Sunday, December 15, 2013

ഒരു പെൺകുട്ടിയുടെ കഥ...

കാലം പറഞ്ഞു
നീയിനി ചുമപ്പ് വസ്ത്രങ്ങളണിയുക
അവൻ വേഗം കുറെ പുതിയ വസ്ത്രങ്ങൾ വാങ്ങി
ചുമന്ന കുർത്തകൾ...
നാലാൾ കാണുന്നിടത്തൊക്കെ പിന്നീടവൻ ചുമപ്പേ ഇടൂ..
കാലത്തെ അത്ര ഭയമാണവനിപ്പോൾ
കാലം പറഞ്ഞ ചുമപ്പണിഞ്ഞുനടക്കുന്നതിനാൽ
കോടി തട്ടിയെടുത്തിട്ടും അവന്റെ മൂന്നാം ഭാര്യയെ
പേജ് ത്രീയിൽ ഇടയ്ക്കിടെ പ്രദർശിപ്പിച്ചു
കൊടുക്കാറുണ്ട് കാലം.

കാലം പെൺകുട്ടിയോടു പറഞ്ഞു
നീയിനി നീലവസ്ത്രങ്ങളിടുക
പെൺകുട്ടി കാലത്തോടു പറഞ്ഞു
എനിക്കിഷ്ടം പ്രകൃതിയുടെ ഹരിതവർണ്ണമെന്ന്
വീണ്ടും വീണ്ടും ആജ്ഞാപിച്ചിട്ടും
കാലം പറഞ്ഞ നിറം പെൺകുട്ടിയണിഞ്ഞില്ല
എന്റെ നിറം കാലത്തിന്റെ നിറമാകണമെന്നില്ലെന്ന് പറഞ്ഞപ്പോൾ
കാലം ഒളിപ്പോരു തുടങ്ങി.
ലോകത്തുള്ള ദുഷ്ടന്മാരെയെല്ലാം ചേർത്തിണക്കി
സൈന്യമുണ്ടാക്കിയായിരുന്നു  ആക്രമണം..

കാലത്തെ വിരലിലിട്ട് തിരിക്കുന്ന
ദൈവത്തിന്റെയരികിൽ കാലത്തിന്റെ
ദുഷ്ടതകളെ കുറിച്ച് പെൺകുട്ടി പറഞ്ഞുകൊണ്ടേയിരുന്നു
കാലത്തിന്റെ നിറത്തിൽ പുതിയ ഉടുപ്പുകൾ തുന്നിയിടണ്ട
എന്നായിരുന്നു പെൺകുട്ടിയുടെ ദൈവം പറഞ്ഞത്
 കള്ളക്കളി കളിക്കുന്ന കാലം പറഞ്ഞതൊന്നും പിന്നീട് പെൺകുട്ടി കേട്ടില്ല
അതിനാലാവും കോടി തട്ടിയെടുത്തയാളുടെ
ചിത്രപ്രദർശനം നടത്തി കാലം പക വീട്ടിയത്.

പിന്നെ കാലം ഒന്നുകൂടി ചെയ്തു
നല്ല കവിതകളെന്ന് നല്ല കവികൾ പറഞ്ഞ
പെൺകുട്ടിയുടെ പുസ്തകത്തിന്റെ ഒരു വാർത്ത
ഒരു സുഹൃത്ത് കാലത്തിന്റെ വാർത്താലോകത്തേയ്ക്ക്
അയച്ചുകൊടുത്തിരുന്നു.
കാലത്തിന്റെ കാലിൽ വീഴാതിരുന്നതിനാൽ
കാലത്തിന്റെ നിറം ചുറ്റി നടക്കാതിരുന്നതിനാൽ
കാലം അത് കരിയിച്ചു കളഞ്ഞു..
കാലം ചെയ്ത കള്ളക്കളികൾ കണ്ടുകണ്ടു ബോറടിച്ചതിനാൽ
പെൺകുട്ടിയ്ക്ക് അതിൽ വലിയ സങ്കടവും ഉണ്ടായില്ല.
കാലത്തെ ഭയന്ന് ചുമന്ന കുർത്തയും അണിഞ്ഞ്
നടക്കുന്ന അവനെ കാണുമ്പോൾ 9 കോമഡി കാണുമ്പോലെ
തോന്നാറുണ്ട് ഇപ്പോൾ..

പെൺകുട്ടിയെ താഴ്ന്ന രീതിയിൽ ചിത്രീകരിക്കാൻ, പെൺകുട്ടിയുടെ കവിതകളെ ഒരിടത്തും അച്ചടിമഷിപുരണ്ട് കാണാതിരിക്കാൻ അവൻ അതിക്രൂരമായ് കരുനീക്കങ്ങൾ ചെയ്തു.
അതുകൊണ്ടാവും അവനൊരിക്കലും ആരായിത്തിരരുത് എന്നാഗ്രഹിച്ചുവോ അത് തന്നെ അവനും ആയിത്തിർന്നത്.






No comments:

Post a Comment