Sunday, November 20, 2011

സ്വരം
വേനൽ മഴതുള്ളിയിലെ
ആർദ്രമാം കവിതയെങ്ങെനെ
അഗ്നിപർവതങ്ങളിലെയഗ്നിയായി
രൂപാന്തരപ്പെട്ടു എന്നറിയാനായ്
ഇനിയെന്തിനൊരു പുനർവിചിന്തനം..
അന്തരാത്മാവിനെയളന്നുതീർക്കാൻ
മഷിതുള്ളികൾക്കാവുമോ
ഇടതൂർന്ന വനങ്ങളിലെ
വാനപ്രസ്ഥത്തിനുമൊരു
ശാന്തിയുണ്ടാവും..
ഗോപുരങ്ങളിലെയോട്ടുമണികളും
തിരയിരമ്പവും, പുഴയോളങ്ങളുമേറ്റിയതും
ശബ്ദമായിരുന്നു...
ഒരു പ്രത്യേകതരംഗം പോലെ
ആ ശബ്ദം കടലിനരികിൽ പോലും
ഉയർന്നു കേട്ടിരുന്നു..
സ്വരങ്ങളുടെ സമന്വയലയം 
വീണയിൽ നിന്നാദ്യമൊഴുകിയത്
എത്ര മധുരതരമായ്
ഇന്നോ ഋതുക്കളുടെ ചില്ലകളൊടിയും
ശബ്ദവും ഒരുവശം തൂങ്ങിയാടും
ലോകത്തിനരികിലെ സ്മൃതിപത്രങ്ങളുടെ
ഉലഞ്ഞ ശബ്ദവും...
ഇടയിലെയാന്ദോളനങ്ങൾ
ചുറ്റിയ ചങ്ങലയിലുടഞ്ഞുതീരുന്നു...
ഒന്നുമറിയാതിരുന്ന ശരത്ക്കാലത്തോട്
ശൈത്യം പറഞ്ഞ കഥകളിലുയർന്ന
ശബ്ദഘോഷം സഹിയാതെയായിരുന്നുവല്ലോ
അണിയറയിലെ സ്വരങ്ങൾ
ഘനരാഗങ്ങളിലരങ്ങേറിവന്നത്
ഇടവേളയിലെത്രയോ ഋതുക്കൾ
മാറിയിരിക്കുന്നു...
സ്വരങ്ങളും....



No comments:

Post a Comment