Monday, December 30, 2013

പളുങ്കുമണിപോലൊരു
പ്രകാശസ്വപ്നംപുലർമഴയിൽ
പാതിയുറങ്ങിയ
പുൽനാമ്പിലൂടെ
തീർഥമുറയും ശംഖിൽ
ഒരീറൻ ചുറ്റിയ പൂവ്
ഹോമാഗ്നിയെരിയും
വിഘ്നമന്ത്രങ്ങളിൽ
തണുത്തുറഞ്ഞുവീഴും
സംവൽസരം
രഥമോടിയ മൺപാടിൽ
അദൃശ്യത
മുളംകാടുകൾ
നിഗൂഢഗാനമാകും
ഗ്രാമലിപികളിൽ
അക്ഷരമുദ്ര
ആകാശശുഭ്രതയിൽ
ചക്രവാളത്തിനൊരിതളിൽ
 ഉറങ്ങാൻ മറന്നൊരു നക്ഷത്രം
പൂർവ്വദീപ്തിയിൽ
പവിഴമല്ലിയിൽ
പളുങ്കുമണിപോലൊരു
പ്രകാശസ്വപ്നം
മൊഴിയിലേയ്ക്കൊഴുകും
കവിത...
കാറ്റുലയുന്നു
കടവും, കാല്പനികതയും
കദനകുതൂഹലവും
കടമിട്ട തീരമണലിൽ
കടൽച്ചിപ്പിയിൽ
കടലിരമ്പം
കടൽപ്പാലങ്ങളിൽ
കടൽ കണ്ടു നിന്ന
കൗതുകം
കോകിലപ്രിയയായ്
കൈവിരൽതുമ്പിലേറി
കവിതയായ്
കാവിചുറ്റി
കടൽ മുനമ്പിൽ
കനകമയദീപങ്ങളിൽ
കനലാകുമ്പോൾ
കാവൽഗ്രഹങ്ങൾ
കടും തുടി കൊട്ടും
കവിടിശംഖിൽ
കനകാംബരസന്ധ്യയുടെ
കനലെഴുത്തുകൾ
കമണ്ഡലുവിൽ
കടലൊഴുക്ക്
കൈവിരലിൽ പവിത്രം,
കാവ്യസ്പന്ദം...

Sunday, December 29, 2013

ഓർമ്മയാവുന്നു ഒരു  സംവൽസരത്തിൽ
 
പ്രണവം പ്രതിധ്വനിയാകും
ഹൃദയസ്പന്ദം
വിളംബകാലലയം
മറന്നൊരു ശുദ്ധസംഗീതമായ്
ശ്രുതിതെറ്റിയ വിരലിൽ
അനുസ്വരങ്ങൾ..
ഗണിതഭാഗങ്ങളുടെ
ആധാരശിലകളിൽ അക്ഷതം...
അരിക്കോലങ്ങൾ പുരാണമെഴുതും
ശുഭ്രപ്രഭാതത്തിൽ
ഈർപ്പാമാർന്ന പുൽനാമ്പുകളിൽ
പ്രകാശമുദ്രകൾ..
അടർക്കളങ്ങൾ വാതിൽചുറ്റിയോടിയ
മദ്ധ്യാഹ്നവേനലിൽ കരിഞ്ഞുണങ്ങിയ
തളിരിലകളിൽ, മൊഴിയിൽ
ആകാശം തൂവിയ അമൃതവർഷിണി...
ഇന്ദ്രധനുസ്സുകൾ മിന്നലടരുകളായ്
ദിനാന്ത്യം മായ്ക്കുമ്പോൾ
ഓർമ്മയാവുന്നു ഒരു സംവൽസരം
ചിത്രത്തൂണുകളിൽ ചില്ലുതരികളാൽ
വാക്കുകളാൽ ഒരു കവിത....ഗോപുരങ്ങളുയരുകയും
തകരുകയും,
ശീതകാലനെരിപ്പോടിലെരിയുകയും
അസ്വസ്ഥഗാനസ്വരങ്ങൾ
ഹൃദയമുലയ്ക്കുകയും ചെയ്യുമ്പോൾ
വിരൽതുമ്പിലേറും ദൈവതമേ
അശാന്തിയുടെ വിലാപങ്ങൾ, 
അഴലുകൾ മാഞ്ഞുതീരും
സായന്തനജപമോ
ഒരു ദിനാന്ത്യം
മിഴിയിലുറയും മാർഗഴിയിൽ
സംഗീതം
ഗ്രഹപാളികളിൽ ചുറ്റുവിളക്കുകൾ
മൂടിക്കെട്ടിയ മൂവന്തിയിൽ
ഓട്ടുവിളക്കണച്ചുറങ്ങും
ഒരു കവിത..

