Wednesday, February 29, 2012


പവിഴമല്ലിപ്പൂവുകൾ


വേനൽസൂര്യൻ
തീയിലേയ്ക്കിട്ട
കാവ്യങ്ങൾ
കരിഞ്ഞുചാരമായപ്പോൾ
കാലരഥമതിലോടിയ
മുദ്ര കാണാനായി
വീണ്ടുമൊരു മഴക്കാലത്തിൽ
അവിടെ തളിരിട്ടു
പവിഴമല്ലികൾ


നെരിപ്പോടുകൾ പുകയ്ക്കും
മഷിതുള്ളികൾക്കരികിൽ
മഴതുള്ളിക്കവിതകളുണർന്നു


ദൈന്യങ്ങളതിരിട്ട
മുള്ളുകമ്പികളിലുടക്കിക്കീറിയ
മരതകച്ചേലയിൽ
നക്ഷത്രങ്ങൾതുന്നിചേർത്തു
സ്വർണ്ണപ്പൊട്ടുകൾ


മിനുക്കിതേച്ച ഓട്ടുവിളക്കിൽ
എണ്ണതിരിയുണരുമ്പോൾ
സന്ധ്യയെഴുതി
രുദ്രാക്ഷങ്ങളിലെ കവിത


ആകാശം നീർത്തിയിട്ട
വിതാനത്തിനരികിൽ
അരുളപ്പാടുകൾ കേട്ടുമതിവന്ന
ആർദ്രനക്ഷത്രം മിഴിയിലേക്കിട്ട്
ഒരു കാവ്യചിന്ത്


പതാകൾക്കരികിൽ
അതിരുകൾ പണിത
മതിലുകൾ പണിത
ആകുലതകൾ
ലോകമായ് മാറി


പവിഴമല്ലിപ്പൂവുകൾക്കരികിൽ
തിരക്കില്ലാത്ത
ഏകതാരയിലെ
ഹൃദ്യമാമൊരു സ്വരം
ഹൃദ്സ്പന്ദനത്തിലലിഞ്ഞു.. 

മൊഴി


രാജ്യമുടഞ്ഞുതകരും വഴിയിൽ
മുത്തുപോൽ
അക്ഷരങ്ങളൊഴുകി
പിന്നീടവയൊന്നായ്
വിരൽതുമ്പിലുരുമ്മിയൊരു
കവിതയിലുറങ്ങി


അലങ്കരിച്ച രഥങ്ങളിൽ
മൂടിവച്ച മിഥ്യ മുഖപടം
നീക്കിയൊരുത്തരായണവഴിയിൽ
പതാകകൾ താഴ്ത്തിയ
ധ്വജസ്തംഭങ്ങൾ നിന്നു


നീർച്ചോലകൾ വറ്റിയ
വേനൽപ്പരപ്പിൽ
വിവേകം നഷ്ടമായ
ഒരു യുഗം നീട്ടിയ
ചിത്രകമാനത്തിൽ
നിറഞ്ഞു
കരിമഷിക്കോലങ്ങൾ


അയഥാർഥ്യങ്ങളരിച്ചെടുത്ത
കൂടയിൽ തേൻപോലെ
മധുരിച്ചു മനോഹരമാമൊരു
കാവ്യസ്വരം


പഴയകണക്കെഴുതിതീർത്ത്
അരയാൽത്തറയിൽ
നിഴൽപ്പൊട്ടുകൾ തൂവിയ
ദിനങ്ങൾക്കരികിലൂടെ
ഭൂമി മെല്ലെ നീങ്ങി


സ്വപ്നങ്ങളുടഞ്ഞ
നക്ഷത്രവിളക്കിൽ തിളങ്ങി 
ആകാശം കെടാതെ
സൂക്ഷിച്ച പ്രകാശം...

Monday, February 27, 2012

ആകാശനക്ഷത്രങ്ങൾ


തൂവലുകളായ്
മൃദുസ്പർശമായ്
അക്ഷരങ്ങൾ
ഹൃദയത്തിലേയ്ക്കൊഴുകുന്നു


അറിവില്ലായ്മയുടെ
അപരിചിതത്വം
വാതിലിൻ വിജാഗിരികൾ
ഒരോന്നായി അടർത്തി
അകത്തേയ്ക്കിട്ടും
അല്പം ആകുലത


മൂടൽ മഞ്ഞുനീങ്ങിയ
ഫാൽഗുനത്തിനരികിൽ
മനസ്സിലെ സ്വരങ്ങളെഴുതി
കയ്പും മധുരവുമിടകലർന്നൊരു
ദിനാന്ത്യകാവ്യം


അക്ഷരതെറ്റുകളിലൂടെ
ഓർമ്മപ്പിഴവുകളിലൂടെ
മഷിതുള്ളികളിലൂടെ
മെല്ലെ നടന്നു 
സംവൽസരങ്ങൾ


വെണ്മയേറിയ ചുമരുകളിൽ
എഴുതാനാവശ്യം 
തെളിനീർപോലെ
മഴതുള്ളിപോലെയൊഴുകും
അക്ഷരങ്ങൾ


ദിനങ്ങൾ ഗോവണിയിറങ്ങി
സന്ധ്യയിലേക്ക് മെല്ല
പദം വയ്ക്കുമ്പോൾ
മുന്നിലേക്കിട്ടു
നിഴൽപ്പൊട്ടുകളുടെ
ഒഴിഞ്ഞ നിവേദ്യപ്പാത്രം..


ശീവേലിവിളക്കുകൾ
കെടുത്തി പ്രദക്ഷിണവഴിയിൽ
വാദ്യങ്ങൾ നിശ്ശബ്ദമായപ്പോൾ
ആകാശനക്ഷത്രങ്ങൾ
മിഴിയിലേക്കൊഴുക്കി
പ്രകാശം..


മൊഴി

ആകാശമെഴുതി
ഭൂമിയ്ക്കായ്
ഒരനശ്വരകാവ്യം


അന്തരാത്മാവിൽ
മൺദീപങ്ങൾ പോൽ
പ്രകാശം തൂവുന്നു
ആകാശനക്ഷത്രങ്ങൾ


ചുറ്റുവലയങ്ങളിലെ
ചിന്താമണ്ഡലത്തിനകലേയ്ക്ക്
നീങ്ങിയിരിക്കുന്നു
ഉൾക്കടലിൻ സ്വരങ്ങൾ


മറന്നിട്ട ചിന്തകൾ പോലെ
ഓരം ചേർന്നുപോയ 
അപരിചിതലോകത്തിൻ
ഒരായിരം സങ്കല്പങ്ങൾക്കരികിൽ
വാത്മീകത്തിനുള്ളിലെ
കാവ്യം വേറിട്ടുനിന്നു


വിരൽതുമ്പിലുരുമ്മിയ
അറിവിന്നക്ഷരങ്ങൾ
ഭദ്രമായ് സൂക്ഷിച്ചു
പതിനാലുലോകവുമുള്ളിലൊതുങ്ങും
വിരാട് ചൈതന്യം


വെളുത്ത കവടിശംഖിൽ
നിന്നൊഴുകിയ
പരിഹാരവിധിച്ചാർത്തുമായ്
സോപാനവും പ്രദക്ഷിണവഴിയും
കടന്നുനീങ്ങിയ യുഗം
അരയാൽത്തറയിലുപേക്ഷിച്ചുപോയി
ദയ, കാരുണ്യം, ദൈവികത


കിഴക്കേചക്രവാളം
ഇലക്കീറ്റിലേകി 
മനോഹരമാമൊരു കാവ്യസർഗം
ചന്ദനവും, തുളസിപ്പൂവും..



