Saturday, June 23, 2012

മഴതുള്ളികൾ.

അനേകമനേകം വാക്കുകൾ
കാവ്യഭാവമായ്
മഴക്കാലത്തിനിതളിൽ
വിരിയുമ്പോൾ
അലങ്കോലമായൊരതിരിൽ
ഏതു രാജ്യമാണാവോ
അരാജകമുദ്രകൾ
രൂപപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത്

കാണാനാവാത്തത്രയും
ദൂരമൊഴുകും സമുദ്രമേ
അതിരളന്നാൾക്കൂട്ടം നീങ്ങിയവഴിയിൽ
കവിതയുറങ്ങും എത്രയോ
ശംഖുകൾ നീയെനിക്കായ്
ഭദ്രമായ് സൂക്ഷിച്ചുവച്ചു

പ്രകാശത്തിനൊരിതൾ
സായാഹ്നമടർത്തിയൊരു
സന്ധ്യാദിപത്തിലേയ്ക്കാവഹിക്കവേ
കൈവിരൽതുമ്പിലൊരു
കനലാട്ടം

നിറഞ്ഞേറിയ മഴയിലൂടെ
നടന്നതിതിരുകൾ മാഞ്ഞ സമുദ്രത്തിലൂടെ
യാത്രയാവുന്നുവോ ചക്രവാളത്തിൻ
സങ്കല്പങ്ങൾ
കരിങ്കൽ പാകിയ വഴിയിൽ
ചില്ലുകൂടുടയുമ്പോൾ
മനസ്സിലൊഴുകിയതക്ഷരങ്ങൾ,

മഴതുള്ളികൾ.....

Thursday, June 21, 2012


മൊഴി


വഴിയേറെ നടന്നെത്തിയ
മഴക്കാലത്തിനൊരു സ്വരം
മുന്നിൽ  നിഴൽച്ചില്ലയിൽ
ഇഴതെറ്റിയ 
പുരാണത്തിനിതൾ



മുനയൊടിഞ്ഞ, മഷിയുണങ്ങിയ
പേനതുമ്പിലുറയും
നോവ്


ചില്ലുതരികൾ നിറം പൂശിയ
പ്രകോപനപർവത്തിലും
പ്രഭാതത്തിൽ കടലേറ്റും
കാവ്യകൗതുകം


ജാലകവാതിലിനിടയിലേറും
ആകാശത്തിനരികിൽ
മുകിൽശീലിൻ
കണ്ടുതീർന്ന ഋണം


മഴതുള്ളിയിലൊരു
സന്ധയുടെ നക്ഷത്രതിളക്കം
വിരൽതുമ്പിലൊഴുകും
കടലിനൊരമൃതവർഷിണി

Tuesday, June 19, 2012


ഹൃദ്സപ്ന്ദനങ്ങൾ


സായാഹ്നമെഴുതും
അനുസ്വരങ്ങൾക്കപ്പുറം
മിഴിയിലൊഴുകിയ
കടലിൽ കവിതയുമായ്
ഒരു ശംഖ്


നീർത്തിയിട്ട 
അസ്തമയമെഴുതിയ
പുസ്തകത്താളിൽ 
പടർന്ന  ചായക്കൂട്ടിൽ 
പ്രഭാതത്തിൻ സ്വാഭാവികചാരുത
നഷ്ടമാക്കും വിഫലശ്രമത്തിൻ
അധികനിറങ്ങൾ


ഭൂമിയുടെ രോഷം
തീപടർത്തിയ  ശരത്ക്കാലമെഴുതിയ
കവിതയിൽ കനലുകൾ 


കടം തീർന്ന  കല്പനകൾ
ശബ്ദരഹിതം
കടമായിട്ട ചില്ലുകൂടിനു
കൊടുത്തുതീർക്കാനാവാത്ത
ഋണപാത്രം


തീർപ്പെഴുതും
വിധിന്യായത്തിനൊരു
അന്യായത്തിനധികഭാരം
എഴുതിതൂത്തെഴുതിയ
പുസ്തകത്തിനസ്വഭാവികത്വം


പെയ്തുതോരാത്ത
മഴയ്ക്കൊരു പുണ്യാഹക്കലശം
പാടത്തിനിരുവശവും ചിതറിവീഴും
ചിന്താമുദ്രകൾക്കൊരു സർഗം

Saturday, June 16, 2012



മുദ്ര


എഴുതുവാനാവാതെ
വിങ്ങിയ വാക്കുകൾ
വീണ്ടുമുണരുന്നു..