Saturday, December 28, 2013

 വ്യഥിതകല്പങ്ങളിൽആഥൻസിലെ പ്രാചീനപുരാണം പോലെ
കൽശിലാലിപിപോലെ വലയങ്ങൾ..
മുൾവാകകൾ കടമേകിയ നിഴൽക്കാടുകൾ
ചോലവനങ്ങൾ കരിയിച്ച് വളർന്നേറുന്നു
നിമിഷത്തിൻ പുസ്ത്കത്തിൽ
നീരദാർണ്ണവം വിപിനം...
ഗഗനവാദ്യങ്ങളിൽ
മറഞ്ഞുതീരാത്ത ഗാന്ധാരങ്ങളിൽ
അന്തരശ്രുതി...
ആത്മാവിന്റെയൊരിതളിൽ
മാർഗശീർഷസന്ധ്യ...
മിഴാവുകൾ ലയമാകും
വ്യഥിതകല്പങ്ങളിൽ
വിസ്മൃതം ഉണർത്തുപാട്ടുകൾ...
ഉറങ്ങിയുണരും മിഴികളിൽ
ഒരു ദീർഘചതുരം,
ഋതുക്കളുടെ കുടീരം,
ഓർമ്മകളുടെ നിറം മങ്ങിയടരും
ഇലകൾ....
നക്ഷത്രങ്ങളുറങ്ങിയ സ്വപ്നങ്ങളിൽ


നിഗൂഢമാം
നിശ്ശബ്ദതയിലുറഞ്ഞുതീരാതെ
ദേവദാരുപ്പൂക്കളാകും കവിത
പ്രഭാതമൊരുണർവാകുമ്പോൾ
മിഴിയിൽ കടലൊഴുകുമ്പോൾ
രാശിക്രമം തെറ്റിയ
ചതുരക്കോളങ്ങളിൽ
വെൺശംഖുകളാകും കവിത
കസവിഴയിൽ കനകം തൂവി
പുലർദീപകവിത
അടർന്ന ദിക്കുകളിൽ
അതിരിടും സന്ധ്യയിൽ
ചന്ദനവർണ്ണമാർന്നിലച്ചീന്തിലൊരു
കവിത
നക്ഷത്രങ്ങളുറങ്ങിയ
സ്വപ്നങ്ങളിൽ
അഴിമുഖങ്ങൾ കടന്നുപദ്വീപിലൊരു
മുനമ്പിൽ സമാധിയാർന്ന
കവിത...

Monday, December 23, 2013

തേൻ കനി പ്രണയമേ,

ക്രിസ്തുദാസ് എന്ന നാസ്തികന്റെ മകൾ
തേൻ കനി ക്രിസ്തു ക്ലാസിലിരുന്ന് ശബ്ദമുയർത്തുന്നു..
ഒരു വശം തൂങ്ങും തുലാസിലിരുന്ന്
ശബ്ദമുയർത്തുന്നവരെ ഗായത്രിയ്ക്ക് പണ്ടേ ഇഷ്ടമില്ല

ക്രിസ്തുവിനെയും വെറുതെ വിടില്ല..
ആ തേൻ പ്രണയക്കാരിയെഴുതിയത് വായിച്ച്
കുരിശിൽ കിടന്ന യഥാർഥ ക്രിസ്തുപോലും
വേദനകൾക്കിടയിലും ചിരിച്ചുപോയിട്ടുണ്ടാവും..

