Wednesday, November 30, 2011


മൊഴി
മഴയിലൊഴുകിമായാത്ത 
പഴയ ഋണപ്പാടുകൾക്കരികിൽ
ഒരിക്കലും മുഖം കാട്ടാനാഗ്രഹിക്കാതെമാഞ്ഞ 
ഒരു പുഴയെയെന്തിനോർമ്മിക്കണം
കടൽ..
ആവും വിധമായുർദൈന്യമേറ്റും
ആധികളെയെന്തിനോർമ്മിക്കണം
ഭൂമി..
ഇടനാഴിയിലെ നിഴലുകൾ
എഴുതിനീട്ടും വിപ്ലവത്തിനരികിൽ
പാതിമാഞ്ഞ ഭംഗി തിർന്ന നിലാവ്..
ഓർമ്മചെപ്പിലെയൊരു സ്വർണ്ണതരി
അതുമിന്നെലെയൊഴുക്കി
ശംഖുകൾ..
എന്തിനിങ്ങെനെയോർമ്മകൾ..
അധികക്കടങ്ങൾ,
ആരവങ്ങൾ..
പുതുക്കിയ പഴകിതുന്നിയ 
ചേലയ്ക്കൊരുവില
അരക്കാൽ തുട്ട്..
ചിന്നിചിതറിയ പകലിനോ
ഒരു നക്ഷത്രക്കൂട്ട്
പകലിൻ പടിഞ്ഞാട്ട് തൊടിയിൽ
ആകെ മാറിയൊരവിശ്വാസം പോലെ
അസ്തമയം..
കലങ്ങിക്കൂടി കടൽ..
തിരയ്ക്കെന്നുമൊരേ ഹാസ്യം
ശംഖിലെ ഹൃദയം ഒരു കാവ്യം
പൂന്തോട്ടങ്ങളിൽ ശൈത്യമൊരു
മഞ്ഞുപുടവയിൽ ഞൊറിഞ്ഞെടുക്കുന്നു
ഭൂകാവ്യം
എഴുത്തുമഷിതൂത്ത നിറങ്ങളിലോ
എഴുതപ്പെടാത്തൊരു ദൈന്യം..
ചന്ദനപ്പൊട്ടിട്ട 
ഗ്രാമമറിയാതെ പോയ
നാഗരികതയുടെ നാട്ടുവാങ്കം..
പുറം മോടികളിലെ ഇരുട്ട്..
പകലിനെയറിയും സന്ധ്യ..
മുൾവേലികളിൽ തട്ടിയുടാതെ
ഭൂമി സൂക്ഷിക്കുമൊരു മൺചിരാത്..
മുഖം തരാത്തൊരു മുഖത്തിനെയോർത്ത്
എഴുതിതീർത്ത പുസ്തകങ്ങളെയോർത്ത്
എന്തിനൊരു ശരത്ക്കാലം
മിഴിനീരൊഴുക്കണം?
എന്തിനീ ഹൃദ്സ്പന്ദങ്ങൾ
മൊഴി മായ്ക്കണം?

Monday, November 28, 2011

അതായിരുന്നുവോ കടൽ
മഴതുള്ളിപോലൊരു കവിത
തീർഥം പോലൊരു
കമണ്ഡലുവിൽ നിന്നൊഴുകിയ
നാളിൽ
ത്രിനേത്രം തുറന്നതാരോ
എഴുതാപ്പുറങ്ങൾക്കപ്പുറം
ഈറനാർന്ന പ്രഭാതങ്ങളിൽ
എന്നെവിട്ടുപോവാതിരുന്ന
ഭൂമീ, ഹൃദ്സ്പന്ദനങ്ങളിലിന്നും
ഒരു മഴക്കാടിൻ കവിത...
ഇരുളാർന്ന ഇടനിലങ്ങളിലൊളിപാർക്കും
നിഴൽപ്പുറ്റുകൾ....
അഴിമുഖങ്ങളെണ്ണിനീങ്ങും
അരിമണൽപ്പൊടികൾ
ഉടഞ്ഞ കടൽചിപ്പികളിൽ
ഉടയാതെയാത്തൊരക്ഷരം
അതായിരുന്നുവോ കടൽ...



