Wednesday, June 29, 2011

അറിഞ്ഞുതുടങ്ങുമ്പോഴേയ്ക്കും...

ഒന്നും സൂക്ഷിക്കാതെ നടന്നുനീങ്ങും
ഋതുക്കൾക്കൊരു ഭംഗിയുണ്ടാവും
ആകാശവിതാനങ്ങൾക്കരികിലൂടെ
ലോകാലോകപർവതമേറിയിറങ്ങി
ഭൂമിയിലെ

മനുഷ്യകുലത്തെയറിയാനോടിയ
നിമിഷങ്ങളും നിഴലുകളും
നിലം പൊത്തിവീണ
തണൽമരത്തിനരികിലെ
സിമിന്റുബഞ്ചിലിരുന്നുകണ്ട
മഴതുള്ളികളിലൂടെയൊഴുകിമായും
കൊഴിയുമിലകളും പൂവുകളുമൊരു
തനിയാവർത്തനത്തിലെഴുതിയതിങ്ങനെയോ
ഒന്നുമറിയേണ്ടതായിട്ടില്ല..
ഒന്നും തേടിനടക്കേണ്ടതുമില്ല..
അറിവുകളുടെയക്ഷരകാലം തെറ്റിയ
അന്യലയങ്ങളിലെയോരോപദസ്പർശത്തിലും

നനഞ്ഞ മണ്ണിന്റെ സ്വാന്തനം
എല്ലാറ്റിനുമൊരവസാനമുണ്ടാവും...
ഋതുഭേദങ്ങളുടെ വർണവൈവിദ്ധ്യം പോലെ...
അറിഞ്ഞുതുടങ്ങുമ്പോഴേയ്ക്കും
പലേ വർണങ്ങളും മാഞ്ഞുകൊണ്ടേയുമിരിക്കും..

Tuesday, June 28, 2011

ചെത്തിമിനുക്കിയ വാക്ക്

സനാതനമായതെന്തോ
തേടിയമനസ്സിലെ
ചില്ലുഗോളകങ്ങളിൽ കണ്ടത്
പലതുണ്ടുകളായി ചിതറിയ
ഒരു ഹൃദയം...
അതിൽ നിന്നിറ്റിയ രക്തം
വീണ മണ്ണിൽ
ഊഷരകാലത്തിൻ മെയ്യളവുകൾ
പുലർകാലങ്ങളുടെ ഹൃദ്യരാഗങ്ങളോ
നേർത്തില്ലാതായിരിക്കുന്നു
വെൺകല്ലുകളിലുറങ്ങുമൊരേകാന്ത
ശരത്ക്കാലത്തിൻ തീക്ഷ്ണവർണം
സായാഹ്നം തൊട്ടെടുക്കുമ്പോൾ
മൗനം മൂടിയ ഒരു ഋതു ഭൂമിയുടെ
സംഭരണികളിൽ തേടുന്നു
ചെത്തിമിനുക്കിയ ഒരു വാക്ക്...
പ്രണയകാലങ്ങളുടെ ഓർമ്മക്കേടുകൾ
സൂക്ഷിക്കാനുമാവുമത്...
പൂർണകലശങ്ങളിൽ അമൃതുതുള്ളിയുമായ്
മഴയുണരുമ്പോൾ
പിന്നോട്ട് നടന്നൊരു
പ്രഭാസതീർഥത്തിന്നശാന്തിയെയും
കണ്ടു മടങ്ങിയാലും...

കല്ലുകളിലുരഞ്ഞുരഞ്ഞ് മിനുസം
നഷ്ടമായ വാക്കുകളനേകം മുന്നിലുണ്ട്..

എങ്കിലും ചിരിമായും മിഴിയിലും
ചിലനേരങ്ങളിൽ നക്ഷത്രങ്ങൾ
വിടരുന്നതെത്രയോ അതിശയകരം...
ഒരിലതുമ്പിൽ
കഥയിലെ നേർരേഖയിൽ
ജീവനുണരുമ്പേഴേയ്ക്കുമതൊരു
നിർജ്ജീവബിന്ദുവായ്
രൂപാന്തരപ്പെടുന്നുവോ?
കൊഴിയും നേരം പൂവിൻദലങ്ങളിൽ
വിടരും കവിതയോ ശോകം..
സന്ധ്യയുടെ ചേലാഞ്ചലത്തിൽ
നക്ഷത്രങ്ങൾ മിന്നുമ്പോൾ
മിഴിയിലുണരും തിളക്കമോ

ഒരു സ്വപ്നം....
മഴനീർതുള്ളിയാൽ നിറഞ്ഞ
നെൽപ്പാടത്തിനരികിലൂടെ
നടന്നുനീങ്ങും ഗ്രാമമേ!
നിനക്കീനഗരത്തിന്റെയേതുമുഖത്തെയറിയും
അറിയുമക്ഷരങ്ങളിലെയറിവില്ലായ്മ
മഹായാനങ്ങളിലൂടെ, മഹാദ്വീപങ്ങളിലൂടെ
ഭൂമി ചുറ്റുമ്പോൾ
നിലയില്ലാക്കയങ്ങളിലൂടെയൊഴുകിവന്ന

ഒരിലതുമ്പിൽ വിടർന്നുവന്നുവോ
പുനർജനിമന്ത്രം....