ഗായത്രി പലപ്പോഴും വായിച്ചിട്ടുണ്ട്
തേൻ പ്രണയക്കാരിയുടെ അക്ഷരക്കുടുക്കുകൾ..
ആത്മാർഥതയുടെ ഒരക്ഷരം പോലും
അതിലില്ലയെന്ന് വായിക്കുമ്പോഴേ അറിയാം
ആർക്കോ വേണ്ടി എഴുതും പോലെ
ശബ്ദമുയർത്തുന്ന തേൻ പ്രണയമേ,
എഴുതുന്നത് ആത്മാവിന്റെ ഭാഷയാവണം
ആരുടെയൊക്കെയോ തുലാസുകളെ
പ്രീതിപ്പെടുത്താനെഴുതിയാൽ
അതിൽ പ്രണയമുണ്ടാവില്ല,
സ്നേഹത്തിന്റെ നറും തേനും ഉണ്ടാവില്ല.
പലരും വാശിതീർക്കാൻ ചുറ്റി നടക്കും
ചുമന്ന ചേല പോലെ
ഒരു അരോചകത്വം അതിനുമുണ്ടാവും..

ക്രിസ്തുദാസ് എന്ന നാസ്തികന്റെ മകൾ
തേൻ കനി ക്രിസ്തു ക്ലാസിലിരുന്ന്
ഒരു വശം താഴും തുലാസിലിരുന്ന്
വീണ്ടും വീണ്ടും വീണ്ടും ശബ്ദമുയർത്തുന്നു..
പുൽക്കൂടിലെ ദൈവശിശു ഉറങ്ങുകയാണു സ്ത്രീയേ,
അല്പം സമാധാനം കൊടുക്കുക...Saturday, December 21, 2013

ദൈവത്തിനായൊരു
ദേവാലയം പണിയേണ്ടിയിരിക്കുന്നു

പ്രകാശം ദീപമാകും സന്ധ്യയിൽ
നക്ഷത്രങ്ങൾ നടന്നുനീങ്ങും പാതയിൽ 
ബേത് ലേഹേം..
അഴികൾകൾക്കുള്ളിൽ
പ്രകാശിതം മധുരാപുരി
പ്രതിധ്വനിയിൽ പ്രകമ്പനവുമായ്
ദൈവത്തിനൊരു വിശുദ്ധഗ്രന്ഥം

മതിൽ പണിയാം,
ത്രിശൂലത്താഴാൽ ഗോപുരങ്ങൾ
തഴുതിട്ടു പൂട്ടാം,
ചങ്ങലകളാൽ അതിരുകെട്ടാം,
ഗ്രന്ഥങ്ങളിലെ അറിവുകൾ
തച്ചുടയ്ക്കാം,
ഒളിയുദ്ധം ചെയ്യാം,
വിശ്വാസത്തിൻ കലർപ്പിൽ
അവിശ്വാസികളെ എരിതീയിലേയ്ക്കിടാം..

പ്രതിമകൾക്കും,വിലങ്ങുകൾക്കും,
മതിലുകൾക്കും, വിശ്വാസത്തിനും
മനുഷ്യർ കാവൽ നിൽക്കട്ടെ,
വിശുദ്ധഗ്രന്ഥങ്ങൾ രാജ്യങ്ങൾ വിഭജിക്കട്ടെ
വേദപുസ്തകങ്ങൾ വിശ്വാസികളെ
വിലയിട്ടെടുക്കട്ടെ,
പുരോഹിതർ ശ്രീകോവിലിൽ
ചാതുർവർണ്യത്തിൻ തത്വമെഴുതട്ടെ..

ചുറ്റുമതിലുകൾക്കകലെ,
ത്രിശൂലത്താഴുകൾക്കകലെ,
ചുരുങ്ങും ഗ്രന്ഥങ്ങൾക്കകലെ,
ഗ്രന്ഥങ്ങളുടെ ഭാരങ്ങളില്ലാത്ത
വിശ്വാസികളുടെ നിബന്ധനകളാകും
പ്രബന്ധങ്ങളില്ലാതെ,
ദുരന്തങ്ങളേകും അന്യായങ്ങൾ
ന്യായമെന്നെഴുതുന്നവർക്കകലെ,
വിശുദ്ധഗ്രന്ഥത്തിനിതളിൽ
രുധിരം നിറയ്ക്കുന്നവർക്കകലെ,
മനസ്സിലെ മതരഹിത ശ്രീകോവിലിൽ
വിലങ്ങുകളും, വിശ്വാസങ്ങളുമില്ലാതെ
ഒരിടം പണിയാം
പ്രകൃതിയുടെ പൂവുകൾ വിടരും
മതാതീതഭൂമിയിൽ ദൈവത്തിനായൊരു
ദേവാലയം പണിയേണ്ടിയിരിക്കുന്നു.....

