Saturday, July 2, 2011

മഴക്കാലരാഗമുണരുമ്പോൾ...

അനേകമനേകം
അക്ഷരരൂപങ്ങളിലലിഞ്ഞ്
നാനാർഥങ്ങളിലെയർഥരഹിതശൂന്യതയിൽ
ദൈന്യം പൂണ്ടിരുന്ന നാളുകളിലായിരുന്നുവോ
പവിത്രക്കെട്ടിലുലഞ്ഞ്
പരമോന്നതമായൊരു
സംസ്കൃതിയുടെ ചുമർചിത്രങ്ങൾ
മുന്നിൽ തെളിഞ്ഞുവന്നത്...
ദ്വയാർഥങ്ങളുടെ ഗ്രന്ഥശാലയും കടന്ന്
പ്രിയതരമായതെല്ലാമൊരു
ശംഖിലുറക്കിയ ഭൂമിയുടെ
മിഴികളിലോ അസംഖ്യം
നക്ഷത്രങ്ങൾ കൂട്ടിരുന്നത്
തടാകങ്ങളിൽ കൂടുകെട്ടിയ
നിശ്ചലതയും കടന്നുണരും
ആരണ്യകമേ!
പർണ്ണശാലയിൽ
വാനപ്രസ്ഥങ്ങൾക്കായൊരു
കുടീരം പണിതാലും
നിരന്തരമായി ചരൽക്കുന്നുകൾ
കയറിയിറങ്ങിയതിനാലാവും
വീഥിയിലെ മുൾച്ചീളുകൾ
പോലുമിപ്പോൾ പൂവിതൾ
പോലെ മൃദുലമായിരിക്കുന്നത്....
നോക്കികാണും ലോകത്തിനുള്ളിൽ
നിന്നുണർന്നുവരുമുപക്രമങ്ങൾക്ക്
മുൻപേയുണരും പ്രാർഥനാഗാനമേ
ഈറനണിയും പ്രഭാതത്തിൽ മഴക്കാലരാഗമുണരുമ്പോൾ
പ്രകാശം തേടിയിനിയുമെങ്ങും
നടക്കേണ്ടതുമില്ല..
മിഴിയിലെ വിളക്ക് തന്നെ പ്രകാശം...

No comments:

Post a Comment