Sunday, February 26, 2012

മൊഴി

ജനാലവാതിലുടയ്ക്കും
അരയാൽശിഖരങ്ങൾക്കരികിൽ
ഭൂരാഗമാലികയിലെ മൃദുസ്വരം


ചിതറിവീണ മുത്തുകൾ
പോലെ അക്ഷരങ്ങൾ
മനസ്സിൽ ചിലങ്കയിലെ 
മധുരസ്വരമുണർത്തുന്നു


രംഗമൊഴിയാനാവശ്യവുമായ്
അരികിലേയ്ക്ക് വന്ന
യുഗത്തിനരികിൽ
ആകാശവാതിലടഞ്ഞു


സാന്ധ്യതാരകങ്ങളിൽ
കവിതയുണരുമ്പോൾ
വൈദ്യുതദീപങ്ങൾ 
തേടിനടന്നു പുതുമ


നെരിപ്പോടുകൾ മഷിതുള്ളികൾ
വീണു പുകഞ്ഞ നാളിൽ
പുണ്യാഹതീർഥം പോലെ
പെയ്തൊഴുകി മഴതുള്ളികൾ


കടലോരത്തെയുടഞ്ഞ 
ചിപ്പികളോടൊപ്പം
കുറെ സ്വപ്നതരികളും 
കടലിലേയ്ക്കൊഴുകി


വിരൽതുമ്പിൽ നനുത്ത
മണ്ണിൻ സുഗന്ധവുമായ്
ഭൂമിയുടെ പവിഴമല്ലികൾ...

Saturday, February 25, 2012


നക്ഷത്രങ്ങളുടെ കാവ്യം



യുഗാന്ത്യത്തിന്റെ 
കടലാസുതാളിലവശേഷിച്ചു
വെറുതെ കോരിയൊഴുക്കിയ
അധികവർണ്ണം..
അതു ചുറ്റിനടന്നുപോയി
അതിസാമർഥ്യം..


കൽപ്പെട്ടികളിൽ
പവിഴമല്ലിപ്പൂവുകളും
കാവ്യതുണ്ടുകളും നിറയുമ്പോൾ
ഹൃദ്സ്പന്ദനങ്ങളെ 
കയത്തിലേയ്ക്കെറിയും
ഒരു പുഴയെയെന്തിനോർമ്മിക്കണം...


മേലാടകളുടെ കൃത്രിമതിളക്കം
കടലാസുകൾ കാറ്റിലേയ്ക്കൊഴുക്കിയ
മഷിതുള്ളികളിൽ വീണലിഞ്ഞുതീർന്നില്ല
മഴതുള്ളിക്കവിതകൾ...


ആകാശം നീർത്തിയിടുന്നു
എഴുതിയിട്ടുമെഴുതിയിട്ടും
മതിവരാത്ത
നക്ഷത്രങ്ങളുടെ കാവ്യം...




മൊഴി


അയഥാർഥ്യങ്ങളുടെ
കൂടയിലവശേഷിച്ചു
അറിവില്ലായ്മയുടെ
മുഖാവരണം..


മഹനീയമെന്നെഴുതിയെഴുതി
മങ്ങിയ നിറക്കൂട്ടുകൾക്കപ്പുറം
തുളസിപ്പൂവുകളുടെ സുഗന്ധം.


ചുരുങ്ങിയ രാജ്യവീഥികളിൽ
പതാകയുടെ കീറിതുന്നിയ
മുറിവുകൾ..


വിരൽതുമ്പിലെ നിർണ്ണയമൊരു
കവിത..
വിധിന്യായമെഴുതും
അന്യായതുമ്പിൽ
ലോകനിർണ്ണയത്തിലുടഞ്ഞ
ചില്ലുതരികൾ..


ആൾപ്പാർപ്പില്ലാത്ത
മനസ്സിൽ വിരിയുന്നു
പവിഴമല്ലിപ്പൂവുകൾ
മനോഹരമാമൊരു
കാവ്യമെന്നപോൽ..


അഴിമുഖങ്ങൾക്കപ്പുറം
ഉൾക്കടലിനാകാശമറിയും
ഒരേ സംഗീതം..

Friday, February 24, 2012



മൊഴി

പാടവരമ്പിലൂടെ
നടന്നുനീങ്ങിയ നൂറ്റാണ്ടുകൾ
നെയ്ത വയലേലകളിലിന്നും
ചക്രം തിരിഞ്ഞൊഴുകും 
നീർക്കണങ്ങൾ


വരണ്ടുണങ്ങിയ 
ചോലകൾക്കരികിൽ
മദ്ധ്യാഹ്നമിറ്റിക്കുന്നു
അഗ്നി..


മിന്നാമിനുങ്ങുകൾ
തൂവിയ ഇത്തിരിപ്രകാശത്തിനപ്പുറം
അനേകനൂറ്റാണ്ടുകളുടെ
വിശ്വാസം മിഴിയിലേക്കൊഴുക്കും
ആകാശനക്ഷത്രങ്ങൾ..


ലോകത്തിനതിരിട്ടൊഴുകിയ
ആശങ്കകൾക്കൊടുവിൽ
വിരൽതുമ്പിൽ നിറഞ്ഞുതുളുമ്പുന്നു
അമൃതുതുള്ളിപോലൊരു
സർഗം...


മറന്നിട്ട വിസ്മയങ്ങൾ
മൗനവും കടന്ന്
ചില്ലുകൂടിനുള്ളിൽ 
തപസ്സിലായ നാളിൽ
മനസ്സിലുണർന്നു
ഒരു മുനമ്പ്..



