Tuesday, December 13, 2011


മൊഴി
ലോകം ചുരുക്കിയൊരാലിലയിലെഴുതി
ചുരുങ്ങിയൊരു വഴിയിലൂടെ
അരങ്ങിലെത്തി കാണൂ
ഈ മഹത്വസൃഷ്ടി എന്ന്
പറയേണ്ടതുണ്ടോ ഭൂമിയ്ക്ക്
ലോകമെന്തെന്നറിയാനുള്ള കൗതുകം 
അതു പണ്ടേയുണ്ട്..
മഷിതുള്ളികൾ
പുഴയിലൂടെ,
ഓളങ്ങളിലൂടെ
കടലിലേയ്ക്കൊഴുകും മുൻപേയും 
ലോകമൊരു വിസ്മയമായ്,
ഒരശോകപ്പൂവിതളായ്
ഹൃദയത്തിൽവിടർന്നിരുന്നുവെന്നും
പ്രത്യേകം പറയേണ്ടതുമില്ല
താരു ദത്ത്, 
ബിഥോവന്റെ ഫിഡലിയ,
ഫ്രെഡറിക് ആഗസ്റ്റാ ബർറ്റോളി,
സ്പേസ് വിതിൻ ഹാർട്ട്,
മനുഷ്യരാശിയുടെ 
മുഴുവൻ സമാധാനത്തിനെന്ന 
ഫലകം,
അഗസ്തീശ്വരത്തിലെ
ജെ സി ദാനിയേൽ
ജ്ഞാനനിക്ഷേപം, ലീഡ് സ്റ്റോർ
സ്റ്റോറി ഓഫ് എ ബ്രഷ്..
സംവൽസരങ്ങളിലൂടെ
നടന്നുനീങ്ങുമ്പോൾ 
ദശവർഷങ്ങൾ പഴകിയ
കടലാസുകളിലന്നും
ലോകമൊഴുകിയിരുന്നു
വിസ്മയമായ്....
സെപ്റ്റംബർ മഴയിലൂടെ
നടന്ന് ചിത്രമൂലം കാണുമ്പോൾ
സൗപർണ്ണികയ്ക്കരികിലെ
ആകാശവും തേടിയതുമതുതന്നെയായിരിക്കും
അതിനാലാവും ജനാലവാതിലിലൂടെയൊളിപാർക്കും
ചെറിയ ലോകത്തോടെന്തു പറയണമെന്നറിയാതെ
ഭൂമിയാകുലപ്പെടുന്നതും..
ആവരണങ്ങളുടെയാസൂത്രിതഭാവത്തിൽ
നിന്നകലെ ലോകവിസ്മയങ്ങൾ 
മിഴിയിലൊഴുകും നേരം
പുറം ലോകത്തിൻ കടുംകെട്ടിൽ,
വർത്തമാനകാലത്തിൻ കൽച്ചീളുകളിൽ
മനസ്സിൽ നിറയും മൊഴിയെന്തിനായ്
മറന്നുകളയണം..

No comments:

Post a Comment