മരച്ചില്ലയിൽ
മഴതുള്ളിപോലെ
തുളുമ്പിയൊരുവരിക്കവിത
കമണ്ഡലുവിലൊതുങ്ങാതെ
കടലിലേയ്ക്കൊഴുകിയ
സങ്കല്പം..
മുറിഞ്ഞൊരാകാശവിടവിലൂടെയൊഴുകിയ
അളകനന്ദ..
ആകാശഗംഗ...
കാരാഗൃഹത്തിൻ
ചങ്ങലക്കിലുക്കങ്ങൾക്കിടയിലെ
സ്വർണപഗോഡ..
ഉപവസിക്കുമുൾബോധം
ഉപവസിക്കാനാവാതെയുലയും
കടൽത്തീരം...
അശോകപ്പൂമരച്ചോട്ടിൽ
തീകായും സർഗം
അഗ്നിയൊരവിഘ്നമസ്തു ചിഹ്നം
ഹോമകുണ്ഡത്തിലെ ദർഭാഞ്ചലം
ആദ്യപ്രകാശം..
എഴുത്തക്ഷരങ്ങളുടെ മിനുപ്പ്
തുടക്കവുമൊടുക്കവുമെഴുത്തോലയിൽ
വീണക്കമ്പിയിലെ ഒരു പൂർണരാഗം
ചിത്രാംബരി
മഴതുള്ളി..
മൊഴി
വാതിൽ പൂട്ടിയെഴുതിയ കുടീരത്തിൻ
വെൺചുമരുകളുലഞ്ഞപ്പോഴായിരുന്നു
പൂമുഖപ്പടിയരികിൽ 
ഘോഷയാത്രകാണാനായത്
എത്ര ശബ്ദമായിരുന്നന്നവിടെ
ആരവത്തിന്റെ മൃദംഗം
അകത്തളങ്ങളിരുന്നാരായിരുന്നു
പെരുമ്പറ കൊട്ടിയത്
കാഹളം വാതിൽക്കലെത്തിയ്ക്കാനായിരം
അകമ്പടിയും..
അന്ന് വാതിലിനരികിൽ
പകച്ചുനിന്നുവോ ശരത്ക്കാലം
ഇതേത് ഘോഷമിങ്ങനെയെന്നൊരമ്പരപ്പ്
ഭൂമിയുടെ നിശ്വാസത്തിലുമുണർന്നിരിക്കാം
ഋതുക്കൾ നീർത്തിയിട്ട
പരവതാനിയിലൂടെ നടന്നുകണ്ട
കാഴ്ച്ചകൾക്കപ്പുറം
കാവ്യലോകമെത്രയോ
മനോഹരം..
അരികിലക്ഷരങ്ങളുടെ
മർമ്മരം
അരയാലിലയനങ്ങും പോലെ
കേൾക്കാനുമെത്രയിമ്പം...


മൊഴി
പൊൻ നാണ്യം നിറയും
പട്ടുസഞ്ചിയിൽ
ആകൃതി നഷ്ടമായ ഹൃദയം
ആകൃതി നഷ്ടമായ മുഖം
ആവരണങ്ങളാലൊതുക്കാനാവാഞ്ഞ
അനവസരചിന്തകൾ
ഇതൊക്കൊയേ അതിലുണ്ടാവൂ...
പൊൻ നാണ്യം നിറയും
സഞ്ചിയാലെഴുതിയെടുക്കാം
ആൾക്കൂട്ടത്തിന്നല്പത്വം
ഹൃദ്യമായൊരു 
സർഗത്തിനേതു ദരിദ്രസങ്കടം
പറഞ്ഞാലും വിവർത്തനകുലമേ..
മഴതുള്ളിയിലൊഴുകി
ഋതുക്കളുടെ ചന്ദനസുഗന്ധത്തിലൊഴുകുമൊരു
കാവ്യത്തിനേത് ദു:ഖം
ജീർണ്ണാവസ്ഥയിലായതോ
അളന്നുതൂക്കിതട്ടിതൂവിയ
തുലാസിനിരട്ടിഭാരം
അതിനപ്പുറമേത്
വാത്മീകം??
പൊൻ നാണ്യം നിറയും സഞ്ചിയിൽ
ആകൃതി നഷ്ടമായ പുഴയുടെയാവരണങ്ങൾ..
ഭൂമിയുടെ ചെപ്പിൽ
കടലുയർന്നപ്പോൾ തിരയേറ്റിയ
ശംഖുകൾ
ഉടഞ്ഞുപോയ  ചിപ്പികൾ
എഴുതി മായ്ച്ച പകലുകൾ..
മിന്നിതൂവിയ  നക്ഷത്രങ്ങൾ..