Monday, June 27, 2011

പ്രഭാതത്തിനരികിലൂടെ
അനേകമനേകം
ഗ്രഹങ്ങളൊഴുകുമാകാശത്തിനുമപ്പുറം
ഏതുഗ്രഹമിഴിയിലാണാവോ
ഭൂമിയുടെയുപഗ്രഹവലയമെന്നോലിച്ചിരുന്നു
ഒരിയ്ക്കൽ..
അനവദ്യമായൊരുണർവുപോലെ
പ്രഭാതമുണരുമ്പോഴും
കത്തിയെരിയും നക്ഷത്രങ്ങളുടെ
തമോഗർത്തങ്ങളെ
പ്രദക്ഷിണവഴിയിൽ കാണുമ്പോഴും
ഉപഗ്രഹചിമിഴിൽ
നിന്നൊഴുകി മാഞ്ഞിരുന്നുവോ
നിലാവിന്നവസാനബിന്ദുക്കളും
ഒരു ചെറിയ വിളക്കും കൈയിലേന്തി
നിൽക്കും പ്രഭാതത്തിനരികിലൂടെ
യന്ത്രച്ചുരുളും നീർത്തിയൊരു
മൂന്നാം തൃക്കണ്ണുമായ്
നടന്നുനീങ്ങിയോരുന്മത്തമൗനത്തിലോ
വർത്തമാനകാലത്തിൻ പ്രതീകാത്മമാം
പകലുണർന്നത്...

Sunday, June 26, 2011

മുദ്ര..

ഉടയുമക്ഷരങ്ങളെയുലയിലുരുക്കി
ഉളിയാൽരാകിയൊരാത്മമുദ്രയുണർത്താമിനി
വിരലിലെ ശംഖചക്രമുദ്രകളെക്കാൾ
സൂക്ഷ്മായതൊന്ന്
മിഴികൾക്കദൃശ്യവും,
മൊഴികളിലൊഴുകിയാലും മായാത്തതും
നിഴൽപ്പാടുപോലെയലിഞ്ഞുതീരാത്തതുമായ
ഒരു മുദ്ര...
ആകാശത്തിലെയനന്തകോടി
നക്ഷത്രങ്ങളെപോലെണ്ണിയാലൊടുങ്ങാത്ത
ദിനരാത്രങ്ങളിലും മാഞ്ഞുപോകാതെ
ഹൃദയത്തിന്റെ ഭാഷപോൽ
അമർഥ്യതയിലൊഴുകുമമൃതുപോൽ
മനസ്സിനെയാകെയുയർത്തി
തിളങ്ങുമൊരു മുദ്ര..
അതിസൂക്ഷ്മവും....
അനന്യവുമായ ഒരു മുദ്ര....

Saturday, June 25, 2011

ആകാശത്തിനരികിലെ അനുപമസായന്തനമേ
കാണാതായൊതൊരു
നെൽക്കതിർ
ഉണങ്ങിക്കരിഞ്ഞൊരു
നെൽപ്പാടത്തിനരികിൽ...
പിന്നെയൊരോ പാടും പാട്ടിന്നീണം..
അതൊരാഷാഢശോകഗാനം
പോലെ തോന്നിയതെന്തേ?
കരിഞ്ഞുണങ്ങിയടർന്ന
നെൽപ്പാടങ്ങളിലൂടെ
നടന്നു നീങ്ങിയ നിമിഷങ്ങളും
നിസംഗമായിരുന്നുവോ?
മഴതുള്ളികൾ നൃത്തം ചെയ്യും
മുറ്റത്തിനരികിൽ നിശബ്ദമിരുന്നുവോ
പ്രാർഥനാനിർഭരമായ സന്ധ്യകൾ
ജപമാല പോലെ തിരിയും
ഭൂമിയുടെ ചുറ്റുവിളക്കിനരികിൽ
പുൽനാമ്പുകളിൽ ഗ്രാമമുറക്കും
കണ്ണീർതുള്ളികൾ
ആകാശത്തിനരികിലെ
അനുപമസായന്തനമേ
നിന്നിലോ കവിതയുറങ്ങുന്നത്???

Friday, June 24, 2011

ഒരു പക്ഷെ....

അയഥാർഥങ്ങളുടെ
ആത്മകഥയൊന്നെഴുതാൻ

കുറെയേറെ സംവൽസരങ്ങളുണർത്തിയ
ഋതുക്കളുടെ ചെപ്പിലോ എന്റെ സ്വപ്നങ്ങൾ
മുത്തുമണികൾ പോലെയുലഞ്ഞത്
ദക്ഷിണധ്രുവത്തിലെയുറഞ്ഞ
മഞ്ഞുപാളിയ്ക്കടിയിലൊരു
പേടകത്തിലൊളിപ്പിക്കാനാവാതെ
ഒരഗ്നിപർവതമെന്നെപോലെയോ
ഞാൻ കാവ്യങ്ങളെ സ്നേഹിച്ചുപോയത്
ഏകാന്തമായൊരുണർത്തുപാട്ടിനിടയിലുയർന്ന
തന്ത്രിവാദ്യങ്ങളിലോ
ഞാനെന്നെ മറന്നുപോയത്....
ഒരു പക്ഷെ
പരമോന്നതരാഷ്ട്രങ്ങളിൽ
ഭരണനൈപുണ്യമെന്ന
മേൽക്കോയ്മയറിയാതെ
ഒരു തൂവലിൽ മഷിമുക്കിയെഴുതും
പുണ്യപ്രാചീനതയോ
ഞാൻ തേടിയിരുന്നത്
ആകാശത്തിലെ
നക്ഷത്രരാജ്യങ്ങളിൽ നിന്നടർന്നു
വീഴും പ്രകാശമേ
നിന്നെയെടുത്തു സൂക്ഷിക്കാൻ
ഈ മിഴിയെങ്കിലുമുള്ളതെത്രയോ
ആശ്വാസകരം..