Thursday, February 23, 2012

മൊഴി


ചുറ്റുവലയങ്ങളാൽ
പരിമിതമാം
ദർപ്പണത്തിനരികിൽ
വേറിട്ടുനിന്നു
ആദിവിദ്യയുടെയക്ഷരചിന്തുകൾ


ശിരോരേഖയിലെ
കറുപ്പുപാടുകളിൽ ചുരുങ്ങിയ 
ലോകമെഴുതിമായ്ച്ചു 
സങ്കല്പങ്ങൾ


കരിന്തിരികത്തിയ
നിലവറയിലെ
ചങ്ങലവലയങ്ങളിറുത്ത്
ആകാശത്തിനരികിലേയ്ക്ക്
യാത്രപോയ മനസ്സിൽ
വിടർന്നു ആകാശനക്ഷത്രങ്ങൾ


ഒരോ ദിനത്തിന്റെയും
പുരോഗമനത്തിൻ താളിൽ
പതാകയിലെ വർണ്ണങ്ങൾ
മായിക്കും സ്വാർഥരാജകലകൾ


അക്ഷരതെറ്റുവീണ 
ഹൃദ്സ്പന്ദനങ്ങൾക്കരികിൽ
ഫാൽഗുനപ്രഭാതം


വിരലിലൊരു വിസ്മയം പോലെ
വിടരും പ്രപഞ്ചത്തിനരരികിൽ
ലോകം പണിതിടുന്നു
പല രൂപത്തിൽ,പലേ ഭാവത്തിൽ
പലേ വർണ്ണത്തിൽ മുദ്രകൾ



അറിയാതെവിട്ടുപോയൊരക്ഷരപ്പിഴവ്
നീർത്തിയതിലൊരു മഹാമേരുവുയുർത്തി
അപായചങ്ങലയിൽചുറ്റി 
ആൾക്കൂട്ടം നടന്നുപോയ വഴിയിലൊരു
ഭൂമൺ തരിയിൽ വിടർന്ന
പവിഴമല്ലിപ്പൂവുകൾ
മൃദുവാം തളിരിലകൾക്കിടയിലൂടെ
ഹൃദ്സ്പന്ദനങ്ങളിൽ തൂവി
നക്ഷത്രവെളിച്ചം...



മൊഴി



അരങ്ങളാൽ മുറിഞ്ഞ
മൂടുപടങ്ങൾക്കരികിൽ
ആകൃതി നഷ്ടമായ
പുരാണങ്ങൾ...


ചരിത്രത്തിന്റെയോരോ
താളിലും 
തുരുമ്പുപാടുകൾ


മഷിക്കുപ്പിയിൽ
തോർത്തിയ മിഥ്യയെ
സത്യമെന്നഴുതിതീർക്കാൻ
എത്രപാടുപെടുന്നു
ഇരുൾ മൂടിയ മനസ്സുകൾ
ദൈവമതിശയിക്കുന്നു
ഇത്രയേറെ അയോഗ്യരോ
പുതിയ നാടുവാഴികൾ


അക്ഷരങ്ങളോട്
രംഗമൊഴിയാനാവശ്യപ്പെട്ട
രാജാവിനുപേക്ഷിക്കേണ്ടിവന്നു
ആത്മാവിന്റെ അമൂല്യഭാവം


അരങ്ങിലൊഴുക്കിയ
നിറങ്ങൾക്കരികിലൂടെയൊഴുകിയ
കടലിനരികിൽ
എല്ലാം കണ്ടു മിഴിപൂട്ടിയിരുന്നു
ചക്രവാളം..

Wednesday, February 22, 2012


മൊഴി


ആകാശവാതിലിനരികിൽ
ദൈവം കണ്ടുകൊണ്ടേയിരിക്കുന്നു
അഹമെന്നടിവരയിട്ടൊഴുകും
ഘോഷയാത്രകൾ,
ഉത്സവങ്ങൾ, 
അമിതവർണ്ണപ്പൊട്ടുകൾ..
ദൈവമറിഞ്ഞിരിക്കുന്നു
ചില രാജകലകൾക്കാവശ്യം
ആളെകാട്ടാനായ്
സ്തുതിപാലകരുടെയല്പത്വം...


ഭൂരാഗമാലികയ്ക്കെന്തിനൊരലങ്കാരം
കടലിനെന്തിനൊരു നിധികുംഭം
ആകാശത്തിനെന്തിനൊരു
കൃത്രിമദീപം..
മഴതുള്ളിക്കവിതകൾക്കെന്തിനൊരു
നിറം
ദൈവമറിഞ്ഞിരിക്കുന്നു
അക്ഷരങ്ങളിലൊഴുകും
ഹൃദ്സ്പന്ദങ്ങൾ..


ഇമയനങ്ങും നേരം മാഞ്ഞുപോയ
നിമിഷങ്ങളിൽ, ഋതുക്കളിൽ
സംവൽസരങ്ങളിൽ
ഒന്നേ വ്യത്യസ്തമായിരുന്നുള്ളൂ
ദൈവത്തിന്റെ കൈമുദ്ര
ശിരസ്സിലൊഴുകിയ
മൃദുവാം സ്വാന്ത്വനം..
മറ്റുള്ളതെല്ലാം
നിഴൽപ്പൊട്ടുകൾ പോലെ
മേഘങ്ങൾ പോലെ
പലേ ആകൃതിയിൽ
പലേ രൂപത്തിൽ
മാറിക്കൊണ്ടേയിരുന്നു...

മൊഴി


ആഴക്കടലളന്നളന്നന്നൊഴുകിയ
തിരകൾക്കുള്ളിലുടഞ്ഞുതീർന്ന
ദിനാന്ത്യങ്ങളിൽ
എഴുതിമുഴുമിപ്പിക്കാനാവാത്തൊരു
കഥയുമായിരുന്നു തീരം


മഴതുള്ളിയിലൂടെ
മനസ്സിലേയ്ക്കൊഴുകി
പാരിജാതപ്പൂവുകൾ പോൽ
മൃദുസുഗന്ധമോലും
കാവ്യാക്ഷരങ്ങൾ


ദിനാന്ത്യങ്ങളുടെ ചെപ്പിൽ
സൂക്ഷിക്കാൻ സായന്തനമൊരുക്കി
ശീവേലി വിളക്കുകൾ


കെടാവിളക്കുകൾ കെടുത്തി
ശിരോരേഖകൾ നടന്നുനീങ്ങിയ
വഴിയിൽ മഴയിലലിഞ്ഞ്
തുളസിത്തളിരുകളുണർന്നു


ഒരോയിതളിലുമനേകവ്യവസ്ഥകളുമായ്
വന്നുനിന്ന പരമ്പരകളുടെ
കല്പ്നനകൾക്കരികിൽ
എതിർമൊഴിയുമായിരുന്നു ഭൂമിയുടെ
നിയോഗങ്ങൾ


ശിശിരമെറിഞ്ഞുടച്ച
കലശക്കുടങ്ങളിലൊഴുകിയ
തീർഥജലം നുകർന്നുണർന്നു
ആകാശമെഴുതി ഭദ്രമായ്
സൂക്ഷിച്ച ഋതുഭേദങ്ങളുടെ
കവിത..


തഥാഗത തപോമുദ്രയിൽ
നിഴൽ വീഴ്ത്തിയ
യുഗപർവങ്ങൾ
തീരാക്കടമിട്ടൊഴുകിയനാളിൽ
ചില്ലുപാത്രത്തിലളന്ന
ഭൂമൺ തുണ്ടുകളിലൊന്നിൽ
ഹൃദ്സ്പന്ദങ്ങൾ
കടലിൻ ശ്രുതിയായി..

