Wednesday, December 14, 2011


മുന്നിലുണരും പ്രഭാതങ്ങളിൽ


മുന്നിലുണരും പ്രഭാതങ്ങളിൽ
തുടുപ്പാർന്നൊരീണമുണരുമ്പോൾ
സ്വർണ്ണനൂൽതുമ്പിലൊരു
മനോഹരമാം കാവ്യമുണരുന്നുവല്ലോ
എങ്കിലും പ്രകാശത്തിൻ 
മൺദീപങ്ങൾക്കരികിലും
മനസ്സിലെയിരുൾ മായ്ക്കാൻ
നിങ്ങൾക്കാവാത്തതെന്തേയെന്നാലോചിച്ച്
ഭൂമിയിന്നാകുലപ്പെടുന്നുമില്ല
വിജയരഥത്തിൽ
പരാജയത്തിനാവരണമഴിയ്ക്കാനാവാതെ
ശിരസ്സുതാഴ്ത്തിയരികിലൂടെ നീങ്ങും
സന്നദ്ധദൗത്യമേ
നിങ്ങളുടെ താഴേയ്ക്കൊഴുകും
കാഴ്ച്ചപ്പാടുകളൊരു
സ്വർണ്ണതകിടിലെഴുതി
ശിരസ്സിലേറ്റണമെന്നൊരു
മനോവൈഷ്യമ്യവും
ഇന്നീശരത്ക്കാലത്തിനില്ലയെന്നറിഞ്ഞാലും 
നിങ്ങളുടെ പ്രകടനശാലയിലുണരും
ശബ്ദഘോഷങ്ങളിലിന്നൊരു
വിസ്മയവുമുണരുന്നുമില്ല..
അതേപോലെയൊഴുകുമാവർത്തനങ്ങളുടെ
പലേകാലങ്ങളും കണ്ടുകഴിഞ്ഞിരിക്കുന്നുവല്ലോ
അതിനാലാവുമതു വീണ്ടും കാണുമ്പോൾ
നിങ്ങൾക്കിതു മാത്രമേയറിയൂ
എന്നൊരതിശയവുമുണ്ടായിപ്പോകുന്നതും....

Tuesday, December 13, 2011


മൊഴി
ലോകം ചുരുക്കിയൊരാലിലയിലെഴുതി
ചുരുങ്ങിയൊരു വഴിയിലൂടെ
അരങ്ങിലെത്തി കാണൂ
ഈ മഹത്വസൃഷ്ടി എന്ന്
പറയേണ്ടതുണ്ടോ ഭൂമിയ്ക്ക്
ലോകമെന്തെന്നറിയാനുള്ള കൗതുകം 
അതു പണ്ടേയുണ്ട്..
മഷിതുള്ളികൾ
പുഴയിലൂടെ,
ഓളങ്ങളിലൂടെ
കടലിലേയ്ക്കൊഴുകും മുൻപേയും 
ലോകമൊരു വിസ്മയമായ്,
ഒരശോകപ്പൂവിതളായ്
ഹൃദയത്തിൽവിടർന്നിരുന്നുവെന്നും
പ്രത്യേകം പറയേണ്ടതുമില്ല
താരു ദത്ത്, 
ബിഥോവന്റെ ഫിഡലിയ,
ഫ്രെഡറിക് ആഗസ്റ്റാ ബർറ്റോളി,
സ്പേസ് വിതിൻ ഹാർട്ട്,
മനുഷ്യരാശിയുടെ 
മുഴുവൻ സമാധാനത്തിനെന്ന 
ഫലകം,
അഗസ്തീശ്വരത്തിലെ
ജെ സി ദാനിയേൽ
ജ്ഞാനനിക്ഷേപം, ലീഡ് സ്റ്റോർ
സ്റ്റോറി ഓഫ് എ ബ്രഷ്..
സംവൽസരങ്ങളിലൂടെ
നടന്നുനീങ്ങുമ്പോൾ 
ദശവർഷങ്ങൾ പഴകിയ
കടലാസുകളിലന്നും
ലോകമൊഴുകിയിരുന്നു
വിസ്മയമായ്....
സെപ്റ്റംബർ മഴയിലൂടെ
നടന്ന് ചിത്രമൂലം കാണുമ്പോൾ
സൗപർണ്ണികയ്ക്കരികിലെ
ആകാശവും തേടിയതുമതുതന്നെയായിരിക്കും
അതിനാലാവും ജനാലവാതിലിലൂടെയൊളിപാർക്കും
ചെറിയ ലോകത്തോടെന്തു പറയണമെന്നറിയാതെ
ഭൂമിയാകുലപ്പെടുന്നതും..
ആവരണങ്ങളുടെയാസൂത്രിതഭാവത്തിൽ
നിന്നകലെ ലോകവിസ്മയങ്ങൾ 
മിഴിയിലൊഴുകും നേരം
പുറം ലോകത്തിൻ കടുംകെട്ടിൽ,
വർത്തമാനകാലത്തിൻ കൽച്ചീളുകളിൽ
മനസ്സിൽ നിറയും മൊഴിയെന്തിനായ്
മറന്നുകളയണം..