അരികിൽ നിലമുഴുതു
നീങ്ങിയ   പഴേ ചില്ലുകൾ
നിണമൊഴുക്കുന്നു


പകതിന്നു തീർന്ന
രാജ്യത്തിനൊരുകോണിലിരുന്നു
പുകയിടുന്നു വർത്തമാനത്തിന്റെ
ഒരിതൾ..


കാണാകുന്ന  ദിക്കിലെ 
പ്രകൃതി കാവ്യത്തിനൊരു
ഭാവമാവുന്നു


ഇരുണ്ടു തുടങ്ങിയ  മനസ്സുകൾ
സന്ധ്യാദീപങ്ങളെയുലയ്ക്കാൻ
ശ്രമിക്കുന്നു..


ഭൂമിയുടെയുൾക്കടൽ
പ്രശാന്തമോയെന്നറിയാൻ
തിരയേറിവരും മുദ്രപ്പതിപ്പുകൾ


വാരാന്ത്യങ്ങളെഴുതിയ
വ്യഞ്ജനക്കൂട്ടിൽ
നനഞ്ഞുകുതിർന്ന  മണ്ണ്
ഒരിലച്ചീല്ല, മഴ

Friday, June 15, 2012


നക്ഷത്രകാവ്യം 


ചുറ്റിലുമുണ്ടായിരുന്നു ഒരു ലോകം..
ആ   ലോകത്തിലെയാവൃതരുപങ്ങൾ
പലതും പറഞ്ഞുകൊണ്ടേയിരുന്നു
കേൾക്കാനിമ്പമുള്ളവയും
അപ്രിയമായതും, 
സത്യവും, മിഥ്യയും 
രണ്ടും കൂടികലർന്ന്
ആകർഷകമെന്നോ അനാകർഷകമെന്നോ
പറയാനാവാത്തവിധം 
ചിന്താതലങ്ങളെയുലയ്ക്കും
പലേ വിധ സങ്കല്പങ്ങൾ.....
ഇന്നലെ വായിച്ചു
ഒരെഴുത്തുകെട്ട്
തുന്നിക്കെട്ടിയ  പുസ്തകത്താളിൽ
കരിഞ്ഞുണങ്ങിയ
ഇലപോലെ വന്നുവീണൊരു
കല്പിതകഥ........
നീട്ടിയും, കുറുക്കിയും
നിഴൽച്ചിത്രമൊട്ടിച്ചും 
പ്രകോപനത്തിൻ തരികൾ തൂവി
ആരെയോ ഓടിച്ചുവിട്ടുവെന്ന്
അഭിമാനിക്കുന്ന  വന്യലോകത്തിന്റെ
ആഘോഷം പോലെ തോന്നിക്കും
കഥ...


ആകാശവാതിലിലെ ദൈവവും
അരികിൽ കഥപറഞ്ഞുകൊണ്ടേയിരുന്നു
തുളുമ്പും മഴ  പോൽ
നിഴൽപ്പാടില്ലാതെ, ചില്ലുകൂടുകളില്ലാതെ
മിന്നും  നക്ഷത്രങ്ങൾ പോൽ
കണ്ടുനിൽക്കാനെന്നും കൗതുകം തോന്നും
സമുദ്രം പോൽ
വായിക്കാനിമ്പമുള്ള   കവിത  പോൽ
പ്രദക്ഷിണ  വഴിയിലെ ചന്ദനസുഗന്ധം പോൽ
പ്രഭാതത്തി സങ്കല്പങ്ങൾ പോൽ
ഈറൻ തുടുപ്പാർന്ന  പാരിജാതങ്ങൾ പോൽ
മനോഹരമായിരുന്നു ദൈവം പറഞ്ഞ   കഥകൾ



ദൈവം പറഞ്ഞുകൊണ്ടിരുന്ന കഥകൾ
കേട്ടെഴുതുമ്പോൾ  അലോസരമുണ്ടാക്കിയ
ചുറ്റിലെ ചെറിയ  ലോകം 
നിഴൽ പോലെ തുള്ളിയാടുകയും
അശോകപ്പൂനിറമുള്ള  സന്ധ്യയിൽ
മാഞ്ഞുതീരുകയും ചെയ്തു.....
ആകാശം നിറയെയും 
അന്നു നക്ഷത്രങ്ങൾ വിരിയുകയും
ആ  തിളക്കത്തിൽ ഭൂമിയൊരു
നക്ഷത്രകാവ്യം രചിക്കുകയും ചെയ്തു