Tuesday, February 21, 2012


മൊഴി


സ്വർണ്ണം കെട്ടിയ
രുദ്രാക്ഷങ്ങളുടഞ്ഞുതീരുംവരെയും
രുദ്രതാണ്ഡവത്തിൻ മുഴക്കം 
ആകാശത്തിലും കേൾക്കാനായി


വിളംബകാലമൊരു
പദം മറന്ന പല്ലവിയിൽ
കുറെയേറെ സ്വരങ്ങൾ
നിരതെറ്റിവീണു


വിരലിൽ നിന്നൂർന്നുവീണ
മൺ തരികളിലൂടെ
രാഗമാലികയിലെ
ആനന്ദഭൈരവിയുമൊഴുകിമാഞ്ഞു


തിരക്കേറിയ പാതകളിലൂടെ
നീങ്ങിയ സംവൽസരങ്ങളിലെ
നവ്യഭാവങ്ങൾക്കരികിൽ
നൂൽതുമ്പിലെമുത്തുകൾപോലെ
അക്ഷരങ്ങളൊഴുകി


എഴുതിതീർക്കുമൊന്നൊരിക്കലെങ്ങോ
മനസ്സിൽ കണ്ട സമുദ്രത്തിനരികിൽ
എഴുതിതീരാത്ത തീരം


ആകാശത്തിന്റെയൊരരികിൽ
കടലോളം വളരും
ചക്രവാളത്തിൻ
അനന്തദൂരം..



Saturday, February 18, 2012


മൊഴി


ചുമരുകൾക്കരികിൽ
ചങ്ങലകിലുക്കം
പഴയൊരോർമ്മയുടെ
മുഴങ്ങും നടുക്കവും


ദൂരെക്കാഴ്ചയിൽ
പലവട്ടം
ചുറ്റിയോടിയ ഒരു മുദ്ര
എത്രമുറിപ്പാടുകൾ
ഒരോ വലയത്തിലും


അവസാനത്തെ
അദ്ധ്യായം മനോഹരമാക്കാൻ
കീറിയെറിഞ്ഞ
ആകാശത്തിന്റെയിതളുകളിൽ
നിന്നൊഴുകി
നക്ഷത്രങ്ങൾ


ശിരോരേഖയിൽ
മരവിക്കുന്നതോർമ്മകളോ
ഋതുക്കളോ


സമാന്തരങ്ങളിലെ
രംഗമണ്ഡപത്തിലിരുന്നു
കാണാനായത്
തരംഗം തീർത്ത
മായാവിഭ്രമം
മനസ്സിൽ നിറയുതനന്തകോടി
യുഗങ്ങളിലൊഴുകിയ
പുരാതനവേദസർഗം


ചില്ലുതരികളിലുടക്കിമുറിഞ്ഞ
വിരലിൽ നിന്നൊഴുകിയ
അക്ഷരങ്ങളിൽ
ശരത്ക്കാലത്തിനഗ്നി


മൃദുവായ സ്വരങ്ങളിൽ
നിന്നറിയാതെയതിദ്രുതത്തിലെത്തിയ
സമുദ്രം


ആകാശം തൂവിയ 
മഴതുള്ളികൾ സൂക്ഷിക്കാനൊരു
കടൽ ശംഖ്

Friday, February 17, 2012


ഹൃദ്സ്പന്ദനങ്ങൾ


നിറഞ്ഞുതുളുമ്പിയ
തീർഥകലശത്തിൽ നിന്നും
ദർഭാഞ്ചലത്തിലൂടെയൊഴുകി
ശുദ്ധികലശത്തിനാദ്യപദം..


ഒരക്ഷരമറിയാതെയുടഞ്ഞതിനരികിൽ
അനേകമനേകമക്ഷരങ്ങൾ
തളിരിട്ടു ശാഖകളായൊരരയാൽ
വൃക്ഷമായി...


ജാലകവിരിയ്ക്കരികിൽ
ഉടഞ്ഞ വീണ സ്ഫടികപാത്രങ്ങളിൽ
ഒരിക്കൽ നിറഞ്ഞിരുന്നു
പ്രഭാതനൈർമ്മല്യത്തിൻ പൂവുകൾ...


മൂടൽ മഞ്ഞൊഴുകി മാഞ്ഞുതീർന്ന
ഫാൽഗുനത്തിനരികിൽ
നിസ്സംഗമായൊരു
നിശ്ചലത...


മൗനം തൂവിയിട്ട
പൂവുകളിലൂടെ
മുൾപ്പാടുകളിലൂടെ
നിഴൽപ്പാടങ്ങളിലൂടെ
നടന്നതിനാൽ
വാക്കുകളിലിന്നൊരു
ഭയരഹിതമാം തിളക്കം...


ഓർമ്മയിൽ സൂക്ഷിക്കാൻ
അനേകസംവൽസരങ്ങളുടെ
ദൈന്യമേകിയ
നിയോഗത്തിനരികിലും
ഹൃദ്സ്പന്ദനങ്ങളിൽ
വിടരുന്നു
പവിഴമല്ലിപ്പൂവുകൾ..



മൊഴി


എഴുത്തുമഷിപ്പാടിനപ്പുറം
വിറ്റുതീർക്കേണ്ട നാലുമടക്കിൽ
നിറയും കടലാസുതുണ്ടുകൾക്കപ്പുറം
നാഴികമണിക്കെന്തിനൊരു
ഭൂമൺ തരി


അപായചങ്ങലയിൽ
ആളെകുരുക്കി  തുകണ്ടുരസിക്കും
ആൾക്കൂട്ടത്തിനേതു ദൈന്യം


പുറമേ ചാന്തും ചിന്തേരുമിട്ട്
മിനുക്കിയ അകത്തളങ്ങളിൽ
നിലവറ പണിഞ്ഞതിലൊളിപ്പിക്കും
ആധികൾക്കേതു ഭാഷാലിപി..


ആകാശമെഴുതിയതൊരക്ഷരം
അതിനനുബന്ധവും
വ്യാഖ്യാനമെഴുതിപ്പെരുപ്പിച്ചതൊരു
ഗ്രഹസമയദോഷം..


ചന്ദനക്കാവുകളിലൂടെ
കവിത പോലെ
മനോഹരമാം സ്വപ്നവും
കണ്ടു നടന്നുനീങ്ങുമ്പോൾ
പുറം ലോകത്തെയറിയാതെ
പോയതൊരപരാധം..


സ്വസ്ഥവും സൗമ്യവുമായ
ഭൂമിയുടേത് മാത്രമായ
ഒരു കാവ്യസർഗത്തിനരികിൽ നിന്നും 
ഒരാളെയും വിശ്വസിക്കാനാവാത്ത 
പുതിയ ലോകം രൂപകല്പനചെയ്ത്
ദാനമേകി കടന്നുപോയി
ചരിത്രം..


അരികിലാരോ പറയുന്നു
പഴയലോകം തിരികെവരില്ലയെന്ന്
അങ്ങനെയൊരു
ലോകമരികിലുണ്ടായിരുന്നുവോ?.


