Sunday, November 27, 2011


മൊഴി
പുൽമേടുകളിലൂടെ ഗ്രാമം
അരികിലേയ്ക്ക് വന്നപ്പോൾ
ചന്ദനത്തട്ടുമായ് വന്ന
സോപാനങ്ങളിൽ 
ഭൂമി തപസ്സിലായിരുന്നു..
ദിഗന്തവിടവുകളിൽ
തുലാവർഷം തുള്ളിയാർത്തപ്പോൾ
മരവിച്ച രാജവീഥിയിൽ
ഉപവസിച്ചു വിപ്ലവം..
പതാകൾക്കരികിലൂടെ
അരങ്ങുതേടിനടക്കുമാൾക്കൂട്ടത്തിനരികിൽ
ശരത്ക്കാലത്തിൻ തുമ്പിലാടുമൊരു 
സ്വപ്നത്തിൽ  കവിതവിരിയുമ്പോൾ
എന്തിനാലോകം പാകിയ
ചില്ലക്ഷരങ്ങളെടുത്തു മാറ്റി
വിരൽ മുറിവേൽപ്പിക്കണം..
പിന്നെയോ മധുരതരമായ
ഒരു കവിതയിൽ മനസ്സൊരു
പവിഴമല്ലിപ്പൂവായി വിരിയുമ്പോൾ
അരങ്ങിൽ കോലം കെട്ടി കാട്ടും
മേഘചില്ലുകൾ കണ്ട്
ചിരിച്ചതും കരഞ്ഞെതുമെന്തിനെന്ന്
ആകാശമെന്നോടു ചോദിക്കുകയും ചെയ്യുന്നു...

No comments:

Post a Comment