Tuesday, May 31, 2011

വിടവുകൾ

രാശിപ്രമാണം തെറ്റിയ
ശ്രീകോവിലിന്റെ പശ്ചിമദിക്കിൽ
വറ്റിയ പുഴയുടെ മണ്ണിൽകുതിർന്ന
നീർച്ചാലുകളൊഴുകുമ്പോൾ
സാമ്രാജ്യത്തിന്റെ പൊൻതുണ്ടുകളാൽ
പകുത്ത ആകാശത്തിന്റെ വിടവിലൂടെ
ഗംഗയൊഴുകുന്നുണ്ടായിരുന്നു
ശിലാതൈലങ്ങളിലെ
അഗ്നിയുമായ് വന്ന ആകസ്മികത
നക്ഷത്രങ്ങളുടെ പ്രദീപ്തമിഴികൾക്കരികിൽ
സ്ഥാനം തെറ്റി വീണപ്പോൾ
പർവതഗുഹയിൽ വചനം മറന്ന മൗനം
നിഷിപ്തഭാണ്ഡങ്ങളുടെ കലവറയിൽ
നിന്നും വീണ്ടുമൊരു വിശ്വസിനീയമായ
മൂടുപടമെടുത്തണിഞ്ഞു
ആകാശത്തിന്റെ വിടവുകളിലെ
ഗംഗയപ്പോഴേയ്ക്കുമുറഞ്ഞുമാഞ്ഞിരുന്നു
പ്രായശ്ചിത്തങ്ങളില്ലാത്ത തെറ്റുകൾ
പുഴയുടെയോളങ്ങളിലൊഴുകിനീങ്ങി...
ശ്രുതി

കൈക്കുടന്നയിലൊരു
ദിനത്തിന്റെ ദു:ഖം
മഴതുള്ളിയിലോ
സംഗീതം
മുകിൽ മൂടിയ സായാഹ്നമേ
അറവാതിലടച്ച്
നിലവറയിലേയ്ക്ക്
മാഞ്ഞ പ്രകാശത്തിനെ
മൺവിളക്കിലേയ്ക്ക്
വീണ്ടുമാവാഹിക്കുമ്പോൾ
മിഴികളിൽ നക്ഷത്രങ്ങൾ
പൂക്കുന്നത്കാണുന്നില്ലേ
മഴ തുള്ളി പെയ്യുന്ന
എന്റെ വിരലിൽ
വിരിയുന്നുവോ
ഒരു സ്വപ്നം
ചിത്രശലഭം പോലെ

ആകർഷീണീയമായ ഒരു സ്വപ്നം
അരളിമരക്കൂടിൽ നിന്നുണരുന്നതും
ഒരിക്കൽ ഞാൻ കണ്ടിരുന്നു
ആ സ്വപ്നമൊരു സർഗമായ്
മഴതുള്ളിയായ്
എന്റെ മനസ്സിന്റെ തംബുരുവിൽ

വീണ്ടും ശ്രുതിയിടുന്നുവല്ലോ...

Monday, May 30, 2011

ഓർമ്മപ്പാടുകൾ

വിരലുകളിലാദ്യം
ചന്ദനത്തിന്റെയും തുളസിയുടെയും 
ഗന്ധമായിരുന്നു
പുകക്കുഴലുകളിലെ കരിനൂലുകളെക്കാൾ
മനസ്സിനു പ്രിയം ഒരുവരിക്കവിതയായിരുന്നു
ചന്ദനത്തിരിപുകയുന്ന സായാഹ്നങ്ങൾക്കരിയിൽ
ഒരു പുഴയോരത്തിരുന്ന് കൊടിതൂവലുകൾ
നെരിപ്പോടുകളിൽ പുകയ്ക്കണമൊന്നും
ബാല്യം ഓർമ്മിച്ചിട്ടു പോലുമുണ്ടാവില്ല
അശോകപ്പൂവുകൾ പോലെ സന്ധ്യവിരിയുമ്പോൾ
സഹസ്രനാമങ്ങൾ ഹൃദയത്തിലുണർന്നിരുന്നു
പിന്നെയേതോ മുൻജന്മദൈന്യം
ഹോമപ്പാത്രങ്ങളെയങ്ങനെ
പുകച്ചുകൊണ്ടേയിരുന്നു
അത്മാവിന്റെ ഗീതങ്ങളിൽ
പുകയാണിന്ന്
കറുത്ത പുക..
മഴക്കാലമേ ആ പുകപടലങ്ങളെ
മായ്ച്ചാലും
ശംഖുകളിലുറങ്ങും ബാല്യമേ
ചന്ദനസുഗന്ധവുമായ് വീണ്ടും വരിക..