കല്പനകളുടെ തീരങ്ങളിൽ
നിന്നത്രെയോ അകലേയ്ക്ക്
നീങ്ങിയിരിക്കുന്നു ഉൾക്കടൽ...



മൊഴി


ഉടഞ്ഞു തീരാത്ത
ഹൃദ്സ്പന്ദങ്ങൾക്കരികിൽ
അക്ഷരങ്ങളുടെ തിരക്കഥ


അവനുമെഴുതി
ഒരു തിരക്കഥ..
അഭിനയിക്കുകയും
സംവിധാനം ചെയ്യുകയും
ചെയ്തു
ആളെ കാണിക്കാനായ്...
പിന്നെ ഭൂമിയെ
പ്രത്യേകമായ്
കാണിക്കുവാനും...
ഇത്ര താഴ്ന്ന
തിരക്കഥകയെഴുതിയത്
ആരായിരിക്കും?
കണ്ടിരുന്നപ്പോൾ
തോന്നിപ്പോയി


രാജ്യമെവിടെയെന്നന്വേഷിക്കും
പതാകക്കരികിൽ
ആരോ ഉപേക്ഷിച്ചു നീങ്ങിയ
ഒരു മുഖപടം കാണാനായി


സായന്തനത്തിന്റെ
സഹനപർവം 
സന്ധ്യാദീപങ്ങളിലെ
ജ്വാലയിലുറഞ്ഞു


മഹായാനങ്ങൾക്കരികിൽ
ഉൾക്കടൽ കാട്ടിതന്നു
കവിതയുറങ്ങും
ആകാശനക്ഷത്രങ്ങളെ..







Thursday, February 16, 2012

മൊഴി


ഭൂകാവ്യമെഴുതിയ ഹൃദയം
അവൻ തുണ്ടുതുണ്ടാക്കി,
അതിനുള്ളിലുറങ്ങിയ
നക്ഷത്രസർഗങ്ങൾ
ഊറ്റിയെടുത്തൊരു
പാനീയമാക്കി
അതിൽ കടും നിറങ്ങളൊഴുക്കി
വേറൊരു സ്ത്രീക്ക്
കുടിക്കാനേകി
അവളതും നുകർന്നങ്ങനെ
രാജ്യവീഥിയിലൂടെ
ഘോഷയാത്രചെയ്യുന്നു
രാജതന്ത്രങ്ങളിൽ
പുകഞ്ഞ പകയുടെ
അപക്വരൂപം..


പകതീർത്തുപോവാനൊരുങ്ങിയപ്പോൾ
അനധികൃതകൈയേറ്റത്തിൻ
മുദ്ര മായ്ക്കാനവൻ മറന്നുപോയി
ആ താക്കോൽക്കൂട്ടവും കൂടി
കടലിലേക്കെറിഞ്ഞവൻ
പോയിരുന്നെങ്കിൽ
ഇത്രയേറെ പക
ഭൂമിയ്ക്കുമുണ്ടാകില്ലായിരുന്നു..


പഴം കഥ പോലെ
ഋതുക്കൾ പോലെ
ദിനാന്ത്യക്കുറിപ്പുകൾ പോലെ
പലതും മാറ്റും പോലെ
സ്നേഹവും മാറ്റിക്കൊണ്ടേയിരിക്കുന്നവരോട്
എന്തുപറയാൻ


പഴയകാലത്തിലെയോർമ്മകളിൽ
പോലുമുണരുന്നു ഒരു നടുക്കം
അതു സഹിക്കാനായതിനാൽ
പവിഴമല്ലിപ്പൂവിതളിൽ വിരിയും
നുറുങ്ങു കവിതകളെ
സ്നേഹിക്കാനിന്നുമാവുന്നു..




ഋതുക്കൾ നീങ്ങും പോലെ



ഓർമ്മകളും
പഴയകാലവും
തന്നതൊരു യുഗത്തോളം
പോന്ന വന്യത
അതിനിടയിലൊഴുകി
വന്ന പൂവുകൾ പോലും
കൃത്രിമമായിരുന്നിരിക്കാം..



പകതീർക്കാനങ്ങേയറ്റം
പരിശ്രമിച്ചവരോടെന്തിനൊരു
കടപ്പാടിന്റെ മുദ്രപത്രം
കടം വാങ്ങണം..


അനേകജന്മദുരിതം
തീർന്നിരിക്കാം
ഹൃദ്സ്പന്ദങ്ങൾക്ക്
ചങ്ങലപണിതുനീങ്ങിയവരോടു
പഴയകാലത്തിനോർമ്മപ്പാടുകൾ
ഭദ്രമായ് വയ്ക്കാൻ 
യാചിക്കുന്നുമില്ല..


ഋതുക്കൾ നീങ്ങും പോലെ
പലതും മാറിയേക്കാം
അക്ഷരങ്ങളും വിലങ്ങുകളിൽ
നിന്നെത്രയോ അകലെയായിരിക്കുന്നു...





Wednesday, February 15, 2012


ഹൃദ്സ്പന്ദനങ്ങൾ


മൃദുവായ ശബ്ദങ്ങൾ
സൗമ്യമെന്നും
മനോഹരമെന്നും
വിശ്വസിക്കും ദിനങ്ങൾ
അകന്നുപോയിരിക്കുന്നു


അക്ഷയപാത്രത്തിൽ
ശാകപത്രമെന്നപോൽ
അക്ഷരങ്ങളേകിയതിനായ്
അദൃശ്യതയിലെ 
ദൃശ്യചൈതന്യമേ
മൺ വിളക്കിൽ
തെളിയിക്കുന്നു
മനസ്സിനെ


ദിനങ്ങളുടെ ചെപ്പിൽ
ലഘൂകരിക്കുമ്പോഴും
പെരുക്കുന്ന
ഓർമ്മകളുടെ ഭാരം


നിറങ്ങളനേകമതിനരികിലെ
പതാകയുടെ
വർണ്ണവും മങ്ങിയിരിക്കുന്നു


ചായം മാറ്റിനിറയ്ക്കും
ചതുരംഗക്കളങ്ങളിൽ
നിന്നകലെ
ചന്ദനസുഗന്ധത്തിലൊരു
കാവ്യം


പ്രതികർമ്മങ്ങളുടെ 
ദർപ്പണത്തിലൊരു
പുഴയുടെ കയങ്ങൾ


തുന്നിക്കൂട്ടിയ 
ചിന്തകളിൽ
ഏച്ചുകെട്ടാനാവാതെ
വലയും
ഹൃദ്സ്പന്ദങ്ങൾ


ഒരോർമ്മതെറ്റിന്റെ
ഒരക്ഷരപ്പിശകിന്റെ
ഋണപ്പാടിൽ
വർത്തമാനകാലം...


