Monday, December 12, 2011

തൂവലുകളായ് പറന്നുപോയേക്കാം


തൂവലുകളായ് പറന്നുപോയേക്കാം
പോയകാലത്തിനോർമ്മകൾ...
ഭാരമാർന്നൊരു ചുമടായ് 
ചിലനേരങ്ങളിലവ ശിരസ്സിലേയ്ക്ക്
തകർന്നും വീണേയ്ക്കാം
പ്രഭാതസ്വരങ്ങളിലവയെഴുതിയേക്കാം
തകർന്നടിഞ്ഞ ചുമരിനിടയിലും
ഭദ്രമായിരുന്ന ഒരുവരിക്കവിതയുടെ  കഥ...
മൺതരികൾക്കിടയിൽ
ഒരു ശരത്ക്കാലസ്വർണ്ണതരി പോലെ 
വിരലിലൊരക്ഷരം..
പറഞ്ഞുതീർന്ന കഥയുമായ്
നിലാവു മായും നേരം 
തൂവിയൊരിരുൾതുള്ളികളിന്നുമൊഴുകും
ഋതുക്കൾക്കരികിൽ
മൊഴിയിൽ നിന്നുണർന്ന 
ഒരു തീനാളത്തിൻ കനൽപ്പൊട്ടുകൾ
അഗ്നിയിൽ കരിഞ്ഞുവോ പലതും?

അറിഞ്ഞുമറിയാതെയും 
നീർത്തിയിട്ട പുൽപ്പായയിലൂടെ,
പുകയും ധൂപങ്ങളിലൂടെ,
ഹോമപാത്രത്തിൽ വീണെരിഞ്ഞ
സംവൽസരങ്ങളിൽ നിന്നെടുത്തു 
സൂക്ഷിക്കാൻ ഇനിയെന്ത്?
ഒരു മുഖാവരണത്തിൻ മുറിപ്പാടുകളോ?
പുകഞ്ഞ ഭൂമിയുടെ മൺതരികളോ?
മഷിപ്പാടുകൾ തൂക്കിയളന്ന വിവിധവർണ്ണങ്ങളോ?
അശാന്തിയിലുലഞ്ഞ മനസ്സോ?
തൂലികകൾ തുലാസിൽ തൂക്കി വിറ്റ
അനവസര കാലുഷ്യമോ?


തൂവലുകളായ് പറന്നുപോയേക്കാം
പോയകാലത്തിനോർമ്മകൾ
ചിലനേരങ്ങൾ ശിരസ്സിലേയ്ക്കതൊരു
ഭാരമെന്നപോൽ തകർന്നും വീണേയ്ക്കാം
എങ്കിലുമീ തണുപ്പാർന്ന പ്രഭാതത്തിൽ
തുളസിപൂക്കുമൊരു ഗ്രാമത്തെയോർക്കുമ്പോൾ
അരയാൽത്തണലിൽ നിന്നൊഴുകുമൊരു
കാവ്യഭാവമോർക്കുമ്പോൽ
നക്ഷത്രം പൂവിടുമൊരു സന്ധ്യയിൽ
നഗരത്തിൻ നടുത്തളത്തിലെയനശ്ചിതത്വം
മാഞ്ഞുപോവുന്നുവോ
ഒരു തൂവൽ പോൽ....

No comments:

Post a Comment