Sunday, May 29, 2011

മഴതുള്ളികൾ

വിവർത്തനങ്ങളുടെ ചിലമ്പുമായ്
കോമരങ്ങളുറഞ്ഞുതുള്ളുന്നുവല്ലോ
നെറ്റിമുറിഞ്ഞു നിണമൊഴുകി
നിൽക്കും മാതൃഭൂവേ
നിനക്കിഷ്ടം മധുരയിലെ അഗ്നിയോ
കണ്ണകിയുടെ ചിലമ്പോ
നിന്റെയുദയമൊരുക്കുമുദകക്രിയയിൽ
ദർഭവിരിച്ചു പണ്ടേ മറന്നുവല്ലോ
നമ്മാളാ സ്വാതന്ത്ര്യദിനം
നിന്റെയരികിൽ പൊൻനാണയങ്ങളെണ്ണി
തളർന്നോരുറക്കമില്ലാത്ത മനസ്സാക്ഷിയുടെ
വിധി താങ്ങാനാവാതെ തളരുമ്പോൾ
മാതൃഭൂവേ നിനക്കും കിട്ടിയിരിക്കും
ഒരു തുലാം പൊന്ന്
അതെന്തിനെന്നറിയാതെ
വിവർത്തനപുസ്തകം തുറന്നൊരു
ശരത്ക്കാലപ്പുരയിലെ അഗ്നിയെ
ശൈത്യകാലപ്പുരയിലെ മഞ്ഞാക്കി
മാറ്റി മറയാനാഗ്രഹിക്കുന്നുവോ
നിമിഷങ്ങളുടെ പടിപ്പുരയും കടന്നു
നടക്കുമ്പോൽ പിന്നിൽ ചിലമ്പിന്റെ നാദം
വെളിച്ചപ്പാടുകൾ ഉറയിൽ നിന്നുടവാളെടുക്കുന്നു

എന്റെ മനസ്സിലോ മഴതുള്ളികൾ
അതിലും ചിലങ്കകളുടെ നാദം....

Wednesday, May 25, 2011

പവിഴമല്ലിപ്പൂവ്

മുഖപടത്തിലൊളിയ്ക്കും മുഖത്തെ
സ്നേഹിക്കാനാകുമോ?
മുഖപടത്തിലൊളിയ്ക്കും മുഖത്തെ
വിശ്വസിക്കാനാവുമോ
ഇല്ലയെന്നാണു വസന്തം മൊഴിഞ്ഞത്
ഗ്രീഷ്മമതിനൊരു സാക്ഷ്യവും നിന്നു
പിന്നെയൊരു ശരത്ക്കാലത്തിന്റെ
വർണങ്ങളിൽ ഞാൻ വീണ്ടുമെഴുതി
അതിൽ നിന്നുയിർക്കൊണ്ടു ശൈത്യം
പിന്നെ ഞാൻ മുഖങ്ങളെ കണ്ടു
അതിൽ കത്തുന്ന അസ്തമയമായിരുന്നു
വീണ്ടുമൊരു മഴക്കാലത്തിൽ
ഞാൻ സൂക്ഷിച്ച ശരതക്കാലവർണങ്ങൾ
മഴതുള്ളികളിലൂടെ കടലിലേയ്ക്കൊഴുകിയപ്പോൾ
എന്റെ വിരൽതുമ്പിൽ വന്നിരുന്നു
ഒരു പവിഴമല്ലിപ്പൂവ്....
നീയോ തിരുമുറിവുകളേറ്റുന്നവൻ

