Sunday, April 1, 2012


ഹൃദ്സപന്ദനങ്ങൾ


സംവൽസരങ്ങളുടെ
അകന്നുനീങ്ങിയ
ആവരണങ്ങളിൽ
തട്ടിയുടഞ്ഞ 
ചില്ലുകണ്ണാടിയിൽ
പ്രതിഫലിക്കുന്നുവോ
ലോകത്തിനുള്ളറകളിൽ
മറഞ്ഞിരിക്കും
നിസ്സഹായപ്രതിച്ഛായകൾ


മിഴിയിലൊരു
നേർ രേഖയുടഞ്ഞതിലിറ്റിയ
നീർത്തുള്ളിയിൽ
രഥപതാകയിലെ
മുദ്രകൾ മാഞ്ഞുതീരുന്നുവോ


അകലെയൊരാരവം
തീർത്തതിലുടഞ്ഞ
ശംഖുകൾക്കരികിൽ
സമുദ്രമെഴുതുന്നുവോ
ഒതുക്കാനാവാത്തൊരുൾക്കടലിൻ
അടിയൊഴുക്കുകൾ


ചന്ദനഗന്ധമൊഴുകും
പ്രഭാതത്തിലൊരു
പ്രദക്ഷിണവഴിയിൽ
നിന്നെത്രയോ ദൂരം
നടന്നെത്തിയ
ലോകത്തിൻ
നെടുകയും കുറുകെയും
കോറിയ മുറിപ്പാടുകൾക്കിടയിലും
തണുത്ത ചങ്ങലകൾക്കിടയിലും
സ്വരങ്ങളാലൊരു സങ്കീർത്തനമുണർത്തിയ 
സമുദ്രമേ നീയെൻ കവിത

No comments:

Post a Comment