Saturday, June 23, 2012

മഴതുള്ളികൾ.

അനേകമനേകം വാക്കുകൾ
കാവ്യഭാവമായ്
മഴക്കാലത്തിനിതളിൽ
വിരിയുമ്പോൾ
അലങ്കോലമായൊരതിരിൽ
ഏതു രാജ്യമാണാവോ
അരാജകമുദ്രകൾ
രൂപപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത്

കാണാനാവാത്തത്രയും
ദൂരമൊഴുകും സമുദ്രമേ
അതിരളന്നാൾക്കൂട്ടം നീങ്ങിയവഴിയിൽ
കവിതയുറങ്ങും എത്രയോ
ശംഖുകൾ നീയെനിക്കായ്
ഭദ്രമായ് സൂക്ഷിച്ചുവച്ചു

പ്രകാശത്തിനൊരിതൾ
സായാഹ്നമടർത്തിയൊരു
സന്ധ്യാദിപത്തിലേയ്ക്കാവഹിക്കവേ
കൈവിരൽതുമ്പിലൊരു
കനലാട്ടം

നിറഞ്ഞേറിയ മഴയിലൂടെ
നടന്നതിതിരുകൾ മാഞ്ഞ സമുദ്രത്തിലൂടെ
യാത്രയാവുന്നുവോ ചക്രവാളത്തിൻ
സങ്കല്പങ്ങൾ
കരിങ്കൽ പാകിയ വഴിയിൽ
ചില്ലുകൂടുടയുമ്പോൾ
മനസ്സിലൊഴുകിയതക്ഷരങ്ങൾ,

മഴതുള്ളികൾ.....

No comments:

Post a Comment