നക്ഷത്രകാവ്യം
ചുറ്റിലുമുണ്ടായിരുന്നു ഒരു ലോകം..
ആ ലോകത്തിലെയാവൃതരുപങ്ങൾ
പലതും പറഞ്ഞുകൊണ്ടേയിരുന്നു
കേൾക്കാനിമ്പമുള്ളവയും
അപ്രിയമായതും,
സത്യവും, മിഥ്യയും
രണ്ടും കൂടികലർന്ന്
ആകർഷകമെന്നോ അനാകർഷകമെന്നോ
പറയാനാവാത്തവിധം
ചിന്താതലങ്ങളെയുലയ്ക്കും
പലേ വിധ സങ്കല്പങ്ങൾ.....
ഇന്നലെ വായിച്ചു
ഒരെഴുത്തുകെട്ട്
തുന്നിക്കെട്ടിയ പുസ്തകത്താളിൽ
കരിഞ്ഞുണങ്ങിയ
ഇലപോലെ വന്നുവീണൊരു
കല്പിതകഥ........
നീട്ടിയും, കുറുക്കിയും
നിഴൽച്ചിത്രമൊട്ടിച്ചും
പ്രകോപനത്തിൻ തരികൾ തൂവി
ആരെയോ ഓടിച്ചുവിട്ടുവെന്ന്
അഭിമാനിക്കുന്ന വന്യലോകത്തിന്റെ
ആഘോഷം പോലെ തോന്നിക്കും
കഥ...
ആകാശവാതിലിലെ ദൈവവും
അരികിൽ കഥപറഞ്ഞുകൊണ്ടേയിരുന്നു
തുളുമ്പും മഴ പോൽ
നിഴൽപ്പാടില്ലാതെ, ചില്ലുകൂടുകളില്ലാതെ
മിന്നും നക്ഷത്രങ്ങൾ പോൽ
കണ്ടുനിൽക്കാനെന്നും കൗതുകം തോന്നും
സമുദ്രം പോൽ
വായിക്കാനിമ്പമുള്ള കവിത പോൽ
പ്രദക്ഷിണ വഴിയിലെ ചന്ദനസുഗന്ധം പോൽ
പ്രഭാതത്തിൻ സങ്കല്പങ്ങൾ പോൽ
ഈറൻ തുടുപ്പാർന്ന പാരിജാതങ്ങൾ പോൽ
മനോഹരമായിരുന്നു ദൈവം പറഞ്ഞ കഥകൾ
ദൈവം പറഞ്ഞുകൊണ്ടിരുന്ന കഥകൾ
കേട്ടെഴുതുമ്പോൾ അലോസരമുണ്ടാക്കിയ
ചുറ്റിലെ ചെറിയ ലോകം
നിഴൽ പോലെ തുള്ളിയാടുകയും
അശോകപ്പൂനിറമുള്ള സന്ധ്യയിൽ
മാഞ്ഞുതീരുകയും ചെയ്തു.....
ആകാശം നിറയെയും
അന്നു നക്ഷത്രങ്ങൾ വിരിയുകയും
ആ തിളക്കത്തിൽ ഭൂമിയൊരു
നക്ഷത്രകാവ്യം രചിക്കുകയും ചെയ്തു
No comments:
Post a Comment