മൊഴി
വെൺനൂലാൽ നെയ്തൊരു
സ്വപ്നം ആകാശത്തിന്റേതായിരുന്നു
മനശ്ശാന്തി നിറഞ്ഞ പർണ്ണശാലകളിൽ
രുദ്രാക്ഷതുമ്പിലൊഴുകിയ
കവിതയിലെ സ്വരങ്ങളിൽ
മഴതുള്ളികളുടെ ലയവുമുണ്ടായിരുന്നു....
സംവൽസരങ്ങൾ കോറിയിട്ട
ചില്ലക്ഷരങ്ങളിലുടഞ്ഞുതിർന്ന
മനശ്ശാന്തിയുടെയവസാനത്തെയക്ഷരവും
തൂക്കിവിറ്റൊതുക്കി സുഖമായൊരു
മരക്കുരിശും കൈയിലേന്തി
മുന്നിലരുളപ്പാടുകളെഴുതി നീങ്ങിയ
മുഖാവരണമായിരുന്നുവോ
അഭിനവവിശ്വാസം..
പൊൻതുട്ടുകളാൽ രാജ്യത്തിൻ
പതാകയെ ചീന്തിയെറിയുന്നുവോ
സാമ്രാജ്യമുപേക്ഷിക്കാനാവാത്ത 
പുതിയ തഥാഗതർ.....
ഇടവേളകളലിയിച്ച
മൃദുവാം മൊഴിയിന്നെവിടെ?
വിരൽതുമ്പിൽ വാക്കുടയുമ്പോൾ
വിതുമ്പുന്നുവോ ഒരായുഷ്ക്കാലം..
ആവരണങ്ങളിലൊഴുകിമറഞ്ഞ
ചരിത്രത്തിനവസാനത്തെയദ്ധ്യായത്തിൽ
കണ്ടതോ  സാധാരണത്വം...
പിന്നെയോ നിറഞ്ഞൊഴുകിയ
തുലാമഴയിലൂടെ, ശരത്ക്കാലത്തിലൂടെ
നടക്കുമ്പോൾ അവിശ്വസനീയമായൊരു
വിശ്വാസ്യതയിൽ ചുറ്റിവളർന്ന വാത്മീകങ്ങളുടച്ചു
ഭൂമി മെല്ലെ മൊഴിയിലലിയുന്നതും
കണ്ടിരുന്നു ആകാശനക്ഷത്രങ്ങൾ...

Monday, December 12, 2011

തൂവലുകളായ് പറന്നുപോയേക്കാം


തൂവലുകളായ് പറന്നുപോയേക്കാം
പോയകാലത്തിനോർമ്മകൾ...
ഭാരമാർന്നൊരു ചുമടായ് 
ചിലനേരങ്ങളിലവ ശിരസ്സിലേയ്ക്ക്
തകർന്നും വീണേയ്ക്കാം
പ്രഭാതസ്വരങ്ങളിലവയെഴുതിയേക്കാം
തകർന്നടിഞ്ഞ ചുമരിനിടയിലും
ഭദ്രമായിരുന്ന ഒരുവരിക്കവിതയുടെ  കഥ...
മൺതരികൾക്കിടയിൽ
ഒരു ശരത്ക്കാലസ്വർണ്ണതരി പോലെ 
വിരലിലൊരക്ഷരം..
പറഞ്ഞുതീർന്ന കഥയുമായ്
നിലാവു മായും നേരം 
തൂവിയൊരിരുൾതുള്ളികളിന്നുമൊഴുകും
ഋതുക്കൾക്കരികിൽ
മൊഴിയിൽ നിന്നുണർന്ന 
ഒരു തീനാളത്തിൻ കനൽപ്പൊട്ടുകൾ
അഗ്നിയിൽ കരിഞ്ഞുവോ പലതും?

