Saturday, July 2, 2011

ദർപ്പണമൊന്നിൽ കണ്ട മുഖം

എവിടെയോ
മഞ്ഞുപോലെയൊവാരണത്തിൽ
മാഞ്ഞുമാഞ്ഞില്ലാതായ
സന്ധ്യയിയിലോ

ആകാശജാലകം തുറന്നൊരു
നക്ഷത്രം മിഴിയിലേറിയത്..
മായാവിദ്യയെന്നെപോലെയോ
വിലങ്ങേറിയഗ്നിയിച്ചിറകിലുലഞ്ഞ
പേടകമൊന്നിൽ നിന്നൊരു സ്വപ്നം
മേഘമാർഗവും കടന്ന്
മനസ്സിൽ വന്നുകുടിപാർത്തത്...

നോക്കെത്താദൂരത്തൊരു
കടൽത്തീരത്തിൽ
മൺചെപ്പുകളിലുറങ്ങും
നനവിലായിരുന്നുവോ
മഴതുള്ളികളൊരു ശംഖ് കണ്ടത്..
നീണ്ടനീണ്ടുപോയ പാതയിലാവും
വർത്തമാനകാലത്തിനുടുക്കിൽ നിന്നും
മുത്തുമണികൾ പോലെ
സ്മൃതിചിന്തുകളൂർന്നുപോയത്
ഇലകൾ പൊഴിയും വൃക്ഷത്തിനരികിലെ
സായന്തനമാവും ദിനാന്ത്യങ്ങളുടെ
ഓർമ്മകുറിപ്പുകളെ വിസ്മൃതിയുടെ
ചെപ്പിലുറക്കി നടന്ന് നീങ്ങിയത്...
ആഷാഢമേഘങ്ങളിലാവാം
ആരൂഢശിലയിലെ സങ്കടങ്ങളും
ഉറഞ്ഞുമാഞ്ഞില്ലാതായത്...

നിലയില്ലാതയൊഴുകിയ
നീണ്ടയിടവേളയിൽ
മുങ്ങിത്താഴും നേരമായിരിക്കാം
ദർപ്പണമൊന്നിൽ കണ്ട മുഖം
മന്ദഹസിക്കാനും മറന്നുപോയത്...

No comments:

Post a Comment