ഉടഞ്ഞ മൺചെപ്പുകൾ
ഉടഞ്ഞ മൺചെപ്പിൽ
സ്വർണമുരുക്കുമുമിത്തീയുലഞ്ഞൊരു
നവംബറിൻ ശീതകാലപ്പുരയിലുറഞ്ഞു
കാതോളം കേട്ടൊരാലാപനം
നിശ്ചലമായ നിഴലിൽ പൂവിടാനാവാതെ
ഒരുമരച്ചില്ലയിൽ മാഞ്ഞു
പിന്നെയോ തണുപ്പാർന്ന
പുൽനാമ്പുകൾക്കരികിൽ
കെട്ടുപോയ കുത്തുവിളക്കിൽ
എണ്ണപകരാനെത്തിയ
പ്രഭാതത്തിലേയ്ക്കു
ഒരു കുടം മഷിയിറ്റിച്ചാഹ്ലാദിച്ചു
കാലം..
നിറം തീർന്ന കുടങ്ങളിൽ
മഴക്കാലം പെയ്തൊഴുകിയ നാളിൽ
പാടത്തിൻ മരതകവർണം
തൊട്ടുനിന്ന ഹൃദയത്തിനരികിൽ
പുരാണങ്ങളുടച്ചുലച്ചൊരു ഭൂമിയിൽ
സ്ഫടികപാത്രം പോലെയുടഞ്ഞ
മൊഴിയിലെയക്ഷരങ്ങളിൽ
കാണാനായി
അനേകദീപങ്ങളുടെ പ്രതിഫലനം
ഉടഞ്ഞ മൺചെപ്പുകളിലൂടെ
കടലൊഴുകിയ നാളിൽ
ഭൂമിയൊന്നുമുരിയാടാതെ
പൂമുഖവാതിലിനരികിലിരുന്നു...
No comments:
Post a Comment