അറിഞ്ഞുമറിയാതെയും 
നീർത്തിയിട്ട പുൽപ്പായയിലൂടെ,
പുകയും ധൂപങ്ങളിലൂടെ,
ഹോമപാത്രത്തിൽ വീണെരിഞ്ഞ
സംവൽസരങ്ങളിൽ നിന്നെടുത്തു 
സൂക്ഷിക്കാൻ ഇനിയെന്ത്?
ഒരു മുഖാവരണത്തിൻ മുറിപ്പാടുകളോ?
പുകഞ്ഞ ഭൂമിയുടെ മൺതരികളോ?
മഷിപ്പാടുകൾ തൂക്കിയളന്ന വിവിധവർണ്ണങ്ങളോ?
അശാന്തിയിലുലഞ്ഞ മനസ്സോ?
തൂലികകൾ തുലാസിൽ തൂക്കി വിറ്റ
അനവസര കാലുഷ്യമോ?


തൂവലുകളായ് പറന്നുപോയേക്കാം
പോയകാലത്തിനോർമ്മകൾ
ചിലനേരങ്ങൾ ശിരസ്സിലേയ്ക്കതൊരു
ഭാരമെന്നപോൽ തകർന്നും വീണേയ്ക്കാം
എങ്കിലുമീ തണുപ്പാർന്ന പ്രഭാതത്തിൽ
തുളസിപൂക്കുമൊരു ഗ്രാമത്തെയോർക്കുമ്പോൾ
അരയാൽത്തണലിൽ നിന്നൊഴുകുമൊരു
കാവ്യഭാവമോർക്കുമ്പോൽ
നക്ഷത്രം പൂവിടുമൊരു സന്ധ്യയിൽ
നഗരത്തിൻ നടുത്തളത്തിലെയനശ്ചിതത്വം
മാഞ്ഞുപോവുന്നുവോ
ഒരു തൂവൽ പോൽ....

Sunday, December 11, 2011

മൊഴി
കടം കൊള്ളും കവിതയൊരു
കല്ലുച്ചീൾ മുറിവ്..
ഒരു ദിനാന്ത്യമതിലൊരിലപോലെ ..
മനസ്സിലുണരും കവിതയൊരു
തേൻ തുള്ളി
അതുണരുന്നത് ഹൃദയത്തിൽ
വിരലിൽ പൂവായ് പൂക്കുന്നതുമതേ 
കവിത..
ഋണപ്പാടുകളിലുടഞ്ഞുവീഴാതെ
നിഴൽപ്പാടങ്ങളിൽ മായാതെ
ആരെയും വിലയിട്ടുവാങ്ങാതെ,
ജനാലവാതിലിലൊളിപാർക്കാതെ,
മിഴിയിലൊരു നക്ഷത്രം പൂക്കും
പോൽ വിരിയും കവിത..
അതിനരികിലാൾക്കൂട്ടമുണ്ടാവില്ല
കടമായെടുത്തു കൂട്ടിവയ്ക്കും 
തൂലികകളുമുണ്ടാവില്ല..
എങ്കിലും പ്രപഞ്ചമതിനരികിൽ
പ്രഭാതങ്ങളെ നീർത്തിയിടും
മതിവരുവോളം എഴുതാൻ...
കടം കൊള്ളും കവിതയൊരു
തർജ്ജിമപ്പാത്രം..
മുകിലേറ്റി നിൽക്കുമൊരർദ്ധദൈന്യം
മനസ്സിന്റെ കവിതയിൽ
വിശുദ്ധമായ സങ്കല്പങ്ങളാവും...
അതിരാത്രമന്ത്രവിശുദ്ധിയിൽ
മഴയുണരുമ്പോലെ,
അയനിയിൽ നിന്നഗ്നിയുണരുമ്പോലെ
മനസ്സിലെ കവിത..
അതിനകമ്പടിയ്ക്കംഗരക്ഷകരുണ്ടാവേണ്ടതുണ്ടോ
ജനാലവാതിലൊളിപാർക്കും
ഗ്രഹദോഷങ്ങളുണ്ടാവേണ്ടതുണ്ടോ
പരിചയുമായ് രക്ഷാഭടരുണ്ടാവേണ്ടതുണ്ടോ?
പലകുറിമാറിചാർത്തും വർണ്ണങ്ങളുണ്ടാവേണ്ടതുണ്ടോ
ഇല്ലെന്നറിയാമെങ്കിലും 
കടം വാങ്ങിയിടും കവിത
തർജ്ജിമപാത്രത്തിൽ നിറയ്ക്കുന്നു 
കൽച്ചീളുകൾ..
ഋണം തേടിപ്പോവുന്നു
അസ്വഭാവികമാമൊരു അദൃശ്യത...
വിരലിലെന്നുമെന്നുപോൽ
വിരിയുന്നു മഞ്ഞുതുള്ളി പോലൊരു
കവിത..

