ശരറാന്തലുകൾ
വഴിയോരത്തൊരായിരം
പൊഴിഞ്ഞയിലകൾ..
ഒരോന്നിലുമോരോ കഥകൾ..
കരിഞ്ഞുണങ്ങിപ്പൊടിയും
വരെയാകഥയുമുണ്ടാവും..
ദ്വീപസഞ്ചയങ്ങളുടെ
മഹാസമുദ്രമൊരു
മുനമ്പിനരികിലൊഴുകുമ്പോൾ
തടമെടുത്തുപാകിയ തണുപ്പിൽ
കനൽചിന്തി നിൽക്കും നെരിപ്പോടുകൾ..
മുറിഞ്ഞുവീണ നിലാവിന്റെയൊരുചില്ലയിൽ
നിന്നിറ്റുവീഴുന്നു നീറ്റിയെടുത്ത
ഋണങ്ങൾ...
വാതിലുകൾക്ക് പിന്നിൽ
സാമ്രാജ്യം തീയിലിടുന്നു
നനഞ്ഞ വിറകുകൾ...
പുകയിൽ മിഴികലങ്ങുമ്പോൾ
തിരശ്ശിലയിലൊരരങ്ങേറ്റം
പിന്നാലെയാരോയെഴുതിയിടും
നിരുപദ്രവപരമെന്നുതോന്നും
നിർദ്ദയത്വം..
നിഴലടരും തണുപ്പിൽ
വിരൽതുമ്പുലയ്ക്കുന്നു
ഒരു ചോദ്യചിഹ്നം.....
മുദ്രതീർത്തു മടങ്ങാതെ
ശരകൂടത്തിലേറ്റിയ
അസ്ത്രങ്ങളെത്ര ബാക്കി
ഒരോന്നായിയടർന്നുവീഴും നേരം
വിസ്മയം വിടരും മിഴിയിലേയ്ക്ക്
നടന്നുവരുന്നുവോ
അശോകപ്പൂവിൻ നിറമാർന്ന സായന്തനം
മൺ വിളക്കിലെ പ്രകാശം
നക്ഷത്രം പോലെ തെളിയും
ശരറാന്തലുകൾ..
No comments:
Post a Comment