Sunday, July 3, 2011

പാരിജാതപ്പൂവുകൾ വിരിയും നേരം

ആർക്കാരോടോണോവോ പക
തീർത്താൽ തീരാത്ത വിദ്വേഷം
എനിയ്ക്ക് നിന്നോടോ
നിനക്കെന്നോടോ?
പറയാനുള്ളത് പറയാതെ
പോകുന്നതാരോ?
ഞാനോ, നീയോ
ആരാണാവോ നീ?
ആരാണാവോ ഞാൻ
എനിക്കുമറിയില്ല
നിനക്കുമറിയില്ല
കാലത്തിനെന്താണാവോ
വേണ്ടത്?
ഒരുതുള്ളി കണ്ണുനീരോ
ഒരു മഴതുള്ളിയോ
അതോ ഒരു തമാശക്കഥയോ
ഉടഞ്ഞ ഹൃദയതുണ്ടുകളെഴുതിയത്
കൈമാറ്റം ചെയ്തുപോയ
പ്രണയകാവ്യമോ?
ദൃശ്യതയിലെ അദൃശ്യതയോ
മറയിട്ടു സൂക്ഷിക്കും വ്യസനം
പാരിജാതപ്പൂവുകൾ വിരിയും നേരം
മാഞ്ഞുതുടങ്ങിയിരുന്നുവോ
നിലാവ്....

സ്വപ്നങ്ങൾ ചുരുൾ നിവരും ആകാശമേ!

ആകാശമേ!
ഏകാന്തതയുടെ സംഗീതമെത്ര
മനോഹരം.....
മഴയുടെ നാദവീചികളിൽ
നിന്നുയരുന്നു
അതീവമനോഹരമായ
ഒരു ഗഗനഗീതം...
നിർവ്യാജമായൊരു
വാക്കിനുള്ളിൽ നിന്നുതിർന്ന
മുത്തുമണികളാൽ നെയ്ത  
സന്ധ്യയുടെ പുടവയിൽ നിറയും
 മഴയിൽ കുതിർന്ന
വർണങ്ങളെത്രെ ആകർഷണീയം...
സ്വപ്നങ്ങൾ ചുരുൾ നിവരും
ആകാശമേ!
നിന്റെയനന്തവ്യാപ്തിയുടെയാദ്യക്ഷരം
തേടുമെൻ ഹൃദയത്തിനെന്തിനൊരു
ആവരണം....

ആനന്ദഭൈരവിയുടെയവസാനസ്വരം
 
ഹൃദയത്തിൽ
നിന്നൊരു ചില്ലുപാത്രം
പോലെയുടഞ്ഞുതാഴേയ്ക്കൊഴുകിയ
രാഗം ആനന്ദഭൈരവിയായിരുന്നുവോ...
കടൽത്തീരത്തൊഴുകിയ
മണൽപ്പൊട്ടുകളോടൊപ്പം
അതിനുള്ളിലുറങ്ങിയ ഓരോസ്വരവും
ഒഴുകിമാഞ്ഞുവോ...
ചാമ്പൽ മൂടിയചിതയിൽ
കനൽപോലെ കണ്ടതതിനുള്ളിലെ
അവസാനതിളക്കമായിരുന്നുവോ?
അറിയാതെയറിയാതെ
ഹൃദയത്തിന്റെ പ്രതിഫലനം  
നിസംഗതയുടെ കവചത്താൽ മൂടിയ
മന്ദസ്മിതം മാഞ്ഞുതുടങ്ങിയ മുഖമേ!
ആനന്ദഭൈരവിയുടെയവസാനസ്വരവും
നിന്നിലുറയുന്നുവോ...

ആനന്ദഭൈരവിയുടെയവസാനസ്വരം
 
ഹൃദയത്തിൽ
നിന്നൊരു ചില്ലുപാത്രം
പോലെയുടഞ്ഞുതാഴേയ്ക്കൊഴുകിയ
രാഗം ആനന്ദഭൈരവിയായിരുന്നുവോ...
കടൽത്തീരത്തൊഴുകിയ
മണൽപ്പൊട്ടുകളോടൊപ്പം
അതിനുള്ളിലുറങ്ങിയ ഓരോസ്വരവും
ഒഴുകിമാഞ്ഞുവോ...
ചാമ്പൽ മൂടിയചിതയിൽ
കനൽപോലെ കണ്ടതതിനുള്ളിലെ
അവസാനതിളക്കമായിരുന്നുവോ?
അറിയാതെയറിയാതെ
ഹൃദയത്തിന്റെ പ്രതിഫലനം  
നിസംഗതയുടെ കവചത്താൽ മൂടിയ
മന്ദസ്മിതം മാഞ്ഞുതുടങ്ങിയ മുഖമേ!
ആനന്ദഭൈരവിയുടെയവസാനസ്വരവും
നിന്നിലുറയുന്നുവോ...

Saturday, July 2, 2011

ദർപ്പണമൊന്നിൽ കണ്ട മുഖം

എവിടെയോ
മഞ്ഞുപോലെയൊവാരണത്തിൽ
മാഞ്ഞുമാഞ്ഞില്ലാതായ
സന്ധ്യയിയിലോ

ആകാശജാലകം തുറന്നൊരു
നക്ഷത്രം മിഴിയിലേറിയത്..
മായാവിദ്യയെന്നെപോലെയോ
വിലങ്ങേറിയഗ്നിയിച്ചിറകിലുലഞ്ഞ
പേടകമൊന്നിൽ നിന്നൊരു സ്വപ്നം
മേഘമാർഗവും കടന്ന്
മനസ്സിൽ വന്നുകുടിപാർത്തത്...

