Tuesday, October 9, 2012

നക്ഷത്രങ്ങളുടെ കവിത


വിശ്വസിനീയമാം
മുഖപടങ്ങൾ തുന്നിയ മുഖം

അവിശ്വസിനീയതയുടെ
തീർത്തെഴുത്തുമായ്
നടന്നുനീങ്ങിയനാളിൽ
മഷിതുള്ളികൾ തീർത്തു
ചില്ലുതരികളാലൊരു
മുള്ളുവേലി

എഴുത്തക്ഷരങ്ങളിൽ
അമൃതൊഴുകുമ്പോൾ
പകയുടെ പുകയിൽ
നിഴലെഴുതിയ
അധികപർവം

ഉണർവിനുഷസ്സിൽ
വർത്തമാനകാലത്തിനൊതുകല്ലുകളിലൂടെ
മെല്ലെ മുന്നോട്ടുനീങ്ങുമ്പോൾ
മനുഷ്യത്വത്തിനു ചില്ലുകൂടുപണിത
ഒരു ശിരോപടത്തെയുപേക്ഷിച്ചു
മനസ്സ്..

വിരലിൽ തുളുമ്പിയ
കടലിൽ തീർഥയാത്രയ്ക്കൊരുങ്ങിയ
മുനമ്പിനരികിൽ
ലോകം ചുരുങ്ങിയൊരു
മണൽത്തരിയായി

കടൽചിപ്പികളിൽ കടലെഴുതിയ
കവിതകൾ തീരമേറിയ സന്ധ്യയിൽ
മൺ വിളക്കുകളുടയ്ക്കാൻ
കൽക്കെട്ടിനുപിന്നിൽ
കാത്തുനിന്നതാരോ

യുഗം തീർത്ത ഹോമകുണ്ഡത്തിൽ
പലതും കത്തിതീരുമ്പോൾ
അഗ്നിസ്ഫുലിംഗങ്ങളിലൂടെ,
വിരൽതുമ്പിലൂടെ
ഹൃദ്സ്പന്ദനങ്ങളിലേയ്ക്കൊഴുകി
നക്ഷത്രങ്ങളുടെ കവിത....

Saturday, June 23, 2012

മഴതുള്ളികൾ.

അനേകമനേകം വാക്കുകൾ
കാവ്യഭാവമായ്
മഴക്കാലത്തിനിതളിൽ
വിരിയുമ്പോൾ
അലങ്കോലമായൊരതിരിൽ
ഏതു രാജ്യമാണാവോ
അരാജകമുദ്രകൾ
രൂപപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത്

കാണാനാവാത്തത്രയും
ദൂരമൊഴുകും സമുദ്രമേ
അതിരളന്നാൾക്കൂട്ടം നീങ്ങിയവഴിയിൽ
കവിതയുറങ്ങും എത്രയോ
ശംഖുകൾ നീയെനിക്കായ്
ഭദ്രമായ് സൂക്ഷിച്ചുവച്ചു

പ്രകാശത്തിനൊരിതൾ
സായാഹ്നമടർത്തിയൊരു
സന്ധ്യാദിപത്തിലേയ്ക്കാവഹിക്കവേ
കൈവിരൽതുമ്പിലൊരു
കനലാട്ടം

നിറഞ്ഞേറിയ മഴയിലൂടെ
നടന്നതിതിരുകൾ മാഞ്ഞ സമുദ്രത്തിലൂടെ
യാത്രയാവുന്നുവോ ചക്രവാളത്തിൻ
സങ്കല്പങ്ങൾ
കരിങ്കൽ പാകിയ വഴിയിൽ
ചില്ലുകൂടുടയുമ്പോൾ
മനസ്സിലൊഴുകിയതക്ഷരങ്ങൾ,

മഴതുള്ളികൾ.....

Thursday, June 21, 2012


മൊഴി


വഴിയേറെ നടന്നെത്തിയ
മഴക്കാലത്തിനൊരു സ്വരം
മുന്നിൽ  നിഴൽച്ചില്ലയിൽ
ഇഴതെറ്റിയ 
പുരാണത്തിനിതൾ



മുനയൊടിഞ്ഞ, മഷിയുണങ്ങിയ
പേനതുമ്പിലുറയും
നോവ്


ചില്ലുതരികൾ നിറം പൂശിയ
പ്രകോപനപർവത്തിലും
പ്രഭാതത്തിൽ കടലേറ്റും
കാവ്യകൗതുകം


ജാലകവാതിലിനിടയിലേറും
ആകാശത്തിനരികിൽ
മുകിൽശീലിൻ
കണ്ടുതീർന്ന ഋണം


മഴതുള്ളിയിലൊരു
സന്ധയുടെ നക്ഷത്രതിളക്കം
വിരൽതുമ്പിലൊഴുകും
കടലിനൊരമൃതവർഷിണി

Tuesday, June 19, 2012


ഹൃദ്സപ്ന്ദനങ്ങൾ


സായാഹ്നമെഴുതും
അനുസ്വരങ്ങൾക്കപ്പുറം
മിഴിയിലൊഴുകിയ
കടലിൽ കവിതയുമായ്
ഒരു ശംഖ്


നീർത്തിയിട്ട 
അസ്തമയമെഴുതിയ
പുസ്തകത്താളിൽ 
പടർന്ന  ചായക്കൂട്ടിൽ 
പ്രഭാതത്തിൻ സ്വാഭാവികചാരുത
നഷ്ടമാക്കും വിഫലശ്രമത്തിൻ
അധികനിറങ്ങൾ