Wednesday, December 18, 2013


ആത്മാവിൽ കവിത വിടരുമ്പോൾ


അകലങ്ങളുടെ ദൂരം
ദശവൽസരവർഷങ്ങളാകുമ്പോൾ
ആത്മാവിൽ കവിത വിടരുമ്പോൾ
വിധിരേഖകൾ വിസ്മൃതമാകുമ്പോൾ
വിശ്രമസായാഹ്നങ്ങൾ മൊഴിയാവുമ്പോൾ
നിഗൂഢവനങ്ങളിൽ
വാനപ്രസ്ഥകാവ്യമായ്
പർണ്ണശാലകളുണരുമ്പോൾ
ഇലച്ചീന്തിലക്ഷതം തൂവി ഓർമ്മകൾ
സന്ധ്യാജപമാകുമ്പോൾ
മനസ്സിലുണരുന്ന ഭൂപടങ്ങളിൽ
മനുഷ്യഹൃദയങ്ങൾ യുദ്ധമാരംഭിക്കുമ്പോൾ
മുൾവേലികൾക്കരികിൽ നിമിഷങ്ങൾ
സ്വയം മരിക്കുമ്പോൾ
നീർത്തിയിട്ട ആകാശമനന്തതയാകുമ്പോൾ
മിഴിയടച്ചൊരു ജപമാലയിലെ
തുളസിമുത്തിലേയ്ക്കൊരു യാത്ര
ഒരു കവിത പോലെ പെയ്യും
മഴയ്ക്കരികിലൂടെ...

ഹൃദയത്തിനൊരു കവചം കൂടിയാവശ്യം വന്നേക്കും

 
ജീവിതം മുഖപടങ്ങൾ ചുറ്റി
മുന്നിൽ നൃത്തമാടുന്നുവോ?
മതിലുകളുയർത്താമല്പം കൂടി
ഹൃദയത്തിനൊരു കവചം കൂടിയാവശ്യം
വന്നേക്കും
ആർത്തിരമ്പും തിരയുടെ പോർവിളി
കേട്ടുണരാതിരിക്കാൻ
മനസ്സിനൊരു മന്ത്രച്ചരടുവേണ്ടിവന്നേയ്ക്കും.
അറിഞ്ഞുതീരേണ്ടതടർന്നുടഞ്ഞ വഴിയിൽ
അഴിമുഖങ്ങൾ...
ഇനിയെന്തറിയാൻ
ഹൃദ്സ്പന്ദനങ്ങളിൽ ആത്മസ്പന്ദകാവ്യം,
അതായിരുന്നു സ്വപ്നം....
സ്വപ്നമുടയാതെ ഭദ്രമായ് സൂക്ഷിച്ചതിനു
ആയുഷ്ക്കാലദുരിതങ്ങൾക്കരികിലും
ദൈവമേ നിന്നോടു കടപ്പെട്ടിരിക്കുന്നു
ഈ ഹൃദയം...

Tuesday, December 17, 2013


സ്വപ്നങ്ങൾ  കാവ്യമാകും  പുലരിയിൽ

   
സ്വപ്നങ്ങൾ കാവ്യമാകും പ്രഭാതത്തിൽ
ആൽ മരങ്ങൾക്കരികിലൂടെ
ഗ്രാമവും, ചന്ദനസുഗന്ധവും
മനസ്സിലൊഴുകുമ്പോൾ
ആൾപ്പാർപ്പില്ലാത്ത, ആരവമില്ലാത്ത
ഒരിടമായി ഹൃദയം
എത്ര മനോഹരമാം സങ്കല്പം
നിശബ്ദശബ്ദങ്ങളുടച്ച
ചില്ലുകളിലൂടെ നടന്നെത്തിയ
ശ്രീകോവിലിൽ
എത്ര മധുരതരമാം
സോപാനഗാനം
ഓട്ടുമണികൾ
വഴിയരികിലെ പുലരി
കൈയിലേന്തി ഒരിടക്കാലനൊമ്പരം
അതിനുമപ്പറം ഉൾക്കടൽ
അനന്തതയുടെ മൂന്നാം കണ്ണിൽ
ശേഷിച്ചു മുറിവുകൾ
സ്വപ്നങ്ങൾ കാവ്യമാകും
വർണ്ണരഹിത മഴത്തുള്ളിയിൽ
ഒരാർദ്രനക്ഷത്രം..