Saturday, December 17, 2011


മൊഴി
തെളിമയേറിയ മൊഴിയെവിടെ
കലങ്ങിയ ജലശേഖരങ്ങളരികിൽ
നിറം മങ്ങിയ ശൈത്യത്തിൻ
മഞ്ഞുപാളിയിൽ തട്ടിയുടയും
അക്ഷരങ്ങൾ
തെളിമയേറിയ പ്രഭാതമെവിടെ
ഉരകല്ലിലുരസിയുരസി
മുൾവാകയിലുടക്കിക്കീറി
ആകാശത്തിനൊരു തുണ്ട്
ചക്രവാളത്തിനരികിൽ
തെളിമയേറിയ മനസ്സെവിടെ
മുകിൽപ്പാടങ്ങളിലോടി
മുഖാവരണം നഷ്ടമായൊരു പുഴ
കാലം കുരിശേറ്റിയ നിമിഷങ്ങൾ
ഉടഞ്ഞ ഘടികാരസൂചി
തെളിമയില്ലാത്ത വിപ്ലവം
ഉലഞ്ഞ സാമ്രാജ്യം
അടുക്കിയൊതുക്കുമ്പോഴേയ്ക്കും
വാതിലുലയ്ക്കും
വർത്തമാനകാലം
തെളിമയേറിയതെല്ലാം
ഒഴുകിമാഞ്ഞിരിക്കുന്നുവോ
പ്രളയത്തിരയിൽ..
വിരലിലെ മൊഴിയതുപോലെ,
മൺ തരിപോലെ,
ശേഷിപ്പുകൾക്കൊരു തണുപ്പ്
അതിശൈത്യം പോലെ
ഒഴുകിയൊഴുകിയെഴുതിയെഴുതി മാഞ്ഞ
ഗുഹാമൗനത്തിൻ മുഴക്കം പോലെ
ശേഷിപ്പുകൾക്കൊരു തണുപ്പ്
ഒരു ജീർണ്ണത...


മൊഴി
ഇനിയുമിവിടെ 
കേൾക്കണമെന്നില്ല
ഒരു പുഴയുടെ മഹനീയ കഥ
കേട്ടും കണ്ടുമറിഞ്ഞതേ അധികം..
ഒരു ഭാരപ്പെരുപ്പം..
അവിടെയുമിവിടെയുമോടി
പൊൻപണം കൈയിലാക്കും
അതിസാമർഥ്യക്കാരുടെ മഹത്വവും
കേൾക്കേണ്ടതില്ലിനിയും..
കേട്ടും കണ്ടുമറിഞ്ഞതേ അധികം..
ഭൂഹൃദയവും മന്ദീഭവിച്ചിരിക്കുന്നു
അത്രയ്ക്കായിരുന്നുവല്ലോ
മഹനീയകൃതികൾ..
പൊൻപണത്തിലും
പളുങ്ക് പൊലിമയിലും 
വീഴാതിരിക്കും കവികളെയേ
ഭൂഹൃദയത്തിനറിയൂ
അതിനപ്പുറമുള്ളവരപരിചിതർ
മഹത്വം വിൽപ്പനയിലാക്കും
എഴുത്തുഫലകവും 
ഇവിടെയീ ഭൂമിയിലില്ല....
ഒരിക്കലൊരിക്കൽ
അറിയാനായതിനപ്പുറം
ഇനിയറിയണമെന്നുമില്ല...
നിങ്ങളെയിന്ന് ശരിയായറിയുന്നു
ഇത്രയേറെയുണ്ടെന്നുമറിഞ്ഞിരുന്നില്ല
എങ്കിലിന്നൊന്ന് തീർച്ചയായറിയാം
നിങ്ങളുടെ സഹായമോ,
സഹതാപമോ, വന്യതയോ
തീർപ്പെഴുത്തുകളോ,
ഒന്നുമാവശ്യവുമില്ല 
ഇന്നീ ഭൂമിയ്ക്ക്..
നിങ്ങളെക്കൊണ്ട് സഹിക്കേണ്ടിവന്നതിൽ
കൂടുതലൊന്നും ഇനി സഹിക്കേണ്ടിവരികയുമില്ല...
ആയുഷ്ക്കാലദുരിതം
ഇവിടെയവസാനിച്ചിരിക്കുന്നു...

