Monday, September 30, 2013

ഈറൻ സന്ധ്യ


സ്വരങ്ങളിലൂടെ, വ്യഞ്ജനങ്ങളിലൂടെ
നടന്നെത്തിയ ചില്ലുതരികളിൽ
അക്ഷരങ്ങളുടക്കിയുലഞ്ഞ
തീരമണലിൽ ഗ്രാമപൂർവാഹ്നം
ഒരു ദീപമായ്, വിദ്യാരംഭമായ്
ആർഷദർശനത്തിനാരൂഢശിലതേടിയൊടുവിൽ
അനാകർഷകമാമൊരു ഋതുക്കാഴ്ചപോൽ
അവധിക്കാലങ്ങൾ നീങ്ങിയ
പോയകാലത്തിനൊരിതളിൽ
എഴുതിതീർത്ത ഒരുകാവ്യതുണ്ടുപോൽ
ആകാശം

മയങ്ങിവീണ സ്വപ്നചിറ്റിൽ
നിന്നടർന്നുവീണ നക്ഷത്രങ്ങൾ കവിതയെഴുതിയ
ത്രിസന്ധ്യാവിളക്കിനരികിൽ
ഗ്രാമം വീണ്ടും അരയാലിലപ്പട്ടുചുറ്റി
ഗോപുരവാതിലും കടന്ന്
ചന്ദനം പൂണ്ട നടക്കല്ലുകളിലൂടെ
ജപധ്യാനമണ്ഡപം നോക്കി നടക്കുമ്പോൾ
മഴ പെയ്തു തോർന്നിരുന്നു...
ഈറൻ സന്ധ്യയുടെ ഈണങ്ങളിൽ
തീവെട്ടിപ്പുകയ്ക്കപ്പുറം
ശീവേലിവിളക്കുകൾ തെളിഞ്ഞ
പ്രദക്ഷിണവഴിയിലൂടെ നീങ്ങിയ
ഹൃദ്സ്പന്ദനങ്ങളിലുണർന്നു അക്ഷരങ്ങൾ....

Sunday, September 29, 2013


 

ഗ്രാമവിഗ്രഹങ്ങൾക്കരികിൽ
വിസ്മയം പൂണ്ടിരിക്കും ബാല്യം
ഒരു മഴനീർത്തുള്ളി

വിടരും പൂവുകളിൽ
പ്രഭാതമെഴുതും സ്വരങ്ങൾ
ഒരു രാഗമാലിക

കടുന്തുടിയേറ്റിയായിരത്തിരിവയ്ക്കും
ത്രയോദശിസന്ധ്യ
ഒരു പ്രദോഷമന്ത്രം

പ്രദിക്ഷണവഴിതെറ്റിയിടറും
പ്രപഞ്ചമന്ത്രം പോലെ
ജാലകവാതിലിലൊരു
ദു:സ്വപ്നചിഹ്നം

മുദ്രതെറ്റിയ വിരലുകളിൽ
ഉടക്കിക്കീറിയ മുൾവേലിയിലെ
നോവ്

മിനുക്കിതേച്ച വേഷങ്ങളാടും
അരങ്ങിൽ മിഴിപൂട്ടിയുറങ്ങും
മാർഗഴി നക്ഷത്രങ്ങൾ

അഗ്രഹാരങ്ങളിലെ തണുപ്പുപോലെ
മനസ്സിൽ വിടരും ചന്ദനപ്പൂവുപോലെ
ഹൃദ്സ്പന്ദനങ്ങൾ

നടന്നവസാനിക്കുന്ന നഗരപാതയ്ക്കപ്പുറം
ഗ്രാമത്തിനുൾവിളി
ആൽത്തറയും കടന്നേറും ശ്രികോവിലിൽ
വിഗ്രഹങ്ങൾ മനസ്സിലെഴുതുന്നു
ഒരു കവിത..Tuesday, September 24, 2013


 ഇലപൊഴിയും കാലംഓർമ്മതെറ്റുമിലത്താളം
ഒരിഴതെറ്റിയ പകൽകസവ്
അളന്നളന്നുലയും ഭൂമി
അടർന്നുവീഴും മൺതരികൾ
മിഴിയിലാഴക്കടൽ
മൊഴിയിലുടയും മുനമ്പ്
ലയമൊടുങ്ങും മിഴാവ്
ഋതുക്കളിലൊരീറൻ നനവ്

എഴുതിയെഴുതിയൊഴിയും ഋണം
എണ്ണിയാലൊടുങ്ങാത്ത കഥകൾ
മിഴിപൂട്ടിയൊരാകാശനക്ഷത്രം
മൊഴിതേടിയൊരാകാശനൗക
അടച്ചുതഴുതിട്ടയാത്മാവിനറയിൽ
അക്ഷരങ്ങളുടെ മർമ്മരം