നവംബർ മഴ...
അരികിൽ പെയ്യും
നവംബർ മഴ...
പാതിയുടഞ്ഞ മൺവിളക്കിനരികിൽ
മയങ്ങും  പകൽവെട്ടം..
ഇമയനങ്ങുന്നതും നോക്കി
ജാലകപ്പഴുതിനരികിൽ
മുഖാവരണമിട്ടിരിക്കും കുലം..
പകിട്ടുമങ്ങും പുതുചേലകൾക്കായ്
പുരാണം രചിക്കും സേവകർ...
അറയിലൊളിക്കാനാവാതെ
പുറത്തേയ്ക്കൊഴുകും കടൽ..
ഈറനാർന്ന മുഖവുമായ്
അനന്തചക്രവാളം..
കൂടുകൾപണിതാണിയേറ്റിയ
സ്വാർഥതയ്ക്കരികിൽ
നിസ്സംഗം നിൽക്കും ഋതുക്കൾ...
പുൽമേടുകളിലൂടെ
പകൽ നടന്നുനീങ്ങും
അപരാഹ്നത്തിൽ
മിഴിയിലുറയുന്നുവോ 
നവംബർ മഴ....

Sunday, November 27, 2011

സ്വരങ്ങൾ...
ഓർമ്മയുടെ താളിയോലയിൽ
ഉറങ്ങുന്നു ആദ്യക്ഷരങ്ങൾ
സ്വരങ്ങൾ...
സ്മൃതിചിന്തുകൾ ചില്ലുകൂടിലുടക്കും നേരം
മുദ്രാങ്കിതമാം മൗനവുമോർത്തിരിക്കില്ല
അതിർവാതിലുകളുടച്ച അഹം ബോധത്തിൻ
അനുബന്ധം..
ഉടഞ്ഞ വാതിലിലൂടെയൊളിപാർക്കാൻ
അനേകം മിഴികളെയേകി
സുഖവാസത്തിനു പോകും കുലം...
അതുമൊരനുബന്ധം..
നീർച്ചാലുറയും പോലെ
തണുത്തുറയും നിശ്ചലത..
അരികിൽ തണുക്കും രാജവിപ്ലവം..
പിന്നെയോ ഉടഞ്ഞ ചില്ലിലൂടെ
ശിരസ്സുയർത്തി നടന്നുനീങ്ങും
കാലം..
ചില്ലുജാലകങ്ങളിലെ കൽച്ചീൾ വീണ
വിടവിലൂടെ നവംബർ ഒരു കാവ്യമെഴുതി
നീട്ടുന്നു...
സ്വരങ്ങളും, മുദ്രകളുമായ്
ഈറൻപ്രഭാതത്തിൻ കവിത...
മനോഹരമാം സങ്കല്പം..


മൊഴി
പുൽമേടുകളിലൂടെ ഗ്രാമം
അരികിലേയ്ക്ക് വന്നപ്പോൾ
ചന്ദനത്തട്ടുമായ് വന്ന
സോപാനങ്ങളിൽ 
ഭൂമി തപസ്സിലായിരുന്നു..
ദിഗന്തവിടവുകളിൽ
തുലാവർഷം തുള്ളിയാർത്തപ്പോൾ
മരവിച്ച രാജവീഥിയിൽ
ഉപവസിച്ചു വിപ്ലവം..
പതാകൾക്കരികിലൂടെ
അരങ്ങുതേടിനടക്കുമാൾക്കൂട്ടത്തിനരികിൽ
ശരത്ക്കാലത്തിൻ തുമ്പിലാടുമൊരു 
സ്വപ്നത്തിൽ  കവിതവിരിയുമ്പോൾ
എന്തിനാലോകം പാകിയ
ചില്ലക്ഷരങ്ങളെടുത്തു മാറ്റി
വിരൽ മുറിവേൽപ്പിക്കണം..
പിന്നെയോ മധുരതരമായ
ഒരു കവിതയിൽ മനസ്സൊരു
പവിഴമല്ലിപ്പൂവായി വിരിയുമ്പോൾ
അരങ്ങിൽ കോലം കെട്ടി കാട്ടും
മേഘചില്ലുകൾ കണ്ട്
ചിരിച്ചതും കരഞ്ഞെതുമെന്തിനെന്ന്
ആകാശമെന്നോടു ചോദിക്കുകയും ചെയ്യുന്നു...