മൊഴി


വാതിലുകളുടയ്ക്കും ശബ്ദം
ആരും കേട്ടതേയില്ല
അത്രമേൽ സൂക്ഷ്മതയോടെ
അനിവാര്യമായൊരു വിധിയുടെ
ആദ്യപത്രം പോലെ
അതുലയുന്നതും കണ്ടാഹ്ലാദിച്ചിരിക്കാം
മിഥ്യയുടെ അഹം..


വാതിലുകളുടയ്ക്കും ശബ്ദം
ആരും കേട്ടതേയില്ല
അത്ര മേൽ സൂക്ഷതയോടയാണത്
ചെയ്തത്
പക്ഷെ ഇറങ്ങിപ്പോയപ്പോൾ
നടന്നുനീങ്ങിയ ഭൂമിയൊന്നുടയും ശബ്ദം 
ആൾക്കൂട്ടത്തിനരികിലേയ്ക്ക് നീർത്തിയിടാനും
ആകാശത്തിന്റെ വെൺചുമരിലേയ്ക്കല്പം
മേഘക്കറുപ്പിറ്റിക്കാനും മറന്നതുമില്ല 
ചില്ലുജാലകങ്ങളുടച്ച തണൽപ്പാടിൻ നിഴൽ..



ശിരോരേഖകളുലയ്ക്കും
ഗ്രഹദോഷങ്ങളുടെ ചില്ലുപെട്ടിയിൽ
വിലങ്ങുവീണ സ്വരങ്ങളുമെഴുതി
അനശ്വരമാമൊരു സങ്കല്പം..
നിശ്ബദതയിലുടയാതെ 
കുലിനമാം മനസ്സിലുണർന്നൊരാദിലയം
വിരലിലൊഴുകിയ നാളിൽ
വിലങ്ങുകളെ മറക്കാനുമായി..
വാതിലിനരികിൽ മറഞ്ഞുനിൽക്കും
പോയ കാലത്തോടെന്തുപറയാൻ...



ശരറാന്തലുകൾ
വഴിയോരത്തൊരായിരം
പൊഴിഞ്ഞയിലകൾ..
ഒരോന്നിലുമോരോ കഥകൾ..
കരിഞ്ഞുണങ്ങിപ്പൊടിയും
വരെയാകഥയുമുണ്ടാവും..
ദ്വീപസഞ്ചയങ്ങളുടെ
മഹാസമുദ്രമൊരു
മുനമ്പിനരികിലൊഴുകുമ്പോൾ
തടമെടുത്തുപാകിയ തണുപ്പിൽ 
കനൽചിന്തി നിൽക്കും നെരിപ്പോടുകൾ..
മുറിഞ്ഞുവീണ നിലാവിന്റെയൊരുചില്ലയിൽ
നിന്നിറ്റുവീഴുന്നു നീറ്റിയെടുത്ത
ഋണങ്ങൾ...
വാതിലുകൾക്ക് പിന്നിൽ
സാമ്രാജ്യം തീയിലിടുന്നു
നനഞ്ഞ വിറകുകൾ...
പുകയിൽ മിഴികലങ്ങുമ്പോൾ
തിരശ്ശിലയിലൊരരങ്ങേറ്റം
പിന്നാലെയാരോയെഴുതിയിടും
നിരുപദ്രവപരമെന്നുതോന്നും
നിർദ്ദയത്വം..
നിഴലടരും തണുപ്പിൽ
വിരൽതുമ്പുലയ്ക്കുന്നു
ഒരു ചോദ്യചിഹ്നം.....
മുദ്രതീർത്തു മടങ്ങാതെ
ശരകൂടത്തിലേറ്റിയ
അസ്ത്രങ്ങളെത്ര ബാക്കി
ഒരോന്നായിയടർന്നുവീഴും നേരം
വിസ്മയം വിടരും മിഴിയിലേയ്ക്ക്
നടന്നുവരുന്നുവോ 
അശോകപ്പൂവിൻ നിറമാർന്ന സായന്തനം
മൺ വിളക്കിലെ പ്രകാശം
നക്ഷത്രം പോലെ തെളിയും
ശരറാന്തലുകൾ..