അക്ഷതമിട്ടുപിരിയും ബലിക്കൽപ്പുരകൾ
തുളസിയിലയിൽ  തീർഥകണം
മഴതോർന്ന സന്ധ്യയിൽ
അരികിലുരഞ്ഞ കല്ലിലിടർന്നുവീണ
ദിനാന്ത്യം
സായം സന്ധ്യയുടെ സങ്കല്പം
ഇലപൊഴിയും കാലം

Friday, September 20, 2013


പവിഴമല്ലിമരച്ചോട്ടിൽ


പവിഴമല്ലിമരച്ചോട്ടിൽ
പവിത്രം ചുറ്റിക്കെട്ടിയ ഹൃദയവും,
കാവ്യമുദ്ര തേടിയ മനസ്സുമായ്
അന്ന് ഞാനിരുന്നു..
മതിലുടച്ച് പടയുമായ് വന്ന്
ആത്മാവിന്റെയൊരു ഭാഗമടർത്തി
പവിഴമല്ലിയുടെ ശിഖരങ്ങൾ മുറിച്ച്
നീ  നടന്നുനീങ്ങി
നിന്റേത് സ്നേഹമായിരുന്നില്ല
കടന്നാക്രമണമായിരുന്നു..

ഞാനോ ദൈവത്തെതേടി നടന്നു
ഏകാംഗവീണമീട്ടി
അന്തരഗാന്ധാരശ്രുതികേട്ട്
പായ് വഞ്ചിയിൽ കടലിലൂടെ
ചുമരിൽ നീയെഴുതിയിട്ട
പലനുണക്കഥകളിൽ ഹൃദയം നുറുങ്ങി
നീയൊഴുക്കിയ പകച്ചായങ്ങൾ
കണ്ടത്ഭുതപ്പെട്ട്
ഹരിതവനങ്ങളിൽ
വാനപ്രസ്ഥവും കഴിഞ്ഞെത്തുമ്പോൾ
ദൈവം കാത്തുനിന്നിരുന്നു
ശിരസ്സിൽ കൈവച്ചു ദൈവം പറഞ്ഞു
മകളേ!

ദൈവവും നീയും തമ്മിൽ
ഒരുപാടന്തരമുണ്ടെന്ന്
അന്നെനിക്ക് മനസ്സിലായി
അതിനാലാവും ഇന്നും
നിന്റെ നിഴലുകൾ എന്റെ ഭൂമിയിലേയ്ക്ക്
നിഷാദാസ്ത്രങ്ങളെയ്യുന്നത്...

Thursday, September 19, 2013


മഴത്തുള്ളികൾക്കിടയിൽ


മഴയിഴയിൽ ഭാദ്രപാദമെഴുതി
ഒരുണർത്തുപാട്ട്
ഉലത്തീയിലെരിഞ്ഞ
സ്വർണ്ണം പോൽ ഹൃദയത്തിളക്കം
തിരയേറ്റിയ വിഭ്രമം
തുലാവർഷമായ് പെയ്തൊഴിഞ്ഞു
സമുദ്രരത്നങ്ങളുടെ പ്രകാശം
നക്ഷത്രങ്ങളായി മിഴിയിൽ തിളങ്ങി
ഭൂമിയുടെയൊരിതളിൽ
പവിഴമല്ലിപ്പൂവുകൾ
രാജ്യം ചുറ്റിയോടിയ
പതാകകൾക്കരികിൽ
ജനൽ വാതിലിലൂടെ മിഴിയിലേറിയ
പ്രപഞ്ചം കാവ്യമായി.
വിസ്മൃതസ്മൃതികൾ
പലരൂപങ്ങളിൽ മുന്നിൽ
നൃത്തം ചെയ്തു
മഴത്തുള്ളികൾക്കിടയിൽ
ഒരു മഴക്കാലപ്പൂവായി
മനസ്സ്..കണ്ണാടിച്ചില്ലുടഞ്ഞ  ഒരീറൻപ്രഭാതത്തിൽ

 
കണ്ണാടിച്ചില്ലുടഞ്ഞ
ഒരീറൻപ്രഭാതത്തിൽ
അപരിചിതമാം ദൃശ്യത
പരിചിതമാം അദൃശ്യതയിലെത്തിയ
വിദൂരദൂരത്തിനരികിൽ
തെറ്റും ശരിയുമസ്പർശമാം
ഭൂമി എന്ന ഒരു മരതകഗ്രാമം.