നീയോ തിരുമുറിവുകളേറ്റിയോൻ
ശേഷിപ്പിന്റെ കുരിശിലേറിയവൻ
നീ ബൈബിൾ കൈയിലേന്തിയ
വെറുമൊരു മനുഷ്യൻ മാത്രമല്ലേ
യഥാർഥദൈവം മുറിവുകളിലെ
രക്തവുമായ് മിഴിയടച്ചു പ്രാർഥിച്ചു
`ഇവരോടു പൊറുക്കണമേയെന്ന്'
ഹൃദയത്തിൽ കൈവച്ച് പറയാമോ
നീയങ്ങനെയായിരുന്നുവെന്ന്
മഷിപ്പാടുകളിലൂടെ പ്രതികാരമല്ലേ
നീ ചെയ്യുന്നതും, ചെയ്തുകൊണ്ടിരിക്കുന്നതും
കഥകൾക്കുപ്പുറമുള്ള കഥയറിയാൻ
സമയത്തോളമെത്തിനിൽക്കുന്ന
ചെമ്മീനാരെഴുതിയെന്നന്വേഷിക്കുക
മാതൃഭൂമിയുടെ സത്യാന്വേഷണങ്ങളവിടെ
അഴിമുഖങ്ങൾ തേടിയാത്മാവിന്റെ
കണ്ണുനീരുണങ്ങിയ മഹാത്മാവിന്റെ
ഉപ്പുപാടങ്ങൾ വരെയെത്തിയേക്കും

കാരാഗൃഹങ്ങളിലെ തരം തിരിവിന്റെ
ഉത്തരകാണ്ഡങ്ങളിലൂടെ
രക്ഷപ്പെടുന്ന മഹാതത്വബോധങ്ങളെ
മനസ്സാക്ഷിയങ്ങനെ കുത്തിമുറിവേൽപ്പിക്കുമ്പോഴും
ചിരിച്ചുകൊണ്ടേയിരിക്കുക
കഴുമരത്തിൽ നിന്നു സൂത്രത്തിൽ
രക്ഷപ്പെടുന്ന കുറ്റവാളികളെ കാണാനാവാതെ
മിഴിയടച്ചിരിക്കട്ടെ വിശ്വോത്തരനീതിപീഠങ്ങൾ
നമുക്കഭിനവദൈവങ്ങളുടെ
വെൺകല്ലിൻപ്രതിമകളുണ്ടാക്കാം
മഷിതുള്ളികൾ കൊണ്ടഭിഷേകവും നടത്താം
മനുഷ്യകുലത്തിനു വേണ്ടതുമതു തന്നെ
ഭൂകാന്തങ്ങൾ എല്ലാമങ്ങനെ
കണ്ടുകണ്ടുനിശ്ചലമാവട്ടെ...
സ്പന്ദിക്കുന്ന ചിലമ്പ്

സ്മൃതിയിലെങ്ങോ ഒരുമഴതുള്ളിയായ്
ഞാനെന്റെ ഹൃദയം സൂക്ഷിച്ചു
ആൾക്കൂട്ടത്തിന്റെയാരവമെത്താത്ത
ഒരു കടലോരത്ത്..
അടങ്ങാത്ത തിരകളുടെ കൗതുകം
അനിഷ്ടം പ്രകടിപ്പിക്കുന്ന
തീരങ്ങളോടായിരുന്നുവോ
ഒരോ തിരയേറ്റവും ഹൃദയമുറിവുകളായ്
മഴതുള്ളിയോ വറ്റിയ ഗ്രീഷ്മത്തിന്റെ
അവസാനകണ്ണീർതുള്ളിയായി
ചിലമ്പുകൾക്കുള്ളിലെ ഓട്ടുതകിടിൽ
നാദം നിറയുന്നതുപോലെയായി
ഹൃദയസ്പന്ദനം.
മഴയുതുള്ളിയുടെ നേർത്ത സ്പർശത്തിൽ
നാദങ്ങൾ ചേർന്നൊരുവരിക്കവിതയായി
പിന്നെയും മഴപെയ്തു
അപ്പോഴേയ്ക്കും ഹൃദയം
സ്പന്ദിക്കുന്ന ഒരു ചിലമ്പായി മാറിയിരുന്നു