ഒന്നുമറിയാത്തതുപോലെ
തണുപ്പാർന്ന നവംബർ
ഒരീറൻ ചെപ്പിലുറക്കിയ സ്വപ്നം 
ഒരു നക്ഷത്രക്കവിത
അഭിനവമുൾക്കിരീടങ്ങൾ
സൃഷടിപർവത്തിൽ
മുറിവേൽപ്പിക്കുമ്പോൾ
വിരലുകളുറയും തണുപ്പേകും 
ആഗ്രഹായനം..
കെയ്റോയിലെ തീവ്രദൈന്യം 
കിൻഷാസയിലുടക്കിവീഴുന്നു
ഇവിടെയോ
തണുപ്പാർന്നൊരീ
കടൽത്തീരമണലിൽ
ആൾക്കൂട്ടത്തിനാരവം മറന്ന്
അതിരുകളുടെയാഹ്വാനങ്ങളറിഞ്ഞ്
ഒന്നുമറിയാത്തതുപോലെ
വിരൽതുമ്പിലൊഴുകും
വാചസ്പതിയിലൂടെ
മെല്ലെ താളിയോലയിൽ
അതിപ്രാചീനമായ
ഒരു യുഗമെന്നപോൽ
ഒരിലയിൽ ഉപദ്വീപും 
എഴുതിതുടങ്ങുന്നു..

Thursday, November 24, 2011


സ്മൃതി
അനുസ്വരങ്ങളപൂർവം
പൂർണതയിലെയപൂർണതയിൽ
നിർണയരേഖകൾ വക്രം...
പ്രഭാവലയങ്ങളിലുറങ്ങും
വിളക്കിനരികിൽ പ്രഭാതം...
മുടിയൊതുക്കും മുകിലിലുറഞ്ഞ
ഒരു ഋതു...
ആവരണങ്ങളുടെ മൗനമായ്
മാറിയ ശൈലശൃംഗം...
കടും തുടിയേറ്റിയ കടൽ...
പ്രഭാതരാഗങ്ങളിൽ
മിഴിപൂട്ടിയുറങ്ങും
ഒരു നക്ഷത്രസ്വപ്നം
ഒരു കവിത...
നുറുങ്ങുപ്രകാശം....

Wednesday, November 23, 2011


ഓർമ്മതെറ്റുകൾ
ആഗ്രഹായനത്തിനുഷസന്ധ്യകൾ
മിഴിയിലേറ്റിയ പ്രകാശത്തിനരികിൽ
ഒരു ചിത്രകമാനത്തിൽ
വലക്കണ്ണികൾ നെയ്തൊളിപ്പിക്കുന്നതാരോ
തുളുമ്പിപ്പോയ ഒരു സർഗം
മൊഴിയിൽ വന്നുറഞ്ഞ നാളിൽ,
രഥമേറിയോടിയ കാലത്തിനരികിൽ
ഭൂഖണ്ഡങ്ങൾ മദ്ധ്യധരണ്യാഴിക്കരികിലൂടെ
കലാപങ്ങളുടെ കൊടിതോരണങ്ങളേറി
വന്ന നാളിൽ,
ഉപഭൂഖണ്ഡത്തിനാൽമരച്ചില്ലയിലും
തൂങ്ങിയാടി ഒരുപരിപ്ലവവിപ്ലവഗീതം
പിന്നെയോ ഓർമ്മതെറ്റുകൾ
പടവെട്ടിയ കായൽപ്പരപ്പിലൂടെ
തോണിതുഴഞ്ഞു വന്നു കലാപങ്ങൾ...
നീരുറവകൾ തണുത്ത നവംബറിൽ
എഴുതി തൂത്തുതൂത്തു വായിക്കാനാവാതെ
മങ്ങിയ ചുമരുകളിൽ
വീണ്ടുമെന്തെഴുതുമെന്നറിയാതെ കുലം 
ഔഷധിചെപ്പുകൾ തുറന്നൊഴുക്കി
ആമലികക്കൂട്ടും, ആടലോടകവും
അമൃതുപോൽ മഴപെയ്ത നാളിനോർമ്മയിൽ
ശരത്ക്കാലവുമെഴുതി
ഓർമ്മതെറ്റുകൾക്കൊരടിക്കുറിപ്പ്