Monday, December 16, 2013


ഓർമ്മയിലെ സ്മാരകങ്ങൾ  മനോഹരമായിരുന്നെങ്കിൽ....

ഓർമ്മയിലെ സ്മാരകങ്ങൾ
മനോഹരമായിരുന്നെങ്കിൽ
സ്വപ്നങ്ങൾ  തൂവൽതുമ്പുകളാൽ
മനോഹരകാവ്യങ്ങളെഴുതി
ശരത്ക്കാലതീരങ്ങളിൽ
ഭൂഗാനങ്ങളുമായ് മെല്ലെ
നടന്നൊടുവിൽ മുനമ്പിലെ
ധ്യാനമണ്ഡപത്തിലൊരു
ജപമുത്തായൊഴുകുമായിരിന്നു..
പുഴ വീണ്ടും വീണ്ടും  കയങ്ങളായപ്പോൾ
നിമിഷങ്ങൾ മുൾവാകകളായപ്പോൾ
സ്മാരകശിലകളുമുടഞ്ഞിരിന്നു.
ഓർമ്മയിലെ സ്മാരകങ്ങൾ
ഓർമ്മതെറ്റായടർന്നു മായുമ്പോൾ
നിറങ്ങൾ ആയുധമായപ്പോൾ
അസ്ത്രങ്ങൾ നിഷാദങ്ങളായപ്പോൾ
മൊഴിയിൽ മാത്രമെന്തിനായൊരു
പീയുഷകലശം?
ചോദിക്കുന്നതിഷ്ടമാവില്ലെന്നറിയാം
എങ്കിലും ചോദിച്ചുപോകുന്നു...
പതാകളിൽ രാജമുദ്ര മാഞ്ഞുപോയതും
സ്മാരകങ്ങൾ തകർന്നുപോയതും
എന്തുകൊണ്ട്?
ഓർമ്മയിലെ സ്മാരകങ്ങൾ
മനോഹരമായിരുന്നെങ്കിൽ....

Sunday, December 15, 2013

ഒരു പെൺകുട്ടിയുടെ കഥ...

കാലം പറഞ്ഞു
നീയിനി ചുമപ്പ് വസ്ത്രങ്ങളണിയുക
അവൻ വേഗം കുറെ പുതിയ വസ്ത്രങ്ങൾ വാങ്ങി
ചുമന്ന കുർത്തകൾ...
നാലാൾ കാണുന്നിടത്തൊക്കെ പിന്നീടവൻ ചുമപ്പേ ഇടൂ..
കാലത്തെ അത്ര ഭയമാണവനിപ്പോൾ
കാലം പറഞ്ഞ ചുമപ്പണിഞ്ഞുനടക്കുന്നതിനാൽ
കോടി തട്ടിയെടുത്തിട്ടും അവന്റെ മൂന്നാം ഭാര്യയെ
പേജ് ത്രീയിൽ ഇടയ്ക്കിടെ പ്രദർശിപ്പിച്ചു
കൊടുക്കാറുണ്ട് കാലം.

കാലം പെൺകുട്ടിയോടു പറഞ്ഞു
നീയിനി നീലവസ്ത്രങ്ങളിടുക
പെൺകുട്ടി കാലത്തോടു പറഞ്ഞു
എനിക്കിഷ്ടം പ്രകൃതിയുടെ ഹരിതവർണ്ണമെന്ന്
വീണ്ടും വീണ്ടും ആജ്ഞാപിച്ചിട്ടും
കാലം പറഞ്ഞ നിറം പെൺകുട്ടിയണിഞ്ഞില്ല
എന്റെ നിറം കാലത്തിന്റെ നിറമാകണമെന്നില്ലെന്ന് പറഞ്ഞപ്പോൾ
കാലം ഒളിപ്പോരു തുടങ്ങി.
ലോകത്തുള്ള ദുഷ്ടന്മാരെയെല്ലാം ചേർത്തിണക്കി
സൈന്യമുണ്ടാക്കിയായിരുന്നു  ആക്രമണം..