മൊഴി

വലചുറ്റിക്കെട്ടി
വേലിപണിത
യുഗം മറന്നിട്ടുപോയി
ഒരംഗുലം 
തികയാതെ പോയ
നൂൽതുമ്പ്


വയലേലയിലൂടെ
നടന്നുനീങ്ങിയൊരു
നഗരം വളർന്ന
വഴിയിലിഴപിരിഞ്ഞു
തത്വസംഹിതകൾ



പൊൻപണത്തിൻ
അധിമോഹവുമായ്
തേർചക്രത്തിൽ
വിരലേറ്റിയതിൻ
പകരക്കണക്കായ്
രാജ്യപതാകയെ
വാനപ്രസ്ഥത്തിനയച്ച
പുതിയ സ്വാർഥം
ഇന്ദ്രപ്രസ്ഥത്തിൽ
ചെങ്കോലുമായിരിക്കുന്നു..


ഇടവേളയുടെ
നടുത്തളത്തിൽ
ഭസ്മാങ്കിതമാം 
പ്രദോഷസന്ധ്യ


കൈയിലിടറിയ
സ്വരമുടഞ്ഞതിൻ
ആലാപനവുമന്യമായ
രാഗമാലികയിൽ
ബാക്കിനിന്നു
എഴുത്തക്ഷരങ്ങൾ


അർഥവുമനർഥവുമിടചേർന്ന
വിധിപർവങ്ങൾ
തുടർക്കഥയെഴുതിയ
ഗ്രഹദൈന്യങ്ങളിൽ
നിന്നകലേയ്ക്ക് നീങ്ങി
ഭൂമി...



Tuesday, February 14, 2012


ആരൂഢസ്വരങ്ങൾ

അന്വേഷണത്തിനൊടുവിൽ
അധികമായതൊരു
മുഖാവരണം


വിസ്ഫോടനങ്ങളിൽ
അതിരുകളുടെ തീരാത്ത
ഋണം.. 


ഒരിടവേളയുടെ
ഇടനാഴിയിൽ
അക്ഷരചിത്രമെഴുതുന്നു
ഫാൽഗുനം..


മഷിയുണക്കിതോർത്തിയ
പുതിയ കച്ചയിൽ
കണക്കെഴുതി മടങ്ങി
ആധുനികകല


നെരിപ്പോടുകളിൽ 
ശിശിരമൊളിപ്പിക്കും
ചാമ്പൽക്കൂടകൾ..


മനസ്സിന്റെ
ത്രിസന്ധ്യയിൽ
തെളിയും ഭൂമിയുടെ 
മൺ വിളക്ക്...


മായാതീതമാം
മായാമാളവഗൗളം
ഹൃദ്സ്പന്ദനങ്ങളിലെഴുതി
ആരൂഢസ്വരങ്ങൾ...


മൊഴി


ലോകത്തിൻ
ഭൂപടം ചുരുങ്ങിയൊതുങ്ങി
മഷിതുള്ളികളിലലിഞ്ഞു മാഞ്ഞു



ഭൂമി വിദ്യാരംഭത്തിൻ
ആദ്യക്ഷരവുമായ്
പ്രഭാതമണ്ഡപത്തിൽ..

ആവരണങ്ങളിലൊഴുകിയ
അനന്തപർവത്തിൽ
അവിദ്യയുടെ
ചാർത്തെഴുതി നീങ്ങി
ഒരിടവേള


പുറമേയൊരുക്കിയ
കമാനങ്ങൾക്കരികിൽ
പ്രാചീനപുരാണങ്ങളോടൊപ്പം
കല്പിതസൃഷടികൾ


തിരുവെഴുത്തുകൾ 
മായ്ച്ച തിരക്കഥയിൽ
തിങ്ങിക്കൂടി
കല്പനകളുടെ
കാലികഭാവം..


അനുസ്വരങ്ങളുടെയിടയിൽ
പ്രതിശ്രുതിയെന്നപോൽ
കടൽ


കാണാതായ ദിക്കുകൾ
വളർന്ന ഗ്രഹാന്തരയാത്രയിൽ
അരികിലേയ്ക്കു വന്നു
നക്ഷത്രവിളക്കുകൾ..


വിരൽതുമ്പിൽ തടഞ്ഞ
ഒരു മണൽതരിയിൽ
ആവരണങ്ങളണിയാത്ത
ലോകത്തിനൊരു മുഖം..





Monday, February 13, 2012


മൊഴി

കൽശികളിലെ
ദൈവചൈതന്യത്തിനരികിൽ
ദ്വാരപാലകരുടെ
കാവൽ


മിഴിതെറ്റിയോടിയ
ഒരക്ഷരപ്പിശകുപോലെ
ദിനാന്ത്യകുറിപ്പുകൾ


ഗ്രന്ഥശേഖരങ്ങളിൽ,
വിശ്വകാവ്യങ്ങളിൽ
ഉടഞ്ഞ ചില്ലുതരികൾ


ഉത്ഭവകഥകൾ
ഉലയിൽ പരിചതീർത്തൊരുറുമി
തുമ്പാലരിഞ്ഞ മനസ്സിൽ
നിന്നുമുണർന്ന തളിർചില്ലയിൽ
പവിഴമല്ലിപ്പൂവുകൾ


കായലോരത്തിനപ്പുറം
കണ്ട കടലിൽ
പായ് വഞ്ചി തുഴഞ്ഞുമായും
പഴയകഥകൾ


ദിശതെറ്റിയ
മഹായാനങ്ങൾക്കരികിൽ
അഴിമുഖമൊരു
സങ്കല്പം


മൊഴി

എഴുതിയിട്ടുമെഴുതിയിട്ടും
മതിവരാത്തൊരു
കടലരികിൽ


പകൽ നീർത്തിയിട്ട
വെളിച്ചത്തിൻ
തുണ്ടുകളിൽ
അനേകം കടംകഥകൾ
ചുരുളഴിയുന്നു


സ്വപ്നങ്ങളുടെയമൃതുവള്ളികൾ
പോലെ
അക്ഷരങ്ങൾ
വാത്മീകമുടച്ചൊഴുകുമ്പോൾ
ആദിമസത്യം
യുഗപരിണാമത്തിന്റെ
പ്രളയത്തിരയിൽ


പ്രപഞ്ചമൊരു
ചെപ്പിലൊളിപ്പിച്ചുവോ
ഉലഞ്ഞ ഭൂമിയുടെയൊരു
മൺ തുണ്ട്


പ്രതിബിംബങ്ങളിൽ
നിന്നകലെ
ആകാശനക്ഷത്രങ്ങൾ


ഗ്രഹാന്തരയാത്രയുടെ
ഓർമ്മതെറ്റുപോൽ
ഗ്രഹദൈന്യങ്ങൾ


സംവൽസരങ്ങളെഴുതി
ചുരുക്കിയ ദിനങ്ങളിൽ
മഷിയുണങ്ങിയ പാട്
ഉടഞ്ഞുമുലഞ്ഞും
മുറിഞ്ഞും നീങ്ങിയ
ഹൃദ്സ്പന്ദനങ്ങളിൽ
സമുദ്രസംഗീതം

Sunday, February 12, 2012


മൊഴി

ഉണർന്നുവരും
പൂർവാഹ്നത്തിൻ
ഊഞ്ഞാൽപ്പടിയിലിരുന്നെഴുതിയ
പദങ്ങളായിരുന്നു
ആദ്യകവിത
തിനരികി
വെങ്കലത്തിൽതീർത്ത
പൂട്ടുകൾക്ക് ത്രിശൂലത്തിൻ
ആകൃതി..


