Monday, April 9, 2012


മൊഴി


ഡയറിക്കുറിപ്പുകളിൽ 
കാലമെഴുതിയിട്ടിരുന്നു..
പലതും... 
കലഹത്തിനായുള്ള   കൽപ്പനകൾ,
സത്യങ്ങൾ, അസത്യങ്ങൾ
അദൃശ്യദൃശങ്ങൾ, 
യാഥാർഥ്യങ്ങൾ, അയഥാർഥ്യങ്ങൾ
പിന്നെയിടക്കിടെ ചിലേ
ഓർമ്മപ്പെടുത്തലുകളും...
അവനൊരു ദുഷ്ടനും നികൃഷ്ടനും
സ്വാർഥനുമായിരുന്നില്ലെന്ന്
ശരിയായിരിക്കാം....
പക്ഷെ അവന്റെ ചില  പ്രവർത്തികൾ
ദുഷ്ടന്മാരെക്കാളും നികൃഷ്രടമായിരുന്നു..
അറിഞ്ഞുകൊണ്ടുചെയ്ത,
ഉൽകൃഷ്രടയുടെയവസാനത്തെയക്ഷരവും
മായ്ക്കുവാൻ പോന്ന  നികൃഷ്ടകൃത്യങ്ങൾ..
അതങ്ങനെയല്ലയെന്ന്
മഷിതുള്ളികൾ പറയാൻ ശ്രമിക്കുന്നു,
പരാജയപ്പെടുന്നു...


സാഹചര്യങ്ങളുടെയതിഗൂഢഗതിയിൽ
എഴുതിതള്ളിയ മഷിപ്പാടുകളിൽ
നിറങ്ങളിലൊഴുകി മാഞ്ഞ
ഋതുക്കളിൽ നിറഞ്ഞേക്കാം
ഒരു പദം തെറ്റിയ  നിഴൽപ്പോരിൻ
പുകഞ്ഞ  സർഗസ്വരത്തിൻ
ചില്ലുതരികൾ..
സമുദ്രത്തിനറിയാം അടിയൊഴുക്കുകൾ
പുറമേ കാണും തിരയായിരിക്കില്ല
സമുദ്രം
അതിനാലാവും തീരങ്ങളിലെ
അസത്യത്തിൻ മണലെഴുത്തുകൾ
മാഞ്ഞുമാഞ്ഞില്ലാതെയാവുന്നത്..
ശംഖുടഞ്ഞുതീരുമ്പോൾ
അതിലെ കടലിരമ്പം
കേൾക്കാനുമാവില്ല..


കല്പിതകഥകളുടെ
പ്രബന്ധത്തിലെയവസാനമുദ്രയും 
കണ്ടുണർന്ന  മഴക്കാലത്തിലൊന്നിൽ
അതിലുണ്ടായിരുന്നയിത്തിരി
സത്യം മായിക്കുവാൻ 
പണിപ്പെടും ചരിത്രത്തെയും
കാണാനായി..
അതിനാലാവും ചരിത്രപുസ്തകത്തിൻ
ഒരിതൾ മഴതുള്ളിവീണു നനഞ്ഞു മാഞ്ഞതും
അതു തുടച്ചെഴുതിയ ഡയറിക്കുറിപ്പുകളിൽ    
തുരുമ്പാണികളുടെ 
തുരുമ്പുതരികളിറ്റിക്കാൻ
കാലം പണിപ്പെട്ടതും,
തിരയേറ്റത്തിൽ 
ശംഖുകളുടയുമ്പോൾ
കടലുയർന്ന തീരത്തിൽ
ഭൂമിയുടെ ഹൃദ്സ്പന്ദനങ്ങൾ
ഇലത്താളത്തിലെയതിദ്രുതമായ്
മാറിയതും ....



Wednesday, April 4, 2012


മൊഴി


ഭൂകാവ്യങ്ങളുടെ
നിശബ്ദത  തേടിയോർ
വാതിൽപ്പാളികളിൽ
ആരവമുയർത്തിയതിനാലാവും
ഭൂഹൃദ്സ്പന്ദങ്ങൾ
മൗനത്തെയൊരു
കല്ലിലുടച്ച തും 
അതിൻ തരികൾ
കടലിൻ
സ്വരങ്ങളായ്  മാറ്റിയതും


ആയിരം പനിനീർപ്പൂവുകളെക്കാൾ
മനോഹരം ആത്മാർഥമായൊരു
വാക്ക്..


ഗോപുരങ്ങൾ 
പണിതുയർത്തിയ
ആരൂഢശിലയിൽ നിന്നും
ആത്മാർഥത
അകന്നുനീങ്ങിയതന്തേ?