കാലത്തെ വിരലിലിട്ട് തിരിക്കുന്ന
ദൈവത്തിന്റെയരികിൽ കാലത്തിന്റെ
ദുഷ്ടതകളെ കുറിച്ച് പെൺകുട്ടി പറഞ്ഞുകൊണ്ടേയിരുന്നു
കാലത്തിന്റെ നിറത്തിൽ പുതിയ ഉടുപ്പുകൾ തുന്നിയിടണ്ട
എന്നായിരുന്നു പെൺകുട്ടിയുടെ ദൈവം പറഞ്ഞത്
 കള്ളക്കളി കളിക്കുന്ന കാലം പറഞ്ഞതൊന്നും പിന്നീട് പെൺകുട്ടി കേട്ടില്ല
അതിനാലാവും കോടി തട്ടിയെടുത്തയാളുടെ
ചിത്രപ്രദർശനം നടത്തി കാലം പക വീട്ടിയത്.

പിന്നെ കാലം ഒന്നുകൂടി ചെയ്തു
നല്ല കവിതകളെന്ന് നല്ല കവികൾ പറഞ്ഞ
പെൺകുട്ടിയുടെ പുസ്തകത്തിന്റെ ഒരു വാർത്ത
ഒരു സുഹൃത്ത് കാലത്തിന്റെ വാർത്താലോകത്തേയ്ക്ക്
അയച്ചുകൊടുത്തിരുന്നു.
കാലത്തിന്റെ കാലിൽ വീഴാതിരുന്നതിനാൽ
കാലത്തിന്റെ നിറം ചുറ്റി നടക്കാതിരുന്നതിനാൽ
കാലം അത് കരിയിച്ചു കളഞ്ഞു..
കാലം ചെയ്ത കള്ളക്കളികൾ കണ്ടുകണ്ടു ബോറടിച്ചതിനാൽ
പെൺകുട്ടിയ്ക്ക് അതിൽ വലിയ സങ്കടവും ഉണ്ടായില്ല.
കാലത്തെ ഭയന്ന് ചുമന്ന കുർത്തയും അണിഞ്ഞ്
നടക്കുന്ന അവനെ കാണുമ്പോൾ 9 കോമഡി കാണുമ്പോലെ
തോന്നാറുണ്ട് ഇപ്പോൾ..

പെൺകുട്ടിയെ താഴ്ന്ന രീതിയിൽ ചിത്രീകരിക്കാൻ, പെൺകുട്ടിയുടെ കവിതകളെ ഒരിടത്തും അച്ചടിമഷിപുരണ്ട് കാണാതിരിക്കാൻ അവൻ അതിക്രൂരമായ് കരുനീക്കങ്ങൾ ചെയ്തു.
അതുകൊണ്ടാവും അവനൊരിക്കലും ആരായിത്തിരരുത് എന്നാഗ്രഹിച്ചുവോ അത് തന്നെ അവനും ആയിത്തിർന്നത്.


Friday, December 13, 2013

  
 കാലം പറഞ്ഞ കഥകൾ


കാലം പറഞ്ഞ കഥകൾ
കെട്ടുകഥകളായിരുന്നു
കുറെയേറ നിറങ്ങൾ ചുറ്റി
ചതുരംഗക്കളത്തിൽ
ആനതേരുകൾ നീക്കി വീണ്ടും
കാലം എഴുതിച്ചേർത്തു
വിശ്വസിക്കരുത് കാലത്തെ...
വിശ്വാസത്തിനുമവിശ്വാസത്തിനുമിടയിൽ
വീണുടഞ്ഞ ദിനങ്ങളെല്ലാം
ചേർന്നൊരു കവിതയായി
കലിതുള്ളി  കൂറുമാറി കാലമോടിപ്പോയി
കണ്ടു നിന്നവർ
പല വഴി പിരിഞ്ഞുപോയി
ആകാശവും ഭൂമിയും
അനന്തകോടിഗ്രഹങ്ങളും
ജപം തുടർന്ന പ്രഭാതത്തിൽ
ഒരു മഴക്കാലപ്പൂവായ്
മനസ്സിലെ ഗാനമുണർന്നു...

