Wednesday, November 30, 2011


മൊഴി
മഴയിലൊഴുകിമായാത്ത 
പഴയ ഋണപ്പാടുകൾക്കരികിൽ
ഒരിക്കലും മുഖം കാട്ടാനാഗ്രഹിക്കാതെമാഞ്ഞ 
ഒരു പുഴയെയെന്തിനോർമ്മിക്കണം
കടൽ..
ആവും വിധമായുർദൈന്യമേറ്റും
ആധികളെയെന്തിനോർമ്മിക്കണം
ഭൂമി..
ഇടനാഴിയിലെ നിഴലുകൾ
എഴുതിനീട്ടും വിപ്ലവത്തിനരികിൽ
പാതിമാഞ്ഞ ഭംഗി തിർന്ന നിലാവ്..
ഓർമ്മചെപ്പിലെയൊരു സ്വർണ്ണതരി
അതുമിന്നെലെയൊഴുക്കി
ശംഖുകൾ..
എന്തിനിങ്ങെനെയോർമ്മകൾ..
അധികക്കടങ്ങൾ,
ആരവങ്ങൾ..
പുതുക്കിയ പഴകിതുന്നിയ 
ചേലയ്ക്കൊരുവില
അരക്കാൽ തുട്ട്..
ചിന്നിചിതറിയ പകലിനോ
ഒരു നക്ഷത്രക്കൂട്ട്
പകലിൻ പടിഞ്ഞാട്ട് തൊടിയിൽ
ആകെ മാറിയൊരവിശ്വാസം പോലെ
അസ്തമയം..
കലങ്ങിക്കൂടി കടൽ..
തിരയ്ക്കെന്നുമൊരേ ഹാസ്യം
ശംഖിലെ ഹൃദയം ഒരു കാവ്യം
പൂന്തോട്ടങ്ങളിൽ ശൈത്യമൊരു
മഞ്ഞുപുടവയിൽ ഞൊറിഞ്ഞെടുക്കുന്നു
ഭൂകാവ്യം
എഴുത്തുമഷിതൂത്ത നിറങ്ങളിലോ
എഴുതപ്പെടാത്തൊരു ദൈന്യം..
ചന്ദനപ്പൊട്ടിട്ട 
ഗ്രാമമറിയാതെ പോയ
നാഗരികതയുടെ നാട്ടുവാങ്കം..
പുറം മോടികളിലെ ഇരുട്ട്..
പകലിനെയറിയും സന്ധ്യ..
മുൾവേലികളിൽ തട്ടിയുടാതെ
ഭൂമി സൂക്ഷിക്കുമൊരു മൺചിരാത്..
മുഖം തരാത്തൊരു മുഖത്തിനെയോർത്ത്
എഴുതിതീർത്ത പുസ്തകങ്ങളെയോർത്ത്
എന്തിനൊരു ശരത്ക്കാലം
മിഴിനീരൊഴുക്കണം?
എന്തിനീ ഹൃദ്സ്പന്ദങ്ങൾ
മൊഴി മായ്ക്കണം?

No comments:

Post a Comment