കൈതട്ടിവീണ
കനൽപ്പാത്രത്തിലൂടെയൊഴുകിയ
തീയിൽ കത്തിയ 
രാജവീഥികളിൽ
ശ്രേഷ്ടശിലാരൂപങ്ങൾ
മിഴിപൂട്ടി നിൽക്കുന്നുവോ



നക്ഷത്രങ്ങളുറങ്ങിയ 
മിഴിയിൽ ശേഷിച്ചു
യാഥാർഥ്യത്തിൻ
ഇത്തിരി നടുക്കം,
ഇത്തിരി പ്രകാശം..





Tuesday, April 3, 2012


സന്ധ്യാരാഗം

എഴുതിതീരാത്തൊരു
പുസ്തകത്തിനിടയിൽ
ലോകം തിരഞ്ഞു
ഭൂമൺ തരികൾ,
മഴതുള്ളി,
മൊഴി...


ഹൃദ്സ്പന്ദനങ്ങളിൽ
അതിദ്രുതമേറ്റാൻ
ചായമൊഴുക്കും
മഷിതുള്ളികൾ
മനസ്സിലുണർത്തുന്നു
ഒരു മന്ദഹാസം


വീണുടഞ്ഞ
ഒരു നിമിഷത്തിനുള്ളിൽ
പലമുഖങ്ങളുടെയും
ഉലഞ്ഞ 
ആവരണങ്ങൾ


വാക്കിനുള്ളിൽ
പൂക്കാലമായ്
വേനൽ മഴതുള്ളികൾ


തപോവനങ്ങളിൽ
തപസ്സിലായ
സങ്കീർത്തനമന്ത്രം
വിരൽ തുമ്പിലെ
ചിന്മുദ്രയിലലിഞ്ഞു


ആകാശം
മിഴിയിൽ നിറഞ്ഞൊഴുകിയ
കടൽത്തീരത്തിൽ
ഹൃദ്യമായൊരു
സന്ധ്യാരാഗമെഴുതിനീങ്ങി
സായാഹ്നം...





മൊഴി



മഴവീണു നനുത്ത
പ്രഭാതത്തിൽ
പരീക്ഷണത്തിലുലഞ്ഞു
പാതികരിഞ്ഞ 
ഹൃദയത്തിൽ
മഹാസമുദ്രമൊരു
കാവ്യസ്പന്ദനമായി..



ചരിത്രം കോറിയിട്ട
ഋജുരേഖകളിൽ
നിന്നകന്നുനീങ്ങിയ
മനസ്സിൽ
പ്രപഞ്ചം നീർത്തിയിട്ടു
മനോഹരമാമൊരു
സങ്കല്പം


രാജ്യപതാകയുടെ
മങ്ങിയ
വർണ്ണങ്ങൾക്കരികിൽ
മുഖം താഴ്ത്തിനിന്നു
വിജയരഥത്തിൻ
സ്വാർഥം...



കൃത്രിമപകിട്ടുചാർത്തിയ
ലോകമുഖത്തിനൊരു
നേർക്കുറിപ്പെഴുതിയ
വാക്കിനരികിൽ

കുരുങ്ങിചുരുങ്ങിയ 
മനസ്സുകൾ

ചങ്ങലകൾ പണിതിട്ടു


ഹൃദയത്തിനായ്
ചില്ലുകൂടുകൾ
പണിതുനീങ്ങിയ
ചരിത്രതാളിൽ നിറഞ്ഞു
ഉടഞ്ഞ ഗോപുരത്തിൻ 
മൺ തരികൾ...




Monday, April 2, 2012


മൊഴി 


കവിതവിരിയും
പവിഴമല്ലികളിൽ
മഴ വീണുടയുമ്പോൾ
ഹൃദ്സ്പന്ദനത്തിലൊരു
തുടിയിട്ടു പ്രപഞ്ചം


തുന്നിക്കെട്ടിയ ദിനങ്ങളിൽ
നിന്നിറ്റുവീണ
മുത്തുകൾ ചുറ്റിയരികിലൊരു
കാവ്യമായുണരും ഗ്രാമമേ
ആകാശത്തിന്റെയടർന്ന തുണ്ടിലോ
അരയാലുകൾ 
നിഴൽ നെയ്തെടുത്തത്


കരിഞ്ഞ മുറിവിലിറ്റിക്കും
മഷിതുള്ളികൾ
ഒരു നാളുണർത്തിയ
ആരവമിന്നൊരു
ദയനീയദൈന്യമായ്
മാഞ്ഞുതീരുന്നുവോ