Thursday, December 12, 2013

കവചങ്ങൾക്കുള്ളിൽ 
 സ്പന്ദിക്കുവാൻ  ഹൃദയം
പഠിച്ചുകഴിഞ്ഞിരിക്കുന്നു


മരവുരികൾ ചുറ്റി വനവാസവും
കഴിഞ്ഞെത്തിയ മനസ്സേ
ഋതുക്കൾ മാറിയിരിക്കുന്നു
ഹൃദ്സ്പന്ദനങ്ങളും,
ആർദ്രഗാനങ്ങളും, തണൽ മരങ്ങളും
ഉറഞ്ഞിരിക്കുന്നു..
ആൽ മരങ്ങൾക്കരികിൽ
ആകാശത്തിനൊരു ദൂതുമായ്
നിൽക്കും ജാലകങ്ങൾ..
പുഴ വഴിമാറിയൊഴുകി
നിഴലൊഴുകി മാഞ്ഞു
നിമിഷങ്ങൾ പല ദേശമേറി
ഭൂമിയുടെ യാത്രാമൊഴി..
പ്രകൃതിയുടെ ഗാനങ്ങൾ...
സമുദ്രയാനങ്ങൾക്കരികിൽ
മിന്നലടരുകൾ,
ശുഭം ഒരാശാന്തിമന്ത്രം
ഇന്നും വന്നിരുന്നു
ഓർമ്മ പുതുക്കാൻ
മെയിൽ ബോക്സ് തുറക്കുകയേ
വേണ്ടിവന്നുള്ളൂ
സ്നേഹത്തിന്റെ പകർത്തെഴുത്തുകൾ
പല രൂപഭാവങ്ങളിൽ..
അറിഞ്ഞുതീരും അറിവുകൾ
വീണ്ടും മുറിവാകുന്നു..
അസ്ത്രങ്ങൾക്കിനിയാവില്ല
ഈ ഹൃദയമുടക്കുവാൻ
കവചങ്ങൾക്കുള്ളിൽ
സ്പന്ദിക്കുവാൻ ഹൃദയം
പഠിച്ചുകഴിഞ്ഞിരിക്കുന്നു...


Wednesday, December 11, 2013

 
ഉറയും ദിനങ്ങൾ, എരിയും ചിതകൾ


കല്പനകൾ പായ് വഞ്ചിയിൽ
കഥയായ്, കാവ്യമായ്
ലോകം ചുറ്റിയൊരീറൻ പ്രഭാതത്തിൽ
മൊഴിയായി..

തളിരിലകളിൽ മന്ത്രമായ്
ചന്ദനസുഗന്ധമായ് ,തുളസീദലങ്ങളായ്
ഗ്രാമഗാനങ്ങൾ

മറന്നുതീരേണ്ട ഓർമ്മകൾ
വീണ്ടുമോർമ്മിപ്പിക്കും
വർത്തമാനകാല നിമിഷരേഖകൾ

എരിയും ചിതയിൽ ഡിസംബർ,
സൊവേറ്റ,  മനുവനം
മിഴിയിലെ ലോകം
സന്ധ്യാവിളക്കിൻ
പ്രാർഥനാമന്ത്രമാകുന്നു


ഉറയും ദിനങ്ങളിൽ
താഴിട്ടുപൂട്ടിയ നിലവറകളിൽ
ജപം തുടരുന്നു
ഹൃദ്സ്പന്ദനങ്ങൾ..

 ശരത്ക്കാലതീരങ്ങളിൽ


ഒരുവശം താഴ്ത്തി നിമിഷങ്ങൾ
നിറങ്ങളായപ്പോൾ
കഥയിൽ സത്യമില്ലാതെയായപ്പോൾ
പവിഴമല്ലിപ്പൂക്കളുമായ്
ശരത്ക്കാലതീരങ്ങൾ യാത്രയായി

മുഖപടമിട്ട യുഗങ്ങളിൽ
മൂടുപടമിട്ട സ്നേഹവും
മാർഗഴിയും, മൗനവും
മാഞ്ഞുതീർന്നിരിക്കുന്നു..