Friday, December 16, 2011

മൊഴി
പ്രഭാതത്തിനൊരു
ധനുമാസപൂവ്
തണുപ്പാർന്ന മൺചെപ്പിൽ
അഗ്നിതൂവും നെരിപ്പോടിൻ
മനസ്സ്
ശ്രേഷ്ടകാവ്യങ്ങളിലെന്നും
ശരത്ക്കാലത്തിനെയുലച്ചിലപൊഴിയിക്കും
തൂലികപ്പാടുകൾ
അതിനരികിലിങ്ങനെയുമെഴുതാം
ഗ്രീഷ്മൊരതിയാശയുടെ
കരിഞ്ഞതുണ്ട്....
ചായക്കോപ്പയിലെ
കറുത്ത പാട്...


വിരലുകളിലെ മുദ്രയിൽ
കാവ്യം
നിമിഷങ്ങളുലയ്ക്കുന്നതൊരു
മൺദീപം
വിലാപകാവ്യങ്ങൾ 
വിലാപയാത്രയിൽ
നോക്കിക്കാണുന്ന മുനമ്പുകളിലും
കവിത
ആകാശത്തിനു താഴെയോ
ദിനാന്ത്യത്തിന്റെ സന്ധ്യ..
കോലത്തിലെയരിപ്പൊടിമാഞ്ഞ
പൂമുഖം..
തുടക്കവുമൊടുക്കവുമെഴുതിതീരാത്ത
വെൺചുമരുകളിൽ
ഏതോ പൂർവദോഷത്തിൻ
ചില്ലുചിത്രം...
ഉൽകൃഷ്ടകൃതി..
മാഞ്ഞുപോയ ഋതുക്കൾക്കൊരനുസ്മരണം..
ലോകം  ചുരുങ്ങിയതെവിടെ?
ഒരു ദർപ്പണത്തിലോ
നിഴൽതുമ്പിലോ
കടലിരമ്പത്തിലോ....
ആകൃതിനഷ്ടമായ
തുരുത്തുകളിൽ മാറിയ ഋതുവിൻ ഉടുക്ക്
കാവ്യത്തിനരികിലൊരു മൊഴി..


മൊഴി
ശിഖരങ്ങളിലെ
തണൽ നിഴലായുറയും
ഡിസംബർ...
ഉദ്യാനമൊരരികിൽ
തളിരിലയിലെഴുതുന്നു...
അതിനരികിലോ
അല്പമതിഭാവുകത്വമെന്നപോൽ
ഒരാധുനികലിപി...
ദൃശ്യതയിലേച്ചുകെട്ടിയൊരു
തുന്നൽപ്പാട്...
വേമ്പനാട്ട് കായലിൽ പെയ്ത 
മഴയെഴുതിയൊരു കഥ
തുലാവർഷം തൂവിയത്
വേറൊരു കഥ
ഇടവേളയിലെ സംവൽസരങ്ങളിൽ
പെയ്തുതീർന്നുവോ മുകിലുകൾ...
പകലിനെയാറ്റിക്കുറുക്കി ചില്ലുപാത്രത്തിലാക്കി
മൂടിയൊരു കൃഷ്ണപക്ഷത്തിനപ്പുറം
ശൈത്യം..
പിന്നെയാകാശത്തിൽ പ്രഭാതം
പകലിനെ ചില്ലുപാളികളിൽ
നിന്നടർത്തിയോരോയിതളായ്
വിരിയിക്കുമ്പോൾ
മിഴിയിലുമൊഴുകിയിരിക്കാം
ഒരു കടൽ...