ഭൂമിയുടെ രോഷം
തീപടർത്തിയ  ശരത്ക്കാലമെഴുതിയ
കവിതയിൽ കനലുകൾ 


കടം തീർന്ന  കല്പനകൾ
ശബ്ദരഹിതം
കടമായിട്ട ചില്ലുകൂടിനു
കൊടുത്തുതീർക്കാനാവാത്ത
ഋണപാത്രം


തീർപ്പെഴുതും
വിധിന്യായത്തിനൊരു
അന്യായത്തിനധികഭാരം
എഴുതിതൂത്തെഴുതിയ
പുസ്തകത്തിനസ്വഭാവികത്വം


പെയ്തുതോരാത്ത
മഴയ്ക്കൊരു പുണ്യാഹക്കലശം
പാടത്തിനിരുവശവും ചിതറിവീഴും
ചിന്താമുദ്രകൾക്കൊരു സർഗം

Saturday, June 16, 2012



മുദ്ര


എഴുതുവാനാവാതെ
വിങ്ങിയ വാക്കുകൾ
വീണ്ടുമുണരുന്നു..


അരികിൽ നിലമുഴുതു
നീങ്ങിയ   പഴേ ചില്ലുകൾ
നിണമൊഴുക്കുന്നു


പകതിന്നു തീർന്ന
രാജ്യത്തിനൊരുകോണിലിരുന്നു
പുകയിടുന്നു വർത്തമാനത്തിന്റെ
ഒരിതൾ..


കാണാകുന്ന  ദിക്കിലെ 
പ്രകൃതി കാവ്യത്തിനൊരു
ഭാവമാവുന്നു


ഇരുണ്ടു തുടങ്ങിയ  മനസ്സുകൾ
സന്ധ്യാദീപങ്ങളെയുലയ്ക്കാൻ
ശ്രമിക്കുന്നു..


ഭൂമിയുടെയുൾക്കടൽ
പ്രശാന്തമോയെന്നറിയാൻ
തിരയേറിവരും മുദ്രപ്പതിപ്പുകൾ


വാരാന്ത്യങ്ങളെഴുതിയ
വ്യഞ്ജനക്കൂട്ടിൽ
നനഞ്ഞുകുതിർന്ന  മണ്ണ്
ഒരിലച്ചീല്ല, മഴ

Friday, June 15, 2012


നക്ഷത്രകാവ്യം 


ചുറ്റിലുമുണ്ടായിരുന്നു ഒരു ലോകം..
ആ   ലോകത്തിലെയാവൃതരുപങ്ങൾ
പലതും പറഞ്ഞുകൊണ്ടേയിരുന്നു
കേൾക്കാനിമ്പമുള്ളവയും
അപ്രിയമായതും, 
സത്യവും, മിഥ്യയും 
രണ്ടും കൂടികലർന്ന്
ആകർഷകമെന്നോ അനാകർഷകമെന്നോ
പറയാനാവാത്തവിധം 
ചിന്താതലങ്ങളെയുലയ്ക്കും
പലേ വിധ സങ്കല്പങ്ങൾ.....
ഇന്നലെ വായിച്ചു
ഒരെഴുത്തുകെട്ട്
തുന്നിക്കെട്ടിയ  പുസ്തകത്താളിൽ
കരിഞ്ഞുണങ്ങിയ
ഇലപോലെ വന്നുവീണൊരു
കല്പിതകഥ........
നീട്ടിയും, കുറുക്കിയും
നിഴൽച്ചിത്രമൊട്ടിച്ചും 
പ്രകോപനത്തിൻ തരികൾ തൂവി
ആരെയോ ഓടിച്ചുവിട്ടുവെന്ന്
അഭിമാനിക്കുന്ന  വന്യലോകത്തിന്റെ
ആഘോഷം പോലെ തോന്നിക്കും
കഥ...


