Sunday, April 1, 2012

മൊഴി



മഴതുള്ളികളിൽ
തുളുമ്പിയ
പ്രഭാതത്തിനപ്പുറം
കമ്പിനൂലുകളാൽ
തുന്നിയ യന്ത്രങ്ങൾ
വാതിലനരികിൽ
ഹൃദ്സ്പന്ദനങ്ങളെ
അളന്നുതൂക്കിയുലക്കും
ദിനങ്ങളിൽ
പ്രദക്ഷിണവഴിയിൽ
തളിരിട്ട സ്വരങ്ങളിൽ
 മനസ്സ് നെയ്തു 
ഒരുണർവിൻ കാവ്യം


അശോകപ്പൂവിൻ നിറമാർന്ന
സാന്ധ്യാകാശത്തിനരികിൽ
ചക്രവാളമേലാപ്പിൽ
അനേകമനേകം നക്ഷത്രങ്ങൾ
ലോകമുണർത്തും
ചിത്രകമാനങ്ങൾക്കരികിലിരുന്നെഴുതി
തിരികല്ലിലുടഞ്ഞ 
അക്ഷരങ്ങളുടെ
സങ്കല്പങ്ങൾ


മൺപാത്രങ്ങളിൽ
സമുദ്രം തൂവിയ
കാവ്യങ്ങൾ
ശംഖിലൊഴുകിയ
മഴക്കാലത്തിൽ
മുൾവേലിയിലുടക്കിയ
മനസ്സിനൊരിതളിൽ
നിന്നുണർന്നുവന്നു
ജപമാലയിലെയൊരു
തുളസിമുത്ത്


മിഴിയിലുടക്കിയ
പകലിനിഴയിൽ
നിന്നിറ്റുവീണ സായാഹ്നത്തിൽ
അക്ഷയപാത്രത്തിലെന്നപോൽ
നിറഞ്ഞൊഴുകി
സ്വരങ്ങൾ..... 

No comments:

Post a Comment