Thursday, December 15, 2011


അപരാഹ്നനിഴലുകൾ 
യാത്രയ്ക്കൊരുങ്ങിയ
പകലിനെ പിന്നിൽ നിന്നുവിളിച്ചിരിക്കാം
അപരാഹ്നത്തിന്നൊരു നിഴൽ..
നിഴലനക്കങ്ങളെങ്ങനെയെന്നറിയാൻ
കിഴക്കെഗോപുരത്തിൻ
ആൽത്തറയിലിരുന്ന നാളിലാവാം
നിഴൽപ്പാടങ്ങളുടെ കഥയെഴുതും
ചുമരുകൾ കാണാനായതും.. 
നീർത്തുള്ളികളിൽ മഴക്കാലമുണരും വരെയും
അപരാഹ്നനിഴലുകൾ 
പകലിനരികിലൂടെ ആവരണങ്ങളിലൊഴുകി
നീങ്ങിയിരുന്നുവോ?
പിന്നെയോ ആകാശത്തിനൊരീറൻ പ്രഭാതത്തിൽ
മേഘപർവങ്ങളിൽ,
കോട്ടകളിൽ, ഗോപുരങ്ങളിൽ
അപരാഹ്നനിഴലുകൾക്കപ്പുറം
രുദ്രാക്ഷങ്ങളെണ്ണിയ പ്രദോഷസന്ധ്യയിൽ
പകുത്ത പകലിന്റെ തിരുനടയിൽ
ഉടഞ്ഞൊരസ്തമയം തട്ടിതൂവിയ 
വർണങ്ങളിൽ
അശോകപ്പൂവുകൾ പോലെയോ
കവിതയുണർന്നത്
പിന്നോട്ടു വിളിച്ച അപരാഹ്നനിഴലെവിടെ?
തിരിഞ്ഞുനോക്കുമ്പോഴേക്കും
സായന്തനം മൺദീപങ്ങൾ തെളിയിച്ചിരുന്നു...
ആകാശത്തിലനേകം  നക്ഷത്രങ്ങളും 
വിരിഞ്ഞിരുന്നു....

നക്ഷത്രങ്ങളെഴുതും പോലെ


ഒരിക്കൽ
ചിന്തകൾ അപാരവും 
സാഗരം പോലെ വ്യാപ്തവുമായിരുന്നു
ഇന്നുമങ്ങനെതന്നെയെങ്കിലും
ഇടയ്ക്കിടെ വാതിലുലയ്ക്കൊരു
പുരോഗമനവുമുൽകൃഷ്ടവുമെന്നഴുതിയ
ഫലകങ്ങളിലെ കാവ്യങ്ങളിലെയതിരുലയ്ക്കും
മുൾപ്പാടുകളിലുടക്കിയെന്തിനീഹൃദയം 
ചുരുക്കിയൊതുക്കണമെന്ന്
ഭൂമിയും ചിന്തിച്ചുപോകുന്നു..
മിതമായി, മൃദുവായി ചിന്തിക്കുമ്പോൾ
യുക്തിയുടെ പരിമിതികൾക്കപ്പുറം
തൊടുകുറിയും, മുൾപ്പാടും
നിഴലനക്കവുമില്ലാതെയും
ചിന്തകളപാരസാഗരവും താണ്ടി ചക്രവാളത്തിലെത്തിനിൽക്കുമ്പോൾ
ഇന്ന് പലതുമറിയാനുമാവുന്നു..
അതിനാലാവുമെഴുതി നീർത്തിയിടും
പലേ ഋതുക്കളുടെയരുളപ്പാടിനുമപ്പുറം
ഒരു നേർത്ത കാവ്യം മിഴിയിലുണരുന്നത്
നക്ഷത്രങ്ങൾക്കുമൊരു കഥയറിയാം
അറിഞ്ഞതുമെഴുതിയതിനുമപ്പുറം
ഇടയിലെവിടെയോ വീണുടഞ്ഞ
തുടക്കവുമറ്റവും തേഞ്ഞുമാഞ്ഞ കഥ
അതിനുമപ്പുറമെഴുതും കഥയെല്ലാം
സ്വാർഥം..
അഹം എന്നൊരാപേക്ഷികതയ്ക്കൊരു
തുലാഭാരത്തൂക്കം കൂടുതലേകാൻ
പെരുപ്പിക്കുമൊരു മനുഷ്യകുലസാധാരണത്വം...
ഇടവേളയുടെ ദുരവസ്ഥ...
അതുമൊഴുകി മായും
ഒരു നാൾ..
ചിന്തകൾ വ്യാപ്തവും അനന്തവുമാകും
ദിനങ്ങളിലേയ്ക്ക് യാത്രയാവുമ്പോഴേക്കും
വർത്തമാനകാലവ്യഥകളും മാഞ്ഞുപോയേക്കും
പിന്നെയോ ചിന്തകളിൽ നിന്നുണരും
മനോഹരമാമൊരു കാവ്യം
നക്ഷത്രങ്ങളെഴുതും പോലെ
ഹൃദ്യമാമൊരു കാവ്യം....