ആകാശവാതിലിലെ ദൈവവും
അരികിൽ കഥപറഞ്ഞുകൊണ്ടേയിരുന്നു
തുളുമ്പും മഴ  പോൽ
നിഴൽപ്പാടില്ലാതെ, ചില്ലുകൂടുകളില്ലാതെ
മിന്നും  നക്ഷത്രങ്ങൾ പോൽ
കണ്ടുനിൽക്കാനെന്നും കൗതുകം തോന്നും
സമുദ്രം പോൽ
വായിക്കാനിമ്പമുള്ള   കവിത  പോൽ
പ്രദക്ഷിണ  വഴിയിലെ ചന്ദനസുഗന്ധം പോൽ
പ്രഭാതത്തിൻ സങ്കല്പങ്ങൾ പോൽ
ഈറൻ തുടുപ്പാർന്ന  പാരിജാതങ്ങൾ പോൽ
മനോഹരമായിരുന്നു ദൈവം പറഞ്ഞ   കഥകൾ



ദൈവം പറഞ്ഞുകൊണ്ടിരുന്ന കഥകൾ
കേട്ടെഴുതുമ്പോൾ  അലോസരമുണ്ടാക്കിയ
ചുറ്റിലെ ചെറിയ  ലോകം 
നിഴൽ പോലെ തുള്ളിയാടുകയും
അശോകപ്പൂനിറമുള്ള  സന്ധ്യയിൽ
മാഞ്ഞുതീരുകയും ചെയ്തു.....
ആകാശം നിറയെയും 
അന്നു നക്ഷത്രങ്ങൾ വിരിയുകയും
ആ  തിളക്കത്തിൽ ഭൂമിയൊരു
നക്ഷത്രകാവ്യം രചിക്കുകയും ചെയ്തു




Monday, April 9, 2012


മൊഴി


ഡയറിക്കുറിപ്പുകളിൽ 
കാലമെഴുതിയിട്ടിരുന്നു..
പലതും... 
കലഹത്തിനായുള്ള   കൽപ്പനകൾ,
സത്യങ്ങൾ, അസത്യങ്ങൾ
അദൃശ്യദൃശങ്ങൾ, 
യാഥാർഥ്യങ്ങൾ, അയഥാർഥ്യങ്ങൾ
പിന്നെയിടക്കിടെ ചിലേ
ഓർമ്മപ്പെടുത്തലുകളും...
അവനൊരു ദുഷ്ടനും നികൃഷ്ടനും
സ്വാർഥനുമായിരുന്നില്ലെന്ന്
ശരിയായിരിക്കാം....
പക്ഷെ അവന്റെ ചില  പ്രവർത്തികൾ
ദുഷ്ടന്മാരെക്കാളും നികൃഷ്രടമായിരുന്നു..
അറിഞ്ഞുകൊണ്ടുചെയ്ത,
ഉൽകൃഷ്രടതയുടെയവസാനത്തെയക്ഷരവും
മായ്ക്കുവാൻ പോന്ന  നികൃഷ്ടകൃത്യങ്ങൾ..
അതങ്ങനെയല്ലയെന്ന്
മഷിതുള്ളികൾ പറയാൻ ശ്രമിക്കുന്നു,
പരാജയപ്പെടുന്നു...


സാഹചര്യങ്ങളുടെയതിഗൂഢഗതിയിൽ
എഴുതിതള്ളിയ മഷിപ്പാടുകളിൽ
നിറങ്ങളിലൊഴുകി മാഞ്ഞ
ഋതുക്കളിൽ നിറഞ്ഞേക്കാം
ഒരു പദം തെറ്റിയ  നിഴൽപ്പോരിൻ
പുകഞ്ഞ  സർഗസ്വരത്തിൻ
ചില്ലുതരികൾ..
സമുദ്രത്തിനറിയാം അടിയൊഴുക്കുകൾ
പുറമേ കാണും തിരയായിരിക്കില്ല
സമുദ്രം
അതിനാലാവും തീരങ്ങളിലെ
അസത്യത്തിൻ മണലെഴുത്തുകൾ
മാഞ്ഞുമാഞ്ഞില്ലാതെയാവുന്നത്..
ശംഖുടഞ്ഞുതീരുമ്പോൾ
അതിലെ കടലിരമ്പം
കേൾക്കാനുമാവില്ല..


കല്പിതകഥകളുടെ
പ്രബന്ധത്തിലെയവസാനമുദ്രയും 
കണ്ടുണർന്ന  മഴക്കാലത്തിലൊന്നിൽ
അതിലുണ്ടായിരുന്നയിത്തിരി
സത്യം മായിക്കുവാൻ 
പണിപ്പെടും ചരിത്രത്തെയും
കാണാനായി..
അതിനാലാവും ചരിത്രപുസ്തകത്തിൻ
ഒരിതൾ മഴതുള്ളിവീണു നനഞ്ഞു മാഞ്ഞതും
അതു തുടച്ചെഴുതിയ ഡയറിക്കുറിപ്പുകളിൽ    
തുരുമ്പാണികളുടെ 
തുരുമ്പുതരികളിറ്റിക്കാൻ
കാലം പണിപ്പെട്ടതും,
തിരയേറ്റത്തിൽ 
ശംഖുകളുടയുമ്പോൾ
കടലുയർന്ന തീരത്തിൽ
ഭൂമിയുടെ ഹൃദ്സ്പന്ദനങ്ങൾ
ഇലത്താളത്തിലെയതിദ്രുതമായ്
മാറിയതും ....