ശബ്ദമുയർത്തിയ നിറങ്ങൾ
മഴയിലൊഴുകിയ കടൽത്തീരത്തിനിയും
അന്വേഷകർ
ഉടഞ്ഞ ശംഖും, ചിപ്പിയും
ഹൃദയം മുറിച്ച ചില്ലുതരിയും
കവിതയിലൊഴുകുമ്പോൾ
അസ്തമയത്തിന്റെ
ആസ്ഥിപത്രത്തിൽ
നാണയത്തുട്ടുകൾ

നടന്നുനീങ്ങാം.....
ന്യായം തെറ്റിനിൽക്കുന്ന
തുലാസുകളിലെ ശരിയേത്? തെറ്റേത്?
ദക്ഷിണധ്രുവങ്ങളിൽ
ചോദ്യചിഹ്നങ്ങളുടഞ്ഞുതിർന്നിരിക്കുന്നു
ഗംഗോത്രിയിൽ തണുപ്പുറയും മഴക്കാലത്തിൽ
മറന്നുതീർന്ന ഒരിടവേളയുടെ നടുക്കങ്ങൾ.
കാറ്റുലയും തീരങ്ങളിൽ
പിന്നിലൊളിപാർത്ത നിഴൽമുഖങ്ങൾ
നിർണ്ണയത്രാസുലയ്ക്കുന്നു
ദൃശ്യമാമൊരപരചിത്വം
ഭൂപാളങ്ങളിലൊഴുകുന്നു..

Thursday, September 5, 2013
ബദാം വൃക്ഷത്തിന്റെ ഇലകൾ 


ഇന്നലെ  പാതയോരത്ത് കൊഴിഞ്ഞുവീണ ബദാം വൃക്ഷത്തിന്റെ
ഇലകൾ കാണാനായി. അങ്ങനെയൊരു വൃക്ഷം
നഗരത്തിൻ തിരക്കിനിടയിൽ ഉണ്ടായിരുന്നു
എന്നറിഞ്ഞിരുന്നില്ല.
വർഷങ്ങൾക്ക് മുൻപ് ബദാം വൃക്ഷത്തിന്റെ ഇലകൾ
വീണുകിടന്ന വഴിയിലൂടെ നടക്കുമ്പോൾ തീരഭൂമി കാണാനായി.
തീരഭൂമി എന്ന ബുക്ക് സ്റ്റോളിൽ നിന്നും ടാഗോറിന്റെ
 മിസ്റ്റിക് കവിത വാങ്ങി. കവിതാബുക്കുകൾ ചോദിച്ചപ്പോൾ
തീരഭൂമിയുടെ  മാനേജർ ശംഖ്, സ്നേഹിച്ചുതീരാത്തവർ, അമാവാസി
എന്നിവ എടുത്തു നീട്ടി. തിരിയെ പോരുമ്പോൾ കുറെയേറെ
പുസ്തകങ്ങൾ കൂട്ടിനുണ്ടായിരുന്നു..
പുസ്തകങ്ങൾ തുറന്നു നോക്കി.
ശംഖ് ഒരാധുനികകവിതാസമാഹാരം.
സ്നേഹിച്ചുതീരാത്തവർ ഒ എൻ വി.
പിന്നെ ടാഗോറിന്റെ മിസ്റ്റിക് കവിതകൾ..
ബദാം ഇലകൾക്കും ടാർ റോഡിനുമപ്പുറം കടലിരമ്പുന്നുണ്ടായിരുന്നു.
ഉടഞ്ഞ ശംഖുകൾക്കരികിലിരുന്നെഴുതി
സ്നേഹിച്ചുതീർന്നവർ...
കൃഷ്ണപക്ഷത്തിനിരുട്ടിലൂടെ നടന്ന് നക്ഷത്രലോകത്തിലെത്തുമ്പോഴേയ്ക്കും
കടൽത്തീരം ശാന്തമായിരുന്നു. ആളൊഴിഞ്ഞ്, അസ്തമയം കഴിഞ്ഞ്
കടൽ ധ്യാനത്തിലായിരുന്നു.....

ബദാം വൃക്ഷത്തിന്റെ ഇലകൾ വീണുകിടന്ന വഴിയിലൂടെ
തിരിയെ നടക്കുമ്പോൾ ഉറങ്ങുന്ന ഒരു നക്ഷത്രം പോലെ
സന്ധ്യാദീപം തിളങ്ങുന്നുണ്ടായിരുന്നു..
അന്നായിരുന്നു നക്ഷത്രങ്ങൾ കവിതയെഴുതാൻ
തുടങ്ങിയത്...
ബദാം വൃക്ഷത്തിന്റെയിലകളിലൂടെ
മനസ്സിലേയ്ക്ക് സന്ധ്യയൊരു സമുദ്രമായിയൊഴുകി..