അകത്തളത്തിൽ
തുളസീമന്ത്രം ചൊല്ലി
വിളക്ക് തെളിയിക്കും
സന്ധ്യയിൽ
ജപമാലയിലുടഞ്ഞ
മുത്തിൻ തരികൾ  
വിരലിൽ 
നോവുണർത്തിയിരുന്നുവോ



നീർത്തിയിട്ട സന്ധ്യയുടെ
പുൽപ്പായയിലൊരുനാളിലെഴുതിയ
കവിതയിലൂടെ  പടിപ്പുരയിലിരുന്നു
കണ്ടലോകമേ
വിരലിലെയക്ഷരങ്ങളിൽ
നക്ഷത്രങ്ങൾ വിരിയുന്നത്
സന്ധ്യാവിളക്കിൽ പ്രകാശത്തിൽ
കാണാനാവുന്നു




Sunday, April 1, 2012


ഹൃദ്സപന്ദനങ്ങൾ


സംവൽസരങ്ങളുടെ
അകന്നുനീങ്ങിയ
ആവരണങ്ങളിൽ
തട്ടിയുടഞ്ഞ 
ചില്ലുകണ്ണാടിയിൽ
പ്രതിഫലിക്കുന്നുവോ
ലോകത്തിനുള്ളറകളിൽ
മറഞ്ഞിരിക്കും
നിസ്സഹായപ്രതിച്ഛായകൾ


മിഴിയിലൊരു
നേർ രേഖയുടഞ്ഞതിലിറ്റിയ
നീർത്തുള്ളിയിൽ
രഥപതാകയിലെ
മുദ്രകൾ മാഞ്ഞുതീരുന്നുവോ


അകലെയൊരാരവം
തീർത്തതിലുടഞ്ഞ
ശംഖുകൾക്കരികിൽ
സമുദ്രമെഴുതുന്നുവോ
ഒതുക്കാനാവാത്തൊരുൾക്കടലിൻ
അടിയൊഴുക്കുകൾ


ചന്ദനഗന്ധമൊഴുകും
പ്രഭാതത്തിലൊരു
പ്രദക്ഷിണവഴിയിൽ
നിന്നെത്രയോ ദൂരം
നടന്നെത്തിയ
ലോകത്തിൻ
നെടുകയും കുറുകെയും
കോറിയ മുറിപ്പാടുകൾക്കിടയിലും
തണുത്ത ചങ്ങലകൾക്കിടയിലും
സ്വരങ്ങളാലൊരു സങ്കീർത്തനമുണർത്തിയ 
സമുദ്രമേ നീയെൻ കവിത
മൊഴി



മഴതുള്ളികളിൽ
തുളുമ്പിയ
പ്രഭാതത്തിനപ്പുറം
കമ്പിനൂലുകളാൽ
തുന്നിയ യന്ത്രങ്ങൾ
വാതിലനരികിൽ
ഹൃദ്സ്പന്ദനങ്ങളെ
അളന്നുതൂക്കിയുലക്കും
ദിനങ്ങളിൽ
പ്രദക്ഷിണവഴിയിൽ
തളിരിട്ട സ്വരങ്ങളിൽ
 മനസ്സ് നെയ്തു 
ഒരുണർവിൻ കാവ്യം


അശോകപ്പൂവിൻ നിറമാർന്ന
സാന്ധ്യാകാശത്തിനരികിൽ
ചക്രവാളമേലാപ്പിൽ
അനേകമനേകം നക്ഷത്രങ്ങൾ
ലോകമുണർത്തും
ചിത്രകമാനങ്ങൾക്കരികിലിരുന്നെഴുതി
തിരികല്ലിലുടഞ്ഞ 
അക്ഷരങ്ങളുടെ
സങ്കല്പങ്ങൾ


മൺപാത്രങ്ങളിൽ
സമുദ്രം തൂവിയ
കാവ്യങ്ങൾ
ശംഖിലൊഴുകിയ
മഴക്കാലത്തിൽ
മുൾവേലിയിലുടക്കിയ
മനസ്സിനൊരിതളിൽ
നിന്നുണർന്നുവന്നു
ജപമാലയിലെയൊരു
തുളസിമുത്ത്


മിഴിയിലുടക്കിയ
പകലിനിഴയിൽ
നിന്നിറ്റുവീണ സായാഹ്നത്തിൽ
അക്ഷയപാത്രത്തിലെന്നപോൽ
നിറഞ്ഞൊഴുകി
സ്വരങ്ങൾ.....