Friday, June 24, 2011

ഒരു പക്ഷെ....

അയഥാർഥങ്ങളുടെ
ആത്മകഥയൊന്നെഴുതാൻ

കുറെയേറെ സംവൽസരങ്ങളുണർത്തിയ
ഋതുക്കളുടെ ചെപ്പിലോ എന്റെ സ്വപ്നങ്ങൾ
മുത്തുമണികൾ പോലെയുലഞ്ഞത്
ദക്ഷിണധ്രുവത്തിലെയുറഞ്ഞ
മഞ്ഞുപാളിയ്ക്കടിയിലൊരു
പേടകത്തിലൊളിപ്പിക്കാനാവാതെ
ഒരഗ്നിപർവതമെന്നെപോലെയോ
ഞാൻ കാവ്യങ്ങളെ സ്നേഹിച്ചുപോയത്
ഏകാന്തമായൊരുണർത്തുപാട്ടിനിടയിലുയർന്ന
തന്ത്രിവാദ്യങ്ങളിലോ
ഞാനെന്നെ മറന്നുപോയത്....
ഒരു പക്ഷെ
പരമോന്നതരാഷ്ട്രങ്ങളിൽ
ഭരണനൈപുണ്യമെന്ന
മേൽക്കോയ്മയറിയാതെ
ഒരു തൂവലിൽ മഷിമുക്കിയെഴുതും
പുണ്യപ്രാചീനതയോ
ഞാൻ തേടിയിരുന്നത്
ആകാശത്തിലെ
നക്ഷത്രരാജ്യങ്ങളിൽ നിന്നടർന്നു
വീഴും പ്രകാശമേ
നിന്നെയെടുത്തു സൂക്ഷിക്കാൻ
ഈ മിഴിയെങ്കിലുമുള്ളതെത്രയോ
ആശ്വാസകരം..

No comments:

Post a Comment