അറിയാതെയറിയാതെ


ഇമ്പമാർന്നൊരുദയരാഗം
ഹൃദയത്തിലുണരുമ്പോൾ
വരിപ്പാടങ്ങൾക്കരികിൽ
നിന്നുയരുന്നതോ
മരച്ചില്ലയുലയുന്ന ശബ്ദം..
ശംഖനാദത്തിലുണരും
ശ്രീകോവിലിൻ പ്രദക്ഷിണവഴിയിൽ
നിർമ്മാല്യദർശനത്തിനെത്തിയ
പകലിൻ പ്രഥമശ്രുതിയിൽ
ചന്ദനസുഗന്ധം നിറഞ്ഞിരുന്നു
അരുളപ്പാടുകളുമായ് വരുമെഴുത്തുമഷിയിൽ
കൂട്ടിയുലഞ്ഞ കുറെ ചിന്തകൾ
പ്രഭാതതീരത്തിനരികിൽ
ജ്ഞാനവിജ്ഞാനമളന്നൊരുവശം
താഴ്ന്ന കർമ്മയോഗത്തിൻ
മറചേർത്തൊരു  ജലകണം
മുന്നിൽ തൂവുമ്പോൾ
അറിയാതെയറിയാതെ 
കടലുമുയരുന്നുവല്ലോ.....
അളവുകോലുകളുടെയന്യായതൂക്കം
കണ്ടു മതിവന്ന 
പ്രഭാതങ്ങളിലൊന്നായിരുന്നുവല്ലോ
വിരൽതുമ്പിൽ നിന്നും  കടലിരമ്പം
കേട്ടുതുടങ്ങിയതും...

Tuesday, November 22, 2011

ഒരു സന്ധ്യയിൽ
ആരോ എഴുതുന്നു
എന്നുമെഴുതും പോലെതന്നെ
ഒരു സന്ധ്യയിൽ
രാമേശ്വരത്തിനരികിലൊരു
ദൂരെക്കാഴ്ച്ചയിൽ കാണാനായി
മഹാസാഗരത്തിലെ
കണ്ണുനീർത്തുള്ളിയെ..
കുലം ചായം തൂത്തിട്ട
ഇരുണ്ട ചിത്രകമാനത്തിൽ
നിലാവിൻ നിറവും 
മാഞ്ഞുതുടങ്ങിയിരിക്കുന്നു..
അതിരിനപ്പുറം സുഖമായിരിക്കരുതേ
എന്ന പ്രാർഥനയുമായ് നടന്നുനീങ്ങും
നിന്നോടെന്തുപറയാൻ
മനസ്സുതണുക്കും ചിന്തകളേകാൻ
നീയൊരിക്കലും ശാന്തിനികേതനം
മനസ്സിലേറ്റിയിരുന്നുമില്ല
രത്നാകരത്തിനരികിൽ
നിന്നുമൊഴിഞ്ഞുമാറാത്ത
നീലിച്ച തിരകളേ
നിങ്ങളോടെന്തുപറയാൻ....
തണുപ്പാർന്നൊരീ നവംബറിനരികിൽ
ഒരു മഞ്ഞുകാലപ്പുതപ്പിൽ
ഭൂമിയെഴുതുന്നതാകാശവാതിലിനരികിലെ
ദൈവത്തിനായെന്നറിഞ്ഞാലും...
ഒരു സന്ധ്യയിലസ്തമയത്തിനാത്മസംയമനം
നഷ്ടമായ കഥയൊക്കെയിവിടെയും
ദൈവമറിയിച്ചിരിക്കുന്നു..