ആത്മാവിനൊരിതളിൽ
അധികസ്വരങ്ങളിൽ
മൊഴി കടുത്ത നാളിൽ
കാലം പകർന്നു
ആളിക്കത്താനിത്തിരി
എണ്ണ.

മറന്നുതീർന്നിട്ടും
ഭൂതകാലം ചുമരിലും കടലാസിലും
എഴുതിയിടുന്നു
അച്ചടിപ്പിശകുകൾ..


ചാമ്പൽക്കൂനകളിൽ
കനൽ തേടി വർത്തമാനകാലം;
ശൂന്യതയ്ക്ക് ചിതയൊരുക്കാൻ
മരവിച്ച ഋതുക്കൾക്ക്
ബലിയിടാൻ.

ആരോഹണങ്ങളിൽ
ഇഴതെറ്റിയ ഒരു സ്വരം
മനസ്സിൽ പുനർജനിക്കുന്നു
അക്ഷരങ്ങളായ്, കവിതയായ്

Saturday, December 7, 2013


ഉലഞ്ഞുടഞ്ഞ ഓർമ്മകൾക്കപ്പുറം
  
ആദ്യക്ഷരമെഴുതിയ ഗ്രാമപാതയിൽ
ആൽമരച്ചോട്ടിൽ   വീണ്ടുമുണരും
സ്വപ്നകാവ്യമേ,
അമൃതുതുള്ളിതൂവി
ശുഭ്രമൊഴിമലരുകളിൽ
പ്രഭാതം മന്ദഹസിക്കുന്ന
പകലോരങ്ങളിലൂടെ
ശീതകാലത്തിൻ തണുപ്പുമായും
നെരിപ്പോടിലെരിൽ
പാതയോരവും കടന്ന്
ദേവാലയമണിനാദം
മനസ്സിലുണരുമ്പോൾ
ശരതക്കാലഗാനമേ!
ഉലഞ്ഞുടഞ്ഞ ഓർമ്മകൾക്കപ്പുറം
ഒരീറനുഷസന്ധ്യ പവിഴമല്ലിപ്പൂവുമായ്
മനസ്സിലുണർന്നുവരുന്നു..

നൈർമാല്യപ്പൂവുകളും,
ഉഷസന്ധ്യയും, മഴത്തുള്ളികളും
ഊഞ്ഞാൽപ്പടിയിലേറ്റിയ
സ്വപ്നമായിരുന്നു  മനസ്സിലെ കവിത...

പടയോട്ടം കണ്ടു നടുങ്ങിയ
ഹൃദ്സ്പന്ദനങ്ങൾക്കരികിൽ
ഒരിടവേളയിൽ ലോകമേ
നീയരികിലെഴുതി നീട്ടി
അശാന്തിമന്ത്രം..

നിഗൂഢമാം സ്വപ്നങ്ങളിൽ
നിന്നൊഴുകിയ നിതാന്തസത്യമേ!
തംബുരു മീട്ടിയൊരു മാർഗശീർഷത്തിൽ
അക്ഷതം തൂവിയെത്തിയ മരണത്തിൽ
ഓർമ്മകളും, ചന്ദനത്തിൽ മുങ്ങിയ
ദർഭാഞ്ചലങ്ങളും  മരവിച്ചിരുന്നു.

വഴിയൊടുവിൽ വർണ്ണചിത്രങ്ങളുടെ
അയഥാർഥങ്ങളിൽ
ദൃശ്യതയിലൊരു ശുഭ്രാകാശം..
സ്തോത്രമാലകളിലെ മുത്തുകളിൽ
സങ്കീർത്തനം..
പുൽക്കുടിലിൽ ദേവസ്പർശം
ദേവതാരുപ്പൂവുകളിൽ ഭൂഗാനങ്ങൾ
വർത്തമാനകാലമേ
കവിതയുടെ അപരാഹ്നത്തിനും
ശരത്ക്കാലഭാവമോ?

..