മിന്നാമിനുങ്ങുകൾ വിളക്കണച്ച
പകലിനരികിലൂടെ
പാടവരമ്പും കടന്നുനീങ്ങി
നഗരത്തിലേയ്ക്കുള്ള പാത..


കടവുകളിലൂടെ വഞ്ചിതുഴഞ്ഞ്
കായലിലെത്തിയ
നെയ്യാമ്പൽപ്പൂവെഴുതി
ആകാശത്തിനൊരു
കവിത..


ശിശിരമെഴുതിനീങ്ങിയ
പുസ്തകത്താളിൽ
കുടുങ്ങിക്കിടന്നു
ചില്ലുകൂടുതുറക്കാൻ
വൈമനസ്യവുമായൊരു
താക്കോൽക്കൂട്ടം


പാതികരിഞ്ഞയിലകൾപോലെ
അഗ്നിയിറ്റുവീഴും
ഇൻഡസ് ദീപിലെയെരിയും
മൺതരിപോലെ
ശേഷിക്കുന്നു
ആയർ രേഖയുടെ
അനുഭവക്കുറിപ്പുകൾ..


പ്രഭാതങ്ങളിലൂടെ
വെയിൽ നാളമായ് മാറും
ദിനങ്ങളിൽ
നിന്നിത്തിരിയകലെ
കടലുകളുടെ
സംഗമഗാനം
മുനമ്പിനരികിലിരുന്നെഴുതും
ചക്രവാളം..










മൊഴി


നേർപ്പിച്ചാറ്റിയ
പകലിന്റയിളം ജ്വാല
പതാകയിലെയൊരു
വർണ്ണമായി...


മഴക്കാടുകളെ
കടന്നെത്തിയ
ശരത്ക്കാലം
മുനമ്പിലെ 
ധ്യാനമണ്ഡപത്തിൽ
സമാധിയിലായ സന്ധ്യയിൽ
ദിനാന്ത്യത്തി
കവിതയുമായ് 
വന്നു ഭൂമി..


സ്വരങ്ങളടച്ചു സൂക്ഷിച്ച
തംബുരുവിനുള്ളിൽ
സ്വരസ്ഥാനം തേടിനടന്നു
മനസ്സ്...


ഒരോ വർണവുമളവുതെറ്റിയ
കൂട്ടുതളികയിൽ മാഞ്ഞു
ശുഭ്രവർണ്ണം.


ഭൂമൺതരികൾ
ചേർത്തുമെനഞ്ഞെ
കാവ്യശില്പത്തിനരികിലൂടെ
ചിലമ്പും കിലുക്കിയോടി
ഋതുക്കൾ


മനസ്സിനെയും ഹൃദയത്തെയും
തൂക്കിയളക്കാൻ അനേകം
തുലാസുകളരികിൽ


ആവർത്തനത്തിൻ
മൃദംഗതാളം
നോവും വിരൽതുമ്പിൽ 
വന്നുരുമ്മും
സങ്കീർണ്ണമായൊരു
മന്ത്രത്തിനുത്ഭവസത്യം..



Saturday, February 11, 2012


മൊഴി

തറവാടുകളുടെ
മുറ്റത്തിളകി വീണ
കല്ലിനരികിൽ
തുളസിപൂവുകൾ


സ്വർണം പൂശിയ
രക്ഷാമന്ത്രങ്ങൾ 
ചുറ്റിനീങ്ങുന്നു മിഥ്യയുടെ
അനേകം ഇതളുകൾ


ഒരു സ്വരം തെറ്റിയ
പ്രദക്ഷിണവഴിയിൽ
സായം സന്ധ്യയുടെ
ചക്രവാളചിത്രങ്ങൾ


തുന്നിക്കൂട്ടിയ
തുടർക്കഥപോലെ
ഉടഞ്ഞ ശില്പങ്ങളുടെ
അവശിഷ്ട്രങ്ങൾ


ചിറകെട്ടിനിർത്തിയ
കടലേറിയ മഴക്കാലത്തിൻ
സ്മൃതിയുമായ് 
തീരത്തടിഞ്ഞ
ശംഖുകൾ..


ശബ്ദിക്കാത്ത
കത്തുകളിലെ
എഴുത്തക്ഷരങ്ങളിലുണങ്ങിതീർന്ന
മഷിപ്പാടുകൾ


ഋതുക്കൾ 
ഭാഗം ചെയ്തെടുത്ത
മൺ തരികൾക്കിടയിൽ
ചന്ദനസുഗന്ധത്തിലൊരു ഗ്രാമം



മൊഴി


കാറ്റിനൊരു മന്ത്രം
ജപം മുടങ്ങിയ
ജപമാലയിലുടക്കിയ
സന്ധ്യാമന്ത്രം


നടന്നുനീങ്ങിയ
പഥികന്റെ കൈയിലൊരു
വിലങ്ങ്
നിശബ്ദതയിലും
ചങ്ങലകിലുങ്ങുന്നുണ്ടായിരുന്നു


ഓർമ്മകളുടച്ചെഴുതിയ
അക്ഷരങ്ങളിൽ
ശരത്ക്കാലത്തിന്റെ
അഗ്നി..


ചില്ലുജാലകങ്ങളുടഞ്ഞ
വിടവിലൂടെ കണ്ട
കൽക്കെട്ടിനരികിൽ
മുഖം നഷട്മായ
ഒരാവരണത്തിൻ
ശേഷിപ്പുകൾ..


ഉലഞ്ഞ ഭൂപടത്തിൽ
ഒരു രേഖാചിത്രം പോൽ രാജ്യങ്ങൾ
ലോകം എഴുതിക്കൂട്ടിയൊരുക്കിയ
ഉൽസവത്തിമിർപ്പിൽ
ചാതുർവർണ്യത്തിൻ
ഫലകങ്ങൾ


മനസ്സിലുറയും സ്മൃതിയിൽ
എഴുതിതീർന്ന
തുടർക്കഥയുടെ
എണ്ണിയെണ്ണിയിരട്ടിക്കും...
തീരാക്കടങ്ങൾ..



Friday, February 10, 2012


മൊഴി


അനുഭങ്ങളുടെ നിരതെറ്റിയ
ദിനങ്ങളടുക്കിയപ്പോൾ
ഒരു തട്ടിൽ
തിളങ്ങി കാണാനായി
പ്ലാസ്റ്റിക്ക്മൂടിയിട്ട 
ഒരു ഹൃദയം...
കീറിമുറിഞ്ഞ സ്പന്ദനങ്ങൾ
ആരും കാണാതിരിക്കാനാവും
പ്ലാസ്റ്റിക്കിലൊരു മൂടി
തുന്നിയെടുത്തതും
തിളങ്ങാനല്പം കനൽ തൂവിയതും


അറിവില്ലായ്മയുടെ
ചങ്ങലകൾ 
പ്രകാശബിന്ദുക്കളെ
അറയിൽ പൂട്ടി തഴുതിട്ടു
മടങ്ങി..


