Saturday, December 21, 2013

ദൈവത്തിനായൊരു
ദേവാലയം പണിയേണ്ടിയിരിക്കുന്നു

പ്രകാശം ദീപമാകും സന്ധ്യയിൽ
നക്ഷത്രങ്ങൾ നടന്നുനീങ്ങും പാതയിൽ 
ബേത് ലേഹേം..
അഴികൾകൾക്കുള്ളിൽ
പ്രകാശിതം മധുരാപുരി
പ്രതിധ്വനിയിൽ പ്രകമ്പനവുമായ്
ദൈവത്തിനൊരു വിശുദ്ധഗ്രന്ഥം

മതിൽ പണിയാം,
ത്രിശൂലത്താഴാൽ ഗോപുരങ്ങൾ
തഴുതിട്ടു പൂട്ടാം,
ചങ്ങലകളാൽ അതിരുകെട്ടാം,
ഗ്രന്ഥങ്ങളിലെ അറിവുകൾ
തച്ചുടയ്ക്കാം,
ഒളിയുദ്ധം ചെയ്യാം,
വിശ്വാസത്തിൻ കലർപ്പിൽ
അവിശ്വാസികളെ എരിതീയിലേയ്ക്കിടാം..

പ്രതിമകൾക്കും,വിലങ്ങുകൾക്കും,
മതിലുകൾക്കും, വിശ്വാസത്തിനും
മനുഷ്യർ കാവൽ നിൽക്കട്ടെ,
വിശുദ്ധഗ്രന്ഥങ്ങൾ രാജ്യങ്ങൾ വിഭജിക്കട്ടെ
വേദപുസ്തകങ്ങൾ വിശ്വാസികളെ
വിലയിട്ടെടുക്കട്ടെ,
പുരോഹിതർ ശ്രീകോവിലിൽ
ചാതുർവർണ്യത്തിൻ തത്വമെഴുതട്ടെ..

ചുറ്റുമതിലുകൾക്കകലെ,
ത്രിശൂലത്താഴുകൾക്കകലെ,
ചുരുങ്ങും ഗ്രന്ഥങ്ങൾക്കകലെ,
ഗ്രന്ഥങ്ങളുടെ ഭാരങ്ങളില്ലാത്ത
വിശ്വാസികളുടെ നിബന്ധനകളാകും
പ്രബന്ധങ്ങളില്ലാതെ,
ദുരന്തങ്ങളേകും അന്യായങ്ങൾ
ന്യായമെന്നെഴുതുന്നവർക്കകലെ,
വിശുദ്ധഗ്രന്ഥത്തിനിതളിൽ
രുധിരം നിറയ്ക്കുന്നവർക്കകലെ,
മനസ്സിലെ മതരഹിത ശ്രീകോവിലിൽ
വിലങ്ങുകളും, വിശ്വാസങ്ങളുമില്ലാതെ
ഒരിടം പണിയാം
പ്രകൃതിയുടെ പൂവുകൾ വിടരും
മതാതീതഭൂമിയിൽ ദൈവത്തിനായൊരു
ദേവാലയം പണിയേണ്ടിയിരിക്കുന്നു.....

No comments:

Post a Comment