മൊഴി
വെൺനൂലാൽ നെയ്തൊരു
സ്വപ്നം ആകാശത്തിന്റേതായിരുന്നു
മനശ്ശാന്തി നിറഞ്ഞ പർണ്ണശാലകളിൽ
രുദ്രാക്ഷതുമ്പിലൊഴുകിയ
കവിതയിലെ സ്വരങ്ങളിൽ
മഴതുള്ളികളുടെ ലയവുമുണ്ടായിരുന്നു....
സംവൽസരങ്ങൾ കോറിയിട്ട
ചില്ലക്ഷരങ്ങളിലുടഞ്ഞുതിർന്ന
മനശ്ശാന്തിയുടെയവസാനത്തെയക്ഷരവും
തൂക്കിവിറ്റൊതുക്കി സുഖമായൊരു
മരക്കുരിശും കൈയിലേന്തി
മുന്നിലരുളപ്പാടുകളെഴുതി നീങ്ങിയ
മുഖാവരണമായിരുന്നുവോ
അഭിനവവിശ്വാസം..
പൊൻതുട്ടുകളാൽ രാജ്യത്തിൻ
പതാകയെ ചീന്തിയെറിയുന്നുവോ
സാമ്രാജ്യമുപേക്ഷിക്കാനാവാത്ത
പുതിയ തഥാഗതർ.....
ഇടവേളകളലിയിച്ച
മൃദുവാം മൊഴിയിന്നെവിടെ?
വിരൽതുമ്പിൽ വാക്കുടയുമ്പോൾ
വിതുമ്പുന്നുവോ ഒരായുഷ്ക്കാലം..
ആവരണങ്ങളിലൊഴുകിമറഞ്ഞ
ചരിത്രത്തിനവസാനത്തെയദ്ധ്യായത്തിൽ
കണ്ടതോ സാധാരണത്വം...
പിന്നെയോ നിറഞ്ഞൊഴുകിയ
തുലാമഴയിലൂടെ, ശരത്ക്കാലത്തിലൂടെ
നടക്കുമ്പോൾ അവിശ്വസനീയമായൊരു
വിശ്വാസ്യതയിൽ ചുറ്റിവളർന്ന വാത്മീകങ്ങളുടച്ചു
ഭൂമി മെല്ലെ മൊഴിയിലലിയുന്നതും
കണ്ടിരുന്നു ആകാശനക്ഷത്രങ്ങൾ...
No comments:
Post a Comment