സൗഗന്ധികങ്ങളുടെ വെണ്മനിറഞ്ഞ
ചുമരിലെഴുതിയ കാവ്യചിത്രത്തിൽ
കരിനിഴലിറ്റിച്ച 
തണൽ ശാഖകൾക്കരികിൽ
ഋതുക്കൾ നിശ്ചലം നിന്നു


ആകാശത്തിനതിരായി
മുൾവേലികെട്ടിയപ്പോഴും
അതിൽ നിറഞ്ഞൊഴുകി 
നക്ഷത്രകാവ്യങ്ങൾ


ചില്ലുകൂടിനുള്ളിലടർന്ന
ചില്ലുപാളികളിൽ വീണു
മുറിവേറ്റ ഹൃദയത്തിലേയ്ക്ക്
തീർഥമൊഴുക്കി അളകനന്ദ


ദൈർഘ്യം വളർന്ന
സമാന്തരപാതകൾക്കരികിൽ
തളർന്നിരുന്നു
നിർണയരേഖകൾ


പലതായിതിരിഞ്ഞൊഴുകിയ
പല വഴിയിലൂടെ
നടന്ന് ഉൾക്കടലിലേയ്ക്കൊഴുകിയ
ശംഖിൽ കാണാനായി
ചക്രവാളത്തിനരികിലെ 
കാവ്യസങ്കല്പം...


മൊഴി


സംവൽസരങ്ങൾക്കൊടുവിൽ
കാണാനായി
താഴ്ന്ന പതാകക്കരികിലെ
ചായക്കറ വീണ മുഖങ്ങൾ


നിറം പൂശിയിടും
മുഖങ്ങളെക്കാൾ
ശാന്തിനികേതനത്തിൻ
കവിതകളെ 
സ്നേഹിക്കാനും
ബഹുമാനിക്കാനുമാവുന്നതിൽ
ഭൂമിയുടെയോരോ
മൺ തരിയോടൊപ്പം
മനസ്സും സന്തോഷിക്കുന്നു


അരികിലുടഞ്ഞുവീണ
വിശ്വാസത്തിനൊരുകോണിൽ
തുന്നിക്കൂട്ടിയ പതാകയേറ്റി
രാജ്യവുമുണ്ടായിരുന്നു..


ഉപഭൂഖണ്ഡത്തിനെഴുത്തുപുരയിൽ
കവിതതേടിയൊടുവിൽ
ചില്ലുകൂടിൽ കുടുങ്ങിയ ഹൃദയം
നിറഞ്ഞുതുളുമ്പിയതിലൊഴുകി
അമൃതുതുള്ളിപോലെ
സ്വരങ്ങൾ..


അനന്തമായ
ആകാശതാരകങ്ങളിലൊന്നിൽ
നിന്നൊഴുകിയിറങ്ങി
പ്രകാശം.


രത്നശേഖരങ്ങൾ 
അറയിലൊളിപ്പിച്ചരികിലൊഴുകി
രത്നസാഗരം



മൊഴി


എഴുത്തുമഷിപ്പാടുകൾ
ഒരുനാളിൽ ഭയമേകിയിരുന്നു
ഇന്നങ്ങനെയൊന്നുമില്ല
അതോർമ്മിച്ചനുഭവിച്ച
 നടുക്കവും മെല്ലെ
ഘനീഭവിച്ചുകൊണ്ടേയിരിക്കുന്നു


മഴവീണുനനഞ്ഞുകുളിർന്ന
മണ്ണിൽ നിന്നുണരും
ഒരു പുൽനാമ്പിൻ
കവിതയ്ക്കഹമെന്ന
ഭാവമുണ്ടാവില്ല
അതുണരുന്നതു
മനുഷ്യരുടെ ചിന്തകൾ
തളിർക്കും ശിരോരേഖയിൽ


നിറഞ്ഞസമുദ്രത്തിലേയ്ക്ക്
വീഴും മഴ
ഒരു കവിത


ആകാശത്തിനെഴുത്തുപുരയിൽ
തിരക്കിലായിരുന്നു
ഭൂമിയുടെ ചിന്തകൾ
അതിനാലാവും
അരികിൽ
നടന്നതൊന്നുമന്നറിയാതിരുന്നതും
വിസ്ഫോടനങ്ങളുടെയർഥം
തേടിയൊരുപാടുനാൾ
തീരഭൂവിലൂടെ നടക്കേണ്ടിവന്നതും


ഇരുകൈയിലുമെന്തുനിറയുന്നു
എന്നോർത്തുഭൂമിയാകുലപ്പെടുന്നതേയില്ല
പ്രകൃതിയെത്ര മനോഹരമായ്
മഴയിൽ ശ്രുതിചേർത്ത്
ഭൂമിയിൽ ചന്ദനമരങ്ങൾ നടുന്നു..

Thursday, February 9, 2012


മൊഴി


ഭൂമിയേകി
ഒരരയാൽ മരം
അതിന്റെയോരോയിലക്കനത്തിനിടയിലും
കാണുമാകാശമൊരു കവിതയായി


ആൾക്കൂട്ടത്തിനാരവത്തിനിടയിൽ
കാവ്യഭാവമൊഴുകും മനസ്സ്
പിന്നോട്ടോടിമറയില്ല
ഒരു കടൽത്തീരത്തേയ്ക്കത്
മെല്ലെ നടന്നുനീങ്ങും..


ചിന്നിച്ചിതറിയ
മൺ തരികൾക്കിടയിൽ
മുളച്ചുപൊന്തി
അഹം എന്നെഴുതിയടിവരയിട്ട
അസംഖ്യം കോരകപ്പുല്ലുകൾ


മിഴിതുറന്നുനോക്കിക്കണ്ട
ലോകത്തിലെ ദു:സ്വപ്നങ്ങൾക്കിടയിലും
ഒരു വിളക്കുമായ് അരികിലിരുന്നു
ആകാശത്തിലെയൊരു നക്ഷത്രം


ഉടഞ്ഞുതീർന്ന
ചില്ലുകൂടിനരികിലൊഴുകിനടന്നു
അവർണ്ണനീയമായ
ഒരതിശയഭാവം


പ്രദർശനശാലകൾക്കരികിൽ
നിന്നും നടന്നകന്ന
ഭൂമിയുടെയൊരു ചെപ്പിൽ
നിറഞ്ഞു തുളുമ്പി
സ്വരങ്ങൾ,വ്യഞ്ജനങ്ങൾ,
മുദ്രകൾ..


സഹനത്തിനന്ത്യത്തിൽ
ഒന്നുമുണ്ടാവില്ല
കടൽ ചക്രവാളത്തിലെത്തി
നിൽക്കും പോലെ..