Monday, November 21, 2011



ഉടഞ്ഞ മൺചെപ്പുകൾ


ഉടഞ്ഞ മൺചെപ്പിൽ
സ്വർണമുരുക്കുമുമിത്തീയുലഞ്ഞൊരു
നവംബറിൻ ശീതകാലപ്പുരയിലുറഞ്ഞു 
കാതോളം കേട്ടൊരാലാപനം
നിശ്ചലമായ നിഴലിൽ പൂവിടാനാവാതെ
ഒരുമരച്ചില്ലയിൽ മാഞ്ഞു
പിന്നെയോ തണുപ്പാർന്ന
പുൽനാമ്പുകൾക്കരികിൽ
കെട്ടുപോയ കുത്തുവിളക്കിൽ
എണ്ണപകരാനെത്തിയ
പ്രഭാതത്തിലേയ്ക്കു
ഒരു കുടം മഷിയിറ്റിച്ചാഹ്ലാദിച്ചു
കാലം..
നിറം തീർന്ന കുടങ്ങളിൽ
മഴക്കാലം പെയ്തൊഴുകിയ നാളിൽ
പാടത്തിൻ മരതകവർണം
തൊട്ടുനിന്ന ഹൃദയത്തിനരികിൽ
പുരാണങ്ങളുടച്ചുലച്ചൊരു ഭൂമിയിൽ
സ്ഫടികപാത്രം പോലെയുടഞ്ഞ
മൊഴിയിലെയക്ഷരങ്ങളിൽ
കാണാനായി
അനേകദീപങ്ങളുടെ പ്രതിഫലനം
ഉടഞ്ഞ മൺചെപ്പുകളിലൂടെ
കടലൊഴുകിയ നാളിൽ
ഭൂമിയൊന്നുമുരിയാടാതെ
പൂമുഖവാതിലിനരികിലിരുന്നു...




Sunday, November 20, 2011


പാരിജാതങ്ങൾക്കരികിലൂടെ

ഗ്രാമമെത്തിനിൽക്കുമാറ്റുവക്കിലെ
അരയാലുമെഴുതി
കഥകളനേകം...
അതിനുസാക്ഷ്യമാകാശമായിരുന്നു..
അപ്പോഴേയ്ക്കും 
പാരിജാതങ്ങൾക്കരികിലൂടെ
തുള്ളിമഴപെയ്യും പ്രഭാതത്തിലൂടെ
നടന്നുനീങ്ങും വിസ്മയമിഴിയിൽ
ലോകം ചുരുങ്ങി തുടങ്ങിയിരുന്നു
ചുരുങ്ങിയ ഭൂപടം 
നിവർത്തിയ നേരമതിലൊഴുകും
കടൽപറഞ്ഞു
ഈ ശംഖിൽ നിറയെയും
കവിതയാണെന്ന്
ഹൃദയത്തിനറയിലേയ്ക്ക്
കവിതയൊഴുകിയപ്പോൾ
കടലിനരികിലെത്തിയ
പുഴയെ കണ്ടതേയില്ല..
അരികിലാകാശം നീർത്തിയിട്ട
വിതാനത്തിൽ നക്ഷത്രങ്ങൾ
വിരിഞ്ഞപ്പോൾ സൂര്യനസ്തമിച്ച
ദിക്കിലെ കടൽ കത്തിയാളുന്നതുകണ്ടു..
പിന്നെയോ 
പൂവുകളും, കടലും, മഴയും, പുഴയും
മഷിതുള്ളികളും
ചരിത്രത്തിൻ താളുകൾ ചീന്തി
കലിംഗത്തിലേയ്ക്ക് നീങ്ങുന്നതു
കാണാനായി...

സ്വരം
വേനൽ മഴതുള്ളിയിലെ
ആർദ്രമാം കവിതയെങ്ങെനെ
അഗ്നിപർവതങ്ങളിലെയഗ്നിയായി
രൂപാന്തരപ്പെട്ടു എന്നറിയാനായ്
ഇനിയെന്തിനൊരു പുനർവിചിന്തനം..
അന്തരാത്മാവിനെയളന്നുതീർക്കാൻ
മഷിതുള്ളികൾക്കാവുമോ
ഇടതൂർന്ന വനങ്ങളിലെ
വാനപ്രസ്ഥത്തിനുമൊരു
ശാന്തിയുണ്ടാവും..
ഗോപുരങ്ങളിലെയോട്ടുമണികളും
തിരയിരമ്പവും, പുഴയോളങ്ങളുമേറ്റിയതും
ശബ്ദമായിരുന്നു...
ഒരു പ്രത്യേകതരംഗം പോലെ
ആ ശബ്ദം കടലിനരികിൽ പോലും
ഉയർന്നു കേട്ടിരുന്നു..
സ്വരങ്ങളുടെ സമന്വയലയം 
വീണയിൽ നിന്നാദ്യമൊഴുകിയത്
എത്ര മധുരതരമായ്
ഇന്നോ ഋതുക്കളുടെ ചില്ലകളൊടിയും
ശബ്ദവും ഒരുവശം തൂങ്ങിയാടും
ലോകത്തിനരികിലെ സ്മൃതിപത്രങ്ങളുടെ
ഉലഞ്ഞ ശബ്ദവും...
ഇടയിലെയാന്ദോളനങ്ങൾ
ചുറ്റിയ ചങ്ങലയിലുടഞ്ഞുതീരുന്നു...
ഒന്നുമറിയാതിരുന്ന ശരത്ക്കാലത്തോട്
ശൈത്യം പറഞ്ഞ കഥകളിലുയർന്ന
ശബ്ദഘോഷം സഹിയാതെയായിരുന്നുവല്ലോ
അണിയറയിലെ സ്വരങ്ങൾ
ഘനരാഗങ്ങളിലരങ്ങേറിവന്നത്
ഇടവേളയിലെത്രയോ ഋതുക്കൾ
മാറിയിരിക്കുന്നു...
സ്വരങ്ങളും....