നോക്കെത്താദൂരത്തൊരു
കടൽത്തീരത്തിൽ
മൺചെപ്പുകളിലുറങ്ങും
നനവിലായിരുന്നുവോ
മഴതുള്ളികളൊരു ശംഖ് കണ്ടത്..
നീണ്ടനീണ്ടുപോയ പാതയിലാവും
വർത്തമാനകാലത്തിനുടുക്കിൽ നിന്നും
മുത്തുമണികൾ പോലെ
സ്മൃതിചിന്തുകളൂർന്നുപോയത്
ഇലകൾ പൊഴിയും വൃക്ഷത്തിനരികിലെ
സായന്തനമാവും ദിനാന്ത്യങ്ങളുടെ
ഓർമ്മകുറിപ്പുകളെ വിസ്മൃതിയുടെ
ചെപ്പിലുറക്കി നടന്ന് നീങ്ങിയത്...
ആഷാഢമേഘങ്ങളിലാവാം
ആരൂഢശിലയിലെ സങ്കടങ്ങളും
ഉറഞ്ഞുമാഞ്ഞില്ലാതായത്...

നിലയില്ലാതയൊഴുകിയ
നീണ്ടയിടവേളയിൽ
മുങ്ങിത്താഴും നേരമായിരിക്കാം
ദർപ്പണമൊന്നിൽ കണ്ട മുഖം
മന്ദഹസിക്കാനും മറന്നുപോയത്...
അപരാഹ്നത്തിലെ മഴ

ചില്ലുകൂട്ടിനുള്ളിൽ
സ്വരസ്ഥാനം തെറ്റിയുലഞ്ഞ
അസ്വസ്ഥതയിലോ
അശാന്തി കുടികിടപ്പവകാശമേറ്റിവന്നത്
ഓഹരികളുടെയൊപ്പുകടലാസിലോ
പുതുമ പൂവുകൾവിരിയിക്കുന്നത്
മിഴിയിൽ വറ്റിയ നീർത്തുള്ളിയോ
മഴയായി വീണ്ടും പെയ്യുന്നത്
കുളിർന്ന പ്രഭാതമേ
പുണ്യാഹമിറ്റിക്കും ദർഭനാളങ്ങൾക്കെങ്ങനെ
വിപ്ലവഗാനമാലപിക്കാനാവും
അരയാലിൻതറയിലിരുന്നാദിമകാവ്യം
വായിക്കും പ്രാചീനചിന്തുകൾ
തൊട്ടെടുത്തുവോ
കത്തിയെരിയും മദ്ധ്യാഹ്നത്തിൻ കനലുകൾ..
വെയിൽനാളങ്ങളിൽ തുള്ളിയോടിമാഞ്ഞ
നിഴൽപ്പാടങ്ങൾ കൊയ്തെടുത്തുവോ
മണ്ണിന്റെ മധുരിമ..
അപരാഹ്നത്തിൻ മഴയിലൊഴുകി മായുന്നുവോ
മനസ്സിലെ ദൈന്യക്കൂടുകൾ....
മഴക്കാലരാഗമുണരുമ്പോൾ...

അനേകമനേകം
അക്ഷരരൂപങ്ങളിലലിഞ്ഞ്
നാനാർഥങ്ങളിലെയർഥരഹിതശൂന്യതയിൽ
ദൈന്യം പൂണ്ടിരുന്ന നാളുകളിലായിരുന്നുവോ
പവിത്രക്കെട്ടിലുലഞ്ഞ്
പരമോന്നതമായൊരു
സംസ്കൃതിയുടെ ചുമർചിത്രങ്ങൾ
മുന്നിൽ തെളിഞ്ഞുവന്നത്...
ദ്വയാർഥങ്ങളുടെ ഗ്രന്ഥശാലയും കടന്ന്
പ്രിയതരമായതെല്ലാമൊരു
ശംഖിലുറക്കിയ ഭൂമിയുടെ
മിഴികളിലോ അസംഖ്യം
നക്ഷത്രങ്ങൾ കൂട്ടിരുന്നത്
തടാകങ്ങളിൽ കൂടുകെട്ടിയ
നിശ്ചലതയും കടന്നുണരും
ആരണ്യകമേ!
പർണ്ണശാലയിൽ
വാനപ്രസ്ഥങ്ങൾക്കായൊരു
കുടീരം പണിതാലും
നിരന്തരമായി ചരൽക്കുന്നുകൾ
കയറിയിറങ്ങിയതിനാലാവും
വീഥിയിലെ മുൾച്ചീളുകൾ
പോലുമിപ്പോൾ പൂവിതൾ
പോലെ മൃദുലമായിരിക്കുന്നത്....
നോക്കികാണും ലോകത്തിനുള്ളിൽ
നിന്നുണർന്നുവരുമുപക്രമങ്ങൾക്ക്
മുൻപേയുണരും പ്രാർഥനാഗാനമേ
ഈറനണിയും പ്രഭാതത്തിൽ മഴക്കാലരാഗമുണരുമ്പോൾ
പ്രകാശം തേടിയിനിയുമെങ്ങും
നടക്കേണ്ടതുമില്ല..
മിഴിയിലെ വിളക്ക് തന്നെ പ്രകാശം...