Wednesday, November 23, 2011


ഓർമ്മതെറ്റുകൾ
ആഗ്രഹായനത്തിനുഷസന്ധ്യകൾ
മിഴിയിലേറ്റിയ പ്രകാശത്തിനരികിൽ
ഒരു ചിത്രകമാനത്തിൽ
വലക്കണ്ണികൾ നെയ്തൊളിപ്പിക്കുന്നതാരോ
തുളുമ്പിപ്പോയ ഒരു സർഗം
മൊഴിയിൽ വന്നുറഞ്ഞ നാളിൽ,
രഥമേറിയോടിയ കാലത്തിനരികിൽ
ഭൂഖണ്ഡങ്ങൾ മദ്ധ്യധരണ്യാഴിക്കരികിലൂടെ
കലാപങ്ങളുടെ കൊടിതോരണങ്ങളേറി
വന്ന നാളിൽ,
ഉപഭൂഖണ്ഡത്തിനാൽമരച്ചില്ലയിലും
തൂങ്ങിയാടി ഒരുപരിപ്ലവവിപ്ലവഗീതം
പിന്നെയോ ഓർമ്മതെറ്റുകൾ
പടവെട്ടിയ കായൽപ്പരപ്പിലൂടെ
തോണിതുഴഞ്ഞു വന്നു കലാപങ്ങൾ...
നീരുറവകൾ തണുത്ത നവംബറിൽ
എഴുതി തൂത്തുതൂത്തു വായിക്കാനാവാതെ
മങ്ങിയ ചുമരുകളിൽ
വീണ്ടുമെന്തെഴുതുമെന്നറിയാതെ കുലം 
ഔഷധിചെപ്പുകൾ തുറന്നൊഴുക്കി
ആമലികക്കൂട്ടും, ആടലോടകവും
അമൃതുപോൽ മഴപെയ്ത നാളിനോർമ്മയിൽ
ശരത്ക്കാലവുമെഴുതി
ഓർമ്മതെറ്റുകൾക്കൊരടിക്കുറിപ്പ്

No comments:

Post a Comment