Sunday, December 11, 2011

മൊഴി
കടം കൊള്ളും കവിതയൊരു
കല്ലുച്ചീൾ മുറിവ്..
ഒരു ദിനാന്ത്യമതിലൊരിലപോലെ ..
മനസ്സിലുണരും കവിതയൊരു
തേൻ തുള്ളി
അതുണരുന്നത് ഹൃദയത്തിൽ
വിരലിൽ പൂവായ് പൂക്കുന്നതുമതേ 
കവിത..
ഋണപ്പാടുകളിലുടഞ്ഞുവീഴാതെ
നിഴൽപ്പാടങ്ങളിൽ മായാതെ
ആരെയും വിലയിട്ടുവാങ്ങാതെ,
ജനാലവാതിലിലൊളിപാർക്കാതെ,
മിഴിയിലൊരു നക്ഷത്രം പൂക്കും
പോൽ വിരിയും കവിത..
അതിനരികിലാൾക്കൂട്ടമുണ്ടാവില്ല
കടമായെടുത്തു കൂട്ടിവയ്ക്കും 
തൂലികകളുമുണ്ടാവില്ല..
എങ്കിലും പ്രപഞ്ചമതിനരികിൽ
പ്രഭാതങ്ങളെ നീർത്തിയിടും
മതിവരുവോളം എഴുതാൻ...
കടം കൊള്ളും കവിതയൊരു
തർജ്ജിമപ്പാത്രം..
മുകിലേറ്റി നിൽക്കുമൊരർദ്ധദൈന്യം
മനസ്സിന്റെ കവിതയിൽ
വിശുദ്ധമായ സങ്കല്പങ്ങളാവും...
അതിരാത്രമന്ത്രവിശുദ്ധിയിൽ
മഴയുണരുമ്പോലെ,
അയനിയിൽ നിന്നഗ്നിയുണരുമ്പോലെ
മനസ്സിലെ കവിത..
അതിനകമ്പടിയ്ക്കംഗരക്ഷകരുണ്ടാവേണ്ടതുണ്ടോ
ജനാലവാതിലൊളിപാർക്കും
ഗ്രഹദോഷങ്ങളുണ്ടാവേണ്ടതുണ്ടോ
പരിചയുമായ് രക്ഷാഭടരുണ്ടാവേണ്ടതുണ്ടോ?
പലകുറിമാറിചാർത്തും വർണ്ണങ്ങളുണ്ടാവേണ്ടതുണ്ടോ
ഇല്ലെന്നറിയാമെങ്കിലും 
കടം വാങ്ങിയിടും കവിത
തർജ്ജിമപാത്രത്തിൽ നിറയ്ക്കുന്നു 
കൽച്ചീളുകൾ..
ഋണം തേടിപ്പോവുന്നു
അസ്വഭാവികമാമൊരു അദൃശ്യത...
വിരലിലെന്നുമെന്നുപോൽ
വിരിയുന്നു മഞ്ഞുതുള്ളി പോലൊരു
കവിത..

No comments:

Post a Comment