വൈരുദ്ധ്യം
ആയിരമായിരം
നക്ഷത്രങ്ങളാലലംകൃതമാകാശം
അവിടെയോ മഷിയിറ്റിക്കും
അച്ചടിക്കൂടുകളിലൂടെ നടന്നുനീങ്ങും
അക്ഷരലിപികളുടെയധിനിവാസം
എഴുതിയിടുന്നതെന്തെന്നറിയാതെ
വന്നുനിറയുന്നവ..
ഒന്നിൽ നിന്നടുത്തതിലേയ്ക്ക്
തലങ്ങും വിലങ്ങുമോടും
അനന്തകോടി ജന്മവൈരുദ്ധ്യങ്ങൾ
തണുപ്പാർന്നൊരാഗ്രഹായനത്തിൽ
സായാഹ്നമെഴുതിയൊരടിക്കുറിപ്പിനരികിലൂടെ
ജയചിഹ്നങ്ങൾ ചൂടി
പരാജിതനെപ്പോലെ നടന്നുനീങ്ങിയത്
നീയായിരുന്നുവോ?
ആകാശവാതിലിനരികിലെ
ദൈവമേകിയ രഹസ്യത്തിലും
ആ  ധ്വനിയായിരുന്നുവല്ലോ?


ശരത്ക്കാലമേ!
മൽസരങ്ങളുടെയിലത്താളമുലയുന്നു
എത്ര ശബ്ദഘോഷമാണവിടെയെന്നുമറിയുക
അതിനിടയിലെത്ര നാൾ
നമുക്കീ വീണയിൽ 
മന്ത്രസ്വരമുണർത്താനാവും..


ആർദ്രം..
ലോകമേ!
അറിഞ്ഞതുമറിയാത്തതുമതിനിടയിലെ
ഒരതിരും..
എനിയ്ക്കറിയേണ്ടതൊരു
വരിക്കവിത തൂവും
അമൃതുള്ളിയെന്നറിയാതെ
ബലിക്കല്ലുകളുടയ്ക്കും
മൃദംഗതാളമേ
നിയൊന്നു ലയമൊതുക്കി
നിശ്ശബ്ദമായാലും
പിന്നെയൊരുൾക്കടലിൽ
ആകാശത്തിനരികിൽ
ആർദ്രമാമൊരു നക്ഷത്രം
വിരിയും സായം സന്ധ്യയിൽ
എഴുതാനൊരു മൃദുമൊഴിയുണരട്ടെ
വിരൽതുമ്പിനരികിൽ
തുള്ളിയാർക്കുന്നുവോ
ദു:സ്പനങ്ങൾ
ദീപാവലിവിളക്കുകൾ
പോലെയെന്റെയീ
മനസ്സ്
ശരത്ക്കാലമൊരു
കനൽപ്പൊട്ടായി
വിരലിൽ പൂക്കുന്നു
ദേവരജ്ഞനിയിലൂടെയൊഴുകിയെത്തുന്നു
ഹൃദയം തണുപ്പിക്കുമൊരു
അതീവഹൃദ്യകീർത്തനം
പാരിജാതങ്ങൾക്കരികിലൂടെ
ഞാൻ നടക്കുമ്പോളരികിലെന്തിനൊരു
ശബ്ദഘോഷം..
നനുത്ത പട്ടുപോലൊരു
കവിതയാൽ തുന്നിയ കമാനത്തിലൂടെ
നടന്നുനീങ്ങും ഭൂമീ
അരികിലുണരുന്നതേതു
ധീക്ഷണലയം...

Saturday, November 19, 2011


മൊഴി

ഒരോവഴിയ്ക്കുമരികിലും 
വന്നുനിന്നേതുകുലം 
പെരും വാദ്യങ്ങൾ കൊട്ടുന്നു
ആയിരം ജന്മയോഗങ്ങളും
മായ്ക്കുന്നൊരാരവം ചുറ്റിലും
പിന്നെ പ്രപഞ്ചത്തിനീണം
തുടിയ്ക്കുമീ വീണയും
കാണാത്ത കോലങ്ങൾ 
തേടിപ്പുകയ്ക്കും കുടീരവും
എത്ര മാന്തോപ്പുകൾ 
കത്തിയിന്നീപ്പുഴയ്ക്കപ്പുറമേതു
മഹാദ്വീപമൊന്നതിൽ
നൃത്തം തുടങ്ങുന്നുവോ
കാലവൈഭവം
ഇന്നുമഴക്കാലമേഘങ്ങൾ
മാഞ്ഞൊരീ വിണ്ണിൽ
ചിദംബരം സർഗങ്ങൾ തേടുന്നു
ഗോപുരങ്ങൾ തുറന്നാദിയോഗങ്ങളോ
നേരിട്ടുവന്നുനിന്നീടുന്നുമുന്നിലായ്
കൂടങ്ങളെല്ലാമുടച്ചുലത്തീയിലായ്
ധ്യാനത്തിൽ സന്ധ്യ
മഹാപർവതങ്ങളിൽ
സൂര്യൻ മറഞ്ഞവർണങ്ങൾ
കടൽതുടിതേടിനടക്കുമെൻ
ഭൂരാഗമാലിക...
ഒരോവഴിയ്ക്കുമരികിലും
വന്നുനിന്നേറപ്പറയുന്നതേതുകുലം
മഹായാഗങ്ങളിൽ
നിന്നുണർന്നെഴുനേറ്റതെൻ
ഗാനമോ, ഭൂമിയോ
കാവ്യസ്വപ്നങ്ങളോ

Friday, November 18, 2011


തുലാമഴയ്ക്കപ്പുറവുമിപ്പുറവും


തുലാമഴയ്ക്കപ്പുറവുമിപ്പുറവും
നിന്നപ്പോൾ ഞാൻ കണ്ടത്
മരതകവർണമാർന്ന പ്രകൃതിയെ
നീ കണ്ടതോ നിയോൺദീപങ്ങൾക്കരികിൽ
ചായക്കൂട്ടുകളെ
മിഴിയിലെ പ്രകാശമെല്ലാവർക്കും
ഒരേപോലെ
അതെങ്ങെനെയുപയോഗിക്കാം
എന്നതാണു പ്രധാനം..
പിന്നെ ദൈവമെന്നോടും
പല രഹസ്യങ്ങളും പറഞ്ഞിരിക്കുന്നു
അത് രഹസ്യങ്ങളായി 
തന്നെയിരിക്കട്ടെ..
തുലാമഴയ്ക്കപ്പുറം ശരത്ക്കാലത്തിൽ
എന്റെ ലോകമൊരുപാടു
മാറിയിരിക്കാം
മിഴിയിലേയ്ക്ക് പ്രകൃതിനടന്നു
വന്നതിനാലാവാം
ആകാശവാതിലിനരികിലെ
മൊഴി കാണാനായതിനിലാവാം
മനസ്സിൽനിന്നും മരതകപ്പട്ടുചുറ്റിയ
കാവ്യനുറുങ്ങുകൾ
ഹൃദയത്തിലേയ്ക്കൊഴുകുന്നത്
തുലാമഴയ്ക്കപ്പുറവുമിപ്പുറവും
നിന്നു നീ കണ്ടലോകവും
ഞാൻ കണ്ട ലോകവുമെത്ര വ്യത്യസ്തം...